മനുഷ്യനിര്‍മ്മിതമായ കാട്ടുതീ ഇന്നും ഇന്നലെയും തുടങ്ങിയതല്ല; കാടു കത്തിക്കുന്നവരുടെ ഒളിയജണ്ടകൾ

പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന മേലാപ്പുകളായിരുന്ന വയനാടന്‍ കാടുകള്‍ വരണ്ടുണങ്ങിയ ശ്മശാനഭൂമിയായി മാറിയ കഥ. 'വയനാടൻ കാട് വേണ്ടാത്തതാർക്ക് ' അന്വേഷണത്തിന്റെ അവസാന ഭാഗം.

മനുഷ്യനിര്‍മ്മിതമായ കാട്ടുതീ ഇന്നും ഇന്നലെയും തുടങ്ങിയതല്ല; കാടു കത്തിക്കുന്നവരുടെ ഒളിയജണ്ടകൾ

കല്‍പ്പറ്റ: വയനാട്ടില്‍ വനത്തിനു തീയിടുന്ന സംഭവത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. കുടിയേറ്റകാലം മുതലിങ്ങോട്ടു പരിശോധിച്ചാല്‍ വെട്ടിപ്പിടിച്ചും കയ്യേറിയും ആദിവാസികളെ അടിച്ചോടിച്ചും കുടിയേറ്റക്കാര്‍ക്കാര്‍ സ്ഥാപിച്ച വയനാടന്‍ സാമ്രാജ്യത്തില്‍ ഘട്ടം ഘട്ടമായി വനമേഖലയുടെ വിസ്തൃതി കുറച്ചു കൊണ്ടു വരുന്നതിനൊപ്പം അവശേഷിക്കുന്ന പച്ചപ്പും കത്തിച്ചു ചാമ്പലാക്കുകയെന്ന ഒളിയജണ്ടയുമുണ്ടെന്നു കാണാം.

2014 ലെ വയനാട്ടിലെ കാട്ടുതീക്കു പിന്നില്‍ സംഘടിത ഗൂഢാലോചന നടന്നെന്ന വനംവകുപ്പിന്റെയും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ കോള്‍ഡ് സ്‌റ്റോറേജിലാണിപ്പോള്‍. ഏറെക്കുറെ വയനാടന്‍ കാട്ടുതീയുമായി ബന്ധപ്പെട്ട കേസുകളെല്ലാം തന്നെ ഇങ്ങനെയൊക്കയാണ്.


കാടു കത്തിയ കാലം

1960 മുതലാണു കേരള വനാന്തരങ്ങളില്‍ മനുഷ്യനിര്‍മ്മിത കാട്ടുതീ വ്യാപകമായത്. ചില ശക്തികളുടെ ഗൂഢ ലക്ഷ്യങ്ങളുണ്ടായിരുന്നു ഇത്തരം കാട്ടുതീയ്ക്കു പിന്നില്‍.

wy-1

1983 മാര്‍ച്ചിലും 2003 ഡിസംബറിലും വയനാട്ടിലുള്‍പ്പെടെ പരക്കെ കാട്ടുതീ വ്യാപിച്ചിരുന്നു. അതിനുശേഷം ഏറ്റവും വലിയ കാട്ടുതീയെയാണു 2014 ല്‍ വയനാട് അഭിമുഖീകരിച്ചത്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കിടെയാണു കാടുകള്‍ക്കു വ്യാപകമായി സാമൂഹ്യവിരുദ്ധര്‍ തീയിട്ടത്. ഉണങ്ങി വീഴാറായി നില്‍ക്കുന്ന മുളങ്കാടുകള്‍ക്കു തീ പിടിക്കുന്നതോടെ വര്‍ധിതവീര്യത്തോടെ ഇത് ആളിക്കത്തി വന്‍ നാശനഷ്ടമുണ്ടാക്കുന്നു.

കുടിയേറ്റകാലം മുതലുണ്ടു വനചൂഷണം


പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മേലാപ്പുകളായിരുന്നു വയനാടന്‍ കാടുകള്‍. ഇന്നവ വരണ്ടുണങ്ങിയ ശ്മശാനഭൂമി പോലെ മാറിയിരിക്കുന്നു.

wy2

1940ന് ശേഷമുള്ള കോളനിവൽക്കരണകാലം മുതലാണു മരങ്ങള്‍ക്കു മേൽ കോടാലി പതിച്ചു തുടങ്ങിയത്. ഇത്രത്തോളം വൃക്ഷ സാന്ദ്രതയുള്ളൊരു മനുഷ്യവാസ പ്രദേശം വയനാടിനോളം കേരളത്തില്‍ മറ്റെവിടെയുമില്ല. പിന്നീടുണ്ടായ വൃക്ഷക്കുരുതിയാണ് വയനാടിനെ ഇന്നത്തെ ഉഷ്ണത്തിലേക്ക് തള്ളിയത്.

wy-3

മരുഭൂവത്കരണത്തിലേക്ക് അതിവേഗം നീങ്ങുകയാണു കബനീ നദിയുടെ തീരങ്ങളിലെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍. വന്‍കിട  തേയിലത്തോട്ടങ്ങളില്‍ നിന്നു വ്യാപകമായി തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടു. കൃഷിയിടങ്ങളില്‍ കുരുമുളകുവള്ളി വെയ്ക്കാന്‍ പരിസ്ഥിതിക്കു കാര്യമായ സംഭാവനയൊന്നും ചെയ്യാത്ത മുരിക്കുമരത്തെ ആശ്രയിക്കുന്നതിലേക്കു കര്‍ഷകര്‍ മാറി.

തോട്ടങ്ങളില്‍ ലോപ്പിംഗ് (മരത്തലപ്പുകള്‍ വെട്ടിക്കളയല്‍) വ്യാപകമായി. കാടിനകത്തേക്കു മനുഷ്യന്‍ കൂടുതൽ കൂടുതല്‍ പ്രവേശിച്ചു തുടങ്ങി. വനവിഭവങ്ങള്‍ ശേഖരിച്ചു ഭക്ഷിച്ചു പ്രകൃതിയോട് ഇണങ്ങി ജീവിച്ച ആദിവാസികള്‍ കൂടുതല്‍ ഉള്‍ക്കാട്ടിലേക്കു വലിയുകയും അവശേഷിക്കുന്നവര്‍ മണ്ണില്‍ നിന്നു തൂത്തെറിയപ്പെടുകയും ചെയ്തു. ആദിവാസി-വന ചൂഷണത്തിന്റെ കഥകളാണു പിന്നീട് ചുരമിറങ്ങിയത്.

വനസ്വഭാവത്തിലെ പരിണാമം

ഇലപൊഴിയും കാടുകളും അര്‍ധ-നിത്യഹരിത വനങ്ങളൊക്കെയായിരുന്ന വയനാട്ടില്‍ 1960-70 കാലഘട്ടത്തില്‍ ഇതെല്ലാം വെട്ടിത്തെളിച്ചാണു വ്യാവസായികാടിസ്ഥാനത്തില്‍ തേക്കും യൂക്കാലിപ്റ്റസും വച്ചുപിടിപ്പിച്ചത്. ലാഭം മാത്രം ലക്ഷ്യമിട്ടു വനംവകുപ്പു തുടരുന്ന തേക്ക് കൃഷി വയനാടിന്റെ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ വലിയ രീതിയില്‍ കുറവുണ്ടാക്കുന്നതിന് കാരണമായി.

മഴക്കാലത്തു വെള്ളം ശേഖരിച്ചിരുന്ന വയനാടന്‍ വയലുകളുടെ വിസ്തൃതി കുറഞ്ഞു വന്നതോടെ കാവേരിയും കബനിയുമൊക്കെ നന്നേ മെലിഞ്ഞു. ഉണങ്ങി വരളുന്ന കാടുകളില്‍ നിന്നു ജീവജലവും ഭക്ഷണവും തേടിയിറങ്ങുന്ന വന്യജീവികള്‍ മനുഷ്യന്റെ ശത്രുവായത് അങ്ങനെയാണ്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്കു വയനാട് അതിവേഗം മാറാനുള്ള പ്രധാന കാരണം ഇതാണ്.

വന്യജീവികളുടെ ആവാസ വ്യവസ്ഥ തകര്‍ക്കപ്പെടുകയും ജലവും ഭക്ഷണവും ഇല്ലാതാവുകയും ചെയ്തതോടെ കര്‍ഷകര്‍ നട്ടു നനച്ച കൃഷിയിടത്തില്‍ വിഹരിക്കാന്‍ ആനയും പന്നിയുമൊക്കെ എത്തുന്നു.

കാട്ടുതീയും മനുഷ്യ ഇടപെടലും

മനുഷ്യ ഇടപെടലുകളില്ലാതെ പൂര്‍ണ്ണമായി സംരക്ഷിക്കുന്ന കോര്‍സോണ്‍ പ്രദേശം സ്ഥിതി ചെയ്യുന്ന വന മധ്യത്തില്‍ പോലും മനുഷ്യ ഇടപെടലുണ്ടാകുന്നു. ബഫര്‍സോണ്‍ പ്രദേശങ്ങളിലധികവും മനുഷ്യവാസമുള്ള പ്രദേശങ്ങളിലാണ്.

wy-4

ഇതില്‍ തെറ്റുമില്ല. മനുഷ്യനും ഇതര ജന്തു-സസ്യ ജീവജാലങ്ങളുമൊക്കെ ചേരുമ്പോഴാണു പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെന്നിരിക്കെ അതു ചൂഷണം ചെയ്യപ്പെടുമ്പോഴാണു പ്രത്യാഘാതങ്ങളുണ്ടാകുന്നത്.  ടൂറിസം സാധ്യതകള്‍ വര്‍ധിക്കുകയും സന്ദര്‍ശകരുടെ ബാഹുല്യവും കാരണം വീര്‍പ്പുമുട്ടുന്ന വയനാട്ടില്‍ കാടിനെ തീവെയ്ക്കുന്നതു പലര്‍ക്കും ഒരു ഹോബിയായി. കസ്തൂരിരംഗന്‍ വിഷയം ഇതിലേക്കു കൂടുതല്‍ വഴിമരുന്നിടുകയായിരുന്നു.

Edited By E Rajesh

Read More >>