ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇറ്റലിക്കും സ്‌പെയിനിനും വെയില്‍സിനും വിജയം

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ യൂറോപ്യന്‍ മത്സരങ്ങളില്‍ ഇറ്റലിക്കും സ്പെയിനിനും വെയില്‍സിനും തിളങ്ങുന്ന വിജയം.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇറ്റലിക്കും സ്‌പെയിനിനും വെയില്‍സിനും വിജയം

നിരഞ്ജന്‍

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ യൂറോപ്യന്‍ മത്സരങ്ങളില്‍ ഇറ്റലിക്കും സ്പെയിനിനും വെയില്‍സിനും തിളങ്ങുന്ന വിജയം. 55-ആം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി പ്രതിരോധതാരം ചില്ലിനി പുറത്തായെങ്കിലും ഇറ്റലി ഇസ്രയേലിനെ 3-1ന് കീഴടക്കി വിജയം കുറിച്ചു. ലെച്‌റ്റെന്‍സ്‌റ്റൈനിനെതിരെ എട്ടു ഗോളുകള്‍ക്കായിരുന്നു മുന്‍ലോകചാമ്പ്യന്‍മാരായ സ്പെയിനിന്റെ വിജയം. ഡീഗോ കോസ്റ്റയും ഡേവിഡ് സില്‍വയും ആല്‍വരോ മൊറാറ്റയും ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ സെര്‍ജി റോബെര്‍ട്ടോയും വിറ്റലോയും ഓരോ തവണ വീതം എതിരാളികളുടെ വല കുലുക്കി. ഗാരെത് ബെയിലിന്റെ ഇരട്ടഗോളിന്റെ പിന്‍ബലത്തിലാണ് മോള്‍ഡോവയെ വെയില്‍സ് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. വോക്സും അലനുമാണ് മറ്റു സ്‌കോറര്‍മാര്‍.


യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ നടന്ന മറ്റു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. തുല്യശക്തികളായ ക്രോയേഷ്യയും ടര്‍ക്കിയും തമ്മിലുള്ള മത്സരവും ഫിന്‍ലണ്ട് - കൊസോവ മത്സരവും ഉക്രൈന്‍ - ഐസ്ലന്‍ഡ് മത്സരവും 1 - 1 എന്ന സ്‌കോറിന് സമനിലയിലായപ്പോള്‍ സെര്‍ബിയയും അയര്‍ലന്‍ഡും തമ്മില്‍ നടന്ന മത്സരം 2-2 എന്ന സ്‌കോറിലാണ് സമനിലയില്‍ കുടുങ്ങിയത്.

ഇറ്റലി 3 - ഇസ്രയേല്‍ 1

കളിയുടെ 15-ആം മിനിറ്റില്‍ ഗാര്‍സിയാനോ പെല്ലെയുടെ വകയായിരുന്നു ഇറ്റലിയുടെ ആദ്യഗോള്‍. വിംഗ് ബാക്ക് ലൂക്ക അന്റോനെല്ലി പെനാല്‍റ്റി ബോക്സിന് നടുവിലേക്ക് നല്‍കിയ പന്ത് ഗാര്‍സിയാനോ ക്ലോസ് റേഞ്ചില്‍ നിന്ന് ഗോളി ഗോറെഷിനെയും കബളിപ്പിച്ച് വലയിലാക്കി. 31-ആം മിനിറ്റില്‍ ഇറ്റലിക്ക് അനുകൂലമായി കിട്ടിയ പെനാല്‍റ്റി അന്റോണിയോ കാഡ്രെവ ലക്ഷ്യം തെറ്റിക്കാതെ വലയില്‍ എത്തിച്ചതോടെ രണ്ടു ഗോളുകള്‍ക്ക് ഇറ്റലി മുന്നില്‍. എന്നാല്‍ 35-ആം മിനിറ്റില്‍ ഡിഫന്‍ഡര്‍ ചെല്ലിനി വരുത്തിയ പിഴവ് മുതലാക്കിയ ഇസ്രയേല്‍ തിരിച്ചടിച്ചു. ചെല്ലിനിയില്‍ നിന്നും പന്ത് തട്ടിയെടുത്ത ടൊമര്‍ ഹെമെദ് അത് ബെന്‍ ഹെയിമിന് കൈമാറി. പെനാല്‍റ്റി ഏരിയയുടെ മൂലയില്‍ നിന്നും മനോഹരമായ ചിപ് ഷോട്ടിലൂടെ ഇറ്റാലിയന്‍ ഗോളി ബഫനെ കബളിപ്പിച്ച് ഹെയിം പന്ത് വലയിലെത്തിച്ചു. 28-ആം മിനിറ്റില്‍ മഞ്ഞക്കാര്‍ഡ് കണ്ട ഗ്ലോര്‍ജിയോ ചെല്ലിനി 55-ആം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കൂടി കിട്ടി മൈതാനത്തിന് പുറത്തേക്ക് പോയെങ്കിലും ഇസ്രയേലിന് മുതലാക്കാനായില്ല. പെല്ലെയുടെ സഹായത്തോടെ ഇമ്മൊബീല്‍ 83-ആം മിനിറ്റില്‍ വീണ്ടും ഇസ്രയേല്‍ വല കുലുക്കിയതോടെ 3 - 1 എന്ന ഗോള്‍പട്ടിക പൂര്‍ണ്ണം. 3 -5 - 2 എന്ന ലൈനപ്പില്‍ ഇറങ്ങിയ ഇറ്റലിയെ 4-3-3 എന്ന കേളീശൈലിയിലാണ് ഇസ്രയേല്‍ നേരിട്ടത്.

സ്പെയിന്‍ - ലെച്റ്റെന്‍സ്‌റ്റൈന്‍

യൂറോകപ്പില്‍ നിന്നും നാണം കെട്ട് മടങ്ങിയ മുന്‍ലോകചാമ്പ്യന്‍മാരെയല്ല, മറിച്ച് എതിരാളികളുടെ പോസ്റ്റില്‍ ഗോള്‍മഴ പെയ്യിക്കുന്ന പോരാളികളായാണ് സ്പെയിന്‍ ഇന്നലെ കളം നിറഞ്ഞത്. എട്ടു ഗോളുകളായിരുന്നു ദുര്‍ബലരായ ലെച്റ്റെന്‍സ്‌റ്റൈനിന്റെ വലയില്‍ സ്പെയിന്‍ നിറച്ചത്. പത്താം മിനിറ്റില്‍ ഡീഗോ കോസ്റ്റയാണ് ഗോള്‍മഴയ്ക്ക് തുടക്കം കുറിച്ചത്. ആദ്യപകുതിയില്‍ ലെച്റ്റെന്‍സ്‌റ്റൈന്‍ പ്രതിരോധിച്ചു നിന്നെങ്കില്‍ രണ്ടാം പകുതിയിലായിരുന്നു മുന്‍ലോകചാമ്പ്യന്‍മാര്‍ എതിരാളികളെ ചാമ്പലാക്കിയത്. രണ്ടാം പകുതിയുടെ 55-ആം മിനിറ്റില്‍ സെര്‍ജി റോബെര്‍ട്ടോയായിരുന്നു രണ്ടാം ഗോള്‍ നേടിയത്. നാലു മിനിറ്റിനകം (59ആം മിനിറ്റില്‍) ഡേവിഡ് സില്‍വയും തൊട്ടടുത്ത നിമിഷം 60-ആം മിനിറ്റില്‍ വിക്ടര്‍ പെരെസും ഗോള്‍ നേടി. 66-ആം മിനിറ്റില്‍ ഡീഗോ കോസ്റ്റ തന്റെ രണ്ടാം ഗോളും വലയിലാക്കി. 82-ആം മിനിറ്റിലും 83-ആം മിനിറ്റിലുമായി രണ്ടു ഗോളുകള്‍ വലയ്ക്കുള്ളിലാക്കി ആല്‍വരോ മൊറാറ്റ ലെച്റ്റെന്‍സ്റ്റൈന്‍ പ്രതിരോധം കീറിയെറിഞ്ഞു. പിന്നീട് ഇന്‍ജ്വറി ടൈമിന്റെ 91-ആം മിനിറ്റില്‍ ഡേവിഡ് സില്‍വ തന്റെ രണ്ടാം ഗോള്‍ കൂടി സ്വന്തമാക്കിയതോടെ സ്പെയിന്‍ ഗോള്‍പട്ടിക തികച്ചു. ഇതോടെ ലെച്റ്റെന്‍സ്‌റ്റൈനിന് എതിരില്ലാത്ത എട്ടുഗോളുകള്‍ക്ക് തോല്‍വി. പ്രതിരോധ തന്ത്രങ്ങളൊന്നും ഫലിക്കാതെ വന്ന രണ്ടാം പകുതിയില്‍ പിറന്ന ഏഴ് ഗോളുകളാണ്് പൗറിട്ച്ചിന്റെ കുട്ടികളെ തളര്‍ത്തിയത്. 4-3-3 എന്ന ലൈനപ്പില്‍ കളിക്കാനിറങ്ങിയ സ്പെയിനിനെ 4-5-1 എന്ന കേളീ ശൈലിയിലായിരുന്നു ലെച്റ്റെന്‍സ്‌റ്റൈന്‍ നേരിട്ടത്.

വെയില്‍സ് - മോള്‍ഡോവ

ക്യാപ്ടനും സൂപ്പര്‍താരവുമായ ഗാരെത് ബെയിലിന്റെ ഇരട്ടഗോളുകളുടെ പിന്‍ബലത്തിലാണ് വെയില്‍സ് മോള്‍ഡോവയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് കീഴ്പ്പെടുത്തിയത്. ആദ്യ പകുതിയുടെ 38-ആം മിനിറ്റില്‍ സാം വോക്സും 44-ആം മിനിറ്റില്‍ ജോ അലനും ഗോള്‍ നേടിയതോടെ കളിയില്‍ ആധിപത്യം സ്ഥാപിച്ച വെയില്‍സ് രണ്ടാം പകുതിയില്‍ ബെയിലിന്റെ ഗോളുകളോടെ പട്ടിക തികയ്ക്കുകയായിരുന്നു. 50-ആം മിനിറ്റിലും 90-ആം മിനിറ്റിലുമായിരുന്നു ബെയിലിന്റെ ഗോളുകള്‍ പിറന്നത്.

Read More >>