എ ബി കഥയെഴുതുകയാണ്; 'എ ബി ദി ഓട്ടോ ബയോഗ്രഫി'

നേരിടുന്ന പന്തിന്റെ തീവ്രത എന്താണെന്നല്ല, മറിച്ചു ഏതു പന്തും സ്കോർ ചെയ്യുക എന്നതായിരുന്നു ശീലം. അസാമാന്യ മെയ് വഴക്കത്തിന്റെ മികവ് ഓരോ ഷോട്ടിലും പ്രകടമാവുന്ന അപൂര്‍വ്വത..!

എ ബി കഥയെഴുതുകയാണ്;

എ ബി ഡിവില്ലേഴ്സ്;  മാന്യൻമാരുടെ കളിയെന്ന് അറിയപ്പെടുന്ന ക്രിക്കറ്റിൽ   സമചിത്തതയോടെയുള്ള പെരുമാറ്റം കാത്തു സൂക്ഷിച്ചവന്‍. പക്ഷേ കേളീ ശൈലിയിൽ അച്ചടക്കമില്ല , ആവേശമുണ്ട്. ആക്രമണമുണ്ട്, മികച്ച ഷോട്ടുകളുമുണ്ട്. പ്രതിയോഗികളെ തകര്‍ക്കുന്ന മനോവീര്യം അതിലേറെയുണ്ട്. സമ്മര്‍ദത്തിന്‍റെ കൂടാരത്തില്‍ കയറുമ്പോഴും വിപരീത സാഹചര്യങ്ങളെ അനുകൂലമാക്കുന്ന ശീലമുള്ള ആക്രമണ സ്വഭാവമുള്ള ബാറ്റ്സ്മാൻമാരിൽ  മുന്‍പന്തിയിലാണ് എബി ഡിവില്ലഴ്സ്.


ക്രിക്കറ്റ് ലോകത്ത് ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഇതിഹാസ താരങ്ങളായി പേരെടുത്തവരൊക്കെ കോപ്പി ബുക്ക് ഷോട്ടുകളെ പ്രയോഗത്തിൽ വരുത്തിയവരായിരുന്നു. എന്നാൽ  ഡിവില്ലേഴ്സ് ഇതിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു. നേരിടുന്ന പന്തിന്റെ തീവ്രത എന്താണെന്നല്ല, മറിച്ചു ഏതു പന്തും സ്കോർ ചെയ്യുക എന്നതായിരുന്നു ശീലം. അസാമാന്യ മെയ് വഴക്കത്തിന്റെ മികവ് ഓരോ ഷോട്ടിലും പ്രകടമാവുന്ന അപൂര്‍വ്വത..!

ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാവണം തന്‍റെ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷത്തെ പറ്റി വാചാലനായി  എ ബി പുസ്തകം ആരംഭിച്ചത്. 2015 ജനുവരിയില്‍ ഏകദിന ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍റീസിനെതിരെ വേഗമേറിയ സെഞ്ച്വറി തികച്ച ആ അസുലഭ നിമിഷത്തെ എബിയെപോലെ നമ്മളും ഒരിക്കലും മറക്കില്ല.

ആ അക്കങ്ങളിങ്ങനെയാണ്. 16 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം. പന്തുകളുടെ എണ്ണം 31 ആവുമ്പോഴത്തേക്ക് സ്വെഞ്ചറി തികച്ചു എബി.  അതില്‍ 16 തവണ പന്തുകള്‍ നിലം തൊടാതെ ഗ്യാലറിയിലെത്തി ! ഒരു ബാറ്റ്സ്മാന്റെ വാഴ്ച ഉദാഹരിക്കാന്‍ തന്നെയാവണം ഈ ഇന്നിംഗ്സു കൊണ്ട് എബി ആത്മകഥ തുടങ്ങിയതും.

ക്രിക്കറ്റ് മാന്യൻമാരുടെ  കളിയാണ്. അതിനാലാവണം മാന്യനുള്ള നിര്‍വചനം തന്‍റെ ആത്മ കഥയില്‍ വളരെ വ്യത്യസ്മായി എബി നല്‍കുന്നതും . "ഒരുവനെയും ഒരിക്കലും നോവിപ്പിക്കാത്തവന്‍".

എന്നാല്‍ എബിയുടെ ബാറ്റിന്‍റെ ചൂടറിയാത്ത പന്തേറുകാരനോ നോവാത്ത പന്തുകളോ വിരളമാവും. എബി ഗ്രൗണ്ടിലിറങ്ങിയപ്പോഴെല്ലാം ഒന്നുകിൽ പന്തുകളെ അടിച്ചു പരത്തിയിട്ടുണ്ടാകണം. അല്ലെങ്കില്‍ ഫീല്‍ഡിംഗിനിടയിൽ അതിര്‍ത്തി കടക്കാന്‍ പോവുന്ന നേരത്ത് റാഞ്ചിയെടുത്തിട്ടുണ്ടാവും.

വെറും ക്രിക്കറ്റ് കളിക്കാരന്‍ എന്ന ഉപയോഗം അദ്ദേഹത്തെ സംബന്ധിച്ചടത്തോളം ചെറിയ വിശേഷണമാണ്. വ്യത്യസ്ത കായിക ഇനങ്ങളില്‍ തന്‍റേതായ വ്യക്തി മുദ്ര അദ്ദേഹം പതിപ്പിച്ചിട്ടുണ്ട്. റഗ്ബി, ഹോക്കി, ഫുട്ബോള്‍, ടെന്നീസ്, ഗോള്‍ഫ് എന്നീ ഗെയിമുകളില്‍ ബാല്യ കാലത്തു തന്നെ മികവു തെളിയിച്ചിരുന്നു. മാത്രമല്ല  എഴുത്തും കഥ പറച്ചിലും വഴങ്ങുമെന്ന് ആത്മകഥയിലൂടെ  തെളിയിക്കുകയാണ് എബിയിപ്പോൾ.  നല്ലൊരു കളിയെഴുത്തുകാരനായി ഭാവിയിൽ പേരെടുത്തേക്കാം !.

1984 ല്‍ ഇടത്തരം കുടുംബത്തിലാണ് ഡിവില്ലേഴ്സ് ജനിക്കുന്നത്. പ്രfട്ടോറിയക്കടുത്തുള്ള വര്‍ബാത്ത്സ് എന്ന നാട്ടിലാണ് ജനനം. താൻ കടന്നു പോയ വൈകാരിക മുഹൂർത്തങ്ങളെ കുറിച്ചും മടികൂടാതെ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പണിയെടുക്കുന്ന സഹോദരങ്ങള്‍ക്ക് കുടി വെളളം കൊണ്ടു വരാന്‍ ചുമതലപ്പെടത്തിയതും, കൃഷി സമയത്ത് മണ്ണ് ചുമന്നു മാറ്റാന്‍ നിര്‍ ബന്ധിക്കപ്പെട്ടതും ആ അവസരങ്ങളിൽ കരച്ചില്‍ വന്ന കഥയൊക്കെ എബി മനോഹരമായി എഴുതിയിട്ടുണ്ട്.

ക്രിക്കറ്റ് നൽകുന്ന പണക്കൊഴുപ്പിനിടയില്‍ ജീവിതം പിടിവിട്ട് പോവാതിരിക്കാനും എബി തന്നെ നല്ലൊരു മാര്‍ഗം കണ്ടെത്തി. സ്വന്തമായൊരു ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍റിനെ നിയമിക്കുകയും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എ ബി ഫൗണ്ടേഷനു സ്ഥാപിക്കുകയും ചെയ്തു. ഇതില്‍ നിന്നും  പ്രചോദനമുള്‍ക്കൊണ്ടാവണം വിരാട് കോഹ്ലിയും സ്വന്തം പേരില്‍ ഫൗണ്ടേഷന്‍ ആരംഭിച്ചത്.

പടിക്കിൽ കൊണ്ടു കലമുടയ്ക്കുന്നവരെന്ന ചീത്തപ്പേരു പേറുന്നവരാണ് ദക്ഷിണാഫ്രിക്കക്കാർ. എങ്കിലും ക്രിക്കറ്റിന്‍റെ എല്ലാ വക ഭേദങ്ങളിലും മികച്ച പ്രകടനം നടത്തുന്നവരാണവര്‍. വ്യത്യസ്ത ലീഗുകളില്‍ സ്ഥിരമായി കളിക്കുന്നതാണ് ഇതിനു പിന്നലെ പ്രധാന രഹസ്യങ്ങളിലൊന്നെന്ന് എബി നിരീക്ഷിക്കുന്നുമുണ്ട്.

ബാഗും ക്രിക്കറ്റ് കിറ്റും തൂക്കി വിദേശ പര്യടനത്തിനു പോവുന്ന അവസ്ഥയെ ഒരു പട്ടാളക്കാരന്‍ യുദ്ധത്തിനു പോവും പോലെ എന്നാണ് ഡിവില്ലേഴ്സ് വിശേഷിപ്പിച്ചത്. പട്ടാളക്കാര്‍ക്ക് നിശ്ചിത സാഹചര്യങ്ങളില്‍ മാത്രമാണ് യുദ്ധമെങ്കില്‍ ക്രിക്കറ്റര്‍ക്ക് അടിക്കടി യുദ്ധം.
ക്രിക്കറ്റ് ലോകം എത്ര വികസിച്ചാലും ടെസ്റ്റ് ക്രിക്കറ്റിന് തന്നെയാണ് സൗന്ദര്യമെന്നാണ് എബിയുടെ പക്ഷം. വെള്ളകുപ്പായമിട്ട് ചുവന്ന പന്തെറിഞ്ഞ് അവയെ പ്രതിരോധിക്കുന്ന ബാറ്റ്സ്മാൻമാരും  ക്ഷമയോടെ പൊരിവെയിലത്ത് പോലും ഫീല്‍ഡ് ചെയ്യുന്നവരുമാണ് ടെസ്റ്റ് മത്സരങ്ങളെ സൗന്ദര്യാത്മകമാക്കുന്നത്. ജീവിതാവസാനം വരെ ടെസ്റ്റ് മത്സരങ്ങളുടെ ഗ്യാലറിയില്‍ ആരാധകനായി താന്‍ ഉണ്ടാവുമെന്നും എബി വായനക്കാരന് ഉറപ്പു നല്‍കുന്നുണ്ട്.
' ഇന്ത്യക്കാരുടെ പ്രോത്സാഹനം ' എന്നൊരു ഭാഗം തന്നെ ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴിസ്ന്‍റെ കളിക്കാരനെന്ന നിലയില്‍ വെടിക്കെട്ടു നടത്തുമ്പോള്‍ ഗ്യാലറിയില്‍ നിന്നുയരുന്ന ആരവത്തിനനുസരിച്ച് സിക്സറുകള്‍ പറപ്പിക്കുന്ന എബി അങ്ങനെ ഒരു അധ്യായം ആത്മ കഥയില്‍ ഉള്‍പ്പെടുത്തിയതില്‍ അത്ഭുതമില്ല. കാരണം ഡിവല്ലേഴ്സിന് മൈലേജ് ഉണ്ടാക്കുന്നതില്‍ ഐ പി എല്ലിനും പങ്കുണ്ട്. സ്വന്തം നാട്ടിലുള്ളതിനേക്കാൾ കൂടുതല്‍ ആരാധകര്‍ ഇന്ത്യയിലാണ് എബിക്കുള്ളത് .ഇതറിഞ്ഞു തന്നെയാണ് ഏഷ്യയിലെ എന്റെ നാട് ബംഗലുരുവാണെന്ന് അദ്ദേഹം പറഞ്ഞതും.

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ ജോണ്ടി  റോഡ്സ് എബിയെ വിശേഷിപ്പിച്ചത്  ' എന്‍റെ മറ്റൊരു പതിപ്പാണ് ഈ പയ്യനെന്നാണ് '. വിക്കറ്റിനു പിന്നിലും ഫീല്‍ഡിങ്ങിലും അത് കാണാനുമുണ്ട്.
''മണിക്കൂറിൽ  140 നും 145 നും ഇടയിലാണ് പ്രോട്ടീസ് പേസര്‍മാരുടെ ശരാശരി ബൗളിങ്ങ് വേഗത. ഇതേ വേഗതയില്‍ പന്തുകള്‍ രണ്ടാള്‍ പൊക്കത്തില്‍ ബൗണ്‍സറായി പറന്നുയരുന്നത് കണ്ടാല്‍ എബി ചാടിയിരിക്കും.  എബി നല്ലൊരു ശ്രമം നടത്തിയെന്ന്  കമന്റേറ്റർമാരെ കൊണ്ടു പറയിപ്പിക്കാനല്ല. മറിച്ചു റിസള്‍ട്ട് ഉണ്ടാക്കി എന്ന് സ്കോര്‍ ബോഡില്‍ തെളിയിക്കാനാണത്'' 
ക്ഷിണാഫ്രിക്കന്‍ സ്പോര്‍ട്സ് ലേഖകനായ ഫിര്‍ദോസ് മൂണ്ട  എ ബിയെ കുറിച്ചു പറഞ്ഞ വാക്കുകളാണിത്.

കായിക താരങ്ങളുടെ ആത്മകഥകള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും പൊതുവില്‍ സ്വീകാര്യത ഏറിയിട്ടുണ്ട്. അതു പക്ഷേ ഒരു ' പതിവ് ' ഉണ്ടാവും എന്ന പ്രതീക്ഷയുടെ കൂടി ഭാഗമാണ് .വല്ലതും എക്സക്ലൂസീവായി പറയുക എന്ന ധര്‍മ്മം. അങ്ങനെ ഒന്ന് എബി ദി ഓട്ടോ ബയോഗ്രഫിയില്‍ ഇല്ല. ഒരു പക്ഷേ കളിക്കളത്തില്‍ എബി ഡിവില്ലേഴ്സ് തുടരുന്നതാവും ഇതിനു കാരണം. അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞത് പോലെ ഞാനെഴുതിയതല്ല ദൈവം എന്നെ കൊണ്ട് എഴുതിപ്പിച്ചതാണ് എന്നതാവണം

Read More >>