ഭോപ്പാലിൽ 'ജയിൽ ചാടിയ' എട്ട് സിമി പ്രവർത്തകരെ വെടിവച്ചു കൊന്നു

2008ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരയിലും രണ്ടു വർഷം മുമ്പ് കരിനഗർ, പുണെ, ചെന്നൈ എന്നിവിടങ്ങളിൽ നടന്ന സ്‌ഫോടനത്തിലും പ്രതികളായവരാണു കൊല്ലപ്പെട്ടവര്‍

ഭോപ്പാലിൽ

ഭോപ്പാൽ: 'ജയിൽ ചാടി രക്ഷപ്പെടാ൯ ശ്രമിച്ച' നിരോധിത ഭീകര സംഘടനയായ സ്‌റ്റുഡ൯സ് ഇസ്ളാമിക് ഫെഡറേഷ൯ ഓഫ് ഇന്ത്യയുടെ (സിമി) എട്ടു പ്രവർത്തകരെ പോലീസ് വെടിവച്ചു കൊന്നു. ഭോപ്പാൽ സെ൯ട്രൽ ജയിലിൽ നിന്നും അഞ്ചു കിലോ മീറ്റർ അകലെയുള്ള ആചാർപുര വില്ലേജിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഐജി യോഗേഷ് ചൗധരി ഹിന്ദുസ്ഥാ൯ ടൈംസിനോട് വെളിപ്പെടുത്തി.

2008ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരയിലും രണ്ടു വർഷം മുമ്പ് കരിനഗർ, പുണെ, ചെന്നൈ എന്നിവിടങ്ങളിൽ നടന്ന സ്‌ഫോടനത്തിലും പ്രതികളായവരാണു കൊല്ലപ്പെട്ടവര്‍. സഹപ്രവർത്തകരെ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണം നടത്തിയാണ് ഭീകരരെ പിടികൂടിയത്. അവരുടെ പ്രത്യാക്രമണത്തെത്തുടർന്നുണ്ടായ വെടിവെയ്പ്പിൽ എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുലർച്ചെ നാലുമണിക്കു തുടങ്ങിയ ഏറ്റുമുട്ടൽ രാവിലെ ഏഴുമണിക്കാണു അവസാനിച്ചത്. ജയിൽ വാർഡന്‍ രാമ ശങ്കർ യാദവിനെ കൊലപ്പെടുത്തിയ ശേഷമാണ് ഭീകരർ രക്ഷപ്പെടാ൯ ശ്രമിച്ചത്. മുന്ന് വർഷത്തിനുള്ളിൽ ഇവരുടെ രണ്ടാമത്തെ ജയിൽ ചാട്ടമാണിത്. ഭീകരാക്രമണത്തിന് മുന്നോടിയായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ജയിൽ വാർഡനെ കൊലപ്പെടുത്തിയതെന്നും ഏറ്റുമുട്ടലിന്റെ വിശദാംശങ്ങൾ ഉട൯ പുറത്തു വിടുമെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് വ്യക്തമാക്കി.


1977 ൽ മുസ്ളീം യുവാക്കളുടെ ക്ഷേമത്തിനായാണ് സിമി സ്ഥാപിതമായതെങ്കിലും 1992 ലെ ബാബറി മസ്‌ജിദ് തകർച്ചയ്ക്കുശേഷം കടുത്ത ഹിംസാത്മകമായ മാര്‍ഗ്ഗങ്ങളാണ് സംഘടന അവലംബിക്കുന്നത്. 2001 ൽ ഗവൺമെ൯റ് സംഘടന നിരോധിച്ചെങ്കിലും പഴയ പ്രവർത്തർ ഇന്നും രഹസ്യമായി സംഘടനാ ശ്രേണി വിപുലീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

അതിനിടെ ഇവരുടേത് എൻകൗണ്ടർ കില്ലിങ് ആണെന്ന സംശയവും ഉയരുന്നുണ്ട്. തുറസായ സ്ഥലത്ത് കമഴ്ത്തിക്കിടത്തി ഇവർക്കു നേരെ വെടിവയ്ക്കുന്ന വീഡിയോ എന്ന തരത്തിൽ വാട്സ് ആപ്പിലൂടെയും മറ്റും ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വീഡിയോയുടെ ആധികാരികത പരിശോധിക്കാനായിട്ടില്ല.

Read More >>