പയ്യന്നൂരിൽ കോൺഗ്രസിനെ ഭരിക്കുന്നത് സവർണ്ണ നേതൃത്വമെന്ന് യൂത്ത് കോൺഗ്രസ്; ദളിതരെ ജാതിപ്പേരു വിളിച്ച് ആക്രമിച്ചെന്നും സമരക്കാർ

കോൺഗ്രസ് നിയന്ത്രണത്തിലുള്ള പയ്യന്നൂർ ടൗൺ സർവീസ് സഹകരണ ബാങ്കിൽ കോഴ വാങ്ങി നിയമനം നടത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരത്തിലാണ്.

പയ്യന്നൂരിൽ കോൺഗ്രസിനെ  ഭരിക്കുന്നത് സവർണ്ണ നേതൃത്വമെന്ന് യൂത്ത് കോൺഗ്രസ്; ദളിതരെ ജാതിപ്പേരു വിളിച്ച് ആക്രമിച്ചെന്നും സമരക്കാർ

കണ്ണൂർ: പയ്യന്നൂരിലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ അഴിമതിയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരത്തിൽ.  പയ്യന്നൂരിലെ കോണ്‍ഗ്രസിന് സവർണ്ണ നേതൃത്വമാണെന്നും അവ‍ര്‍ ആരോപിക്കുന്നു. ഈ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നത്    മേലാളരുടെ വേണ്ടപ്പെട്ടവർക്ക് മാത്രമാണെന്നും യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് രജീഷ് കണ്ണോത്ത് നാരദാ ന്യൂസിനോട് പറഞ്ഞു.  പയ്യന്നൂരിലെ കോൺഗ്രസിൽ ജാതി വിവേചനം ഉണ്ടെന്നും രജീഷ് ആരോപിച്ചു.


കോൺഗ്രസ് നിയന്ത്രണത്തിലുള്ള പയ്യന്നൂർ ടൗൺ സർവീസ് സഹകരണ ബാങ്കിൽ കോഴ വാങ്ങി നിയമനം നടത്തിയെന്നാരോപിച്ചാണ് രജീഷ് കണ്ണോത്തിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം നടത്തുന്നത്. കഴിഞ്ഞ ദിവസം ബാങ്കിനുമുന്നിലെ സമരപ്പന്തലിൽ ഇരച്ചുകയറിയ കോൺഗ്രസ് പ്രവർത്തകർ സമരക്കാരെ പൊലീസിന് മുന്നിൽ വച്ചുതന്നെ മർദിച്ചിരുന്നു.

[video width="640" height="352" mp4="http://ml.naradanews.com/wp-content/uploads/2016/09/payyannur-youth-congress.mp4"][/video]

നിയമനവുമായി ബന്ധപ്പെട്ട് യോഗ്യതാ പരീക്ഷയും അഭിമുഖവും വിജയകരമായി പൂർത്തിയാക്കിയിട്ടും ജോലി ലഭിക്കാതിരുന്ന ദളിത് യുവതി മഞ്ജുള കൊയ്ലേരിക്ക് നേരെയും സമരപ്പന്തലിൽ വച്ച് ആക്രമണമുണ്ടായി. ആക്രമിച്ചവർ ജാതിപ്പേരുപറഞ്ഞു ആക്ഷേപിക്കുകയും കായികമായി ആക്രമിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തതായി മഞ്ജുള നാരദാ ന്യൂസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് കൃത്യമായ മൊഴി പയ്യന്നൂർ പൊലീസിന് നൽകിയിട്ടുണ്ട്.

[caption id="attachment_45048" align="alignleft" width="208"]Manjula with kid മഞ്ജുള കൊയ്ലേരി[/caption]

കഴിഞ്ഞ ദിവസം ബാങ്കിൽ നടന്ന കെപി നൂറുദ്ദീൻ അനുസ്മരണത്തിലും ഫോട്ടോ അനാച്ഛാദനത്തിലും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ സാഹചര്യം മോശമാണെന്നു മനസിലാക്കിയതിനാൽ ഉമ്മൻചാണ്ടി പിൻമാറി. അന്നേ ദിവസം പയ്യന്നൂരിലെ സമീപ പ്രദേശങ്ങളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഉമ്മൻ ചാണ്ടി പങ്കെടുത്തിരുന്നു. ഉമ്മൻ ചാണ്ടിയുടെ സാന്നിദ്ധ്യത്തിൽ മഞ്ജുള കൊയ്ലേരി ആത്മഹത്യാ ഭീഷണി മുഴക്കുമെന്നു മനസിലാക്കിയതിനാലാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് ആക്ഷേപമുണ്ട്. ചടങ്ങിൽ സംസാരിച്ച ചിലർ ഇത്തരത്തിലുള്ള സൂചനകൾ നൽകുകയും ചെയ്തു.

എന്നാൽ ഇക്കാര്യം മഞ്ജുള നാരദാ ന്യൂസിനോട് നിഷേധിച്ചു. തന്നെ ലക്‌ഷ്യം വെച്ചുകൊണ്ട് ചിലർ കുപ്രചരണങ്ങൾ നടത്തുകയാണെന്ന് മഞ്ജുള പറഞ്ഞു. പയ്യന്നൂരിലെ സാഹചര്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയതിനാലാണ് ഉമ്മൻചാണ്ടി പരിപാടിയിൽ നിന്ന് പിന്മാറിയത്. മറിച്ചുള്ള കുപ്രചരണങ്ങൾക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് മഞ്ജുള കൊയ്ലേരി പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ നടത്തിയ അഴിമതി നിയമനത്തെക്കുറിച്ചും ജാതി വിവേചനം നടത്തുന്ന നേതാക്കളെ കുറിച്ചു യൂത്ത് കോൺഗ്രസ് കെപിസിസി അധ്യക്ഷനും ജില്ലാ കോൺഗ്രസ് നേതൃത്വത്തിനും പരാതി നൽകിയിരുന്നു. എന്നാൽ യാതൊരു വിധ നടപടിയും ഇതുവരെ ഉണ്ടായില്ല. ദളിത് യുവതികളെ ജാതിപ്പേരുവിളിച്ച് ആക്ഷേപിക്കുകയും അവരെ കൈക്കുഞ്ഞുങ്ങൾക്കൊപ്പം ജയിലിലടക്കുകയും ചെയ്ത കുട്ടിമാക്കൂൽ വിഷയത്തിൽ ഓടിയെത്തിയ ഉന്നത നേതൃത്വം പയ്യന്നൂർ സംഭവങ്ങളിൽ കണ്ണടക്കുകയാണെന്ന് ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർതന്നെ അഭിപ്രായപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

സമാധാനത്തെക്കുറിച്ചും അക്രമരാഹിത്യത്തെക്കുറിച്ചും സംസാരിക്കുന്ന കോൺഗ്രസുകാർ കണ്ണൂരിൽ സ്വന്തം യുവജനവിഭാഗത്തെ ആക്രമിക്കുകയാണെന്ന് സംഭവത്തെ സിപിഐഎം പരിഹസിച്ചു. ഇത്രയധികം നാണക്കേടുണ്ടായിട്ടും കോൺഗ്രസ് നേതൃത്വം യാതൊരു വിട്ടുവീഴ്ചക്കും ഇതുവരെ തയ്യാറായിട്ടില്ല. തിങ്കളാഴ്ച മുതൽ കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് സമരം ശക്തമാക്കാനൊരുങ്ങുകയാണ് യൂത്ത്കോൺഗ്രസ്.