വിധി എതിരായാല്‍ നീതി കിട്ടുന്നത് വരെ പോരാട്ടം; വക്കീലിനെ മാറ്റിയതില്‍ ദുരൂഹതയുണ്ട്: സൗമ്യയുടെ അമ്മ

സൗമ്യയെ ട്രെയിനില്‍ നിന്നു തള്ളിയിട്ടതാണോ, സ്വയം രക്ഷക്ക് എടുത്തു ചാടിയതാണോ, കൊലപ്പെടുത്തിയതിന് തെളിവ് ഉണ്ടോ എന്നൊക്കെ സുപ്രീംകോടതി ചോദിച്ചാലും സൗമ്യയുടെ അമ്മ സുമതിക്ക് ഉറപ്പുണ്ട്, ഗോവിന്ദ ചാമിക്കു തൂക്കു കയര്‍ തന്നെ കിട്ടും. അഥവാ വിധി മറിച്ചായാല്‍ നീതി കിട്ടുന്നത് വരെ അല്ലെങ്കില്‍ മരണം വരെ പോരാട്ടത്തിനിറങ്ങും. മുഖ്യമന്ത്രിയുടെ വീടിന് മുമ്പില്‍ മരിക്കും വരെ ഉപവാസ സമരം നടത്താനാണ് തീരുമാനം.

വിധി എതിരായാല്‍ നീതി കിട്ടുന്നത് വരെ പോരാട്ടം; വക്കീലിനെ മാറ്റിയതില്‍ ദുരൂഹതയുണ്ട്: സൗമ്യയുടെ അമ്മ

പാലക്കാട്: 'അമ്മാ' എന്നുള്ള ആ വിളി ഇന്നും സുമതിയുടെ കാതില്‍ മുഴങ്ങുന്നുണ്ട്.  ആ വിളി കേട്ടാണ് പാതി മയക്കത്തില്‍ നിന്നും സൗമ്യ ഗോവിന്ദ ചാമിയുടെ പീഡനത്തിരയായ അന്ന് രാത്രി സുമതി  ഞെട്ടിയുണര്‍ന്നത്. സമയമപ്പോള്‍ 8.45 കഴിഞ്ഞു. മകള്‍ വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ട് ഇരുപത് മിനിറ്റിലേറെയായി. അതിന് അര മണിക്കൂര്‍ മുമ്പാണ് സൗമ്യ മുള്ളൂര്‍ക്കര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വിളിച്ചത്.

'ഞാന്‍ എട്ടരക്ക് മുമ്പായി വീടെത്തും. എനിക്കു വിശന്നിട്ടു വയ്യാ.. അമ്മ ചോറു വെച്ചിട്ടില്ലേ...?' സൗമ്യയുമായി സുമതിയുടെ അവസാനത്തെ സംഭാഷണം.


അയല്‍ വീടുകളില്‍ ജോലിക്ക് പോയി രാത്രിയോടെയാണ് സുമതി വീട്ടില്‍ മടങ്ങിയെത്തുന്നത്. ജോലി കഴിഞ്ഞ് വരുമ്പോള്‍ അരി വാങ്ങി കൊണ്ടു വന്നിരുന്നെങ്കിലും ചോറുണ്ടാക്കിയിരുന്നില്ല. പക്ഷെ മകളോട് പറഞ്ഞില്ല. ചോറു വെച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. രാത്രി ചില ദിവസങ്ങളില്‍ ചോറ് വെക്കാറില്ലെന്നറിയുന്നത് കൊണ്ടാണ് സൗമ്യ നേരത്തെ വിളിച്ചു ചോറിന്റെ കാര്യം പറഞ്ഞിരുന്നത്.

'വിശന്നാല്‍ അവള്‍ക്ക് കണ്ണു കാണില്ല, തനി ഭ്രാന്തായി മാറും. അതുകൊണ്ട് അവളെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൂട്ടികൊണ്ടു വരാന്‍ പോയ അടുത്ത വീട്ടിലെ ഓട്ടോക്കാരന്‍ പയ്യനോട് ഒരു ബിരിയാണി പാഴ്സല്‍ വാങ്ങി കൊണ്ടു വരാന്‍ പറഞ്ഞു. അതുമായി മകളെ കാത്തിരിക്കുകയായിരുന്നു. ടിവി കാണുന്നതിനിയില്‍ മയങ്ങിപ്പോയി. പിന്നെ ഞെട്ടിയുണര്‍ന്നത് മകളുടെ അമ്മേയെന്ന കരച്ചില്‍ കേട്ടാണ്. ആ വിളി കേട്ടത് മനസിലാണ്. കാതിലല്ല'.

വിശക്കുന്നു, ഞാന്‍ ഉടന്‍ വീട്ടിലെത്തും' എന്നു പറഞ്ഞ് വിളിച്ചതിന് ശേഷം സൗമ്യയുടെ സ്വരം സുമതി കരച്ചിലായി മാത്രമാണ് കേട്ടത്. അതിന് ശേഷം സൗമ്യയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് വള്ളത്തോള്‍ നഗര്‍ റെയില്‍വേ പാളയത്തില്‍ വീണ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം അറിയിച്ച് പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് രാത്രി പത്ത് മണിയോടെ സുമതിക്ക് ഫോണ്‍ വരുന്നത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയാണ് സുമതി തന്റെ മകളാണെന്ന് തിരിച്ചറിയുന്നത്.

2011 ഫെബ്രുവരി ഒന്നിന് രാത്രി എട്ടരക്കായിരുന്നു സംഭവം. പിന്നെ അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഫെബ്രുവരി ആറിന് ഉച്ചയോടെ സൗമ്യ എന്നെന്നേക്കുമായി കണ്ണടച്ചു- വീട്ടിലെത്തിയ നാരദ ന്യൂസിനോട് സൗമ്യയുടെ അമ്മ സുമതി നടുക്കുന്ന ഓര്‍മ്മകള്‍ പങ്കു വെച്ചു.

സൗമ്യയെ ട്രെയിനില്‍ നിന്നു തള്ളിയിട്ടതാണോ, സ്വയം രക്ഷക്ക് എടുത്തു ചാടിയതാണോ, കൊലപ്പെടുത്തിയതിന് തെളിവ് ഉണ്ടോ എന്നൊക്കെ സുപ്രീംകോടതി ചോദിച്ചാലും സൗമ്യയുടെ അമ്മ സുമതിക്ക് ഉറപ്പുണ്ട്, ഗോവിന്ദ ചാമിക്കു തൂക്കു കയര്‍ തന്നെ കിട്ടും. അഥവാ വിധി മറിച്ചായാല്‍ നീതി കിട്ടുന്നത് വരെ അല്ലെങ്കില്‍ മരണം വരെ പോരാട്ടത്തിനിറങ്ങും.  മുഖ്യമന്ത്രിയുടെ വീടിന് മുമ്പില്‍ മരിക്കും വരെ ഉപവാസ സമരം നടത്താനാണ് തീരുമാനം. സുമതി പറഞ്ഞു.

'കീഴ്ക്കോടതിയിലും ഹൈക്കോടതിയിലും ഹാജരായ വക്കീല്‍ തന്നെ സുപ്രീംകോടതിയിലും ഹാജരാകണം എന്നു ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. കേസിനെ കുറിച്ച് ഒന്നുമറിയാത്ത, പഠിക്കാത്ത വക്കീലാണ് സുപ്രീംകോടതിയില്‍ പോയത്. ഇതില്‍ ദുരൂഹതയുണ്ട്. ഇനി അക്കാര്യങ്ങള്‍ കൂടി അന്വേഷിക്കേണ്ടി വരും. തെളിവ് എവിടെ എന്നു ചോദിച്ചപ്പോള്‍ വക്കീലിന്  ഉത്തരമില്ല.

ആദ്യത്തെ അഭിഭാഷകന്‍ തന്നെ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നെങ്കില്‍ കോടതിയുടെ സംശയങ്ങള്‍ക്ക് ഉത്തരം കൊടുക്കാന്‍ കഴിയുമായിരുന്നു. വക്കീലിനെ മാറ്റിയ കാര്യം ഇന്നലെ വരെ അറിഞ്ഞിരുന്നില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള് വക്കീലിനെ മാറ്റാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ നിവേദനം നല്‍കിയിരുന്നു. ആവശ്യം അന്നത്തെ മുഖ്യമന്ത്രി പാലിച്ചു. ഹൈക്കോടതി വരെ വക്കീലിന് മാറ്റമുണ്ടായില്ല. ഗോവിന്ദചാമിക്ക് പിന്നില്‍ വലിയ ശക്തികള്‍ ഉണ്ടെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. അവരുടെ ഇടപെടല്‍ ഇതില്‍ ഉണ്ടായിട്ടോ എന്നും സംശയമുണ്ട്. പ്രോസിക്യൂഷന്‍ പ്രതിക്കു വേണ്ടി ഒത്തു കളിച്ചു. വിധി എതിരായി വന്നാല്‍ മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രി അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ പിന്നെ നീതി കിട്ടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിനു മുമ്പില്‍ ഉപവാസ സമരം നടത്തുമെന്നും സുമതി പറഞ്ഞു.

Read More >>