സന്ധ്യയുടെ കട്‌ജു സന്ദർശനം വിവാദമായി

ജസ്‌റ്റിസ് കട്‌ജുവിനോടു സന്ധ്യ ഉപദേശസഹായം അഭ്യർഥിച്ചെന്നും സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടാൽ, ഉപദേശം നൽകാമെന്നു മറുപടി ലഭിച്ചെന്നുമാണു സൂചന.

സന്ധ്യയുടെ കട്‌ജു സന്ദർശനം വിവാദമായി

ന്യൂഡൽഹി: സൗമ്യ വധക്കേസില്‍ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവുമായി എഡിജിപി ബി സന്ധ്യയും കൂടിക്കാഴ്ച്ച നടത്തിയത് വിവാദമാകുന്നു. സുപ്രീം കോടതിയില്‍ സംസ്‌ഥാന സർക്കാരിനുള്ള സ്‌റ്റാൻഡിങ് കൌണ്‍സില്‍മാരെ അറിയിക്കാതെ സന്ധ്യ കട്ജുവിനെ സന്ദര്‍ശിച്ചതാണ് വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുന്നത്. നിയമ മന്ത്രിക്ക് അനൗദ്യോഗികമായി ഉപദേശം നൽകുന്ന അഭിഭാഷകന്‍ ദീപക് പ്രകാശിന്റെ അഭിപ്രായം സ്വീകരിച്ചാണു നടപടിയെന്നും ആരോപണമുയർന്നിട്ടുണ്ട്.


സൗമ്യ വധക്കേസിൽ വിചാരണക്കോടതിയിൽ വിധി പറഞ്ഞ ജഡ്‌ജി കെ രവീന്ദ്ര ബാബുവുവിനും ദീപക് പ്രകാശിനുമൊപ്പമാണ് ബി സന്ധ്യ കട്ജുവിനെ സന്ദര്‍ശിച്ചത്. സ്‌റ്റാൻഡിങ് കൗൺസൽമാരെ ഒഴിവാക്കി കട്‌ജുവിനെ സന്ദർശിക്കാൻ തീരുമാനിച്ചതിന്റെ കാരണം വ്യക്‌തമല്ല. ജസ്‌റ്റിസ് കട്‌ജുവിനോടു സന്ധ്യ ഉപദേശസഹായം അഭ്യർഥിച്ചെന്നും സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടാൽ, ഉപദേശം നൽകാമെന്നു മറുപടി ലഭിച്ചെന്നുമാണു സൂചന.

ജസ്‌റ്റിസ് കട്‌ജു സൗമ്യകേസില്‍ സംസ്‌ഥാന സർക്കാരിനു നിയമോപദേശം വാഗ്‌ദാനം ചെയ്‌തിരുന്നുവെങ്കിലുംകേസിൽ കോടതി വിധിക്കെതിരെ കട്ജു നടത്തിയ വിവാദ പരാമർശങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തില്‍ നിന്നും ഉപദേശം തേടുന്നത് അനുചിതമാവുമെന്നും അറ്റോർണി ജനറലിനെ സമീപിക്കാമെന്നുമാണു സർക്കാരിന്റെ നിയമോപദേശകർ നിലപാടെടുത്തത്.

ഭരണഘടനാപരമായ തടസ്സമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയാല്‍ സൗമ്യകേസില്‍ ഹാജരാകാം എന്ന് കട്‍ജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൗമ്യകേസില്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും പറ്റിയ ഗുരുതര വീഴ്ച്ചകള്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഗോവിന്ദസാമിയുടേയും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടേയും മൊഴികള്‍ മജിസ്‍ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താത്തത് അന്വേഷണ സംഘത്തിന് പറ്റിയ അലംഭാവമായിരുന്നെന്നാണ് കോടതിയുടെ വിമര്‍ശനം.

Read More >>