''ഈ കാലുകള്‍ ഞാനൊന്ന് ചുംബിച്ചോട്ടേ''- ഐഎസ് ഭീകരരില്‍ നിന്നും തന്നെ മോചിപ്പിച്ച ഇറാഖ് സൈന്യത്തോട് പത്ത് വയസ്സുകാരിയുടെ ചോദ്യം

മൊസ്യൂളിലെ കാഫര്‍ ഗ്രാമത്തിലെ നിവാസികളാണ് ആയിഷയുടെ കുടുംബം. 2014 മുതല്‍ ഗ്രാമം ഐഎസിന്റെ അധീനതയിലാണ്

മൊസ്യൂള്‍: ഐഎസ് ഭീകരരില്‍ നിന്നും തന്നെ മോചിപ്പിച്ച ഇറാഖ് സൈന്യത്തോട് പത്ത് വയസ്സുകാരി ആയിഷയുടെ ചോദ്യം-''ഈ കാലുകള്‍ ഞാനൊന്ന് ചുംബിച്ചോട്ടേ?''. വീഡിയോയിലൂടെയാണ് ആയിഷ സൈനികര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നത്.

''നിങ്ങളോട് വളരെയധികം നന്ദിയുണ്ട്. ഞങ്ങളെ രക്ഷിക്കാന്‍ നിങ്ങള്‍ വരുമെന്ന് കരുതിയിരുന്നില്ല. എന്റെ അച്ഛനെ തീവ്രവാദികള്‍ കൊണ്ടുപോയി കൊല ചെയ്തു. ദിവസങ്ങളായി ഭക്ഷണമോ വെള്ളമോ കിട്ടാതെ കഴിയുകയാണ് ഞാനും എന്റെ അമ്മയും.എന്റെ ഗ്രാമത്തില്‍ നിന്ന് ഒരുപാട് കുട്ടികളെ ഐഎസ് തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അവരില്‍ പലരും മരിച്ചുകഴിഞ്ഞു. എന്റെ അമ്മയുടെ പക്കല്‍ നിന്നും പണവും ആഭരണങ്ങളും ഭീകരര്‍ കവര്‍ന്നു. ഞങ്ങളുടെ പക്കല്‍ ഇപ്പോള്‍ ഒന്നുമില്ല.ഞങ്ങളെ രക്ഷപ്പെടുത്തിയതില്‍ നന്ദി. ഈ കാലുകള്‍ ഞാന്‍ ഒന്ന് ചുംബിച്ചോട്ടെ?'' മോചിതയായതിന് ശേഷം കരച്ചിലടക്കാനാവാതെ ആയിഷ പറഞ്ഞ ഈ വാക്കുകള്‍ ആരുടേയും കരളലിയിപ്പിക്കുന്നതാണ്.

മൊസ്യൂളിലെ കാഫര്‍ ഗ്രാമത്തിലെ നിവാസികളാണ് ആയിഷയുടെ കുടുംബം. 2014 മുതല്‍ ഗ്രാമം ഐഎസിന്റെ അധീനതയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ വ്യോമാക്രമണത്തിലൂടെ ഇറാഖ് സൈന്യം ഗ്രാമത്തെ ഐഎസില്‍ നിന്നും മോചിപ്പിച്ചു. ആയിഷയേയും അമ്മയേയും സമീപപ്രദേശമായ ഖയ്യാറയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Read More >>