'പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ഡയറക്ടറെ കാണുന്നത് ആദ്യം'; ജേക്കബ് തോമസിന് ശ്രീനിവാസന്റെ പിന്തുണ

പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ഡയറക്ടറെ സംസ്ഥാനത്ത് ആദ്യമായാണ് താന്‍ കാണുന്നത്. ഇതിനുമുമ്പുള്ള വിജിലന്‍സ് ഡയറക്ടര്‍മാരുടെ പേര് പോലും തനിക്കോര്‍മ്മയില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പിന്തുണച്ച് നടന്‍ ശ്രീനിവാസന്‍. തെറ്റു ചെയ്ത ഉദ്യോഗസ്ഥരാണ് ജേക്കബ് തോമസിനെ പേടിക്കുന്നതെന്ന് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞു. തെറ്റ് ചെയ്യാത്തവര്‍ പരാതിയുമായി മുഖ്യമന്ത്രിയേയോ ചീഫ് സെക്രട്ടറിയുടേയോ കാണേണ്ട കാര്യമില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ഡയറക്ടറെ സംസ്ഥാനത്ത് ആദ്യമായാണ് താന്‍ കാണുന്നത്. ഇതിനുമുമ്പുള്ള വിജിലന്‍സ് ഡയറക്ടര്‍മാരുടെ പേര് പോലും തനിക്കോര്‍മ്മയില്ലെന്നും ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറയുന്നു. ഒരു വകുപ്പിന്റെ മേധാവി മറ്റ് സ്വാധീന വലയത്തില്‍പ്പെടാതെ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ഞെട്ടലാണ് പലര്‍ക്കും. പണ്ട് ഇവര്‍ ചെയ്ത കാര്യങ്ങള്‍ കുത്തിപ്പൊക്കുമോ എന്ന പേടിയുള്ളവരാണ് അന്വേഷണം വരുമ്പോള്‍ എതിര്‍ക്കുന്നതെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.


പണ്ട് ഇഎംഎസ്സിന്റെ അടുത്ത് ഒരു ലോക്കല്‍ സെക്രട്ടറിയെ കുറിച്ച് ആളുകള്‍ പരാതി പറഞ്ഞപ്പോള്‍ ഇത്രയും പേര്‍ പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അയാള്‍ കൊള്ളാമെന്നായിരുന്നു മറുപടി. അയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് അര്‍ത്ഥം, അതുകൊണ്ട് അയാളെ മാറ്റേണ്ടെന്നും ഇഎംഎസ് പറഞ്ഞു. ജേക്കബ് തോമസിന്റെ കാര്യത്തിലും അതുപോലെ തന്നെയാണ്. നിരവധി ആളുകള്‍ കുറപ്പെടുത്തുണ്ടെന്നും ഇഎംഎസിന്റെ രീതിയില്‍ ആലോചിക്കുമ്പോള്‍ അദ്ദേഹത്തെ മാറ്റാന്‍ പാടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ജേക്കബ് തോമസിനെ പലപ്പോഴും നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും അഴിമതിക്കെതിരെ എക്‌സല്‍ കേരള എന്ന സംഘടനയ്ക്ക് തുടക്കമിടുകയും ചെയ്തു. അഴിമതിക്കെതിരല്ലെങ്കില്‍ ഇത്തരത്തില്‍ സംഘടനയുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. ആത്മാര്‍ത്ഥതയുള്ള ആളായിട്ടാണ് തനിക്ക് ജേക്കബ് തോമസിനെ മനസ്സിലാക്കാന്‍ കഴിഞ്ഞത്. ജേക്കബ് തോമസിനെതിരായ അഴിമതി കഥ വിശ്വസിക്കുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Read More >>