'ഗഗന്‍ അങ്കിള്‍ റോക്സ്': അറുപതാം പിറന്നാളാഘോഷിക്കാന്‍ ലടാക്ക് മുതല്‍ കന്യാകുമാരി വരെ ഒരു സൈക്കിള്‍ സവാരി!

"പ്രായമായില്ലെ, ഇനി ഒന്നും നടക്കില്ല. മനസ്സ് ആഗ്രഹിക്കുന്നിടത്ത് ശരീരം എത്തില്ല.." എന്നിങ്ങനെയുള്ള പതിവ് ക്ലീഷേ ചിന്താഗതികൾക്കെതിരായ സന്ദേശം നല്‍കാന്‍ ഗഗന്‍ തിരഞ്ഞെടുത്തത് തന്‍റെ തന്നെ ജീവിതമാണ്.

അറുപതാം പിറന്നാൾ എങ്ങനെ ആഘോഷിക്കാം? വേണമെങ്കിൽ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിപുലമായ ഒരു സദസ്സിൽ, ജീവനറ്റ ആശംസകൾക്ക് നടുവിൽ ഒരു കേക്ക് മുറിച്ച് അവർക്ക് സദ്യയും മദ്യവും നൽകി ഷഷ്ഠിപൂർത്തിയാഘോഷം വിപുലമാക്കാവുന്നതേയുള്ളൂ. എങ്കിലും ആഘോഷങ്ങൾ ഒഴിയുമ്പോൾ ഈ ഉപദേശം മാത്രമായിരിക്കും ബാക്കി " പ്രായമൊക്കെയായി, ഇനി ആരോഗ്യം ശ്രദ്ധിച്ച് വിശ്രമജീവിതം ആസ്വദിക്കുക "

ഈ പതിവ് നാടകങ്ങളും ധൂർത്തും താൽപര്യമില്ലാത്തത് കൊണ്ടു മാത്രമല്ല, ഇനിയാണ് ജീവിക്കുവാൻ ഉള്ളത് എന്ന തിരിച്ചറിവിലാണ് ഗഗൻ കോസല സൈക്കിൾ കയറുന്നത്.


ഡൽഹി സ്വദേശിയാണ് ബിസിനസ്സുകാരനായ ഗഗൻ. ഈ നവംബറിൽ ഗഗന് 60 വയസ്സു തികയുകയാണ്. ഈ പ്രായത്തിന്റെ പിറന്നാളാഘോഷം തനിക്ക് വിശ്രമിക്കുവാനുള്ള ആശംസകളായിരിക്കരുത് നേടിത്തരേണ്ടത് എന്ന് ഗഗൻ ആഗ്രഹിക്കുന്നു. എങ്കിൽ പിന്നെ ആഗ്രഹിക്കുന്ന പ്രകാരം സ്വയം ആശംസിക്കുക തന്നെ മാർഗ്ഗം. ഇതിനായി തന്റെ പ്രായത്തിന്റെ പകുതിയുള്ളവർ പോലും ചെയ്യാൻ ഭയക്കുന്ന ഒരു യജ്ഞമാണ് ഇദ്ദേഹം കണ്ടെത്തിയത്. ജമ്മു കാശ്മീരിലെ ലടാക്ക് മുതൽ കന്യാകുമാരി വരെ ഏകദേശം 4000 കിലോമീറ്റർ സൈക്കിൾ ചവിട്ടിയെത്താനാണ് ഗഗൻ നിശ്ചയിച്ചിരിക്കുന്നത്.

[caption id="attachment_49597" align="aligncenter" width="394"]ഗഗന്‍ കോസല ഗഗന്‍ കോസല[/caption]

10 വർഷങ്ങൾക്ക് മുമ്പ് ലടാക്കിൽ നിന്നും ഡൽഹി വരെ സൈക്കിൾ സവാരി നടത്തിയിട്ടുണ്ടെങ്കിലും ഈ പ്രായത്തിൽ ഇങ്ങനെയൊരു സവാരി താൻ ഉദ്ദേശിച്ചിരുന്നതല്ല എന്ന് ഗഗൻ പറയുന്നു.
"പ്രായമായില്ലെ, ഇനി ഒന്നും നടക്കില്ല. മനസ്സ് ആഗ്രഹിക്കുന്നിടത്ത് ശരീരം എത്തില്ല.." എന്നിങ്ങനെയുള്ള പതിവ് ക്ലീഷേ ചിന്താഗതികൾക്കെതിരായ സന്ദേശമാണ് എന്റെ ഈ യാത്ര കൊണ്ടുദ്ദേശിക്കുന്നത്.

എല്ലാ പ്രായത്തിലും ആരോഗ്യം പരിപാലിക്കപ്പെടേണ്ടതുണ്ട്. അല്ലാതെ എങ്ങനെയാണ് സ്വപ്നങ്ങൾ കാണുക? പണം തരുന്ന സന്തോഷങ്ങൾക്ക് പരിമിതിയുണ്ട്. എന്നാൽ ഇങ്ങനെയുള്ള അനുഭവങ്ങൾ എക്കാലത്തും നല്ല ജീവിതമായിരിക്കും നൽകുക."

യാത്ര പുറപ്പെടും മുമ്പേ ഞാൻ ലടാക്കിൽ വച്ച് ഒരു ജർമ്മൻ ദമ്പതികളെ പരിചയപ്പെട്ടിരുന്നു. ആ സ്ത്രീ മാത്രം കഴിഞ്ഞ നാല് വർഷത്തിനിടയിൽ 28,000 കി.മീ സൈക്കിൾ സവാരി നടത്തിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ തന്റെ യാത്രയുടെ നിസാരത താന്‍ സ്വയം തിരിച്ചറിഞ്ഞതായും ഗഗന്‍ പറയുന്നു.

മലനിരകളിലെ സവാരിയായിരുന്നു പലപ്പോഴും ദുഷ്ക്കരം. അവിടെ ഓക്സിജന്റെ അളവ് കുറവായതിനാൽ പലപ്പോഴും ശ്വാസമെടുക്കാൻ പോലും കഷ്ടപ്പെട്ടു. സീറോ ഡിഗ്രിയിലും താഴ്ന്ന അന്തരീക്ഷ താപവും! സമുദ്രനിരപ്പിൽ നിന്നും 17700 അടി ഉയരത്തിൽ ഖർദംഗ് ലാ പാസ് കടന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണ്. ചണ്ഡിഗർ എത്തിയപ്പോഴേക്കും കാര്യങ്ങൾക്ക് പാടെ മാറ്റമനുഭവപ്പെട്ടു. ഇവിടെ ചൂട് 40° ആയിരുന്നു. ഇത് ചെറിയ രീതിയിലുള്ള ശാരീരികാസ്വാസ്ത്യങ്ങൾക്ക് വഴിതുറന്നെങ്കിലും ഗഗൻ വേഗത്തിൽ അതിനേയും അതിജീവിച്ചു.

സാഹസികത നിറഞ്ഞ ഈ സവാരിയ്ക്ക് ഗഗൻ പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നും നടത്തിയിരുന്നില്ല, ജിമ്മിൽ ചെലവഴിച്ച സമയം അൽപ്പം കൂടി ദൈർഘ്യമെടുത്തു എന്ന് മാത്രം. ശരീരഭാരവും ഹൃദയാരോഗ്യവും മെഡിക്കൽ സഹായത്തോടെ ആരോഗ്യകരമെന്ന് വിലയിരുത്തി.

ലടാക്കിൽ നിന്നും ആരംഭിച്ച ഈ സവാരിയിൽ ഗഗൻ ഒറ്റയ്ക്കല്ല, സമപ്രായക്കാരായ സുഹൃത്തുക്കളുടെ ഒരു ചെറു കൂട്ടം ഗഗന്റെയൊപ്പമുണ്ട്. പക്ഷെ അവർ ഒരു എസ്.യു.വിയിലാണ് ഗഗനെ പിന്തുടരുന്നതെന്ന് മാത്രം! സുഹൃത്തിന്റെ ചിത്രങ്ങൾ പകർത്തുകയും യാത്ര റെക്കോർഡ് ചെയ്യുകയുമാണ് ഇവരുടെ പ്രധാന ദൗത്യം. കുട്ടികളിലെ പോഷകാഹാരക്കുറവിനെ കുറിച്ചുള്ള പ്രചരണത്തിനും, ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായകരമാകാനുള്ള ധനസമാഹരണവും ഇവർ ഈ യാത്രയിൽ ലക്ഷ്യമിടുന്നുണ്ട്. ഒരു പാചകക്കാരനും ഇവർക്കൊപ്പമുണ്ട്. അതിനാൽ അപരിചിതമായ ഭക്ഷണം കഴിച്ച് വയർ കേടാകുമെന്ന ഭയവും ഗഗന് വേണ്ട.

ഗഗൻ കോസലയുടെ അത്ര ധൈര്യമൊന്നും ഏതായാലും ഭാര്യ ഇഷിയ്ക്ക് ഇല്ല. "എന്റെ ആഗ്രഹം സഫലമാക്കി തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് അവൾ. വാർധക്യം വിശ്രമിക്കാനുള്ളതാണ് എന്ന പക്ഷക്കാരിയാണ് അവൾ." ഗഗൻ പറയുന്നു.http-__o.aolcdn.com_hss_storage_midas_25dce1a59555d6de693e2f01652b93a5_204440801_Screen+Shot+2016-10-11+at+6.51.31+pm

ഒരു ദിവസം ശരാശരി 170- 180 കിലോമീറ്റർ ഗഗൻ പിന്നിടുന്നുണ്ട്. നവംബർ 25 ന് തന്റെ 60 മത് പിറന്നാൾ ദിനത്തിൽ ഈ യജ്ഞം പൂർത്തീകരിക്കണമെന്ന് ഇദ്ദേഹം ആഗ്രഹിക്കുന്നു.

കാര്യങ്ങൾ അനുകൂലമെങ്കിൽ ഗഗൻ കോസല വൈകാതെ തന്റെ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും. അപ്പോൾ, വാർധക്യത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ പൊതുവായ സങ്കൽപ്പങ്ങൾക്കായിരിക്കണം മാറ്റമുണ്ടാകേണ്ടത്. 60 കഴിഞ്ഞുള്ള യൗവനത്തിന്റെ പ്രചോദനമായിരിക്കണം ഇനിയുള്ള ഷഷ്ടിപൂർത്തിയാഘോഷങ്ങൾ...മാതൃകാപരവും!

Courtesy: The Huff Post