12000 ഏക്കർ വനം കത്തിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിച്ചതെന്തിന്? നാരദാ ന്യൂസ് അന്വേഷിക്കുന്നു: വയനാടൻ കാട് വേണ്ടാത്തതാർക്ക്?

കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ മറവിൽ വയനാടൻ കാടുകളിൽ നടന്ന വൻ അട്ടിമറികളിലേക്കു വെളിച്ചം വീശുന്ന പരമ്പര മൂന്നു ഭാഗങ്ങളായി നാരദ ന്യൂസ് പ്രസിദ്ധീകരിക്കുന്നു. അട്ടിമറിക്കു മുന്നോടിയായി നടന്ന കുപ്രചരണങ്ങൾക്ക് ദൃക്സാക്ഷിയായിരുന്നു ലേഖകൻ എസ്. വിനേഷ്കുമാർ

12000 ഏക്കർ വനം കത്തിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിച്ചതെന്തിന്? നാരദാ ന്യൂസ് അന്വേഷിക്കുന്നു: വയനാടൻ കാട് വേണ്ടാത്തതാർക്ക്?

കല്‍പ്പറ്റ: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ടു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു ചര്‍ച്ചയായപ്പോള്‍ പ്രതിഷേധത്തിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ കാടിനു തീയിട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരവെ പ്രതിഷേധത്തിന്റെ മറവില്‍ വ്യാപക അക്രമങ്ങളാണു കേരളത്തില്‍ അരങ്ങേറിയത്. ഇതിനിടെ വയനാട്ടില്‍ പതിനഞ്ചിടത്ത് ഒരേ സമയം കാടിനു തീയിട്ട സംഭവത്തിലാണ് അന്വേഷണം മരവിച്ചിരിക്കുന്നത്.


വന്യജീവി സങ്കേതങ്ങളിലുള്‍പ്പെടെ 12,000 ഏക്കറിലധികം വനം കത്തിച്ചാമ്പലായിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ നടന്ന പ്രദേശത്തോടു ചേര്‍ന്നു തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഏഴിടത്താണ് ഒരേസമയം 'സമൂഹവിരുദ്ധര്‍' കാടിനു തീയിട്ടത്. 2014 മാര്‍ച്ച് പതിനാറിനാണ് വയനാട്ടില്‍ പരക്കെ കാട്ടുതീ ഉണ്ടായത്.

കാടിനു തീവച്ചതു സംഘടിതമായി

വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, നോര്‍ത്ത് വയനാട് ഡിവിഷനിലെ അമ്പുകുത്തിയിലുള്ള വനംവകുപ്പിന്റെ ഔഷധത്തോട്ടം, സൗത്ത് വയനാട് ഡിവിഷനിലെ ചുണ്ടേല്‍, അരണമല, പാറത്തോടു ഭാഗങ്ങളിലും വലിയതോതില്‍ തീപടര്‍ന്നു. ആസൂത്രിതമായാണു കാടിനു തീയിട്ടതാണെന്നു വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. തീ കത്തിയ സ്ഥലങ്ങളില്‍ അജ്ഞാതരുടെ സാന്നിധ്യമുണ്ടായിരുന്നതായി വനംവകുപ്പിനു വിവരം ലഭിച്ചെങ്കിലും ഒരാളെപ്പോലും പിടികൂടാനായില്ല.

ചേകാടി, കോട്ടിയൂര്‍ ഭാഗങ്ങളിലാണ് ആദ്യം തീയുണ്ടായത്. പിന്നീടിതു കാരമാട്, തുണ്ടിക്കാട് ആദിവാസി കോളനി പരിസരത്തേക്കു പടര്‍ന്നു. കാട്ടുതീ വ്യാപിച്ചതോടെ കാരമാട്, തുണ്ടിക്കാപ്പ് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടെങ്കിലും നാട്ടുകാരും വനപാലകരും കോളനിവാസികളെ പുറത്തെത്തിക്കുകയായിരുന്നു.

അപ്പപ്പാറയും കടന്നു കാട്ടുതീ തിരുനെല്ലിക്കാടിനെയും വിഴുങ്ങി. മാനന്തവാടി അമ്പുകുത്തിയിലും സൗത്ത് വയനാട് ഡിവിഷനിലെ ചുണ്ടേലും പാറത്തോടും കാട്ടുതീ പടര്‍ന്നു.

വയനാട്ടില്‍ ഒരേസമയം 15 ഓളം ഇടങ്ങളിലാണ് ഇങ്ങനെ കാട്ടുതീ ഉണ്ടായത്. ഏറ്റവും ജൈവസമ്പുഷ്ടമായ വനമേഖലയെയാണ് അഗ്‌നി വിഴുങ്ങിയത്. എണ്ണിയാലൊടുങ്ങാത്ത സസ്യജന്തുജാലങ്ങള്‍ വെന്തു വെണ്ണീരായി. വനാന്തരങ്ങളില്‍ ഒരേ ദിവസം കാട്ടുതീ വ്യാപകമായതിന്റെ പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടായിരുന്നെന്നു സ്ഥിരീകരിക്കുന്ന നിരവധി തെളിവുകള്‍ ലഭിച്ചിരുന്നു.

അന്വേഷണം വഴിപാടായി


വയനാട്ടില്‍ കടുവാപ്രശ്‌നവും കസ്തൂരിരംഗന്‍ വിവാദമുണ്ടായപ്പോള്‍ സമൂഹവിരുദ്ധര്‍ കാടിനു തീവെയ്ക്കാന്‍ സാധ്യതയുണ്ടെന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്നറിയിപ്പു നല്‍കിയിരുന്നു.  ജില്ലാ കളക്ടര്‍ക്ക് വനംവകുപ്പു നല്‍കിയ റിപ്പോര്‍ട്ടും സംഘടിതമായാണു കാടിനു തീയിട്ടതെന്നു വ്യക്തമാക്കുന്നതായിരുന്നു.

റവന്യു-പൊലീസ്-വനം വകുപ്പധികാരികള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലും കാട്ടുതീ മനുഷ്യ നിര്‍മ്മിതമാണെന്നു കണ്ടെത്തി. സംഭവത്തെത്തുടര്‍ന്ന് അന്നത്തെ വനംമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചതിനു പിന്നാലെയാണു ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തു ക്രൈംബ്രാഞ്ച്  അന്വേഷണ വഴിപാടു പോലെ തുടര്‍ന്നതല്ലാതെ നടപടിയൊന്നുമുണ്ടായില്ല. പരമാവധി ഒന്നര വര്‍ഷത്തോളം അന്വേഷിച്ചിട്ടും തെളിവൊന്നും കിട്ടിയില്ലെന്നു പറഞ്ഞാണ് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചത്.

തീയിടാൻ ഉണങ്ങിയ ആനപ്പിണ്ടം


12,000 ഏക്കര്‍ വനം കത്തിച്ചതു ഉണങ്ങിയ ആനപ്പിണ്ടം ഉപയോഗിച്ചാണെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഒരു ദിവസം മുഴുവന്‍ പുകഞ്ഞ ശേഷമാണ് ആനപ്പിണ്ടം കത്തിപിടിക്കുക. ഇങ്ങനെ ഉണങ്ങിയ മുളങ്കാടുകളിലേക്കു തീ പടര്‍ന്നു. തുടര്‍ന്നാണു വനമൊന്നാകെ ആളിക്കത്തിയത്.

jungle fire

ആനപ്പിണ്ടത്തിനു തീക്കൊളുത്തിയാല്‍ ഇത് ആളിക്കത്താതെ മണിക്കൂറുകള്‍ക്ക് ശേഷം തീ കാടിനു വിഴുങ്ങുമെന്നും ഇതാണു വയനാട്ടില്‍ സംഭവിച്ചതെന്നും വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ് കുമാര്‍ 'നാരദാ ന്യൂസി' നോട് പറഞ്ഞു. 2014ലെ കാട്ടുതീ മനുഷ്യ നിര്‍മ്മിതമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ധനേഷ് കൂട്ടിച്ചേര്‍ത്തു.

കത്തിക്കലിന് ഫോട്ടോഗ്രാഫർ ദൃക്‌സാക്ഷി

അപ്പപ്പാറ ഭാഗത്തു തീ കത്തിക്കൊണ്ടിരിക്കുന്നതിനിടെ വലിയ കമ്പ് ഉപയോഗിച്ച് ചിലർ ഇതു കാട്ടിലേക്ക് നീക്കിവിടുന്നതു ജൈവവൈവിധ്യ വകുപ്പ് ഫോട്ടോഗ്രാഫര്‍ അന്‍വര്‍ പീച്ചംകോട് നേരിൽ കണ്ടിരുന്നു. ചോദ്യംചെയ്ത അൻവറിനെ അവർ സംഘം ചേർന്ന് മർദ്ദിച്ചു. അൻവർ കാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളും അവർ നശിപ്പിച്ചു.

കസ്തൂരിരംഗന്‍ വിഷയം ചര്‍ച്ചയായിരിക്കെ സംഘടിതമായിത്തന്നെയാണു വനംകത്തിച്ചതെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അന്‍വർ പറയുന്നു. അന്‍വറിനെ ആക്രമിച്ചവരെ കണ്ടെത്താനോ കസ്റ്റഡിയിലെടുക്കാനോ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല.

പേരിന് പ്രതിയാക്കിയത് പാവം കർഷകനെ

കാടിനു തീയിട്ട സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്താനാവാതെ വന്നതോടെ തോട്ടത്തില്‍ കൗണ്ടര്‍ ഫയര്‍ ഒരുക്കിയ കര്‍ഷകനെയാണ് വനംവകുപ്പ് പിടികൂടിയത്.

കാട്ടുതീ തോട്ടങ്ങളിലേക്കു വരുന്നതു തടയാന്‍ കര്‍ഷകര്‍ സാധാരണനിലയില്‍ പ്രതിരോധ തീ അഥവാ കൗണ്ടര്‍ ഫയര്‍ ഒരുക്കാറുണ്ട്. കാടിറങ്ങി തോട്ടത്തിലേക്ക് വരുന്ന അഗ്‌നിയെ പ്രതിരോധിക്കാനാണീ മറുതീ ഒരുക്കാറ്. അങ്ങനെ മറുതീ ഒരുക്കുന്നതിനിടെയാണ് എടമന ബാലകൃഷ്ണനെ വനപാലകര്‍ അറസ്റ്റ് ചെയ്യുന്നത്.  വരയാല്‍ വനത്തിനോട് ചേര്‍ന്ന് എടമന കോളനിക്ക് സമീപമുള്ള കൈവശഭൂമിയിലെ അടിക്കാടിന് പ്രതിരോധ തീ ഒരുക്കുന്നതിനിടെ ബാലകൃഷ്ണനെ വരയാല്‍ റേയ്ഞ്ചിലെ നാലംഗ വനപാലകസംഘമാണ് അറസ്റ്റ് ചെയ്ത്.

കാടിന് തീയിട്ടതുള്‍പ്പെടെ മൂന്ന് വകുപ്പുകള്‍ ചേര്‍ത്താണ് ബാലകൃഷ്ണനെ കേസിൽ കുടുക്കിയത്. യഥാർത്ഥ കുറ്റക്കാരിൽ ഒരാളെപ്പോലും പിടികൂടാന്‍ വനംപൊലീസ് സേനയ്ക്ക് കഴിയാതെ വന്നപ്പോഴായിരുന്നു പാവം കര്‍ഷകനെ ബലിയാടാക്കൽ.

തുടരും...

Edited By E Rajesh

Read More >>