ഏകീകൃത സിവിൽ നിയമത്തെ നാം എതിർക്കുന്നത് ഇരകൾ സ്ത്രീകളാണ് എന്നതുകൊണ്ടു മാത്രമാണ്!

ഇന്ത്യൻ കുടുംബങ്ങൾക്ക് ഏകീകൃത സിവിൽ നിയമമെന്നത് ഇസ്ലാമിന്റെ പോലും അന്ത:സത്തയാണെന്ന് സമർത്ഥിക്കുന്നു, ലേഖിക. ഏകീകൃത സിവിൽ നിയമത്തോട് പുരോഗമന പ്രസ്ഥാനങ്ങൾ പുലർത്തുന്ന എതിർപ്പിനു പിന്നിലും ഇരകളാക്കപ്പെടുന്ന സ്ത്രീകളോടുള്ള അലംഭാവമാണ്.

ഏകീകൃത സിവിൽ നിയമത്തെ നാം എതിർക്കുന്നത്  ഇരകൾ സ്ത്രീകളാണ് എന്നതുകൊണ്ടു മാത്രമാണ്!

ടി ജി അജിത


ഇത്ര വൈകിയവേളയിലും അഭിപ്രായഭിന്നത  രൂക്ഷമായി അനുഭവപ്പെടുന്ന മറ്റൊരു വിഷയമില്ല. ഏകീകൃത സിവില്‍കോഡ് എന്താണെന്നു പോലും അറിയാതെ, ആലോചിക്കാതെ, അത് വേണമോ വേണ്ടയോ എന്നിടത്താണിപ്പോഴും ചര്‍ച്ച. ഇന്ത്യന്‍ ഭരണഘടനയിലെ മറ്റൊരു അനുച്ഛേദവും ഇത്രയധികം എതിര്‍പ്പ് നേരിട്ടിട്ടുള്ളതായി തോന്നുന്നില്ല.

മതസ്വാതന്ത്ര്യം, ന്യൂനപക്ഷാവകാശങ്ങള്‍, മതനിരപേക്ഷത, എന്നീ മൗലികാവകാശങ്ങളെ ഏകീകൃത സിവില്‍ കോഡ് എത്രമാത്രം അപകടപ്പെടുത്തും? പ്രത്യേകിച്ചും ഇന്നത്തെ പരിതസ്ഥിതിയില്‍? ചില മതങ്ങളെങ്കിലും തിരഞ്ഞുപിടിച്ച് ആക്രമിക്കപ്പെടുമോ? ഇതൊക്കെയാണ് എതിര്‍പ്പിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.   എത്രമാത്രം ശരിയായിരിക്കും ഈ കാര്യങ്ങള്‍? ആണെങ്കില്‍ തന്നെ ഇതൊന്നും സംഭവിക്കാതെ നിയമപരിഷ്കരണത്തിന് സാധ്യതകളുണ്ടോ? നിയമപരിഷ്കരണത്തിന്റെ അഭാവം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ്? ഇതൊന്നും പലപ്പോഴും പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടയില്‍പ്പോലും ചര്‍ച്ചയാകുന്നില്ല എന്ന ദുരവസ്ഥയാണിന്നുള്ളത്. ഇന്ത്യന്‍ കുടുംബ നിയമത്തിലെ പ്രധാന പ്രശ്നങ്ങളുടെ ഇര സ്ത്രീകള്‍ മാത്രമാണെന്നതല്ലേ സൗകര്യപ്രദമായ ഈ അനാസ്ഥയുടെ കാരണം? സ്ത്രീകളുടെ മാത്രമായ പ്രശ്നങ്ങള്‍ മിക്കവാറും നേരിടുന്ന പ്രതിസന്ധികള്‍ അറിയാവുന്നവര്‍ അങ്ങനെ സംശയിച്ചുപോയാല്‍ അതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.


ഏകീകൃത സിവില്‍ കോഡിന് എതിരായി നിരത്തപ്പെടുന്ന വാദങ്ങള്‍ കഴമ്പുള്ളതാണോ? അതു മത സ്വാതന്ത്ര്യത്തിനു എതിരാണോ? എന്താണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം? രണ്ടു തരം മത സ്വാതന്ത്ര്യങ്ങളാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളും മതസ്ഥാപനങ്ങളുടെ തികച്ചും മതപരം മാത്രമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യങ്ങളും. ഇതില്‍ ആദ്യത്തേത്  സാമൂഹ്യ പരിഷ്കരണത്തിനുവേണ്ടി  നിയമ പരിഷ്കാരങ്ങള്‍ കൊണ്ടുവരാനുള്ള സ്റ്റേറ്റിന്‍റെ അധികാരത്തിനു വിരുദ്ധമായി നിലനിൽക്കില്ല.  ക്ഷേത്രപ്രവേശനം, തൊട്ടുകൂടായ്മ നിരോധനം എന്നീ നിയമങ്ങള്‍ ഉണ്ടാക്കിയപ്പോഴും, പിന്നീട് പൂജാരി നിയമനത്തിന്റെ കാര്യത്തിലുമൊക്കെ രണ്ടാമത്തെ ഇനം മതസ്വാതന്ത്ര്യങ്ങളും സാമൂഹ്യ പരിഷ്കരണത്തിനു വേണ്ടി  നിയമ പരിഷ്കാരങ്ങള്‍ കൊണ്ടുവരാനുള്ള സ്റ്റേറ്റിന്‍റെ അധികാരത്തിനു കീഴിലേ വരികയുള്ളു എന്ന് സുപ്രീം കോടതി പറഞ്ഞു വച്ചിട്ടുണ്ട്. അപ്പോള്‍ പിന്നെ അന്തസായി, സ്വാഭിമാനത്തോടെ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശവും തുല്യതക്കുള്ള അവകാശവും നിഷേധിക്കുന്ന വ്യക്തിനിയമങ്ങള്‍ക്ക് എങ്ങനെ നിലനില്‍ക്കാനാകും? ഈ വീക്ഷണത്തോടെ വ്യക്തി നിയമ പരിഷ്ക്കാരങ്ങളെ സമീപിക്കുന്നില്ല എന്നതാണ് പ്രശ്നം.

ഏകീകൃത സിവില്‍ കോഡ് മതനിരപേക്ഷതയെയും  വിപരീതമായി ബാധിക്കില്ല. കാരണം ഏകീകൃത സിവില്‍കോഡ് ചെയ്യുന്നത് മതപരിഷ്കരണമല്ല, മറിച്ചു സാമൂഹിക പരിഷ്കരണമാണ്. മതത്തിലധിഷ്ഠിതമായ വ്യക്തിനിയമങ്ങളാണ് മതനിരപേക്ഷതയ്ക്ക് വിരുദ്ധം.  ഏതെങ്കിലും മതനിയമത്തിലധിഷ്ഠിതമായ നിയമമല്ല, ഏതെങ്കിലും നിലനില്‍ക്കുന്ന വ്യക്തിനിയമത്തെ ആശ്രയിച്ചുള്ള നിയമമല്ല, മറിച്ച്, തികച്ചും സ്ത്രീനീതി ഉറപ്പാക്കുന്ന, മതങ്ങള്‍ക്കതീതമായ നിയമമാകണം ഉണ്ടാകേണ്ടത്. അങ്ങനയെങ്കില്‍ അത്  ന്യൂനപക്ഷ അവകാശങ്ങളെയും ബാധിക്കില്ല. ഇക്കാര്യം ഉറപ്പാക്കേണ്ടത്  ജനകീയ ജാഗ്രതയും ഇടപെടലും വഴിയാണ്.  അതിനുള്ള അവസരമാണ് ഇപ്പോള്‍ ലോ കമ്മീഷന്‍ പൊതുജനാഭിപ്രായം ആരായുക വഴി ഒരുക്കിയിട്ടുള്ളത്. അത് കഴിയുന്നത്ര പ്രയോജനപ്പെടുത്തുകയും നിയമനിര്‍മ്മാണത്തിന്റെ ഓരോഘട്ടത്തിലും വിജയകരമായി ഇടപെടുകയും ചെയ്യുക എന്നതാണ് പ്രധാനം.

ചിലകാര്യങ്ങള്‍, ഉദാഹരണത്തിന് വിവാഹച്ചടങ്ങുകള്‍, മതപരമാവുന്നതുകൊണ്ട് ഒരെതിര്‍പ്പുമുണ്ടാകില്ലായിരിക്കും, പക്ഷെ വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കുന്ന പരസ്പരാവകാശങ്ങളെയും കടമകളെയും നിശ്ചയിക്കുന്നതില്‍ മതപരമായ ചടങ്ങുകള്‍ക്കോ മത നിയമങ്ങള്‍ക്കോ ഒരുസ്ഥാനവും ഉണ്ടാകാന്‍ പാടില്ല.  മതനിരപേക്ഷനിയമമാണ് ആവശ്യം. ആ ആവശ്യം ഉറച്ചതാണ്. അത് എതെങ്കിലും രാഷ്ട്രീയ കക്ഷികള്‍ പറഞ്ഞതുകൊണ്ട് ഉണ്ടായ ആവശ്യമല്ല, മറിച്ചു സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാപരമായ പ്രതിബദ്ധത നടപ്പിലാക്കിക്കിട്ടാനുള്ള സ്ത്രീകളുടെ അവകാശമായിട്ടു വേണം  കാണേണ്ടത്. ഇതിനു സമയം ഏറെ വൈകുകയും ചെയ്തു.

കുടുംബനിയമ പരിഷ്കരണ ശ്രമങ്ങള്‍ എല്ലാ കാലത്തും മത, വര്‍ഗീയ വാദികളുടെ കടുത്ത എതിര്‍പ്പിനു ഇരയായിട്ടുണ്ട്. ഇതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് ഹിന്ദു കോഡ് ബില്ലിന്റെത്‌. ഏറ്റവും കൂടുതല്‍ എതിര്‍പ്പിനെ നേരിട്ടത് പിന്തുടര്‍ച്ചാവകാശ നിയമമാണ്. പെൺമക്കള്‍ക്ക്‌ പരമ്പരാഗത സ്വത്തില്‍ അവകാശമില്ലാതിരിക്കുകയും ആണ്‍മക്കള്‍ക്ക്‌ ജന്മാവകാശമുണ്ടായിരിക്കുകയും  ചെയ്ത അവസ്ഥയില്‍നിന്നും പിതാവിന്‍റെ  മരണ ശേഷം അദ്ദേഹത്തിന്‍റെ സ്വത്തില്‍ ആൺമക്കള്‍ക്കൊപ്പം ഒരു വീതം കിട്ടാന്‍ പെൺമക്കള്‍ക്ക്‌  അവകാശം കൊടുക്കാനുള്ള വകുപ്പാണ് കടുത്ത എതിര്‍പ്പ് നേരിട്ടത്. ഈ നിയമ മാറ്റം വഴി  പെൺമക്കള്‍ക്ക്‌ ലഭിക്കുന്ന  അവകാശം ആൺമക്കളുടെ അവകാശത്തെക്കാള്‍ തുലോം ചെറുതാണ് എന്നോര്‍ക്കണം . അത്ര ചെറിയ ഒരവകാശം പോലും പെൺകുട്ടികള്‍ക്ക് കൊടുക്കുന്നത് കുടുംബസ്വത്തില്‍ അന്യര്‍ക്ക് അവകാശം നൽകലാവും എന്ന് പറഞ്ഞു എതിര്‍ത്തവരുടെ കൂട്ടത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രസിഡണ്ടു പോലുമുണ്ട്. അദ്ദേഹം ഹിന്ദു കോഡ് ഒപ്പിടാതിരിക്കാന്‍ തനിക്കു അവകാശമുണ്ടോ എന്ന് നിയമോപദേശം തേടി. ഹിന്ദു മഹാസഭ ജില്ലകള്‍ തോറും ആന്‍റി ഹിന്ദു കോഡ് കമ്മിറ്റി ഉണ്ടാക്കി. തങ്ങള്‍ക്കു നല്ലത് തങ്ങളുടെ പുരുഷന്മാര്‍ക്കറിയാം എന്നുപറഞ്ഞു ഹിന്ദു സ്ത്രീകള്‍ പുരുഷന്മാരുടെ പിന്നില്‍ അണിനിരന്നു.

സ്ത്രീകളുടെ മേലുള്ള അധികാരം ഉറപ്പിക്കുന്ന യാഥാസ്ഥിതിക കുടുംബ നിയമത്തെ എല്ലാക്കാലത്തും മതങ്ങള്‍ ശക്തമായി പിന്തുണച്ചു പോന്നിട്ടുണ്ട് . തിരുവിതാംകൂറിലെ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമവും ക്രിസ്ത്യന്‍ വിവാഹമോചനം പ്രതിപാദിക്കുന്ന ഇന്ത്യന്‍  ഡിവോര്‍സ് ആക്ടും മറ്റുദാഹരണങ്ങളാണ്. ഇവയിലൊന്നും മാറ്റങ്ങള്‍ അനുവദിച്ചില്ല, ഉണ്ടായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ആരും തയ്യാറുമായില്ല.

ലോകത്ത്  ആദ്യമായി  സ്ത്രീകള്‍ക്ക് സ്വത്തവകാശം നല്‍കുക വഴി അവളുടെ അസ്തിത്വം അംഗീകരിച്ച, ആദ്യമായി സ്ത്രീകള്‍ക്ക് വിവാഹമോചനവും പുനര്‍ വിവാഹവും സാധ്യമാക്കിയ മതം ഇസ്ലാമാണ്. ഇസ്ലാം മതവും  ഇന്നു മറ്റുള്ള മതങ്ങളുടെ പാത പിന്തുടരുന്നു എന്നതാണ് വിചിത്രം. മാത്രവുമല്ല ഇന്നത്തെ മുസ്ലീം വ്യക്തിനിയമം ഏറ്റവും സ്ത്രീ വിരുദ്ധവുമാണ്. അതിന്‍റെ ഏറ്റവും വലിയ പ്രശ്നം അത് ക്രോഡീകരിക്കപ്പെട്ടിട്ടില്ല എന്നതുതന്നെയാണ്. നിയതമല്ലാത്ത/നിശ്ചിതമല്ലാത്ത നിയമങ്ങള്‍ നിയമ സുസ്ഥിരത ഉറപ്പാക്കുന്നില്ല എന്നതുകൊണ്ടുതന്നെ നീതീകരിക്കാന്‍ ആവാത്തതാണ്. മാത്രവുമല്ല ഇന്നു കോടതികളില്‍ പലപ്പോഴും മുസ്ലീം വ്യക്തിനിയമ വ്യഖ്യാനത്തിനായി ഉപയോഗപ്പെടുത്തുന്ന മുള്ളയുടെ മുഹമ്മദന്‍ ലോ എന്ന പുസ്തകം എഴുതിയത് ഒരു പാര്‍സിയാണ്. അത്  അനുവദിക്കാമെങ്കില്‍ എന്തുകൊണ്ട് ക്രോഡീകരണത്തിനുപോലും തയ്യാറാവുന്നില്ല  എന്നതു പ്രസക്തമായ ചോദ്യം തന്നെയാണ്. മുസ്ലീം നിയമത്തിലെ ഏറ്റവും കുഴപ്പം പിടിച്ചതും എന്നാല്‍ ഏറെ പരാമര്‍ശിക്കപ്പെടാത്തതുമായ നിയമം പിന്തുടര്‍ച്ചാവകാശ നിയമമാണ്. ചിലപ്പോള്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയില്‍ ന്യായീകരിക്കാനാവാത്തതാണ്. ഉദാഹരണത്തിന്, രണ്ടുപെണ്‍കുട്ടികളും ഭാര്യയും ഉള്ള ഒരു മുസ്ലീമിന്‍റെ മരണശേഷം അയാളുടെ സ്വത്തില്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം അയാളുടെ ബന്ധുക്കള്‍ക്ക് കൂടി അവകാശമുള്ള  ഇന്നത്തെ അവസ്ഥ ചെറിയ സമ്പാദ്യം മാത്രമുള്ള ഇടത്തരവും അതിനു താഴെയുമുള്ള കുടുംബങ്ങളുടെ പേടി സ്വപ്നമാണ്.

സ്ത്രീവിരുദ്ധമല്ലാത്ത ഒരുവ്യക്തിനിയവും നിലവിലില്ല. ഈ അടുത്തകാലത്താണ് ഹിന്ദു നിയമത്തില്‍ പെൺ കുട്ടികള്‍ക്ക് ജന്മാവകാശം കൊടുത്തത്. അതിനെ മറികടക്കാനുള്ള വഴി  പണ്ടു ഹിന്ദു കോഡ് കൊണ്ടുവന്നപ്പോള്‍ തന്നെ  അന്നത്തെ നിയമമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.  ഒസ്യത്തെഴുതി സ്വത്തു മുഴുവന്‍ ആണ്‍ മക്കള്‍ക്ക്‌ നല്‍കുക  എന്ന ആ  വഴി തന്നെയാണ് ഇപ്പോള്‍  ഉപയോഗപ്പെടുത്തുന്നത്.

അതുപോലെ ഹിന്ദു രക്ഷാകർതൃനിയമവും മറ്റുമതക്കാര്‍ക്കായുള്ള ഗാര്‍ഡിയന്‍സ്  ആന്‍ഡ് വാര്‍ഡ്‌സ് ആക്ടും രക്ഷാകര്‍ത്താവെന്ന നിലയില്‍ മാതാവിനും പിതാവിനും തുല്യ സ്ഥാനമല്ല കൊടുത്തിട്ടുള്ളത്. പിതാവിനുശേഷം മാതാവെന്ന ഹിന്ദു നിയമവും അത്ര പോലും അനുവദിക്കാത്ത ഗാര്‍ഡിയന്‍സ്  ആന്‍ഡ് വാര്‍ഡ്‌സ് ആക്ടും സ്ത്രീകളുടെ ആത്മാഭിമാനത്തെ ഇന്നും ചോദ്യം ചെയ്യുന്നു. ദത്തെടുക്കാന്‍ ആണെങ്കില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ ഇന്നു നിയമമുള്ളൂ. മറ്റുള്ളവരുടെ ആലംബം ഗാര്‍ഡിയന്‍സ്  ആന്‍ഡ് വാര്‍ഡ്‌സ് ആക്ടാണ്. അതു  ദത്തെടുക്കുമ്പോള്‍ ഉണ്ടാകുന്ന അവകാശങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാന്‍ തികച്ചും അപര്യാപ്തമായ നിയമമാണ്. ഇങ്ങനെ പൊരുത്തക്കേടുകളുടെയും അപര്യാപ്തതകളുടെയും ആകെത്തുകയാണ് ഇന്നത്തെ ഇന്ത്യന്‍ കുടുംബനിയമം.

ഇതിനൊക്കെ പുറമേയാണ് വിവാഹമോചന ശേഷവും ഭര്‍ത്താവ് ഉപേക്ഷിക്കുമ്പോളുമൊക്കെ നിരാധാരരാകേണ്ടിവരുന്ന സ്ത്രീകളുടെ അവസ്ഥ. ഇതിനിപ്പോള്‍ പ്രതിവിധിയുള്ളത് ഗാര്‍ഹിക പീഡന വിരുദ്ധ നിയമത്തിലാണ്. അതാകട്ടെ തികച്ചും അപര്യാപ്തവും. വിവാഹമോചനത്തിലോ ഉപേക്ഷിക്കപ്പെടുമ്പോളോ എല്ലാം സ്ഥിര രൂപത്തിലുള്ള പ്രതിവിധി വേണ്ടത് കുടുംബ നിയമത്തിലാണ്. വിവാഹത്തിനു ശേഷമുള്ള സകല സ്വത്തുസമ്പാദനത്തിലും നേരിട്ടോ അല്ലാതെയോ സ്ത്രീകള്‍ വഹിക്കുന്ന പങ്ക് അനിഷേധ്യമാണ്. അതുകൊണ്ട് പിരിയെണ്ടിവരുമ്പോള്‍ ആരുടെ പെരിലെന്നു നോക്കാതെ സ്വത്തുക്കള്‍ ന്യായമായ രീതിയില്‍ പങ്കുവയ്ക്കുന്ന നിയമം ഇന്ന് എല്ലാ സംസ്കൃത സമൂഹവും അംഗീകരിച്ചിട്ടുള്ളതാണ്. അതും കൂടി ചേര്‍ന്നതാകണം ഏകീകൃത സിവില്‍ കോഡ്. ഒരുതരത്തിലും സ്ത്രീവിരുദ്ധമല്ലാത്ത ഒന്ന്. മാത്രവുമല്ല, സമൂഹത്തിലുണ്ടാകുന്ന എല്ലാ മാറ്റങ്ങളും അത് പ്രതിഫലിപ്പിക്കുകയും എല്ലാ പുതിയ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയും വേണം. ഉദാഹരണത്തിന് ഭിന്നലൈംഗികതയുള്ളവരെയും ഒരു ചടങ്ങുകളും ഇല്ലാതെ ഒരുമിച്ചു ജീവിക്കുന്നവരെയും അംഗീകരിക്കുന്ന, അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന ഒരു നിയമമാകണം അത്.  അല്ലാതെ ഇന്നുള്ള ഒരു വ്യക്തിനിയമത്തിന്റെയും മാതൃകയില്‍ ആകരുത് അത്.