എടപ്പാളിൽ മരിച്ച വീട്ടമ്മയ്ക്ക് കോടികളുടെ വീടും ബാങ്കു ബാലൻസും; അനാഥയായ മകളെ ബന്ധുക്കളും കൈയൊഴിഞ്ഞു; ശ്രുതിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

പോസ്റ്റ് ഓഫീസില്‍ നിന്നും മാസം തോറും പെന്‍ഷനും ശോഭന കൈപ്പറ്റിയിരുന്നതായി പഞ്ചായത്ത് മെമ്പർ റാബിയ നാരദ ന്യൂസിനോട് പറഞ്ഞു.

എടപ്പാളിൽ മരിച്ച വീട്ടമ്മയ്ക്ക് കോടികളുടെ വീടും ബാങ്കു ബാലൻസും; അനാഥയായ മകളെ ബന്ധുക്കളും കൈയൊഴിഞ്ഞു; ശ്രുതിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

മലപ്പുറം:  എടപ്പാളില്‍ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയായ ശോഭന കോടിക്കണക്കിന് സ്വത്തിന്റെ ഉടമ. എടപ്പാള്‍ ടൗണിലുളള ഇവരുടെ വീടിനു തന്നെ നാലുകോടിയോളം രൂപ മതിക്കുമെന്നാണ് വില്ലേജ് ഓഫീസറുടെ മതിപ്പുകണക്ക്. ആവശ്യമായ ബാങ്ക് ബാലന്‍സും കോടിക്കണക്കിന് രൂപയുടെ മറ്റു സ്വത്തുക്കളും മാസം തോറും പോസ്റ്റ് ഓഫീസില്‍ നിന്ന് പെന്‍ഷനും  ശോഭന കൈപ്പറ്റിയിരുന്നതായി പഞ്ചായത്ത് മെമ്പർ റാബിയ നാരദ ന്യൂസിനോട് പറഞ്ഞു. ശോഭനയുടേത് പട്ടിണി മരണം എന്ന നിലയിലാണ് വാർത്തകൾ പ്രചരിച്ചത്. ഈ വാർത്തകളിൽ സത്യമില്ലെന്നാണ് വസ്തുതകൾ തെളിയിക്കുന്നത്. അതേസമയം രോഗം മൂലം ഭക്ഷണം കഴിക്കാതിരുന്നത് മരണത്തിന് കാരണമായിട്ടുണ്ടോ എന്നറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനു കാത്തിരിക്കേണ്ടി വരും.


അതേസമയം,  മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന ശോഭനയെയും മകൾ ശ്രുതിയെയും സംരക്ഷിക്കാൻ അയൽവാസികളായ സഹോദരന്മാരോ ബന്ധുക്കളോ തയ്യാറായില്ല എന്ന ആക്ഷേപവുമുണ്ട്. ശോഭന മരിച്ചതോടെ അനാഥയായ ശ്രുതിയെ ഏറ്റെടുക്കാനും സമീപവാസികളായ  സഹോദരന്‍മാരും ബന്ധുക്കളും തയ്യാറായില്ല. ഇതേത്തുടർന്ന് ശ്രുതിയുടെ സംരക്ഷണം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു.

മകള്‍ ശ്രുതിയുടെ സംരക്ഷണത്തെ കുറിച്ച് തിങ്കളാഴ്ച്ച വൈകീട്ട് പഞ്ചായത്ത് അധികൃതരുടേയും ബന്ധുക്കളുടേയും മറ്റും യോഗം നടന്നിരുന്നു. ഇതില്‍ മരിച്ച ശോഭനയുടെ രണ്ട് സഹോദരന്‍മാരും പങ്കെടുത്തിരുന്നെങ്കിലും സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.  ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് അവശ നിലയിലായ ശ്രുതി എടപ്പാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

അവര്‍ വീടിനകത്ത് പട്ടിണി കിടന്ന് മരിച്ചെന്നും മൃതദേഹത്തില്‍ ഉറുമ്പരിച്ചുവെന്നുമൊക്കെ വാര്‍ത്ത ചമച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നത് ആലോചിക്കുമെന്ന് ശോഭനയുടെ സഹോദരന്‍ നാരദ ന്യൂസിനോട് പറഞ്ഞു.

Read More >>