ഇന്റര്‍നെറ്റ് അടിമകള്‍ക്ക് ആശ്വസിക്കാം; പരിഹാര കേന്ദ്രവുമായി എയിംസ്

ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗം വിഷാദരോഗം, ആകുലത തുടങ്ങിയവയ്ക്ക് കാരണമാകുന്നു. വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകര്‍ച്ചയുടെ പിന്നിലെ മുഖ്യകാരണവും ഇ൯റ൪നെറ്റ് ആസക്തിയാണ്

ഇന്റര്‍നെറ്റ് അടിമകള്‍ക്ക് ആശ്വസിക്കാം; പരിഹാര കേന്ദ്രവുമായി എയിംസ്

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റിന് അടിമകളായവര്‍ക്ക് ആശ്വാസം പകര്‍ന്ന് രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കല്‍ സ്ഥാപനമായ എയിംസ് രംഗത്ത്. പ്രത്യേക മാനസികാരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങി, ഓണ്‍ലൈന്‍ ഗെയിംമുകള്‍ക്കും സോഷ്യല്‍ മീഡിയക്കും അടിമപ്പെട്ടുപോയവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കാണ് എയിംസ് തുടക്കമിടുന്നത്.

സ്‌ക്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളില്‍ ഇന്റര്‍നെറ്റിനോടുള്ള ആസക്തി കൂടി വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗം വിഷാദരോഗം, ആകുലത തുടങ്ങിയവയ്ക്ക് കാരണമാകുന്നുവെന്ന് മനോരോഗ വിദഗ്ദ്ധന്‍‍ ഡോ.യത്തന്‍ പാല്‍ സിംഗ് ബല്‍ഹാര ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. കൗണ്‍സിലിങിലൂടെ ഇന്റര്‍നെറ്റ് ഉപയോഗം കുറച്ചുകൊണ്ട്‌ അവരെ പുതിയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശനിയാഴ്ചകളില്‍ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് നിലവിൽ ക്ളിനിക്ക് തുറന്നു പ്രവ൪ത്തിക്കുന്നത്. രോഗികളുടെ വരവിനനുസരിച്ച് പ്രവര്‍ത്തനസമയം വ൪ധിപ്പിക്കാമെന്നും ഡോ.ബല്‍ഹാര വ്യക്തമാക്കുന്നു. ഡോ.ബൽഹാരയ്ക്കു പുറമേ, മനോരോഗ വിദഗ്ദ്ധ ഡോ.രചന ഭരദ്വാജിന്റെ സേവനവും ലഭ്യമാണ്.


വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകര്‍ച്ചയുടെ പിന്നിലെ മുഖ്യകാരണം ഇന്റർനെറ്റ് ആസക്തിയാണെന്ന് ഡോ.ബല്‍ഹാര ചൂണ്ടിക്കാട്ടുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന പ്ലസ് ടു വിദ്യാ൪ത്ഥി രോഹിത്ത് നാഗ്‌പാൽ ഇതിനുദാഹരണമാണ്. മണിക്കൂറുകള്‍ നീണ്ട ഓൺലൈ൯ ഗെയിമുകള്‍ രോഹിത്തിന് സമ്മാനിച്ചത് പ്ലസ് ടു ക്ലാസ്സിലെ തോൽവിയായിരുന്നു. അമിതമായ ഫോൺ ഉപയോഗം അടുത്ത കാലത്തായി കണ്ടുവരുന്ന പ്രവണതയാണെന്നും ഇത്‌ അക്ഷമയിലേയ്ക്കും ഏകാഗ്രത നശിക്കുന്നതിലേയ്ക്കും നയിക്കുകയും പരസ്‌പര സംഭാഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് എയിംസ് മനോരോഗ വിഭാഗം പ്രൊഫസ൪ ഡോ.നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.