കൊച്ചിയില്‍ യത്തീംഖാനയുടെ മറവില്‍ തട്ടിപ്പ്; ചട്ടം ലംഘിച്ചു വിദേശപണവും സര്‍ക്കാര്‍ ഗ്രാന്റും തട്ടിയെടുക്കുന്നു; ട്രസ്റ്റുകളിലുള്ളതു രാഷ്ട്രീയ നേതാക്കളും വ്യവസായികളും

1956-ല്‍ രൂപീകരിച്ച ഖദീജാഭായി ട്രസ്റ്റിന്റെ കീഴിലാണു കൊച്ചിന്‍ യത്തീംഖാന ആരംഭിച്ചത്. 1972 ല്‍ കൊച്ചിന്‍ യത്തീംഖാനയുടെ പ്രവര്‍ത്തനത്തിനായി കൊച്ചിന്‍ ഓര്‍ഫനേജ് ട്രസ്റ്റ് രൂപീകരിച്ചു.കൊച്ചിന്‍ ഓര്‍ഫനേജ് ട്രസ്റ്റിന്റെ പേരിലാണു യത്തീംഖാനക്കായി വിദേശഫണ്ട് സ്വീകരിക്കുന്നത്. ട്രസ്റ്റിന്റെ പേരില്‍ കോടിക്കണക്കിനു രൂപയാണ് വിദേശത്തു നിന്നു ലഭിച്ചത്.

കൊച്ചിയില്‍ യത്തീംഖാനയുടെ മറവില്‍ തട്ടിപ്പ്; ചട്ടം ലംഘിച്ചു വിദേശപണവും സര്‍ക്കാര്‍ ഗ്രാന്റും തട്ടിയെടുക്കുന്നു; ട്രസ്റ്റുകളിലുള്ളതു രാഷ്ട്രീയ നേതാക്കളും വ്യവസായികളും

കൊച്ചി:  എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്തു പുല്ലേപ്പടി അരങ്ങത്തു റോഡിലെ കൊച്ചിന്‍ യത്തീംഖാനയുടെ പേരിൽ തട്ടിപ്പ്.  മൂന്നു ട്രസ്റ്റുകളാണു യത്തീംഖാന നടത്തുന്നത്.  യത്തീം ഖാന നടത്താനെന്ന പേരില്‍ കൊച്ചിന്‍ ഓര്‍ഫനേജ് ട്രസ്റ്റ് രൂപീകരിച്ച് വിദേശ പണവും കൊച്ചിന്‍ യത്തീംഖാന ട്രസ്റ്റ് രൂപീകരിച്ച് സര്‍ക്കാര്‍ ഗ്രാന്റും ഇവര്‍ തരപ്പെടുത്തുന്നു. കോടിക്കണക്കിനു രൂപയാണ് ഇത്തരത്തിൽ ഇവർ കൈക്കലാക്കുന്നത്. മൂന്നു ട്രസ്റ്റുകളുടേയും വിലാസവും നടത്തിപ്പുകാരും ഒന്നു തന്നെയാണ്.


പണം തട്ടാന്‍ വ്യാജ ട്രസ്റ്റുകള്‍

1956-ല്‍ രൂപീകരിച്ച ഖദീജാഭായി ട്രസ്റ്റിന്റെ കീഴിലാണു കൊച്ചിന്‍ യത്തീംഖാന ആരംഭിച്ചത്. 1972 ല്‍ കൊച്ചിന്‍ യത്തീംഖാനയുടെ പ്രവര്‍ത്തനത്തിനായി കൊച്ചിന്‍ ഓര്‍ഫനേജ് ട്രസ്റ്റ് രൂപീകരിച്ചു. ഈ ട്രസ്റ്റാണ് യത്തീംഖാന നടത്തിക്കൊണ്ട് പോകുന്നതെന്നു വഖഫ് കോടതിയില്‍ ഭാരവാഹികള്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. കൊച്ചിന്‍ ഓര്‍ഫനേജ് ട്രസ്റ്റിന്റെ പേരിലാണു യത്തീംഖാനക്കായി വിദേശഫണ്ട് സ്വീകരിക്കുന്നത്. ട്രസ്റ്റിന്റെ പേരില്‍ കോടിക്കണക്കിനു രൂപയാണ് വിദേശത്തു നിന്നു ലഭിച്ചത്.

[caption id="attachment_45321" align="aligncenter" width="749"]draft fcra വിദേശഫണ്ടു സ്വീകരിച്ചതുമായി ബന്ധപ്പെട്ടു കൊച്ചിന്‍ ഓര്‍ഫനേജ് ട്രസ്റ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ കണക്ക്[/caption]

എന്നാല്‍ 2012-13 സാമ്പത്തിക വര്‍ഷത്തില്‍ യത്തീംഖാനയ്ക്ക് വിദേശഫണ്ട് ലഭിച്ചില്ലെന്ന് ഭാരവാഹികള്‍ സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിനെ അറിയിച്ചു. സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ഈ നീക്കം.

ഈ വാദം സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നാരദാന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഈ വര്‍ഷവും അടുത്ത വര്‍ഷവും പിന്നീടിങ്ങോട്ടും ഇതേ വിലാസത്തിലുളള കൊച്ചിന്‍ യത്തീംഖാന ട്രസ്‌റ്റെന്ന(1988 ല്‍ രൂപീകരിച്ചത്)മറ്റൊരു ട്രസ്റ്റിന്റെ പേരില്‍ ലക്ഷങ്ങള്‍ ഗ്രാന്റ് ലഭിച്ചെന്ന് ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസില്‍ നിന്ന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനു പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നു പണപ്പിരിവും നടത്തുന്നുണ്ട്. വിദേശപ്പണം സംബന്ധിച്ച ഫെമ, ആര്‍ബിഐ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ട്രസ്റ്റുകളുടെ പ്രവര്‍ത്തനം.

grant draft

അമേരിക്ക, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നു ലഭിച്ച പണത്തിന്റെ കണക്കുകളാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു ട്രസ്റ്റ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം പിരിക്കുന്ന പണത്തിന്റെ കണക്ക് ഇതിന്റെ അനേകം മടങ്ങ് വരുമെന്ന് കേരള വഖഫ് സംരക്ഷണ വേദി വക്താവ് റഷീദ് അറക്കല്‍ പറയുന്നു. യത്തീംഖാനയുമായി ബന്ധപ്പെട്ട ചില ട്രസ്റ്റുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥാപനങ്ങള്‍ തുടങ്ങുകയും ഇവിടെ നിന്ന് പിരിച്ചെടുക്കുന്ന പണം ആസൂത്രിതമായി ഇന്ത്യയിലേക്ക് കടത്തുകയുമാണെന്ന് റഷീദ് ആരോപിക്കുന്നു.

വ്യവസായികളും റിയല്‍ എസ്റ്റേറ്റ് വമ്പന്‍മാരും ട്രസ്റ്റ് അംഗങ്ങള്‍


കൊച്ചിന്‍ ഓര്‍ഫനേജ് ട്രസ്റ്റിന്റേയും  കൊച്ചിന്‍ യത്തീം ഖാന ട്രസ്റ്റിന്റേയും ചെയര്‍മാന്‍ ഖദീജാ ഭായിയുടെ മകനായ എച്ച് ഇ മുഹമ്മദ് ബാബു സേട്ട് ആണ്. ഖദീജാഭായി ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയും മുഹമ്മദ് ബാപ്പു സേട്ട് തന്നെ. നിലവില്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും കേരള നട്‌വത്തുള്‍ മുജാഹിദീന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് എച്ച് ഇ മുഹമ്മദ് ബാബു സേട്ട്.

trust members


കോടികള്‍ വിദേശ സംഭാവന നേടുന്ന കൊച്ചിന്‍ ഓര്‍ഫനേജ് ട്രസ്റ്റ് അംഗങ്ങളില്‍ കള്ളിയത്ത് ടിഎംടി ഉടമ നൂര്‍ മുഹമ്മദ് നൂര്‍ഷയും അബാദ് ബില്‍ഡേര്‍സ് ചെയര്‍മാന്‍ റിയാസ് അഹമ്മദും അംഗമാണ്. ട്രസ്റ്റിനു ലഭിക്കുന്ന കോടികളുടെ വരുമാനം റിയല്‍ എസ്‌റ്റേറ്റ് ബിസിനസിനും ഹവാല ഇടപാടിനും ഉപയോഗിക്കുന്നുവെന്നാണ് കേരള വഖഫ് സംരക്ഷണ വേദിയുടെ ആരോപണം. യത്തീംഖാനയുമായി ബന്ധപ്പെട്ടു കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വഖഫ് സംരക്ഷണവേദി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും സിബിഐയുടേയും വിശദീകരണം തേടിയിരുന്നു.

വഖഫ് ഭൂമി മറിച്ച് വിറ്റു

1956 ല്‍ ഹാജി ഈസാ ഹാജി അബ്ദുള്‍ സത്താര്‍ സേട്ടിന്റെ ഭാര്യ ഖദീജാഭായിയുടെ പേരിലാണ് ഖദീജാഭായി ധര്‍മ്മസ്ഥാപനമെന്ന പേരില്‍ ഖദീജാഭായി ട്രസ്‌ററ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം, മുളവുകാട്, രാമേശ്വരം, മട്ടാഞ്ചേരി വില്ലേജുകളിലുള്ള അമ്പത്തിമൂന്നര ഏക്കര്‍ സ്ഥലം വഖഫ് ബോര്‍ഡിന് എഴുതി നല്‍കുകയും ചെയ്തു. 1980ന് ശേഷം ഹാജി ഈസാ ഹാജി അബ്ദുല്‍ സത്താര്‍ സേട്ടിന്റെ മകനായ എച്ച് ഇ മുഹമ്മദ് ബാപ്പു സേട്ടിന്റെ നേതൃത്വത്തിലാണ് യത്തീം ഖാനയുടെയും ട്രസ്റ്റുകളുടേയും നടത്തിപ്പ്.

[caption id="attachment_45344" align="aligncenter" width="685"]land graft ഭൂമി കൈമാറ്റം ചെയ്‌തെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ രേഖ[/caption]

വഖഫിന് നല്‍കിയതില്‍ നിന്നു അമ്പതേക്കറോളം ഭൂമി ട്രസ്റ്റ് നടത്തിപ്പുകാര്‍ മറിച്ചുവിറ്റെന്നു  കേരളാ വഖഫ് സംരക്ഷവേദി സംസ്ഥാന പ്രസിഡന്റ് ടി എം അബ്ദുള്‍ സലാം ആരോപിക്കുന്നു. എത്രയെന്നു വ്യക്തമാക്കുന്നില്ലെങ്കിലും ഭൂമി വിറ്റു പോയതായി വഖഫ് ട്രൈബ്യൂണലില്‍  ട്രസ്റ്റ് ഭാരവാഹികള്‍ തന്നെ സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്.  ഭൂമി തുണ്ടം തുണ്ടമായി വിറ്റെന്നു സര്‍ക്കാര്‍ രേഖകളും വ്യക്തമാക്കുന്നുണ്ട്. വഖഫ് ആക്ട് 1995 പ്രകാരം ഭൂമി വില്‍ക്കണമെങ്കില്‍ വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. വില്‍ക്കുന്ന ഭൂമിയുടെ അതേ മൂല്യത്തിന് പകരം ഭൂമി വാങ്ങണമെന്നും നിയമത്തിലുണ്ട്. എന്നാല്‍ ഇവിടെ കൈമാറ്റം ചെയ്ത ഭൂമിയ്ക്ക് പകരം ഭൂമി വാങ്ങിയിട്ടില്ല.

Read More >>