ആരാണ് ശരി? സീനിയര്‍ മുനീറോ... അതോ ജൂനിയര്‍ ഷാജിയോ?

ഷാജിക്കു ചെറുപ്പമാണ്. അതാവം ഇങ്ങനെ കണ്ണടച്ച് പലതും പറയുന്നത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാരണം ലീഗിലെ തലമുതിര്‍ന്നവരൊന്നും ഇന്നലെ വരെ അങ്ങനെ അല്ല പറഞ്ഞിരുന്നത്. സമസ്തയുടെ ശാസനകളെ അംഗീകരിച്ച് മുന്നോട്ട് പോവുമെന്നാണ് ഡോ. എംകെ മുനീര്‍ ഇന്നലെ പറഞ്ഞത്.

ആരാണ് ശരി? സീനിയര്‍ മുനീറോ... അതോ ജൂനിയര്‍ ഷാജിയോ?

സുഹൈല്‍ അഹ്മദ്


ഇതൊരു സംശയമാണ്. ഇന്നലെ രാത്രി ഒരു വാര്‍ത്ത കണ്ടതോടെ  ഉണ്ടായ സംശയം. പ്രിയപ്പെട്ട കെഎം ഷാജി വ്യക്തമാക്കണം, ആരെയാണ് താങ്കള്‍ 'മുല്ലാ പൊളിടിക്‌സ്' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിച്ചതെന്ന്. സമസ്ത നേതാക്കളെ ആണോ...?

ജമാഅത്തെ ഇസ്ലാമിയിലെ മുല്ലമാരെ ആവാനിടയില്ല. അവര്‍ക്ക് വെല്‍ഫയര്‍ പാര്‍ട്ടി ഉണ്ട്. മുജാഹിദ് വിഭാഗക്കാരെ കുറിച്ചാണ് അന്ന് നിങ്ങള്‍ വാചാലനായതെങ്കില്‍ താങ്കള്‍ക്കു തെറ്റി. ഇസ്ലാമിലെ പൗരോഹിത്യത്തിനെതിരെ ശബ്ദമുയര്‍ത്തി വന്നവരാണ് മുജാഹിദ് വിഭാഗം. അതിന്റെ ഭാഗം മാത്രമായിരുന്നു മതനവീകരണ വാദം. പിന്നെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള എപി വിഭാഗക്കാരെ ആണോ?


എന്നാലും തെറ്റിയത് നിങ്ങള്‍ക്കു തന്നെ. ബഹുഭൂരിപക്ഷം കാന്തപുരം വിഭാഗക്കാരും ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരോ ഇടത് സഹയാത്രികരോ അല്ലേ?.

മണ്ണാര്‍ക്കാട്ടെ ലീഗ് സ്ഥാനാര്‍ഥി ഷംസുദ്ദീനെ തോല്‍പ്പിക്കാന്‍ പ്രാര്‍ത്ഥന നടത്തിയവരാണ്  എപി വിഭാഗമെന്നാണ് ചില ഇടങ്ങളില്‍ അടക്കം പറച്ചിലും മറ്റു ചിലയിടങ്ങളില്‍ പരസ്യവും.

വ്യക്തമാക്കണം മിസ്റ്റര്‍ കെഎം ഷാജി 'മുസ്ലിം ലീഗിന്റെ പൊളിറ്റിക്കല്‍ ബെയ്‌സ് ഏത് 'മുല്ലാ പൊളിടിക്‌സിനാണ്' എതിര്'?

ആരെയും ഉദ്ദേശിക്കാതെ മുല്ലാ പൊളിടിക്‌സിനെ പിഴുതെറിയാന്‍ കഴിയണമെന്ന് എംഎസ്എഫ് സംസ്ഥാന സമ്മേളനത്തില്‍ വച്ച് വെറുതെ പറഞ്ഞതാവില്ലല്ലോ...?

പണത്തിനു വില്‍ക്കാന്‍ ശ്രമിക്കുന്ന മുല്ലാ പൊളിടിക്‌സിനെതിരെ പ്രസംഗിച്ച  കെഎം ഷാജി മറ്റൊന്നു കൂടെ കൂട്ടിച്ചേര്‍ത്തിരുന്നു. അതിനെതിരെ ശബ്ദമുയര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ അവരാണ് ഈ വിഷയങ്ങളെ കൂടുതല്‍ വഷളാക്കുന്നതെന്ന്. മുസ്ലിംലീഗിലെ തല മുതിര്‍ന്ന നേതാക്കള്‍ക്ക് വരെ പേടിയാണ് സമസ്തയെ. അത് രണ്ട് അര്‍ത്ഥത്തിലാവാം, ഒന്ന് കാര്യ പ്രാപ്തിയുള്ള പണ്ഡിതരാണ് സമസ്തയുടെ നേതാക്കള്‍. എല്ലാ തീരുമാനങ്ങളിലും സാമൂഹ്യ പ്രതിസന്ധി (ഫിത്‌ന)ഉണ്ടാവാതെ ശ്രദ്ധിക്കുന്നവര്‍. അങ്ങനെയുള്ള ആത്മീയ നേതാക്കളോട് ബഹുമാനം നിറഞ്ഞ പേടിയുണ്ടാവാം. മറ്റൊന്ന്, ആരെതിര്‍ത്താലും മുസ്ലിംലീഗിന്റെ വോട്ട് ബാങ്ക് എന്നും സമസ്ത തന്നെയാണ്.  സമസ്തക്കും ലീഗിനും ഒരേ അണികള്‍ തന്നെയാണ് എന്നു വരെ പറയാം.

[video width="640" height="350" mp4="http://ml.naradanews.com/wp-content/uploads/2016/09/km-shaji.mp4"][/video]

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കുഞ്ഞാലിക്കുട്ടി നടത്തിയ കേരളയാത്രയുടെ സമാപനവും, ആലപ്പുഴയില്‍ സമസ്ത തൊണ്ണൂറാം വാര്‍ഷിക സമ്മേളനവും അടുത്തടുത്ത ദിവസങ്ങളിലായിരുന്നു. പല നാട്ടിന്‍പ്രദേശങ്ങളില്‍ നിന്നും രണ്ട് സമ്മേളനങ്ങള്‍ക്കും കൂടി ഒരുമിച്ച് വണ്ടി വിളിച്ചെത്തിയവരുണ്ടായിരുന്നു. പിന്നെ അണികളുടെ കാര്യം അന്നത്തെ സമ്മേളത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കാവുന്നതേയുള്ളു. പോലീസുകാര്‍ പറഞ്ഞ ഔദ്യോഗിക എണ്ണം അഞ്ചു ലക്ഷം കഴിഞ്ഞു എന്നു മാത്രമാണ്. അപ്പോ പിന്നെ അനൗദ്യോഗികം പറയേണ്ടതില്ലല്ലോ.

ഷാജിക്കു ചെറുപ്പമാണ്. അതാവം ഇങ്ങനെ കണ്ണടച്ച് പലതും പറയുന്നത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാരണം ലീഗിലെ തലമുതിര്‍ന്നവരൊന്നും ഇന്നലെ വരെ അങ്ങനെ അല്ല പറഞ്ഞിരുന്നത്. സമസ്തയുടെ  ശാസനകളെ അംഗീകരിച്ച് മുന്നോട്ട് പോവുമെന്നാണ് ഡോ. എംകെ മുനീര്‍  ഇന്നലെ പറഞ്ഞത്. സമസ്തയുടെ വിദ്യാര്‍ഥി കൂട്ടായ്മയായ എസ്‌കെഎസ്എസ്എഫ് കോഴിക്കോട് ജില്ലാ കമ്മറ്റിയും റിയാദ് മുസ്ലിം ഫെഡറേഷനും  ചേര്‍ന്നു നടത്തിയ സദസ്സിലായിരുന്നു ഈ പ്രഖ്യാപനം. എംകെ മുനീര്‍ എന്ന വ്യക്തിയുടെ വാക്കായിട്ട് ഇതിനെ തള്ളാന്‍ കഴിയില്ല. അദ്ദേഹം നിയമ സഭാ സാമാജികനാണ്. മുസ്ലീംലീഗ് നേതാവാണ്. സിഎച്ചിന്റെ മകനാണ്.

'സമൂഹത്തെ നന്മയുടെ മാര്‍ഗത്തിലേക്കു നയിക്കുന്ന സമസ്തയോട് കടപ്പെട്ടിരുക്കുന്നു. ശാസിക്കാനും നേര്‍വഴിക്കു നയിക്കാനും സമസ്തയ്ക്ക് എന്നും അവകാശമുണ്ട്'. എന്ന് അദ്ദേഹം പറഞ്ഞതായി സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്യുന്നു. സമസ്ത ആദ്യമായും അവസാനമായും ഒരു പണ്ഡിത സഭയാണ്.

ഇനി പറയണം ഷാജി അന്ന് പ്രസംഗിച്ചില്ലേ മുല്ലാ പൊളിടിക്‌സിനെതിരെ ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ അവരാണ്  പ്രശ്‌നങ്ങളെ മുഴുവന്‍ വഷളാക്കുക എന്ന്. താങ്കളുടെ സീനിയര്‍ എംകെ മുനീര്‍ കാര്യങ്ങളെ വഷളാക്കുന്ന കൂട്ടത്തിലാണോ? മുനീര്‍  പറഞ്ഞ ശാസിക്കാനും നേര്‍വഴിക്കു നടത്താനും സമസ്തയ്ക്കു അവകാശമുണ്ട് എന്ന സ്റ്റേറ്റ്‌മെന്റില്‍ ഷാജി ഉള്‍പ്പെടുമോ?..