ആര്‍ദ്ര പഠനത്തില്‍ മിടുമിടുക്കിയാണ്; മെഡിസിന് അലോട്ട്‌മെന്റ് ശരിയായപ്പോള്‍ ജാതി സര്‍ട്ടിഫിക്കറ്റില്‍ പൊരുത്തക്കേട്; അച്ഛമ്മയുടെ ക്രിസ്ത്യന്‍ പേരാണ് സംവരണത്തിന് തടസ്സമെന്ന് കിര്‍ത്താ�

2013ല്‍ പ്ലസ്ടു ജയിച്ച ആര്‍ദ്രയ്ക്ക് 95 ശതമാനം മാര്‍ക്കുണ്ടായിരുന്നു. ഡോക്ടറാകാനുള്ള ആഗ്രഹത്താല്‍ കോച്ചിംഗിന് ശേഷം ഇതുവരെ മൂന്നു വട്ടം എന്‍ട്രന്‍സ് പരീക്ഷയെഴുതി. കഴിഞ്ഞ വര്‍ഷം അലോട്ട്മെന്റിന് പരീക്ഷാ കമ്മീഷണര്‍ വിളിപ്പിച്ചെങ്കിലും കിര്‍ത്താഡ്സ് എതിര്‍ത്തതിനാല്‍ സീറ്റ് കിട്ടിയില്ല. ഏറെ നാളുകളായുള്ള നിയമപോരാട്ടത്തിനൊടുവില്‍ ഈ വര്‍ഷമെഴുതിയ പരീക്ഷയുടെ ഫലം ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ഫലം പ്രസിദ്ധീകരിച്ചപ്പോഴേക്കും അലോട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള സമയം അവസാനിച്ചിരുന്നു.

ആര്‍ദ്ര പഠനത്തില്‍ മിടുമിടുക്കിയാണ്; മെഡിസിന് അലോട്ട്‌മെന്റ് ശരിയായപ്പോള്‍ ജാതി സര്‍ട്ടിഫിക്കറ്റില്‍ പൊരുത്തക്കേട്; അച്ഛമ്മയുടെ ക്രിസ്ത്യന്‍ പേരാണ് സംവരണത്തിന് തടസ്സമെന്ന് കിര്‍ത്താ�

ആര്‍ദ്ര പറയുന്നു...

''ഡോക്ടറാകുക എന്നത് എന്റെ വലിയ ആഗ്രഹമാണ്. ജാതി സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ എന്റെ മൂന്ന് വര്‍ഷത്തെ പഠനം മുടങ്ങി. ഞാനെന്ത് തെറ്റ് ചെയ്‌തെന്നറിയില്ല. കൂടെ പഠിച്ചവരൊക്കെ ഡിഗ്രി കഴിഞ്ഞു. ഞാനിങ്ങനെ വെറുതെ ഇരിക്കുകയാ. നഴ്‌സിംഗിനും പാരാമെഡിക്കല്‍ കോഴ്‌സിനുമൊക്കെ കൊടുത്തിരുന്നെങ്കിലും സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ അവിടുന്നും തള്ളി. ജനറല്‍ കാറ്റഗറിയില്‍ പഠിക്കാമെന്ന് കരുതി കോളേജുകളില്‍ അന്വേഷിച്ചപ്പോള്‍ പഠിച്ചിറങ്ങാന്‍ പത്ത് ലക്ഷം രൂപയെങ്കിലും വേണ്ടി വരുമെന്നറിഞ്ഞു. അത്രയും പൈസ എവിടുന്നു കിട്ടാന്‍? അറിയില്ല എന്ത് ചെയ്യുമെന്ന്...''

ജാതിയുടെ പേരില്‍ അവഗണന നേരിടുന്ന അവാര്‍ഡ് ജേതാവായ ഫോട്ടോഗ്രാഫര്‍, പത്തനാപുരം സ്വദേശി സുധാകരന്‍ ചിത്രമാളികയുടെ മകളാണ് ആര്‍ദ്രാ സുധാകരന്‍. പഠനമികവില്‍ സ്‌കൂളിലും പ്ലസ്ടുവിലുമൊക്കെ ആര്‍ദ്രയുടെ പേര് ആദ്യസ്ഥാനത്തായിരുന്നു. 2013ല്‍ പ്ലസ്ടു ജയിച്ച ആര്‍ദ്രയ്ക്ക് 95 ശതമാനം മാര്‍ക്കുണ്ടായിരുന്നു. ഡോക്ടറാകാനുള്ള ആഗ്രഹത്താല്‍ കോച്ചിംഗിന് ശേഷം ഇതുവരെ മൂന്നു വട്ടം എന്‍ട്രന്‍സ് പരീക്ഷയെഴുതി. കഴിഞ്ഞ വര്‍ഷം അലോട്ട്മെന്റിന് പരീക്ഷാ കമ്മീഷണര്‍ വിളിപ്പിച്ചെങ്കിലും കിര്‍ത്താഡ്സ് എതിര്‍ത്തതിനാല്‍ സീറ്റ് കിട്ടിയില്ല.  ആര്‍ദ്രയുടെ അച്ഛമ്മയ്ക്ക് ക്രിസ്ത്യന്‍ പേരുള്ളതിനാല്‍ പട്ടികജാതി സംവരണത്തിന് അര്‍ഹതയില്ലെന്നാണ് പറയുന്ന കാരണം! പട്ടിക ജാതി-പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായുള്ള കിര്‍ത്താഡ്സിന്റെ 'പ്രവര്‍ത്തനം' മൂലം ആര്‍ദ്രയുടെ പഠനം പാതി വഴിയില്‍ നിന്ന് പോയിരിക്കുകയാണിപ്പോള്‍.

അലോട്ട്‌മെന്റിനായി ചെന്നു; കണ്ണീരോടെ മടക്കം

അമ്മ സുവര്‍ണ്ണ ഒബിസി വിഭാഗത്തില്‍പ്പെട്ട ആളായിരുന്നതിനാല്‍ പ്ലസ്ടു തലം വരെ ആര്‍ദ്ര ഒബിസി എന്നായിരുന്നു ജാതി രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം എന്‍ട്രന്‍സ് എഴുതാന്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനായി പത്തനാപുരം താലൂക്ക് ഓഫീസിലെത്തിയതു മുതലാണ് ജാതി സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഉണ്ടായത്. അച്ഛന്‍ സുധാകരന്‍ പുലയ വിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ മകളുടെ ജാതിയും അങ്ങനെ ചേര്‍ത്താല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നായിരുന്നു തഹസില്‍ദാരുടെ ഉപദേശം. ജാതി സംബന്ധിച്ച അന്വേഷണം നടത്താന്‍ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് അയല്‍വാസികളുടെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. സുധാകരന്റെ സമുദായത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ലഭിച്ചതോടെ തഹസില്‍ദാര്‍ എസ് സി സര്‍ട്ടിഫിക്കറ്റ് നല്‍കി.

ഇതുമായാണ് ആര്‍ദ്ര എന്‍ട്രന്‍സ് പരീക്ഷ എഴുതിയത്. പിന്നീട് എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ അലോട്ട്‌മെന്റിനായി വിളിപ്പിച്ചെങ്കിലും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലേയും തഹസില്‍ദാര്‍ നല്‍കിയ ജാതിസര്‍ട്ടിഫിക്കറ്റിലേയും വൈരുദ്ധ്യങ്ങള്‍ കാരണം കിര്‍ത്താഡ്‌സിനെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ അലോട്ടമെന്റിനായി പോയ ആര്‍ദ്രയ്ക്ക് കണ്ണീരോടെ മടങ്ങേണ്ടിയും വന്നു.

ജാതി കണ്ടെത്തിയത് (ക്രിസ്ത്യാനിയായത്) ഇങ്ങനെ...

കിര്‍ത്താഡ്‌സിന്റെ വിജിലന്‍സ് വിങ്ങിലെ മനു എന്ന ഉദ്യോഗസ്ഥനാണ് അന്വേഷണത്തിന് എത്തിയത്. വീടിനടുത്തുള്ള കുറച്ചാളുകളോട് സംസാരിച്ച ശേഷം എസ് സി സര്‍ട്ടിഫിക്കറ്റ് തരാന്‍ കഴിയില്ലെന്നും സുധാകരന്റെ അച്ഛനും അമ്മയുമെല്ലാം ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയിലാണെന്നായിരുന്നു അതിന് ആ ഉദ്യോഗസ്ഥന്റെ ന്യായീകരണമെന്നും ആര്‍ദ്രയുടെ അമ്മ സുവര്‍ണ്ണ പറയുന്നു . ക്രിസ്ത്യാനികളാണെന്നുള്ളതിനും പള്ളിയില്‍ പോകുന്നതിനും എന്ത് തെളിവാണുള്ളതെന്ന് ചോദിച്ചപ്പോള്‍ അത് പറയാന്‍ കഴിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. പിന്നീട് ഫോണില്‍ ഈ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടപ്പോള്‍ കേസിന് പൊയ്‌ക്കൊള്ളാനായിരുന്നു ധിക്കാരത്തോടെ അയാള്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പലതവണ നാരദന്യൂസ് കോഴിക്കോട് ചേവായൂരിലെ കിര്‍ത്താഡ്‌സ് ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ആ ഫയല്‍ കാണാനില്ല, ഉദ്യോഗസ്ഥന്‍ ഇവിടെയില്ല എന്ന ഒഴുക്കന്‍ പ്രതികരണമായിരുന്നു അപ്പോഴെല്ലാം.

യഥാര്‍ത്ഥത്തില്‍ സുധാകരന്റെ അച്ഛനും അമ്മയും ക്രിസ്ത്യാനികളല്ല. പേരില്‍ മാത്രമാണ് അങ്ങനെയുള്ളത്. തൊട്ടടുത്ത ക്രിസ്ത്യന്‍ വീടുകളില്‍ ജോലിക്ക് പോയവരാണ് പുലയ സമുദായത്തില്‍പ്പെട്ട സുധാകരന്റെ അച്ഛന്‍ ഗോപാലനും അമ്മ വെളുന്തിയും. ആ വീട്ടുകാര്‍ മാര്‍ക്കോസെന്നും മേരിയെന്നും അവര്‍ക്ക് വിളിപ്പേര് നല്‍കി. വെളുന്തിയെന്ന പേര് ഇഷ്ടമല്ലാത്തതിനാല്‍ മേരി എന്ന് വിളിച്ചു കേള്‍ക്കാനായിരുന്നു സുധാകരന്റെ അമ്മയ്ക്കിഷ്ടം. അങ്ങനെ അവര്‍ മാര്‍ക്കോസും മേരിയുമായി. എന്നാല്‍ മതപരിവര്‍ത്തനം നടത്തുകയോ മാമ്മോദീസാ മുങ്ങുകയോ ഇവര്‍ ചെയ്തിട്ടില്ല.

നിയമപ്പോരാട്ടത്തില്‍, കേസ് വൈകിപ്പിക്കാന്‍ കിര്‍ത്താഡ്‌സ്

കിര്‍ത്താഡ്സിന്റെ റിപ്പോര്‍ട്ടിനെതിരെ സുധാകരന്‍ പിന്നീട് സര്‍ക്കാരില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായുളള സ്‌ക്രൂട്ടിനി കമ്മിറ്റി തെളിവെടുപ്പിന് സുധാകരനേയും ആര്‍ദ്രയേയും വിളിപ്പിച്ചു. സുധാകരനും കുടുംബത്തിനും പട്ടികജാതി സംവരണത്തിന് അര്‍ഹതയില്ലെന്ന് പറഞ്ഞ് അവരും അപ്പീല്‍ തള്ളുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കൂടാതെ കിര്‍ത്താഡ്സിലെ രണ്ട് ഉദ്യോഗസ്ഥരായിരുന്നു ആ കമ്മിറ്റിയിലുണ്ടായിരുന്നത് എന്നത് മറ്റൊരു വസ്തുത.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുധാകരന്‍ പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ അനുമതി പ്രകാരം ഇത്തവണയും എന്‍ട്രന്‍സ് എഴുതിയെങ്കിലും റിസള്‍ട്ട് തടഞ്ഞുവെക്കുകയായിരുന്നു. ഇതിനിടയില്‍ പരീക്ഷ എഴുതാനുള്ള കോടതിയുടെ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കിര്‍ത്താഡ്സ് ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. ജാതി സംബന്ധിച്ച സിംഗിള്‍ ബഞ്ചിന്റെ അന്തിമവിധിക്കു ശേഷം ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചാല്‍ മതിയെന്നാണ് കോടതി നിലപാട്. കേസ് കോടതി പരിഗണിച്ചപ്പോള്‍ അതു വരെ സ്ഥലത്തുണ്ടായിരുന്ന കിര്‍ത്താഡ്സിന്റെ ഉദ്യോഗസ്ഥന്‍ സ്ഥലത്ത് നിന്ന് മുങ്ങിയെന്ന് ആര്‍ദ്രയുടെ അഭിഭാഷകന്‍ അഡ്വ. എസ് ബി ജയചന്ദ്രന്‍ പറഞ്ഞു. കേസ് മനപൂര്‍വ്വം നീട്ടിവെപ്പിക്കാനുളള ശ്രമമായിരുന്നു ഇതെന്നും ജയചന്ദ്രന്‍ ആരോപിക്കുന്നു. ഈ വര്‍ഷം ഫെബ്രുവരി 26ന് ഫയല്‍ ചെയ്ത കേസാണെങ്കിലും മറുപടി പത്രിക സമര്‍പ്പിക്കാന്‍ കിര്‍ത്താഡ്സിന്റെ അഭിഭാഷകന്‍ മടികാണിച്ചു.

ഏറെ നിയമപ്പോരാട്ടത്തിനൊടുവില്‍ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി റിസള്‍ട്ട് പ്രസിദ്ധീകരിക്കാമെന്ന് കോടതി ഉത്തരവായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി റിസള്‍ട്ട് പ്രസിദ്ധീകരിച്ചപ്പോഴേക്കും അലോട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള സമയം കടന്നുപോയിരുന്നു. പിന്നെ കിട്ടിയ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിന് അലോട്ട്‌മെന്റിന് അപേക്ഷിക്കുകയായിരുന്നു.

''സ്വകാര്യ മെഡിക്കല്‍ കോളജില്‍ സീറ്റ് കിട്ടില്ലെന്നും മുടക്കാന്‍ പണമില്ലെന്നും അറിയാമെങ്കിലും ഇനി അത് ചെയ്യാത്തത് കൊണ്ട്  ഒന്നും ശരിയാകാതെ പോകരുത്. കേസുമായി നടക്കാനുള്ള സാമ്പത്തികശേഷിയില്ല. മകള്‍ നന്നായി പഠിക്കുന്നത് കൊണ്ട് അവള്‍ക്കിഷ്ടമുളളത് പഠിപ്പിക്കാനാണ് ഈ അധ്വാനമെല്ലാം. നമ്മള്‍ എല്ലാം ശരിയാക്കാന്‍ ശ്രമിച്ചിട്ടും കടലാസിലെ ഓരോ കാര്യങ്ങള്‍ ശരിയാകാതെ വരുമ്പോള്‍ എന്തു ചെയ്യാനാ...'' സുധാകരന്‍ പറയുന്നു.

സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍...

ജാതി സംബന്ധിച്ച അന്വേഷണങ്ങള്‍ കിര്‍ത്താഡ്‌സ് വേണ്ട രീതിയില്‍ അന്വേഷിക്കുന്നില്ലെന്നുള്ളത് പതിവ് പരാതിയാണ്. ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതും സ്ഥിരം സംഭവമാകുന്നെന്നും ആരോപണങ്ങളുണ്ട്. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരാകട്ടെ കിര്‍ത്താഡ്‌സ് പറയുന്നത് അതേപടി കേള്‍ക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അലംഭാവം കാരണം വഴിമുട്ടിയ ജീവിതങ്ങള്‍ ഇനിയുമുണ്ട് ഇവിടെയെന്നതിന് ആര്‍ദ്ര ഒടുവിലത്തെ ഉദാഹരണം മാത്രം...

Read More >>