''നിയമപുസ്തകങ്ങള്‍ മെക്കാനിക്കല്‍ വായനയ്‌ക്കോ?'' -സൗമ്യ വധക്കേസിലെ വിധിയോട് വനിതാപ്രവര്‍ത്തകരുടെ പ്രതികരണം

സൗമ്യവധക്കേസിലെ വിധിയോട് വനിതാപ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍

സൂര്യനെല്ലിക്കും  വിതുരയ്ക്കും ഡല്‍ഹിയ്ക്കും ശേഷം മാത്രമല്ല, സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുമ്പോഴെല്ലാം വിവിധതലങ്ങളില്‍ കുറ്റവും ശിക്ഷയുമെല്ലാം ചര്‍ച്ചയാകും. ചര്‍ച്ചകളുടെ ആകെത്തുക കണക്കുകൂട്ടിയാല്‍ ഒന്നുമാകുന്നില്ല. ഒന്നും മാറുന്നുമില്ല. നീതി ലഭിക്കണമെന്ന മുറവിളി മാത്രം എപ്പോഴും ബാക്കി. സൗമ്യവധക്കേസിലെ സുപ്രീം കോടതി വിധിയില്‍ നിരാശയാണ് പൊതുസമൂഹത്തില്‍ നിന്നുയര്‍ന്നു കേട്ടത്.

വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീപക്ഷ പ്രവര്‍ത്തകരും നേതാക്കളും നീതി ലഭ്യമാകുന്നതിലെ നിരാശയും നിര്‍ഭാഗ്യവുമാണ് നാരദാന്യൂസിനോട് പങ്കുവെച്ചത്.


  • കെ കെ ശൈലജ (സംസ്ഥാന ആരോഗ്യമന്ത്രി)


ഇപ്പോഴത്തെ വിധി ഖേദകരമായിരിക്കുന്നുവെന്ന് പറയാതെ വയ്യ. കണ്ടിട്ടുള്ളതില്‍ ക്രൂരമായ സംഭവമായിരുന്നു സൗമ്യ വധം. കേസന്വേഷണത്തിന്റെ ഭാഗമായി കുറേയേറെ തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. കേസ്  അട്ടിമറിക്കാനുള്ള ശ്രമമുണ്ടായപ്പോള്‍ സജീവമായി ഇടപ്പെട്ടിരുന്നു. കീഴ്‌ക്കോടതി വിധി ആശ്വസമായിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്നത് ലളിതമായ വിധിയാണെന്ന് പറയാതിരിക്കാന്‍ വയ്യ. കൊടും കുറ്റവാളിക്ക് കൊടുക്കേണ്ട ശിക്ഷയല്ല ഇത്. ഒന്നരവര്‍ഷം കഴിയുമ്പോള്‍ അയാളിറങ്ങും. മാപ്പര്‍ഹിക്കാത്ത കുറ്റമായതിനാല്‍ പരമാവധി ശിക്ഷ ഉറപ്പു വരുത്തേണ്ടതാണ്. പുനഃപരിശോധനാ ഹര്‍ജി കൊടുക്കുമെന്ന് മുഖ്യമന്ത്രിയും നിയമമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. റിവ്യൂപെറ്റീഷനില്‍ അനുകൂലവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

  • ജെ മേഴ്‌സിക്കുട്ടിയമ്മ (സംസ്ഥാന ഫിഷറീസ് മന്ത്രി)


വിധി നിരാശപ്പെടുന്നത്. നമ്മുടെ എവിഡന്‍സ് ആക്ടില്‍ ഭേദഗതി വേണമെന്ന് തോന്നുന്നു. സൗമ്യ ചാടുന്നത് കണ്ടു എന്ന് പറഞ്ഞയാളുടെ മൊഴിയാണ് കോടതി പരിഗണനയിലെടുത്തിരിക്കുന്നത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന പൊതുതത്വം ഇത്തരം കേസുകളില്‍ പ്രയോഗിക്കുന്നത് പുനഃപരിശോധിക്കപ്പെടണം. ഇത്തരം കേസുകളില്‍ എവിഡന്‍സ് ആക്ടിന്റെ പ്രയോഗം കുറച്ചു കൂടി പ്രായോഗികതലത്തിലേക്കെടുക്കണം. നിഷ്ഠൂരമായ കൊലപാതകത്തില്‍ ഒരാളുടെ മൊഴിയെ പഴുതായി കണ്ട് പരിഗണിക്കുന്നുവെന്നത് നിര്‍ഭാഗ്യകരമാണ്. ഇവിടെ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് അനുകൂലമായാണുണ്ടായത്. സുബ്രഹ്മണ്യം പോറ്റിയെപോലുള്ളവര്‍ വിധി പ്രസ്താവിക്കുമ്പോള്‍ സാമൂഹ്യപരമായ കാര്യങ്ങള്‍ കൂടി പരിഗണിക്കും. ഇത്തരം കേസുകളില്‍ കുറ്റവാളികളെ കര്‍ശനമായി നേരിടുകയാണ് വേണ്ടത്. പ്രോസിക്യൂഷന്റെ പിഴവല്ല,  നിയമവ്യവസ്ഥയുടെ പിഴവാണുണ്ടായത്.

  • ബൃന്ദ കാരാട്ട് (സിപിഐഎം പി ബി അംഗം)


നാണക്കേടായിപോയി. ചുരുങ്ങിയ ശിക്ഷ പോലുമാകുന്നില്ലല്ലോ ഇത്. വലിയ നീതിഭംഗമാണുണ്ടായത്.

  • സുനിത കൃഷ്ണന്‍ (സാമൂഹ്യപ്രവര്‍ത്തക)


വിധി ഞെട്ടലുണ്ടാക്കി പക്ഷെ അപ്രതീക്ഷിതമായി തോന്നിയില്ല.

  • സാറാ ജോസഫ് (എഴുത്തുകാരി)


വിധി പറയുന്ന ജഡ്ജിമാരായാലും അഭിഭാഷകരായാലും നമ്മുടെ നിയമ പുസ്തകങ്ങളെ വായിക്കുന്നത് വളരെ മെക്കാനിക്കല്‍ ആയാണ്. മെക്കാനിക്കല്‍ ആയുള്ള വായനകളും അതു പോലുള്ള തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിധികളും ശരിയാണെന്ന ഒരു സമൂഹവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇവിടെയാണ് ജസ്റ്റീസ് കൃഷണയ്യരെ പോലെ ജുഡീഷ്യല്‍ ആക്ടിവിസം എന്നു പറയുന്നതിന്റെ ഒരു സാധ്യതയെക്കുറിച്ച് നമ്മുടെ വിധികര്‍ത്താക്കളും അഭിഭാഷകസമൂഹവും പഠിക്കേണ്ടത്. വെറും തെളിവുകള്‍ നിരത്തിവെച്ചിട്ട് ഇങ്ങനെയാണ് എന്നു പറയുന്നതിനപ്പുറം നിയമം ആര്‍ക്കു വേണ്ടിയാണെന്ന് ആ സമൂഹം പഠിക്കണം. സമൂഹത്തിലെ വ്യക്തികളെ പഠിക്കണം. കുറ്റകൃത്യങ്ങളെ പഠിക്കണം. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ എന്തു തരത്തിലുള്ള വിധിയാണ് താന്‍ പറയാന്‍ പോകുന്നത് എന്ന കാര്യത്തില്‍ വളരെ ക്രിയേറ്റീവായിട്ടുള്ള വ്യാഖ്യാനം കൊണ്ടുവരാന്‍ ന്യായാധിപന്മാര്‍ക്ക് സാധിക്കണം. ഈ പറഞ്ഞതിന് മറുവാദങ്ങളും ഉണ്ടായേക്കും. പക്ഷെ എല്ലാ കേസുകളിലും ഉണ്ടാകില്ല.

  • കെ സി റോസക്കുട്ടി (വനിതാ കമ്മീഷന്‍ അധ്യക്ഷ)


വിധി ദൗര്‍ഭാഗ്യകരം. ഗോവിന്ദച്ചാമിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ പോലും സൗമ്യയ്ക്ക് കിട്ടുന്നില്ലല്ലോ. മരിച്ചു പോയ ആ പെണ്‍കുട്ടിയ്ക്ക് വന്നു തെളിവു നല്‍കാനാകില്ലല്ലോ. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് പിഴവുണ്ടായെന്ന് മനസ്സിലാകുന്നു. സൗമ്യയ്ക്ക് നീതി വാങ്ങി കൊടുക്കാത്തത് കളങ്കമായി. നിയമങ്ങള്‍ ഏറെയുണ്ടെങ്കിലും അതിന്റെ പ്രയോജനം കിട്ടുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടണം.

  • ധന്യ രാമന്‍ (ആദിവാസി പ്രവര്‍ത്തക)


കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഇരുപതോളം റേപ് കേസാണ് കേരളാ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ ഒമ്പത് പേര്‍ 15 വയസ്സില്‍ താഴെയുള്ളവരാണ്. ഇത് ഗൗരവമായി കാണേണ്ടവയാണ്. അതിവേഗകോടതിയില്‍ കേസ് എത്തിയത് തൊട്ട് അട്ടിമറി ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഡോ ഉന്മേഷിനെപോലുള്ളവരുടെ വരവ് അതിനു വേണ്ടിയുള്ളതായിരുന്നു. പ്രോസിക്യൂഷന് സുപ്രീം കോടതിയില്‍ വാദിച്ചു ജയിക്കാനാകാത്തത്  വീഴ്ച തന്നെയാണ്. ബി എ ആളൂര്‍ വിധി വന്നതിനു ശേഷം കേരളത്തിലെ സ്ത്രീകളെ വെല്ലുവിളിക്കുന്ന രീതിയിലാണ് സംസാരിച്ചത്. സൗമ്യയുടെ അഭിഭാഷകന്‍ താനായിരുന്നെങ്കില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങി നല്‍കുമെന്ന ആളൂരിന്റെ പ്രസ്താവന തന്നെ പലതും വിളിച്ചു പറയുന്നതാണല്ലോ.

  • കെ അജിത (സാമൂഹ്യപ്രവര്‍ത്തക)


വളരെ മോശം വിധിയായിപ്പോയി. സുപ്രീം കോടതി മാത്രമല്ല കാരണക്കാര്‍. കേരളസര്‍ക്കാര്‍ ഇത് കൈകാര്യം ചെയ്ത രീതി വളരെ ക്രിമിനല്‍ അലംഭാവത്തോടെയാണെന്ന് പറയേണ്ടി വരും. ചാടിയതോ തള്ളിയിട്ടതോ എന്ന് കോടതി ചോദിക്കുമ്പോള്‍ സൗമ്യയ്ക്ക് ചാടാനുള്ള സാഹചര്യമുണ്ടാക്കിയത് ഗോവിന്ദച്ചാമി ആണെന്ന് പറയേണ്ടി വരും. അതിനെയൊന്നും ഗൗരവമായി കണ്ടില്ലെന്ന് തോന്നുന്നു. ഗോവിന്ദച്ചാമിയുടെ പിന്നിലുള്ള ശക്തികള്‍ ആരെന്ന് കണ്ടെത്തേണ്ടതുണ്ട്. കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതായി പോയി ഇത്.

Read More >>