എഴുത്തിന്റെ അതിര്‍വരമ്പുകള്‍

മരണ വീട്ടിൽപ്പോലും സ്വന്തം ദുഃഖം പ്രകടിപ്പിക്കാൻ കഴിയാതെ പ്രത്യാശയുടെ ഗാനവും പാടി ഇരിക്കാൻ മാത്രമാണ് സ്ത്രീ. വിവാഹ വീട്ടിൽ ഉറക്കെ പൊട്ടിച്ചിരിച്ചാൽ സ്ത്രീ അഹങ്കാരിയായി, എന്തിനേറെ സോഷ്യൽ മീഡിയയിലോ, മാധ്യമങ്ങളിലോ എഴുതിയാലും, ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടാൽ പോലും വിശുദ്ധിയില്ലാത്ത സ്ത്രീയായി. പെന്തകോസ്ത് സഭയുടെയോ പ്രസ്ഥാനത്തിന്റേയോ ആരോഗ്യകരമല്ലാത്ത പോക്കിനെകുറിച്ചോ അവിടെ നടക്കുന്ന അഴിമതിയെ കുറിച്ചോ എഴുതിയാൽ വ്യക്തിഹത്യയും തേജോവധവും ചെയ്യുന്ന സമൂഹം. സ്ത്രീയെ എങ്ങനെയെങ്കിലും തകർക്കുക എന്നത് ചിലർക്ക് ഹോബിയാണ്. ബീന എബ്രഹാം എഴുതുന്നു.

എഴുത്തിന്റെ അതിര്‍വരമ്പുകള്‍

ബീന എബ്രഹാം

സ്ത്രീ എന്ന വാക്കിന്റെ  അർത്ഥ വ്യാപ്തി തേടുകയും അതിൽ നല്ല അന്തസത്ത കണ്ടെത്തുന്ന സാധാരണക്കാരിയാണ് ഞാൻ. സ്ത്രീയായി ജനിച്ചതിൽ  ദുഃഖിക്കുകയോ ഖേദിക്കുകയോ ചെയ്തിട്ടില്ല.  പ്രതികരിക്കുക  എന്നതൊരു അവകാശമായി സ്കൂൾ കാലത്തു പോലും കണ്ടിരുന്നു. സമൂഹത്തിലെ ഉച്ച നീചത്വങ്ങൾക്കെതിരെ ശക്തിയുക്തം വിമർശിക്കുക എന്നത് വ്യക്തിപരമായ കാഴ്ചപ്പാടുകളല്ലേ?

ഒരു ഉദാഹരണം പറയാം.  ഞാൻ പഠിച്ചത് കത്തോലിക്കാ മാനേജ്‌മെന്റ് സ്കൂളിലായിരുന്നു. വളരെ കൃത്യനിഷ്ഠയുള്ള അച്ചടക്കമുള്ള സ്കൂളായിരുന്നു.  അന്ന് സ്കൂളിൽ വേദപാഠ ക്‌ളാസുകൾ നടത്തിയിരുന്നതു നാലുമണിക്ക് ശേഷം, റെഗുലർ ക്ലാസ് കഴിഞ്ഞായിരുന്നു. അതുകൊണ്ടു തന്നെ വളരെ വൈകിയായിരുന്നു വീട്ടിലെത്തിയിരുന്നത്. അഞ്ചാം ക്ലാസിലായിരുന്നിട്ടു പോലും ഇതിനെതിരെ ടീച്ചറോടു സംസാരിച്ചിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തിയായി എന്റെ ചിന്തയെ  മാറ്റിയെടുത്തത് വീടും സ്കൂളുമായിരുന്നു.


സ്വാഭാവിക കുറുമ്പുകളേക്കാൾ ഇത്തിരി കൂടി കുറുമ്പുള്ള ആളായിരുന്നു ഞാൻ.  പക്ഷേ പെൺകുട്ടിയാണെന്ന  പഴിചാരൽ കേൾക്കേണ്ടി വന്നിട്ടില്ല.  കോളേജ് രാഷ്ട്രീയത്തിന്റെ പേരിൽ ബസ് കിട്ടാതെ വൈകിയ ഒരു ദിവസം അച്ഛൻ പറഞ്ഞു. ''സന്ധ്യയ്ക്ക് മുൻപു വന്നാലേ ബസ്‌ കിട്ടു'' എന്ന്.  ഇതൊഴിച്ചാൽ ഒരു പെൺകുട്ടി ആയതിന്റെ പേരിൽ എന്റെ മാതാപിതാക്കൾക്ക് അഭിമാനമേ ഉണ്ടായിരുന്നുള്ളു.

ആരും ഒരു സ്ത്രീയ്ക്കും എല്ലാത്തിലും അതിർവരമ്പു കൽപ്പിച്ചു കണ്ടിട്ടില്ല. യൗവനത്തിൽ ഏതൊരു സ്ത്രീയും അറിഞ്ഞിരിക്കേണ്ടതായ  അതിർ വരമ്പുകൾ സൂക്ഷിച്ചിരുന്നു. കേരളത്തിനകത്തും  പുറത്തുമായിരുന്നപ്പോഴും  സ്ത്രീയായതുകൊണ്ടു മാത്രം അതു പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. ജീവിതത്തിന്റെ കഷ്ടതയുടെ തീച്ചൂളകളിൽ പെട്ടപ്പോഴും സ്ത്രീയായതിനാൽ  അനുകൂല്യങ്ങൾ ചോദിച്ചിട്ടില്ല. ഏകാന്തതകൾ കൊണ്ടു ചൂരച്ചെടിയെ അഭയംപ്രാപിച്ചപ്പോളും മറ്റൊന്നിലും സന്തോഷം  കണ്ടെത്താൻ ശ്രമിച്ചിട്ടില്ല. നടന്നു വന്ന പാതകളിൽ ആരെയും മുറിപ്പെടുത്താതെ മുറിവുകൾ ഏറ്റെടുത്തപ്പോഴും, പരാതിയോ പരിഭവമോ ഇല്ലായിരുന്നു.

എന്നാൽ കാലം മാറി.  ഭാര്യയായി, അമ്മയായി. അവിടെയും സ്ത്രീകളുടെ സ്വതസിദ്ധമായ മാറ്റം മാത്രമാണുണ്ടായത്.  സ്വാതന്ത്ര്യമില്ലാത്ത  ഇല്ലാത്ത ദേശത്തും ഒദ്യോഗിക ഇടങ്ങളിലും ആർക്കും തല വേദനയുണ്ടാക്കിയിട്ടില്ല. ഇപ്പോൾ ഈ വയസുകാലത്തു എന്റെ ചില പോസ്റ്റുകൾ, എഴുത്തുകൾ വിമർശിക്കപ്പെടുന്നു. പലരെയും അസ്വസ്ഥതപ്പെടുത്തുന്നു. അതിനു ലഭിച്ച സ്വീകരണം ഇങ്ങനെയാണ്.

നീയൊരു  സ്ത്രീയല്ലേ? എന്നിട്ടും അവരുടെ കൈയിൽ വീഴുന്നതെന്തുകൊണ്ടാണ്? ആരും വെറുതെ വിടില്ല. ഒരു സ്ത്രീ എന്ന നിലയിൽ വലിയ വില കൊടുക്കേണ്ടിവരും. ഫോൺ കോളുകളുടെ രൂപത്തിലും മെസേജുകളായും ലഭിക്കുന്ന പ്രതികരണങ്ങൾ ഇത്തരത്തിലാണ്. എന്റെ അഭ്യുദയകാംക്ഷികൾ പോലും ഇതെല്ലാം ഉപേക്ഷിക്കാനാണ് പറയുന്നത്. സത്യത്തിൽ എഴുത്തിനും സ്വതന്ത്ര കാഴ്ചപ്പടുകൾക്കും സ്ത്രീ ആയതിന്റെ പേരിൽ അതിർവരമ്പ് ഉണ്ടാക്കുന്നത് തികച്ചും വേദനാജനകം തന്നെ.

ഈയിടെയായി വിമർശനം അതിരു കടക്കുന്നു എന്നും പെന്തകോസ്തു  സമൂഹത്തിൽ അതു പാടില്ലെന്നും  പറയുന്ന ആയിരക്കണക്കിനാളുകളുണ്ട്. മരണ വീട്ടിൽപ്പോലും സ്വന്തം ദുഃഖം പ്രകടിപ്പിക്കാൻ കഴിയാതെ പ്രത്യാശയുടെ  ഗാനവും പാടി ഇരിക്കാൻ മാത്രമാണ് സ്ത്രീ. വിവാഹ വീട്ടിൽ ഉറക്കെ പൊട്ടിച്ചിരിച്ചാൽ സ്ത്രീ അഹങ്കാരിയായി. എന്തിനേറെ സോഷ്യൽ മീഡിയയിലോ, മാധ്യമങ്ങളിലോ എഴുതിയാലും, ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടാൽ പോലും വിശുദ്ധിയില്ലാത്ത സ്ത്രീയായി. പെന്തകോസ്തു  സഭയുടെയോ പ്രസ്ഥാനത്തിന്റേയോ ആരോഗ്യകരമല്ലാത്ത പോക്കിനെകുറിച്ചോ അവിടെ നടക്കുന്ന അഴിമതിയെ കുറിച്ചോ എഴുതിയാൽ വ്യക്തിഹത്യയും തേജോവധവും ചെയ്യുന്ന സമൂഹം. സ്ത്രീയെ എങ്ങനെയെങ്കിലും തകർക്കുക എന്നത് ചിലർക്ക് ഹോബിയാണ്.

ആരെയും ശത്രുപക്ഷത്തു കാണാറില്ല. അറിയുന്ന സത്യങ്ങൾ എഴുതുന്നു. അതിന്റെ അർത്ഥം അവരെ ശത്രുവായി കാണുന്നു എന്നല്ല.  മറിച്ചു അവരുടെ പ്രവൃത്തി തെറ്റാണെന്നാണ് ഉദ്ദേശിക്കുന്നത്. അതെഴുതുമ്പോൾ  സ്ത്രീ എന്ന നിലയിൽ എന്തു വിലയാണ് എതിർപക്ഷം ഇടുക. ഇവൾ അഹങ്കാരി, ഒരു വിശ്വാസിക്ക് ചേർന്നതല്ല ഇത്, പെന്തകോസ്തു സഭയെ ഒറ്റുകൊടുക്കുകയാണ് ചെയ്യുന്നത് തുടങ്ങി വിമർശനങ്ങൾ നീളും.

സ്ത്രീയായതിന്റെ പേരിൽ ഇങ്ങനെ നെഞ്ചു തുളയ്ക്കുന്ന വാക്കുകൾ പറയുന്നത് തളർത്താനാണ്.  എന്നാൽ തീയിൽ കുരുത്തതു വെയിലത്തു വാടില്ല. എല്ലാവരും നല്ല ഉദ്ദേശത്തോടെ ആവും പറയുന്നത്. അവർക്ക് അതിന്റെ കാരണങ്ങളും കാണും.  എന്റെ ജീവിതം അകാലത്തിൽ കൊഴിയേണ്ട  എന്നാവും ചിന്തിച്ചത്.

സ്ത്രീയായതുകൊണ്ടു മറ്റുള്ളവർ പറയുന്നതു കേൾക്കേണ്ടി വരും എന്നതു ജീവിതത്തെ ബാധിക്കും. എന്റെ കുടുംബക്കാർ, ബന്ധു മിത്രാദികൾ, സഹോദരങ്ങൾ തുടങ്ങിയവർ ഞാൻ എന്തു ചെയ്യുന്നു എന്നറിയുന്നവരാണ്. അവരെല്ലാം തന്നെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുമാണ്.  പിന്നെ സ്ത്രീയായി ജനിച്ചതിൽ  ആദ്യമായി വേദന തോന്നിയ ഒരു നിമിഷം മാത്രമാണുണ്ടായിട്ടുള്ളത്.  അവളുടെ പരിധികൾ നിർണയിക്കുന്നിടം എവിടെയാണ്?  എവിടെയാണ് കടപ്പാടുകൾ? അവൾക്കു മുന്നിലുള്ള വേലിക്കെട്ടുകൾ എത്ര വലുതെന്നു ഓർത്തപ്പോൾ.  ആരാണ് ഇതിനു കാരണക്കാർ എന്നു ആലോചിച്ചപ്പോൾ നെഞ്ച് വിങ്ങും പോലെ തോന്നി.  വർഗീയത സഭയ്ക്കുള്ളിൽ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എത്തിക്കഴിഞ്ഞു എന്ന തിരിച്ചറിവുണ്ടാകുന്നത് തികച്ചും ദുഃഖകരം തന്നെ.

സ്ത്രീയുടെ അല്ലെങ്കിൽ പുരുഷന്റെ എഴുത്തുകൾക്കു അതിർ വരമ്പ് ഇടുന്നതും ഇത്രയേ പാടുള്ളൂ എന്നു നിശ്ചിയിക്കുന്നതും വിദ്യാഭ്യാസമോ, സംസ്കാരമോ, വിശ്വാസമോ അല്ല. പിന്നെ ആരാണ് ? ചതിയൻമാർക്കും കൊള്ളരുതാത്തവർക്കും കൂട്ടുപിടിക്കുന്ന  മുഖം മൂടി അണിഞ്ഞ ആത്മീയരോ !!! ഉത്തരം ഞാൻ പറയുന്നില്ല.

ഇത്രയും എഴുതിയത് ഫെമിനിസ്റ്റ് ആയതുകൊണ്ടല്ല.  മറിച്ചു  പുരുഷത്വത്തിന്റേയും സ്ത്രീത്വത്തിന്റെയും നല്ല ഗുണങ്ങൾ അറിയുകയും പഠിക്കുകയും ചെയ്തതു കൊണ്ടാണ്. ജീവിതത്തെ സ്വാധീനിച്ച അനേകം വ്യക്തികളുണ്ട്. ഇത് അനുഭവമാണ്. അൽപ്പം പരുക്കൻ സ്വഭാവമുള്ളത് എന്റെ പോസിറ്റീവ് സൈഡായി കാണുന്നു. തളരില്ല ഞാൻ. ഒരു ഫെമിനിസ്റ്റ് അല്ല താനും. എന്നാൽ സമൂഹത്തെയും സംസ്ക്കാരത്തെയും  കുടുംബ ബന്ധങ്ങളെയും
വിശ്വാസത്തെയും സഭകളെയും ബഹുമാനമാണ്. എന്നാൽ വ്യക്തി ജീവിതത്തിലും കാഴ്ചപ്പാടിലേക്കുമുള്ള കടന്നുകയറ്റം അപ്രഖ്യാപിത ഫാസിസമാണ്.