അന്നക്കിളി അങ്ങനെ നായികയായി :)

മമ്മൂട്ടി സിനിമയിലൂടെ ബാലനടിയായി വന്നത് ചേച്ചി; നായികയായത് അനുജത്തി - മലയാളി ക്യാംപസുകളുടെ 'ഹാപ്പിഡെയ്‌സാ'കാന്‍ ഒരുങ്ങുന്ന വിനീത് ശ്രീനിവസന്റെ 'ആനന്ദം' സിനിമയില്‍ ഇങ്ങനെയും ഒരു സര്‍പ്രൈസ് ഒളിഞ്ഞിരിപ്പുണ്ട്.

അന്നക്കിളി അങ്ങനെ നായികയായി :)

ബേബി ശാലിനി, ബേബി കാവ്യ, ബേബി ഗീതു, ബേബി സനൂഷ, ബേബി നമിത- എന്നിവരെല്ലാം സിനിമയില്‍ നായികമാരായി. എന്നാല്‍ മ്മൂട്ടിയോടൊപ്പം നമ്പര്‍ വണ്‍ സ്‌നേഹതീരത്തിലൂടെ പ്രിയങ്കരിയായ ബേബി നീലു നായികയായില്ല, ഗവേഷകയായി. ഇത് ബേബി നീലുവിന്റെ കഥയല്ല. ബേബി നീലുവിന്റെ അനുജത്തി അന്നക്കിളിയിലേയ്‌ക്കെത്തുന്ന ഒരു കഥയാണ്. ശീമാട്ടിയില്‍ തുണിയെടുക്കാന്‍ പോയ വാപ്പയുടേയും ഉമ്മയുടേയും ഒക്കത്തു നിന്നും തുടങ്ങുന്ന കഥ. ശീമാട്ടിയില്‍ തുണിയെടുക്കല്‍ മഹാമഹം തുടരുന്നതിനിടയില്‍ മൂന്നരവയസുകാരിക്ക് ആകെ ബോറടിച്ചു. അവളപ്പോള്‍ ആനന്ദത്തിനുള്ള മാര്‍ഗ്ഗം സ്വയം കണ്ടെത്തി. ഫ്‌ളോറിലാകെ ചുറ്റിയടിക്കുകയും ബോറടിച്ചിരിക്കുന്ന മറ്റുള്ളവരെ ആനന്ദിപ്പിക്കുകയും ചെയ്തു.


[caption id="attachment_51019" align="aligncenter" width="640"]neelu 3 ബേബി നീലുവായി ലക്ഷ്മി മമ്മൂട്ടിക്കൊപ്പം നമ്പര്‍ വണ്‍ സ്‌നേഹതീരത്തില്‍[/caption]

ചുറുചുറുക്കുള്ള ആ കുട്ടി, ഒരാളുമായി പെട്ടന്നങ്ങു കൂട്ടായി. രണ്ടുപേരും വലിയ സംസാരം. കുറേക്കഴിഞ്ഞ് അയാള്‍ കുട്ടിയേയും എടുത്ത് പേരന്റ്‌സിന്റെ അടുത്തു വന്നു. ആളൊരു സംവിധായകനാണ്- മോഹന്‍ബാബു. ദൂരദര്‍ശനില്‍ അന്ന് 13 എപ്പിസോഡ് സീരിയലുകള്‍ ആരംഭിച്ചിട്ടേയുള്ളു. കഥ പറയുന്ന കണ്ണുകള്‍ എന്ന അദ്ദേഹത്തിന്റെ സീരിയലില്‍ കേന്ദ്രകഥാപാത്രം ഒരു കുഞ്ഞാണ്. അതിന് യോജിച്ചൊരാളെ തിരഞ്ഞു നടന്നപ്പോഴാണ്, കുഞ്ഞ് സംവിധായകനേയും തിരക്കിയങ്ങ് ചെന്നത്. മോളുടെ കളി സംവിധായകനെ കണ്ടെത്തിയ യാദൃശ്ചികതയോട് പേരന്റ്‌സ് പോസിറ്റീവായി പ്രതികരിച്ചു- അങ്ങനെ ബേബി നീലു എന്ന ബാലതാരം പിറന്നു. അവളുടെ വാപ്പ ഫോട്ടോഗ്രാഫറാണ്. ഉമ്മയ്ക്കും കലയോട് നല്ല താല്‍പ്പര്യമുള്ളവരാണ്. സീരിയല്‍ ഷൂട്ടിങ്ങ് അവര്‍ താമസിക്കുന്ന എറണാകുളത്തു തന്നെ. സീരിയലങ്ങ് ഹിറ്റായി. ബേബി നീലുവും. സാധാരണ 13 എപ്പിസോഡ് മാത്രം അനുവദിക്കുന്ന സീരിയലിന് 13 എപ്പിസോഡ് കൂടി നീട്ടിക്കൊടുത്തു.

[caption id="attachment_51020" align="alignright" width="300"]neelu 2
ബേബി നീലുവായി ലക്ഷ്മി സംവിധായകന്‍ സത്യന്‍ അന്തിക്കാടിനൊപ്പം[/caption]

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നമ്പര്‍ വണ്‍ സ്‌നേഹ തീരത്തിലേയ്ക്ക് മമ്മൂട്ടിയുടെ മകളാകാന്‍ കുട്ടിയെ തിരക്കി നടന്ന് ഒടുവില്‍ ബേബി നീലുവിന്റെ മിടുക്കിനു മുന്നില്‍ തന്നെ അവരെത്തി. മാന്ത്രികക്കുതിര, തൂവല്‍ക്കൊട്ടാരം, മന്ത്രിക്കൊച്ചമ്മ തുടങ്ങി നിരവധി സിനിമകളില്‍ നീലുവിന്റെ കളിചിരികള്‍ നിറഞ്ഞു. നീലു വലുതായതോടെ സിനിമയൊക്കെ വിട്ടു. പാട്ടും ഡാന്‍സുമൊക്കെ പഠിച്ച്... ഹ്യുമാനിറ്റീസേ പഠിക്കൂ എന്ന് വാശി പിടിച്ച്. മദ്രാസ് സ്റ്റെല്ലാമേരിയില്‍ ബിഎയും പിന്നീട് എംഎയും എംഫില്ലും ഇപ്പോള്‍ ഡോക്ടറേറ്റും ജെഎന്‍യുവില്‍- ചിന്തിക്കുന്ന കുട്ടിയായി നീലു വളര്‍ന്നു. അവളിപ്പോള്‍ ലക്ഷ്മി എല്‍.എന്‍ ആണ്. എല്‍ എന്നാല്‍ ലാലി- ഉമ്മയാണ്. എന്‍ വാപ്പ നിയാസ് മരിക്കാറും. നിയാസ് മരിക്കാറിനെ അറിയില്ലേ, ഫാഷന്‍ ഫോട്ടോഗ്രാഫര്‍. ലാലി പി.എം സോഷ്യല്‍മീഡിയയിലെ താരവും.

[caption id="attachment_51029" align="alignleft" width="250"]anarkkali 8 ലക്ഷ്മി എന്‍.എല്‍[/caption]

വാപ്പയും ഉമ്മയും ചേച്ചിയും 'താര'ങ്ങളായ വീട്ടില്‍ വലിയ പകിട്ടോ പത്രാസോ ഇല്ലാതെ നമ്മുടെ കഥാനായിക അന്നക്കിളി ജനിക്കുകയാണ് പ്രിയമുള്ളവരേ. ചേച്ചി സിനിമയിലെത്തി രണ്ടു വര്‍ഷത്തിനു ശേഷമായിരുന്നു ആരോടും മിണ്ടാട്ടമില്ലാതെ ഒരു കുഞ്ഞിപ്പൂച്ചയെ പോലെ അന്നക്കിളി ആ വീട്ടില്‍ ഒച്ചയോ ബഹളമോയില്ലാതെ വളര്‍ന്നു തുടങ്ങിയത്. സിനിമാക്കാരിയായ ചേച്ചിയോടാണ് എല്ലാവര്‍ക്കും ശ്രദ്ധ. സിനിമയിലെ കുട്ടിയായി ലക്ഷ്മി എല്ലാ വേദികളിലും ശ്രദ്ധകവര്‍ന്നു. നമ്മുടെ അന്നക്കിളിയുടെ ശരിക്കുള്ള പേര് അനാര്‍ക്കലിയെന്നാണ്. അന്ന, എന്നത് ചുരുങ്ങി. പിന്നെ അന്നക്കിളിയായി.

വാപ്പ ഫോട്ടോഗ്രാഫറായതു കൊണ്ട് ഇടയ്ക്കിടയ്ക്ക് അന്നക്കിളി ചിത്രങ്ങളില്‍ മോഡലാകും. പല മാഗസിന്‍ കവറുകളിലും അന്നക്കിളിയുണ്ട്. പാട്ടുപാടിയും ഡാന്‍സുകളിച്ചുമെല്ലാം അന്നക്കിളി എല്ലാവരുടേയും ശ്രദ്ധയിലേയ്‌ക്കെത്താന്‍ തുടങ്ങി.

സിനിമാക്കാരെല്ലാം നിരന്തരം വരുന്ന സ്റ്റുഡിയോയാണ് നിയാസിന്റേത്. മക്കളെ സിനിമയിലെത്തിക്കാന്‍ വാപ്പയ്ക്ക് ഈസിയാണ്. അവളുമാരുടെ ഇഷ്ടത്തിന് പ്രാധാന്യമുള്ള വീട്ടില്‍ അങ്ങനെ ഒരു നിര്‍ബന്ധവുമില്ല. ലക്ഷ്മി സെലിബ്രിറ്റി പരിപാടികളെല്ലാം ഉപേക്ഷിച്ച് ഗൗരവമുള്ള പഠനത്തിന് ഡല്‍ഹിക്കു പോയപ്പോള്‍ സന്തോഷിച്ച അതേ വീട്.

[caption id="attachment_51035" align="aligncenter" width="564"]anarkkali 5
അനാര്‍ക്കലി[/caption]

ഇടയ്‌ക്കൊരു വലിയ സംഭവം വീട്ടിലുണ്ടായി. സംവിധായകന്‍ ലാല്‍ ജോസ് വന്നു. നീന- സിനിമയില്‍ നായികയെ തേടി നടക്കുകയായിരുന്നു ലാല്‍ജോസ്. ലാല്‍ജോസിന്റെ അന്വേഷണം അന്നക്കിളിയിലേയ്ക്ക് തിരിച്ചു വിട്ടത് മകളാണ്. അന്നക്കിളിയന്ന് സ്‌കൂളിലാണ്. നീനയിലെ കഥാപാത്രത്തിന്റെ ഭാരം താങ്ങാന്‍ കുഞ്ഞുകിളിക്ക് സാധിക്കില്ലെന്ന് ലാല്‍ജോസിന് മനസിലായി.

അന്നക്കിളി ഡിഗ്രിക്ക് തിരുവനന്തപുരം മാര്‍ഇവാനിയോസിലെത്തി. ജേര്‍ണലിസത്തിലാണ്. മുടിയൊക്കെ ബോബ്‌ചെയ്ത്, ചുറുചുറുക്കുള്ള ഉഷാറത്തിയായി അങ്ങിനെ വിലസുമ്പോഴാണ്, ലക്ഷ്മി അനുജത്തിയുമൊത്തുള്ള ചിത്രം ഫേസ്ബുക്കിലിടുന്നത്. പഴയ സീരിയല്‍ സംവിധായകന്റെ അവസ്ഥയില്‍ 'ആനന്ദം' സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. വിനീത് ശ്രീനിവാസന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം. പ്രേമത്തിന്റെ ക്യാമറാമാനായ ആനന്ദ് സി. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ലക്ഷ്മിയുടെ സുഹൃത്തായ ആനന്ദ്, ലക്ഷ്മിയുടെ ഒപ്പം നില്‍ക്കുന്ന അന്നക്കിളിയെ കണ്ട്, ഇതാണല്ലോ തങ്ങള്‍ തേടി നടന്ന കുട്ടിയെന്ന് തിരിച്ചറിയുകയായിരുന്നു.

ശേഷം ഷൂട്ടിങ്ങ്. സിനിമ ഈ ആഴ്ച തിയേറ്ററിലെത്തും. സിനിമയില്‍ ദര്‍ശന എന്നാണ് അന്നക്കിളിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രം വരയ്ക്കാന്‍ മാത്രം താല്‍പ്പര്യമുള്ള, നിശബ്ദയായ, പെട്ടെന്നാര്‍ക്കും പിടികിട്ടാത്ത ദര്‍ശന. മറ്റു രണ്ടു നായികമാര്‍ കൂടിയുണ്ട്- ദിയയായി സിദ്ധിയും ദേവികയായി അനു ആന്റണിയും. സംവിധായകനും രചയിതാവുമായ ഗണേഷ് രാജ്, വൈശാഖ്, തോമസ് മാത്യു, അരുണ്‍, റോഷന്‍ മാത്യു തുടങ്ങിയ നായകരും സംഗീതം ചെയ്യുന്ന സച്ചിനും എഡിറ്ററായ അഭിനവുമെല്ലാം ന്യൂജനറേഷന്‍. വിനീത് ആദ്യം സംവിധാനം ചെയ്ത മലര്‍വാടിയിലെ പോലെ ആദ്യം നിര്‍മ്മിക്കുന്ന ആനന്ദത്തിലൂടെയും ഒരു 'ന്യൂപ്പട' സിനിമയിലേയ്‌ക്കെത്തുകയാണ്.

anarkkali
കാഞ്ഞിരപ്പള്ളിയില്‍ തുടങ്ങി മൈസൂര്‍, ഹംബി വഴി ഗോവയിലെത്തിയ ഒരു ഷൂട്ടിങ്ങ് യാത്രയായിരുന്നു ആനന്ദത്തിന്റേത്. ഹംബിയിലെത്തിയപ്പോള്‍ ഭയങ്കര ചൂട്. ഗോവയിലെത്തിയപ്പോള്‍ കേരളത്തില്‍പോലും കണ്ടിട്ടില്ലാത്ത കൊടുംമഴ. ഷൂട്ടിങ്ങാണെന്ന് തോന്നിയതേയില്ല. എല്ലാവരോടും വലിയ കമ്പനി. വലിയ ഗൗരവമൊന്നുമുള്ള കുട്ടികളല്ല. പക്ഷെ എല്ലാവരും നല്ല ഫ്രണ്ട്‌സ്. ഷൂട്ടിങ്ങിനിടയ്ക്ക് ബോറടിച്ചപ്പോള്‍ വീട്ടിലേയ്ക്ക് മടങ്ങി. അപ്പോള്‍ കുട്ടികള്‍ക്കെല്ലാം വലിയ സങ്കടം. ഞങ്ങള്‍ കരച്ചിലായി. വിനീതപ്പോള്‍ എന്നോട് പറഞ്ഞു. എന്നാപ്പിന്നെ ഉമ്മ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞിട്ടു പോയാല്‍ മതിയെന്ന്. ഒരു സെമസ്റ്റര്‍ മുടങ്ങി. വേറെയാരൊക്കയോ സിനിമയുടെ കാര്യം പറഞ്ഞുവെന്ന് അന്നക്കിളി പറഞ്ഞു. ഇനിയും അവസരം കിട്ടുവാണേല്‍ പോയാക്കാമല്ലേ ഉമ്മയെന്ന് അന്നക്കിളിയും ചോദിച്ചു- ലാലി പറയുന്നു.

പിന്നെ ലാലി പറഞ്ഞു, അവള്‍ക്ക് ഒരു എന്‍ഫീല്‍ഡ് ബുക്ക് ചെയ്തിട്ടുണ്ട്. സിനിമാനടിയായി തിരിച്ചു വരുന്ന അന്നക്കിളിയെ കാത്ത് മുറ്റത്ത് ആ എന്‍ഫീല്‍ഡുണ്ടാകും. എറണാകുളം നഗരത്തിലൂടെ എന്‍ഫീല്‍ഡില്‍ പറന്നു പോകുന്ന, ആ കിളി അന്നക്കിളിയായിരിക്കും. പിന്നിലിരിക്കുന്നത് ഉമ്മയോ പഴയ ബാലതാരം ബേബി നീലുവോ ആയിരിക്കും.

ഒരു കാര്യം പറയാന്‍ വിട്ടു; ഉമ്മയും വാപ്പയും രണ്ടു പെണ്‍മക്കളും നന്നായി പാട്ടുപാടും. നാലുപേരും ചേര്‍ന്നാല്‍ വീട്ടില്‍ കരാക്കേ ഗാനമേള തന്നെ നടത്തിക്കളയും.

anarkkali 3