ജലയുദ്ധത്തിൽ തപിച്ച് കാവേരിയുടെ ജന്മഭൂമി; കുടക് നേരിടുന്നത് ചരിത്രത്തിലില്ലാത്ത കൊടും വരൾച്ച

മൂന്ന് താലൂക്കുകളുണ്ട് കുടക് ജില്ലയിൽ. മൂന്നിനെയും സമ്പൂർണ്ണ വരൾച്ചാ ബാധിതങ്ങളായി പ്രഖ്യാപിച്ചിരിക്കുകയാണ് കർണ്ണാടക സർക്കാർ. ഈ മഴക്കാലം കൊണ്ട് വെള്ളക്ഷാമം തീരുന്നില്ലെങ്കിൽ 'കാപ്പി ജില്ല'യായി പ്രസിദ്ധമായ കുടകിനെ വരൾച്ചാബാധിത ജില്ലയായി പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം.

ജലയുദ്ധത്തിൽ തപിച്ച് കാവേരിയുടെ ജന്മഭൂമി; കുടക് നേരിടുന്നത് ചരിത്രത്തിലില്ലാത്ത കൊടും വരൾച്ച

irupufallsതന്റെ നെഞ്ചിൽ പിറന്ന നദിയിലെ ജലത്തിന്റെ പേരിൽ തമിഴരും കന്നഡിഗകളും അങ്കംവെട്ടുമ്പോൾ കാവേരിയുടെ ജന്മദേശം നേരിടുന്നത് ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത കൊടിയ വരൾച്ച. കാവേരി പിറക്കുന്ന കുടകിനെയാണ് മനുഷ്യയുദ്ധങ്ങൾക്കുള്ള ശാപമെന്നോണം കൊടും വരൾച്ച ഗ്രസിച്ചിരിക്കുന്നത്.

കുടക് ജില്ലക്ക് വരൾച്ച പുതുമയല്ല. എന്നാൽ ഇക്കൊല്ലത്തേതിൽ പുതുമയുണ്ട്. ജില്ലയിലെ പല താലൂക്കുകളും വരൾച്ച ബാധിതമായി മുൻകാലങ്ങളിൽ പ്രഖ്യാപിക്കാറുണ്ടെങ്കിലും ജില്ലയാകെ വരൾച്ചയുടെ പിടിയിലമർന്നത് ഇതാദ്യമായാണ്.


മൂന്ന് താലൂക്കുകളുണ്ട് കുടക് ജില്ലയിൽ. മൂന്നിനെയും സമ്പൂർണ്ണ വരൾച്ചാ ബാധിതങ്ങളായി പ്രഖ്യാപിച്ചിരിക്കുകയാണ് കർണ്ണാടക സർക്കാർ. ഈ മഴക്കാലം കൊണ്ട് വെള്ളക്ഷാമം തീരുന്നില്ലെങ്കിൽ 'കാപ്പി ജില്ല'യായി പ്രസിദ്ധമായ കുടകിനെ വരൾച്ചാബാധിത ജില്ലയായി പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം. ഈ വർഷം 2240 ശതമാനം വരെ മഴ കുറഞ്ഞിട്ടുണ്ടെന്ന കണക്കിൽ നിന്നാണ് ഭരണകൂടം ഇങ്ങനെ കണക്കുകൂട്ടുന്നത്. സെപ്തംബർ 12 വരെയുള്ള കണക്കാണിത്.

കർണ്ണാടക സംസ്ഥാന പ്രകൃതിദുരന്ത മേൽനോട്ട കേന്ദ്രത്തിൽ നിന്നുള്ള കണക്കു പ്രകാരം, ജൂൺ ഒന്നിനും സെപ്തംബർ 12നുമിടയിൽ കുടക് ജില്ലയിൽ ലഭിച്ചത് 1449.72 മില്ലിമീറ്റർ മഴയാണ്. കഴിഞ്ഞ മഴ സീസണിലെ 2219.20 മില്ലിമീറ്ററിന്റെ സ്ഥാനത്താണിത്. ഇതോടെ ജലസേചന പദ്ധതികളുടെയാകെ താളം പിഴച്ചു. ജലക്ഷാമത്തിൽ തകർന്നു നിന്ന കർഷകന് മറ്റൊരിടിവെട്ടായി വരൾച്ചകൊണ്ടുള്ള കൃഷിത്തകർച്ച.

വേനലിൽ വെള്ളമില്ലെങ്കിൽ കാപ്പിത്തോട്ടങ്ങൾ ഒന്നാകെ പ്രതിസന്ധിയിലാവും. നന ഇല്ലെങ്കിൽ കാപ്പിത്തോട്ടങ്ങൾ ചൂടിനെ അതിജീവിക്കില്ല.

കുടിവെള്ളത്തിന് കിണറുകളെയും കുളങ്ങളെയും ആശ്രയിക്കുന്നവരാണ് വലിയൊരളവുവരെ കുടകു കാർ. പുഴയൊഴുകുന്ന വഴികൾ ജലയുദ്ധത്തിൽ കത്തുമ്പോൾ കാവേരിയുടെ ഉറവ വറ്റിപ്പോവുന്ന നാളിനെക്കുറിച്ചാണ് കാവേരിയുടെ നാട്ടുകാർ നീറിത്തുടങ്ങുന്നത്.

രാഷ്ട്രീയ യുദ്ധങ്ങൾക്ക് കാരണക്കാരിയാവുമ്പോഴും കാവേരിക്ക് താൻ പിറന്ന നാടിന്റെ ശബ്ദം കേൾപ്പിക്കാൻ വേണ്ടത്ര രാഷ്ട്രീയക്കാരുമില്ല. കർണ്ണാടക നിയമസഭയിൽ കുടക് ജില്ലയെ പ്രതിനിധാനം ചെയ്യുന്നത് രണ്ട് എംഎൽ എമാർ മാത്രമാണ്.