കാടുണ്ടായാലല്ലേ പരിസ്ഥിതി സംരക്ഷിക്കാന്‍ വരികയുള്ളു; അങ്ങനെ അവര്‍ കാടിനു തീയിട്ടു

ഗാഡ്ഗിൽ റിപ്പോർട്ട് അട്ടിമറിക്കാൻ കസ്തൂരി രംഗൻ റിപ്പോർട്ട് ചിലരുടെ കയ്യിൽ ആയുധമായതെങ്ങനെ? രാഷ്ട്രീയ പാർട്ടികളും സഭയും ചേർന്ന് പശ്ചിമഘട്ട സംരക്ഷണശ്രമങ്ങളെ അട്ടിമറിച്ചത് ഇങ്ങനെയൊക്കെയാണ്. 'വയനാടൻ കാട് വേണ്ടാത്തതാർക്ക് ' അന്വേഷണത്തിന്റെ രണ്ടാം ഭാഗം.

കാടുണ്ടായാലല്ലേ പരിസ്ഥിതി സംരക്ഷിക്കാന്‍ വരികയുള്ളു; അങ്ങനെ അവര്‍ കാടിനു തീയിട്ടു

കൽപ്പറ്റ: പശ്ചിമഘട്ട സംരക്ഷണമെന്ന ആവശ്യം നിറവേറ്റാൻ ഗാഡ്ഗില്‍ റിപ്പോര്‍ട്ടു നടപ്പാക്കൽ അനിവാര്യമാണെന്നിരിക്കെ, കോംപ്രമൈസ് എന്ന നിലയിലാണു യുപിഎ സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ ഇതുപോലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ക്രൈസ്തവ സഭയും ചില രാഷ്ട്രീയപാര്‍ട്ടികളും. അവരുടെ പ്രചാരണവും ആ വഴിക്കു നീങ്ങി.

2013ല്‍ കസ്തൂരിരംഗന്‍ പങ്കെടുത്തു കല്‍പറ്റയില്‍ നടന്ന പശ്ചിമഘട്ടസംരക്ഷണ സിറ്റിംഗ് ചിലര്‍ അങ്കോലമാക്കിയതിന് ഈ ലേഖകൻ സാക്ഷിയാണ്. 'കാടുള്ളതുകൊണ്ടാണല്ലൊ ജനങ്ങളെ ഇങ്ങനെ വേട്ടയാടുന്നത്, അതില്ലാതായാല്‍ പിന്നെ വന്യമൃഗങ്ങളെ സംരക്ഷിക്കണമെന്നു പറഞ്ഞ് ആരും വരില്ലല്ലോ' എന്ന ചര്‍ച്ചയാണു സിറ്റിംഗില്‍ പ്രധാനമായും മുഴങ്ങിയത്.


പതിനഞ്ചിടങ്ങളില്‍ ഒരേസമയം കാടു കത്തിയപ്പോള്‍ സ്വാഭാവികമായും ഇതിന്റെ അന്വേഷണം ചെന്നെത്തിയതു പശ്ചിമഘട്ട സംരക്ഷണത്തെ എതിര്‍ക്കുന്നവരിലേക്കാണ്. എന്നാല്‍ തുടരന്വേഷണവും തുടര്‍ നടപടിയും പാതി വഴിയില്‍ അവസാനിപ്പിച്ച് അന്വേഷണസംഘം സ്ഥലംവിട്ടു!

പശ്ചിമഘട്ട സംരക്ഷണത്തെ എന്തിനു ഭയപ്പെടുന്നു

പശ്ചിമഘട്ടം സംരക്ഷിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും മനുഷ്യരും അതിന്റെ ഭാഗമാകും. മനുഷ്യരെ കുടിയൊഴിപ്പിച്ചു യാതൊരു പരിസ്ഥിതി സംരക്ഷണവും സാധ്യവുമല്ല. ചില നിയന്ത്രണങ്ങള്‍ അനിവാര്യവുമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

പ്രാദേശിക ജനതയുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കപ്പെടുന്നതിനൊപ്പം കാലഘട്ടം ആവശ്യപ്പെടുന്ന പ്രകൃതി സംരക്ഷണവുമാണു മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗിലിന്റെ കര്‍ക്കശമായ നിര്‍ദേശങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന സമീപനമാണു  മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കൂടിയായ കസ്തൂരിരംഗന്റെ റിപ്പോര്‍ട്ടിലുള്ളത്.

മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായി 2010ല്‍ രൂപീകൃതമായ പതിനാലംഗ വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ ഏറെക്കുറെ തള്ളി, പ്രായോഗിക പരിസ്ഥിതി സംരക്ഷണമെന്ന വാദമാണു കസ്തൂരിരംഗന്‍ മുന്നോട്ടുവെക്കുന്നത്. അതായതു 'വികസന'ത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും. പശ്ചിമഘട്ട സംരക്ഷണമെന്ന മുഖ്യ ആശയത്തിന്റെ കടയ്ക്കൽ കത്തി വെക്കുന്നതായിരുന്നു കസ്തൂരിരംഗന്‍ മുന്നോട്ടുവച്ച നിർദ്ദേശം.

എന്താണ് പശ്ചിമഘട്ടം?

1,64,280 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന പച്ചത്തുരുത്താണു പശ്ചിമഘട്ടം. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഇതിൽ കേവലം 60,000 ചതുരശ്രകിലോമീറ്റര്‍ മാത്രമാണു സംരക്ഷിത മേഖലയിലുള്‍പ്പെടുക. എന്നിട്ടും ജനവികാരമിളക്കി, രാജ്യംകണ്ട ഏറ്റവും മികച്ച പരിസ്ഥിതി സംരക്ഷണ റിപ്പോര്‍ട്ടിനെതിരെ മതപുരോഹിതന്മാരും രാഷ്ട്രീയപാര്‍ട്ടികളും ഒറ്റക്കെട്ടായി രംഗത്തുവരികയായിരുന്നു.

കൂടുതല്‍ മേഖലകള്‍ സംരക്ഷിക്കപ്പെടണമെന്നു മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറയുമ്പോള്‍ അതിനെയെല്ലാം തള്ളുന്ന നിലപാടാണു കസ്തൂരിരംഗന്റേത്. പരിസ്ഥിതി മേഖലകള്‍ ചൂഷണത്തിനും ഭൂമാഫിയകളുടെ തേരോട്ടത്തിനും അനുവദിക്കുന്ന റിപ്പോര്‍ട്ടാണ് കസ്തൂരിരംഗന്റേതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. പശ്ചമിഘട്ടത്തിന്റെ ജൈവവൈവിധ്യ സമ്പന്നത അടുത്തറിഞ്ഞു കൊണ്ടുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കാള്‍ എത്രയും പെട്ടെന്നു നാശത്തിലേക്കു പതിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി സംവേദക മേഖലകള്‍ക്കു വേണ്ടിയാണു കസ്തൂരിരംഗന്‍ വാദിച്ചത്.

സ്ഥലങ്ങള്‍ പോലും സന്ദര്‍ശിക്കാതെയാണു കസ്തൂരിരംഗന്റെ റിപ്പോര്‍ട്ടെന്ന ആക്ഷേപം ഈയവസരത്തില്‍ ഉയരുകയുണ്ടായി. ചില രാഷ്ട്രീയക്കാരുടെയും ഭൂമാഫിയകളുടെയും ആവശ്യങ്ങളായിരുന്നു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചതെന്നു വ്യക്തമായിരുന്നു. പരിസ്ഥിതി സംവേദക മേഖലകളില്‍ വയനാട്ടിലെയും ഇടുക്കിയിലെയും ജൈവസമ്പന്നമായ പ്രദേശങ്ങള്‍ ഒഴിവാക്കപ്പെട്ടതിനെ ഇതിനോടു കൂട്ടി വായിക്കേണ്ടതുണ്ട്.

വ്യാജപ്രചാരണങ്ങളുടെ ഘോഷയാത്ര

മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടു നടപ്പാക്കിയാല്‍ വയനാടു പോലുള്ള ജില്ലകളിലെ ജനജീവിതം ദുസ്സഹമാകുമെന്നും, കുടിയൊഴിഞ്ഞു പോകേണ്ടി വരുമെന്നൊക്കെയുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ വ്യാജ പ്രചാരണങ്ങളാണു യഥാര്‍ത്ഥത്തില്‍ ജനങ്ങളെ പ്രതിഷേധത്തിലേക്കു നയിച്ചത്. പിന്നീടിതു വലിയ ആക്രമണത്തിലേക്കും കാടുകത്തിക്കുന്നതിലേക്കുമൊക്കെ എത്തുകയായിരുന്നു.

മാധവ് ഗാഡ്ഗില്‍ സമിതിയുടെ 56 ശുപാര്‍ശകളില്‍ 26 എണ്ണമാണു മലയോര മേഖലയില്‍ നടപ്പാക്കേണ്ടത്. ഇതില്‍ മൂന്നെണ്ണം മാത്രമാണു ജനങ്ങളെ നേരിട്ടു ബാധിക്കുന്നതായി കണ്ടെത്തിയിരുന്നത്. രാത്രി യാത്ര നിരോധനം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ മാറ്റം വരുത്തിയാല്‍ത്തന്നെ റിപ്പോര്‍ട്ട് പൊതുവിൽ സ്വീകാര്യമായിത്തീരും. എന്നിട്ടും ആ റിപ്പോർട്ട് അപ്പാടെ തള്ളണമെന്നു പറയുന്നതിലെ യുക്തിരാഹിത്യം കാര്യമായി ചര്‍ച്ചചെയ്യപ്പെട്ടതേയില്ല.

വരള്‍ച്ച, ശുദ്ധജലക്ഷാമം, പേമാരി തുടങ്ങിയ പ്രകൃതിയുടെ തിരിച്ചടികള്‍ക്കു ബദലായി ഒരു നിര്‍ദേശവും പശ്ചിമഘട്ട സംരക്ഷണഞ്ഞ എതിർക്കുന്ന കക്ഷികളിൽ നിന്നും സഭയിൽ നിന്നും ഉയർന്നുവന്നില്ല. എന്നാൽ കുന്നിടിക്കല്‍, വയല്‍ നികത്തല്‍, അനധികൃത പാറഖനനം, കളിമണ്‍ ഖനനം തുടങ്ങിയവ വര്‍ധിക്കുകയും ചെയ്തു. പ്രകൃതിയാവട്ടെ ദുരന്തത്തിന്റെ രൂപത്തില്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു ഇപ്പോൾ.

കസ്തൂരിരംഗന്റെ പേരില്‍ കാടിനു തീകൊളുത്തുന്നവര്‍

'കാടുണ്ടായതുകൊണ്ടാണു വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത്, അതു സംരക്ഷിക്കാന്‍വേണ്ടി പരിസ്ഥിതിവാദികളും സര്‍ക്കാറും ഇറങ്ങുമ്പോള്‍ നമ്മള്‍ സമ്പാദ്യമെല്ലാം വിട്ടൊഴിഞ്ഞു പലായനം ചെയ്യേണ്ടിവരും'.

പ്രചാരണത്തിന്റെ ഒരു സാമ്പിൾ മാത്രമാണിത്. ഇങ്ങനെയുള്ള നിരവധി പ്രചാരണങ്ങളില്‍ കത്തോലിക്കാസഭയും സിപിഐഎമ്മും ഒരുപോലെ ജനങ്ങളെ തെരുവിലിറക്കി.  താമരശ്ശേരി വനംവകുപ്പ് ഓഫീസ് ഉള്‍പ്പെടെ അഗ്നിക്കിരയാക്കി. പശ്ചിമഘട്ട സംരക്ഷണത്തെ അനുകൂലിക്കുന്നവരെയെല്ലാം പരിസ്ഥിതി മൗലികവാദികള്‍ എന്നു മുദ്രകുത്തി. ഇവരെ കയ്യേറ്റം ചെയ്യുന്നതുള്‍പ്പെടെയുള്ള ആക്രമണത്തിലേക്കും പ്രചാരണം വഴിമാറി.

വിവാദം കത്തിനില്‍ക്കുന്നതിനിടെയാണു വയനാടന്‍ കാടുകള്‍ക്കു തീപിടിക്കുന്നത്. ഇതിനു പിന്നിലെ സംഘടിതമായ നീക്കങ്ങള്‍ക്കു കസ്തൂരിരംഗന്‍ വിവാദവുമായി നേരിട്ടു ബന്ധമുണ്ടെന്ന് പ്രകൃതി സ്‌നേഹികള്‍ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ ഈ മുറവിളികളെയൊക്കെ കാട്ടിൽത്തള്ളി അധികൃതർ. അതിനു മുമ്പ് പേരിനെങ്കിലും തുടക്കമിട്ട നടപടികൾക്കെല്ലാം ക്രൈംബ്രാഞ്ച് അന്വേഷണത്തോടെ ഫുള്‍സ്റ്റോപ്പിട്ടിരിക്കുകയാണ് .

Edited By E Rajesh

(തുടരും)

Read More >>