മന്ത്രി ബാലന്റെ ദളിത് വിരുദ്ധതയും ആഹാരമെന്ന പരിഹാരത്തെ കുറിച്ച് ചിന്തിക്കാത്ത ഭരണകൂട അശ്ലീലവും

ഈ ഗർഭത്തിന് ഞാനുത്തരവാദിയല്ല, എന്റെ കാലത്തെ ഗർഭത്തിന് മാത്രം ഞാൻ ഉത്തരം പറഞ്ഞാൽ മതി എന്ന തരം മറുപടി അടിമുടി ദളിത വിരുദ്ധവും, സ്ത്രീ വിരുദ്ധവുമാണ്. മന്ത്രി എ കെ ബാലന്റെ വിവാദ പരാമർശങ്ങൾ പ്രതിദ്ധ്വനിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കേവല സാമുദായിക ബലാബലങ്ങളിൽ സംഖ്യാബലം കൊണ്ട് വിലപേശൽ ശേഷി ആർജ്ജിക്കാത്തവരോട് ഭരണകൂടങ്ങൾ തുടരുന്ന നൈതീക നിസ്സംഗതയാണ് എന്ന് വ്യക്തമാകുന്നത്- വിവിദാ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം സമരത്തിനിറങ്ങുമ്പോള്‍ ആദിവാസിക്ക് ആഹാരം പരിഹാരമാകേണ്ടതിനെ കുറിച്ച് വിശാഖ് ശങ്കര്‍ എഴുതുന്നു.

മന്ത്രി ബാലന്റെ ദളിത് വിരുദ്ധതയും ആഹാരമെന്ന പരിഹാരത്തെ കുറിച്ച് ചിന്തിക്കാത്ത ഭരണകൂട അശ്ലീലവും

വിശാഖ് ശങ്കര്‍

പുതിയ സർക്കാർ അധികാരത്തിൽ വന്ന് നാലുമാസമേ ആയുള്ളു എങ്കിലും ചനലുകൾക്ക് അന്തിചർച്ചയ്ക്ക് വിഷയ ദാരിദ്ര്യം വരാതെ കാലാകാലം വിവാദ ലഭ്യത ഉറപ്പുവരുത്തി കാത്തുരക്ഷിക്കാൻ നാളിതുവരെ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഒളിമ്പ്യനെ അപമാനിച്ചു എന്നത് മുതൽ മുഹമ്മദാലി പരാമർശവും, ബന്ധു നിയമനവും, ഒടുവിൽ ഇതാ തേക്ക് വിവാദവുമായി അദ്ദേഹം അറിഞ്ഞുമറിയാതെയും സഖാവ് ഇ പി ജയരാജൻ തന്നെയായിരുന്നു അതിന്റെ മുഖ്യ ശ്രോതസ്സ്. ജയരാജൻ വിവാദങ്ങൾ ഇടയ്ക്ക് ഒന്ന് ഒളിമങ്ങുന്ന നിലയ്ക്ക് സ്വാശ്രയ കോളേജ് വിഷയവും, കണ്ണുരിലെ രാഷ്ട്രീയ കൊലപാതകങ്ങളും ഒക്കെയും വന്നുപോയി. ഒപ്പം തെരുവുനായ പ്രശ്‌നവും, ഏ ടി എം കവർച്ചകളും കൂടിയായപ്പോൾ സുഭിക്ഷം.


ഇതിനിടയിൽ നടന്നതാണ് പട്ടികജാതി ക്ഷേമവകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രി ഏ കെ ബാലന്റെ വിവാദ പ്രസംഗം. ഈ അടുത്ത ദിവസങ്ങളിൽ സംഭവിച്ചതെങ്കിലും ജയരാജൻ സഖാവ് വീണ്ടും നായകനാകുന്ന 'കുടുംബ ക്ഷേത്രം?' തേക്ക് വിവാദം വന്നപ്പോൾ മാധ്യമങ്ങൾ ബാലനെ വിട്ട് ജയരാജനിൽ കേന്ദ്രീകരിക്കുകയായിരുന്നു. വിവാദത്തിന്റെ പ്രഭവകേന്ദ്രമായ ഇരണിക്കാവ് ക്ഷേത്രം അദ്ദേഹത്തിന്റെ കുടുംബ ക്ഷേത്രമല്ലെന്നും മലബാർ ദേവസ്വം ബോഡിന്റെ കീഴിലുള്ള പ്രസ്തുത ക്ഷേത്രത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ഭാരിച്ച ചിലവിന് ആ നാട്ടുകാരനായ ഒരു മന്ത്രി വഴി സർക്കാർ സഹായം തേടുകയായിരുന്നു ക്ഷേത്ര സമിതി ചെയ്തതെന്നും ഇന്ന് വ്യക്തമാണ്. എന്നിട്ടും ഒരു നിലയ്ക്കും അഴിമതിയോ, സ്വജന പക്ഷപാതമോ ആയി വികസിപ്പിച്ചെടുക്കാനുള്ള കാമ്പ് ആ വാർത്തയ്ക്കില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ മാധ്യമങ്ങൾ ഏ കെ ബാലൻ വിഷയം വിട്ട് ഇ പിയിൽ കടിച്ച് തൂങ്ങുകയായിരുന്നു.

ak balan

ഇ പിയും ഏ കെ ബാലനും ഇടത് സർക്കാരിന്റെ ഭാഗമാണ്. ഇ പി മുൻ മന്ത്രി മാത്രമാണിപ്പോൾ എങ്കിൽ ബാലൻ ഒന്നിലധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. അപ്പോൾ സർക്കാരിനെ വിമർശിക്കുകയാണ് ലക്ഷ്യമെങ്കിൽ ബാലനായിരിക്കണം കൂടുതൽ യുക്തി ഭദ്രമായ ടർഗറ്റ്. അദ്ദേഹം നടത്തിയ പ്രസംഗം ഒരു വാക്ക് വിടാതെ ലഭ്യമാണ് താനും. എന്നിട്ടും എന്തുകൊണ്ട് ഇ പി? ചാനലുകൾക്ക് പുള്ളിയോട് എന്തെങ്കിലും വ്യക്തിവിരോധമുള്ളതുകൊണ്ടാണെന്ന് വിചാരിക്കാൻ തരമില്ല. അപ്പോൾ പിന്നെ?

വിഷയങ്ങൾ തമ്മിലെ വ്യത്യാസം

ഇവിടെ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം വ്യക്തിയല്ല, വിഷയമാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. തേക്ക് വിവാദത്തിൽ മുഖ്യ പ്രതിപാദ്യമാവുക അഴിമതി വിരുദ്ധ പ്രതിജ്ഞയെടുത്ത് അധികാരത്തിൽ വന്ന ഇടത് സർക്കാരിന്റെ അഴിമതിയും സ്വജന പക്ഷപാതവുമാണ്. അതുകൊണ്ട് തന്നെ ഇടത് പക്ഷമല്ലാത്ത ഏവർക്കും ഇതൊരു ഇഷ്ടവിഷയമായിരിക്കും. ഇടതനുകൂലികൾ പോലും തെല്ല് അസ്വാരസ്യങ്ങളൊടെയാണെങ്കിലും ചർച്ച കാണാതിരിക്കില്ല എന്നതും വ്യക്തം. മാധ്യമങ്ങൾ തന്നെ പ്രഖ്യാപിച്ച്, ആവർത്തിച്ചുറപ്പിച്ച സഭയിലെ രണ്ടാമൻ ആവർത്തിച്ച് അഴിമതി ആരോപണങ്ങളിൽ പെടുമ്പോൾ അത് അഴിമതിയുടെ കുത്തൊഴുക്കിൽ ഒലിച്ചുപോയ വലതു രാഷ്ട്രീയത്തിന് ഒന്ന് നിലയുറപ്പിക്കാനുള്ള മണ്ണാവുകയാണ്; അത് ഉറപ്പുവരുത്തുക തന്നെയാണ് വലത് മാധ്യമങ്ങളുടെ മുതലാളിത്ത ധർമ്മവും.

ഏ കെ ബാലൻ വിഷയത്തിന്റെ ഉള്ളടക്കം അങ്ങനെ ഒരു ഇടത് വലത് ദ്വന്ദ്വത്തിൽ ചുരുങ്ങുന്ന ഒന്നല്ല. അതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്ത് വന്നാൽ അതിൽ മന്ത്രി ഏ കെ ബാലനൊപ്പം ബിജെപി ഉള്‍പ്പെടെയുള്ള ഇടത്, വലത് മുന്നണികളും, രാഷ്ട്രീയം തന്നെയും വിചാരണ ചെയ്യപ്പെടും. അതിന്റെ മുന അവിടവും വിട്ട് നമ്മൾ പൊതുസമൂഹത്തിലേക്ക്, പൊതുബോധത്തിലേയ്ക്ക് വികസിക്കും. ഇവിടെ സാധാരണ പ്രേക്ഷകർക്കും സുഖമായി ഇരുന്ന് ചർച്ച കാണാൻ ഏതെങ്കിലും ഒരു പക്ഷത്തിന്റെ തണൽ അത്ര എളുപ്പമാവില്ല.

മാധ്യമങ്ങൾ ചർച്ചയ്ക്ക് വിഷയം തിരഞ്ഞെടുക്കുന്നതിലെ പ്രാഥമിക മാനദണ്ഡം ആ രാത്രി പരമാവധി ആൾക്കാരെ തങ്ങളുടെ ചാനലിലേയ്ക്ക് ആകർഷിക്കുക എന്നത് തന്നെയാണ്. അതിന് ആദിവാസി വിഷയത്തെക്കാൾ പര്യാപതമാണ് അഴിമതി എന്ന് അവർ കരുതുന്നു. കാര്യം വ്യക്തമല്ലേ!

ബാലന്റെ വിവാദ പരാമർശം

അട്ടപ്പാടിയിൽ ഈ അടുത്ത കാലത്ത് നാല് ആദിവാസി ശിശുമരണങ്ങൾ നടന്നതിലേയ്ക്ക് മന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച എംഎൽഏയ്ക്ക് നൽകിയ മറുപടിയിലാണ് ബഹുമാനപ്പെട്ട മെമ്പറു പറഞ്ഞപ്രകാരം നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്, പക്ഷെ അത് പോഷകാഹാര കുറവുകൊണ്ട് മരണപ്പെട്ടതെ അല്ല. ഒന്ന് അബോർഷനാണ്. അബോർഷനെന്ന് പറയുമ്പോൾ നിങ്ങളുടെ കാലത്താണ് പ്രെഗ്‌നന്റ് ആയത്. ഇപ്പോഴാണ് ഡെലിവറി ആയത്, അതിന് ഞാൻ ഉത്തരവാദിയല്ല' എന്ന പരാമർശം.

ആദിവാസി മേഖലയിലെ ദാരിദ്ര്യവും, പട്ടിണിയും മറ്റനുബന്ധ പ്രശ്‌നങ്ങളും സാമൂഹ്യ പിന്നോക്കാവസ്ഥയുടെ ദീർഘമായ ഒരു ചരിത്രത്തിന്റെ ഭാഗമാണെന്നും, അത് ഏതെങ്കിലും ഒരു മന്ത്രിയുടെയോ, ഒരു സർക്കാരിന്റെയോ മാത്രം ചെയ്തികളുടെ ഫലമല്ല എന്നതും പ്രത്യേകിച്ച് ആരും പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ അത് സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെ ഭാഗമായ മന്ത്രി ഇത്ര നിർവികാരമായ ഭാഷയിൽ ഒരശ്‌ളീല തമാശയെന്നോണം ആവർത്തിക്കുമ്പോൾ ' ഞങ്ങൾ ഇനിയിപ്പോൾ എന്താണ് ചെയ്യേണ്ടത് സാർ' എന്ന നിസ്സഹായമായ ഒരു ചോദ്യം മാത്രമാണ് ബാക്കിയാവുന്നത്. ഇത് കേട്ട് നമ്മൾ തിരഞ്ഞെടുത്ത് വിട്ട ജനപ്രതിനിധികളിൽ ഒരു പക്ഷം ' നല്ല ചുട്ട മറിപടി' എന്ന നിലയിൽ ആർത്ത് ചിരിക്കുമ്പോൾ ഉയരുന്നതാവട്ടെ ജനാധിപത്യവ്യവസ്ഥയിലേക്ക് തന്നെയും നീളുന്ന ആശങ്കകളും.

ശിശുമരണത്തെ കുറിച്ചുള്ള 'നാലെണ്ണം മരണപ്പെട്ടു' എന്ന പരാമർശം പ്രസംഗത്തിൽ പിന്നെയും ആവർത്തിക്കപ്പെടുന്നുണ്ട്. ശിശുമരണ നിരക്കിന്റെ ദേശീയ ശരാശരിയെ കുറിച്ച് പറയുമ്പോഴാണത്. 'ആയിരം പ്രസവം നടക്കുമ്പോൾ നാല്പത്തിനാലെണ്ണം മരിക്കും' എന്ന വാചകത്തിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന നിസംഗത ഇത്തരം ദാരുണമായ സംഭവങ്ങളെ കേവലം സ്ഥിതിവിവര കണക്കായി മാത്രം കണ്ട് താരതമ്യത്തിലൂടെ അപ്രസക്തമാക്കുന്ന ഭരണകൂട നിസംഗത തന്നെയാണ്. ഇതിനെ വിമർശിക്കാൻ സഭയിലുള്ള കോൺഗ്രസ്സ്, ബിജെപി പ്രതിനിധികളുടെ ഭരണ ചരിത്രം അവരെ യോഗ്യരാക്കുന്നില്ല എന്നതിനാൽ ഏ കെ ബാലനോ ഈ സർക്കാരോ ഈ വിഷയത്തിൽ വിമർശനാതീതരാകുന്നില്ല.

ഭരണകൂട നിസ്സംഗതയുടെ സ്വാതന്ത്ര്യാനന്തര ചരിത്രം

ഏഴ് പതിറ്റാണ്ടോളം ദൈർഘ്യമുള്ള ഒരു ഒരു ജനാധിപത്യ വ്യവസ്ഥയിൽ നിന്നുകൊണ്ടാണ് നാം ആദിവാസി മേഖലയിലെ പട്ടിണി, ദാരിദ്ര്യം, പകർച്ചവ്യാധി, ശിശുമരണം തുടങ്ങിയ പ്രശ്‌നങ്ങളെ ഇന്ന് അഭിസംബോധന ചെയ്യുന്നത്. ഈ മേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം എന്ന നിലയ്ക്ക് ഈ കാലയളവിനുള്ളിൽ ഭാവനാ സമ്പന്നമോ, ഭാവനാ ദരിദ്രമൊ എന്തുമാവട്ടെ, നിരവധി പദ്ധതികൾ മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്. ഗർഭാവസ്ഥ മുതൽ കുട്ടിക്ക് ആറുമാസം പ്രായമാകുംവരെ പ്രതിമാസം ആയിരം രൂപാ നിരക്കിൽ സർക്കാർ സഹായം ലഭ്യമാക്കുന്ന ജനനി ജന്മരക്ഷാ പദ്ധതി ഇതിന് ഒരു ഉദാഹരണം. പക്ഷേ ഇവ പലപ്പോഴും കാലോചിതമായി പരിഷ്‌കരിക്കപ്പെടുന്നില്ല എന്നത് പോട്ടെ ഉള്ളത് പോലും പല കാരണങ്ങളാൽ അവരിലേയ്ക്ക് എത്തുന്നുമില്ല എന്നതാണ് യഥാർത്ഥ പ്രശ്‌നം. ഇതിനെ നേരിടേണ്ടതില്ലേ?

ഉദ്യോഗസ്ഥ തലത്തിലെ ക്രമക്കേടുകൾ, കെടുകാര്യസ്ഥത എന്നൊക്കെയാണ് ഇതിന് കാലാകാലങ്ങളായി ഭരണകൂടങ്ങൾ ആവർത്തിക്കുന്ന വിശദീകരണം. എന്ത് കാരണങ്ങളാലായാലും പദ്ധതികൾ ഒന്നും അത് ലക്ഷ്യംവയ്ക്കുന്ന അതിന്റെ ഗുണഭോക്താക്കളിലേയ്ക്ക് എത്തുന്നില്ല എങ്കിൽ ആ പരാതി അവർ ആരോട് പറയണം? പദ്ധതികൾ അതിന്റെ ഗുണഭോക്താക്കളിലേയ്ക്ക് എത്തുന്നു എന്ന് ഉറപ്പുവരുത്താനാകുന്നില്ലെങ്കിൽ അത് ഭരണവ്യവസ്ഥയുടെ പരാജയം തന്നെയല്ലേ? അത് മുൻ സർക്കാരുകളുമായുള്ള താരത്മ്യത്തിലൂടെ സ്വാഭാവികവൽക്കരിക്കപ്പെടുകയാണെങ്കിൽ പിന്നെ മാറിമാറി വരുന്ന ഓരോ സർക്കാരും പ്രഖ്യാപിക്കുന്ന ഇത്തരം പദ്ധതികൾ കൊണ്ട് ആർക്ക് എന്ത് പ്രയോജനം? ഭരണ നേട്ടങ്ങൾ എന്ന നിലയിൽ എണ്ണി പറയാൻ കുറേ പേരുകൾ എന്നതിലപ്പുറം പ്രായോഗികമായി നിലനിൽക്കാത്ത ഇവ ആർക്ക് വേണ്ടി രൂപപ്പെടുത്തപ്പെടുന്നു? ആർക്കുവേണ്ടി നിലനിൽക്കുന്നു?

ഈ ചോദ്യങ്ങൾക്ക്ഉത്തരമാകേണ്ടത് പ്രയോഗക്ഷമവും, ഇന്ദ്രിയ ഗോചരവുമായ നടപടികളാണ്; മുൻ സർക്കാരുകൾ എന്തുചെയ്തു എന്ന മറുചോദ്യമോ, ദേശീയ ശരാശരിയുമായുള്ള സ്ഥിതിവിവര താരത്മ്യത്തിലൂടെ കണക്കിൽ മാത്രം കൊള്ളിച്ചെടുക്കാവുന്ന ആപേക്ഷിക സ്വാസ്ഥ്യമോ അല്ല. തീർച്ചയായും ദീർഘമായ ഒരു ചരിത്രം പശ്ചാത്തലമായുള്ള സാമൂഹ്യ പ്രശ്‌നങ്ങൾക്ക് ഒരു സർക്കാരിനും നിന്ന നിൽപ്പിൽ പരിഹാരം കണ്ടെത്താനാവില്ല. കേരളത്തിലെ പോലെ ശിശുമരണങ്ങൾ ഇന്ത്യയിൽ പോയിട്ട് എത്യോപ്യയയിൽ പോലുമില്ല എന്ന നിലയിൽ കണ്ണടച്ചുള്ള വെടികൾക്ക് വസ്തുതകളും, കണക്കും വച്ച് തന്നെയേ മറുപടി പറയാനും പറ്റൂ. അതുകൊണ്ട് അവയെ പൂർണ്ണമായി നിരാകരിക്കുകയല്ല. കണക്ക് പറയേണ്ടിടത്ത് കണക്ക് തന്നെ പറയണം. എന്നാൽ ഭൂഗോളം തിരിയുന്ന അചുതണ്ട് തന്നെ കണക്കാണെന്ന തരം യാന്ത്രികത ഒന്നിനും പരിഹാരമല്ല എന്ന് മാത്രം.

ആഹാരം എന്ന പരിഹാരം

ദേശീയ ശരാശരിയിലും, ആഗോള ശരാശരിയിലും താൻ എവിടെ അടയാളപ്പെടുന്നു എന്നതല്ല പട്ടിണി കിടന്ന് മരിക്കുന്ന ഒരു മനുഷ്യന്റെയും പ്രശ്‌നം. കുഞ്ഞ് നഷ്ടപ്പെട്ട അമ്മയുടെ പ്രശ്‌നവും പട്ടികപ്പെടലല്ല. ശിശുമരണങ്ങൾ ഇന്നും തുടരുന്നു എന്നത് ഒരു വർത്തമാന സത്യമാണ്, ആദിവാസി മേഖലയിൽ അത് ആഹാരത്തോളം അടിസ്ഥാനമായ കാരണങ്ങളാൽ ഉണ്ടാകുന്നു എന്നതും. ഇവിടെ പരിഹാരം വേണ്ടത് ആഹാരത്തിനും അതിന്റെ നിരന്തരമായ ലഭ്യതയ്ക്കുമാണ്. അതിന് വേണ്ടത് റേഷൻ പദ്ധതികളിലുപരി ശാക്തീകരണ നടപടികളാണ്. നിലനിൽക്കുന്ന അവസ്ഥയിൽ അടിയന്തിര പരിഹാരമെന്ന നിലയ്ക്ക് റേഷൻ പദ്ധതികൾക്ക് പ്രസക്തിയില്ല എന്നല്ല, പരിഹാരം അവിടേയ്ക്ക് ചുരുങ്ങാൻ പാടില്ല എന്നാണ് പറഞ്ഞുവരുന്നത്. ആദിവാസി ഭൂപ്രശ്‌നം വീണ്ടും ഉയർന്നുവരുന്നത് ഇവിടെയാണ്.

എംഎൽഎ ശ്രദ്ധ ക്ഷണിച്ചത് അതിലേയ്ക്കല്ല, റേഷൻ പരിഷ്‌കരണത്തിലേക്കും വിതരണ സമ്പ്രദായത്തിലെ വീഴ്ചകളിലേയ്ക്കുമാണെന്നത് സത്യം. പക്ഷേ അതിനുപോലും മറുപടി ഈ ഗർഭത്തിന് ഞാനുത്തരവാദിയല്ല, എന്റെ കാലത്തെ ഗർഭത്തിന് മാത്രം ഞാൻ ഉത്തരം പറഞ്ഞാൽ മതി എന്ന തരം മറുപടി അടിമുടി ദളിത വിരുദ്ധവും, സ്ത്രീ വിരുദ്ധവുമാണ്. ഇവിടെയാണ് മന്ത്രി എ കെ ബാലന്റെ വിവാദ പരാമർശങ്ങൾ മേല്പറഞ്ഞതിലുപരി പ്രതിനിധീകരിക്കുന്നത് ജനാധിപത്യത്തിലെ സാമുദായിക ബലാബലങ്ങളിൽ കേവലം സംഖ്യാബന്ധിയായി ചുരുങ്ങുന്ന നൈതികതയെയാണ്, അത് പ്രതിദ്ധ്വനിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കേവല സാമുദായിക ബലാബലങ്ങളിൽ സംഖ്യാബലം കൊണ്ട് വിലപേശൽ ശേഷി ആർജ്ജിക്കാത്തവരോട് ഭരണകൂടങ്ങൾ തുടരുന്ന നൈതീക നിസ്സംഗതയാണ് എന്ന് വ്യക്തമാകുന്നത്.

ഇതൊരു വ്യക്തിഗത തിന്മയോ, സ്വത്വപരമായ പ്രശ്‌നമോ അല്ല. എ കെ ബാലൻ ദളിത് സമുദായത്തിൽ പെട്ട ഒരാളാണ്. ഇത് പറയുമ്പോൾ സ്വത്വവാദത്തിന്റെ പ്രതിയുക്തി അയാൾ അനുഭവതലത്തിൽ ദളിതനല്ല എന്നാവും. അപ്പോൾ അതിനർത്ഥം ദളിത് സ്വത്വം എന്നത് കേവലം ജന്മം കൊണ്ട് ആർജ്ജിക്കുന്ന ഒന്നല്ല എന്നാണ്. അപ്പോൾ ദളിത് അനുഭവവും ജന്മബന്ധിയല്ല. ആയിരുന്നുവെങ്കിൽ ജന്മം കൊണ്ട് ദളിതനായ എ കെ ബാലനെതിരെ ദളിത വിരുദ്ധത എന്ന ആരോപണം നിലനിൽക്കില്ലല്ലോ. അപ്പോൾ കേവല പ്രതിനിധാനം കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്ന വാദവും തകരുന്നു.

നൈതികത ജീവശാസ്ത്രപരമോ, പ്രാകൃതികമോ ആയ ഒരു നിർമ്മിതിയല്ല. അത് ഒരു സാംസ്‌കാരിക നിർമ്മിതിയാണ്. അത്തരം ഒരു നിർമ്മിതിയിലാണ് ദളിത്, സ്ത്രീ, മത, ലൈംഗീക ന്യൂനപക്ഷവാദത്തിന്റെ അടിത്തറ. അധികാര തലത്തിൽ നൈതിക സമത്വം എന്നത് സ്വത്വത്തിന്റെ കേവല പ്രതിനിധാനം കൊണ്ട് ആർജ്ജിക്കാനാവില്ല. കാരണം അത് പ്രവർത്തിക്കുന്നത് സ്വത്വ തലത്തിലല്ല. ആഹാരവും, അതിന്റെ മിച്ചവും (മിച്ചം വന്ന ചോറാണ് സംസ്‌കാരം എന്ന് കൊസാംബി?) എല്ലാവരുടെയും അവകാശമാണ് എന്നത് വിശാല മാനവികതാ ദർശനം ഉയർത്തുന്ന ഒരു സാംസ്‌കാരിക ആവശ്യമാണ്. അതിനോടുള്ള ഭരണകൂട നിസ്സംഗതയെ ചെറുത്ത് തോൽപ്പിക്കുക എന്നതാണ് ആവശ്യം. ഭക്ഷണം എന്നത് ഒരു ഭൗതീക യാഥാർത്ഥ്യമായിരിക്കുമ്പോഴും അതിന്റെ തുല്യ വിതരണം എന്നത് ഒരു സാംസ്‌കാരികമായ ആവശ്യമാണ്. ആ വൈരുദ്ധ്യത്തെ നേരിടാതെ കേവല സ്വത്വത്തെ മുൻ നിർത്തി സൈദ്ധാന്തിക നിർമ്മിതികൾ നടത്തിയതുകൊണ്ടോ അതിന്റെ ഇരുവശം ( എ കെ ബാലൻ അനുഭവം കൊണ്ട് ദളിതനല്ല / ബാലനെ വിമർശിക്കാനുള്ള ഔൽസുക്യത്തിൽ ബോധമോ അബോധമോ ആയ പ്രേരണയായി ദളിത് സ്വത്വ വിരുദ്ധതയുണ്ട്) ചേർന്നുള്ള വിചാരണയിൽ പങ്ക് ചേർന്നതുകൊണ്ടോ ആഹാരത്തിന് ഒരു പരിഹാരം ഉണ്ടാകുമെന്ന് തോന്നുന്നില്ല.