വെങ്കലം വെള്ളിയായി, സ്വര്‍ണ്ണവും യോഗേശ്വറിന് ലഭിച്ചേക്കും...

ഇന്ത്യൻ ഗുസ്തി താരം യോഗേശ്വർ ദത്തിന്റെ ലണ്ടൻ ഒളിംപിക്സ് വെങ്കല മെഡൽ സ്വർണമായി മാറാന്‍ സാധ്യത

വെങ്കലം വെള്ളിയായി, സ്വര്‍ണ്ണവും യോഗേശ്വറിന് ലഭിച്ചേക്കും...

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരം യോഗേശ്വർ ദത്തിന്റെ ലണ്ടൻ ഒളിംപിക്സ് വെങ്കല മെഡൽ സ്വർണമായി മാറാന്‍ സാധ്യത. വെള്ളി മെഡൽ നേടിയ റഷ്യൻ താരം ബെസിക് കുഡുഖോവ് കഴിഞ്ഞ ദിവസം ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വെള്ളി യോഗേശ്വർ ദത്തിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദത്തിന്റെ വെള്ളി സ്വര്‍ണമായി മാറാനുള്ള സാധ്യത തുറന്നു വരുന്നത്.

അന്താരാഷ്‌ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) പരിശോധനയില്‍ സ്വർണമെഡൽ ജേതാവ് അസർബെയ്ജാന്റെ ടോഗ്രുൾ അസ്ഗറോവ് പരാജയപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്തുവരുന്നതിന്റെ തുടര്‍ന്നാണ് ദത്തിന്റെ വെള്ളി സ്വര്‍ണ്ണമാകുമെന്ന പ്രതീക്ഷകള്‍ സജീവമാകുന്നത്.  അസ്ഗറോവിന്റെ പരിശോധന ഫലം ലോക ഉത്തേജക വിരുദ്ധ ഏജൻസി ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.


നേരത്തെ വെങ്കലം വെള്ളിയായെങ്കിലും അത് സ്വീകരിക്കാന്‍ യോഗേശ്വര്‍ ദത്ത് വിമുഖത പ്രകടിപ്പിച്ചിരുന്നു. വാഹനാപകടത്തിൽ മരിച്ച എതിരാളിയോടുള്ള ആദരമെന്ന നിലയിലാണ് യോഗേശ്വർ വെള്ളി സ്വീകരിക്കാൻ വിസമ്മതിച്ചത്. ബെസിക് കുഡുഖോവ് മഹാനായ ഗുസ്തി താരമായിരുന്നെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് താന്‍ ആ മെഡല്‍ സ്വീകരിക്കാതിരിക്കുന്നതെന്നും യോഗേശ്വർ ദത്ത് അറിയിച്ചു. വെള്ളിമെഡൽ റഷ്യന്‍ താരത്തിന്റെ കുടുംബത്തിന് തന്നെ സൂക്ഷിക്കാമെന്നും യോഗേശ്വര്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ബെസിക് കുഡുഖോവ് ഉത്തേജകം ഉപയോഗിച്ചുവെന്നു തെളിഞ്ഞതിനെ തുടർന്നാണ് ലണ്ടൻ ഒളിംപിക്സിലെ മറ്റു ഗുസ്തിക്കാരുടെയും മൂത്ര സാമ്പിളുകൾ വീണ്ടും പരിശോധിക്കാൻ വാഡ തീരുമാനിച്ചത്. ഈ പരിശോധനയിലാണ് സ്വർണം നേടിയ തൊഗ്രുൽ അസഗരോവ് നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. യോഗേശ്വറിന്റെ മൂത്ര സാമ്പിളും പുനഃപരിശോധനയ്ക്ക് വിധേയമാക്കും.

Read More >>