തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് ആരംഭിച്ചു; അവശ്യ സർവീസുകളെ തടയില്ല

തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, മിനിമം വേതനം 18000 രൂപയാക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കുന്നത്.

തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് ആരംഭിച്ചു; അവശ്യ സർവീസുകളെ തടയില്ല

നരേന്ദ്ര മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. ബിഎംഎസ്  ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അവശ്യ സര്‍വീസുകളെ തടയില്ലെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, മിനിമം വേതനം 18000 രൂപയാക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കും. അധ്യാപക, സര്‍വീസ് സംഘടനകളും പണിമുടക്കില്‍ പങ്കെടുന്നുണ്ട്.


പണിമുടക്കിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തു. തിരുവനന്തപുരത്ത് സർവീസ് നടത്താനെത്തിയ ബിഎംഎസ് അനുഭാവികളായ ഓട്ടോറിക്ഷാ തൊഴിലാളികളെ സമരാനുകൂലികൾ തടഞ്ഞു. ഐഎസ്ആർഒയിൽ ജോലിക്കെത്തിയ ജീവനക്കാരേയും സമരാനുകൂലികൾ തടഞ്ഞു. എറണാകുളം നോർത്ത്, സൗത്ത് റെയിൽ വേ സ്റ്റേഷനിൽ സർവീസിനെത്തിയ യൂബർ ടാക്സി കാറുകളുടെ ചില്ല് സമരക്കാർ തല്ലിത്തകർത്തു. തൃശൂർ അപ്പോളോ ടയേഴ്സിൽ ജോലിക്കെത്തിയവരെ സമരക്കാർ തടഞ്ഞെങ്കിലും പോലീസെത്തി അകത്ത് പ്രവേശിപ്പിച്ചു.

ഇന്ത്യയിലെ വന്‍നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബംഗളുരുവിനെ പണിമുടക്ക് സാരമായി ബാധിച്ചു. പല ഐടി കമ്പനികളും ഇന്ന് നിർബന്ധമായി ഹാജരാവണമെന്ന് കാണിച്ച് ജീവനക്കാര്‍ക്ക് പതിവ് രീതിയില്‍ നോട്ടീസ് നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്. ചില കമ്പനികൾ ശനിയാഴ്ച പ്രവൃത്തി ദിവസമായി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു വാഹനങ്ങളൊന്നും ഇന്ന് നിരത്തിലിറങ്ങിയിട്ടില്ല. സ്വകാര്യ വാഹനങ്ങള്‍ റോഡിലുണ്ട്.

Read More >>