ഒടുവിൽ വി എം സുധീരൻ പുറത്തേയ്ക്ക്... കെപിസിസി പ്രസിഡന്റു സ്ഥാനത്തേയ്ക്ക് ആന്റണിയുടെ പിന്തുണയോടെ പി ടി തോമസ്

അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിലേയ്ക്ക് പാർടിയെ സജ്ജമാക്കുകയാണ് പി ടി തോമസിന്റെ ദൗത്യം. കെപിസിസിയ്ക്കു പകരം ഒരു അഡ്ഹോക്ക് സമിതിയും രൂപീകരിക്കും. വിഎം സുധീരൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന കോൺഗ്രസ് ഒരു ഒത്തുതീർപ്പിനും വഴങ്ങാതെ മൂന്നായി പിളർന്നു നിൽക്കുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് കീറാമുട്ടിയാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിഗമനം.

ഒടുവിൽ വി എം സുധീരൻ പുറത്തേയ്ക്ക്... കെപിസിസി പ്രസിഡന്റു സ്ഥാനത്തേയ്ക്ക് ആന്റണിയുടെ പിന്തുണയോടെ പി ടി തോമസ്

ഒടുവിൽ വിഎം സുധീരനെ കോൺഗ്രസ് ഹൈക്കമാൻഡും കൈവിട്ടു. പുതിയ കെപിസിസി പ്രസിഡന്റായി പിടി തോമസിന്റെ പേര് എകെ ആൻറണി നിർദ്ദേശിച്ചതോടെ സംസ്ഥാനത്ത് കോൺഗ്രസിന് പുതിയ നായകനെത്തുകയാണ്. പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്ന കാര്യം ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പൂർണമായും അവഗണിച്ച് ആന്റണിയുടെ ഇംഗിതത്തിന് വിട്ടുകൊടുത്തതോടെ പിടി തോമസിന്റെ സ്ഥാനലബ്ധി സംസ്ഥാനത്തെ ഗ്രൂപ്പുമാനേജർമാർക്കുളള ശക്തമായ സന്ദേശവുമായി.

അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിലേയ്ക്ക് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് പിടി തോമസിന്റെ ദൗത്യം. കെപിസിസിയ്ക്കു പകരം ഒരു അഡ്ഹോക്ക് സമിതിയും രൂപീകരിക്കും. വിഎം സുധീരൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന കോൺഗ്രസ് ഒരു ഒത്തുതീർപ്പിനും വഴങ്ങാതെ മൂന്നായി പിളർന്നു നിൽക്കുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് കീറാമുട്ടിയാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിഗമനം.


വാശിയും വൈരാഗ്യവും ഇതുപോലെ തുടർന്നാൽ എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളെയും ഗ്രൂപ്പുതിരിഞ്ഞു കാലുവാരി തോൽപ്പിക്കുന്ന സാഹചര്യമുണ്ടാകും. ഓരോ എംപിയും നിർണായകമാകുന്ന അടുത്ത തെരഞ്ഞെടുപ്പിൽ വിഎം സുധീരനെ സമ്പൂർണമായി പിന്തുണയ്ക്കുന്നത് കൈവിട്ട കളിയാകുമെന്നാണ് ഒടുവിൽ നേതൃത്വം തിരിച്ചറിയുന്നു. ഏറ്റവും ഒടുവിൽ മുതിർന്ന നേതാക്കളുടെ ഉന്നതതല സമിതിയുണ്ടാക്കി പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കാൻഡ് തീരുമാനിച്ചിരുന്നു. എന്നാൽ സുധീരന്റെ താൽപര്യപ്രകാരം രൂപീകരിച്ച സമിതിയിൽ അംഗമാകാൻ താനില്ലെന്ന് ഉമ്മൻചാണ്ടി വാശിപിടിച്ചതോടെ ഉന്നതതല സമിതിയ്ക്ക് ഇതേവരെ പ്രാഥമിക യോഗം പോലും ചേരാൻ കഴിഞ്ഞില്ല.

ഈ സാഹചര്യത്തിൽ കേരളത്തിലെ കോൺഗ്രസ് സംഘടന കൈവിട്ടുപോകുന്നു എന്ന വിലയിരുത്തലാണ് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്. ഏതാനും നേതാക്കളുടെ സ്ഥാപിതതാൽപര്യങ്ങൾക്കപ്പുറം കാര്യങ്ങളൊന്നും നടക്കുന്നില്ല എന്ന് നേരത്തെതന്നെ അവർക്കു ബോധ്യമാവുകയും ചെയ്തിരുന്നു. ഇതിനിടെ, കേരളത്തിലെ മുസ്ലിം സമുദായം കോൺഗ്രസിൽ നിന്ന് അകലുന്നുവെന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ തേടാനും ഹൈക്കമാൻഡിന്റെ നിർദ്ദേശ പ്രകാരം ആൻറണി ചില ചർച്ചകൾ നടത്തിയിരുന്നു.

ഒരു പ്രമുഖ മുസ്ലിം സാമുദായിക നേതാവുമായി നടത്തിയ ചർച്ചയിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉയർന്നത്. രമേശ് ചെന്നിത്തലയുടെ ആർഎസ്എസ് പ്രീണനമാണ് ഈ നേതാവ് പ്രമുഖമായും ചൂണ്ടിക്കാണിച്ചത്. രമേശ് ചെന്നിത്തലയുടെ താൽപര്യപ്രകാരമാണ് ഹരിപ്പാട്ടെ ബിജെപി സ്ഥാനാർത്ഥിയെപ്പോലും തീരുമാനിച്ചത് എന്ന ആരോപണവും അവർ കോൺഗ്രസ് നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. ന്യൂനപക്ഷ അനുഭാവം തിരിച്ചു പിടിക്കാൻ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യവും ഉയർന്നുവെന്നാണ് വിവരം. ദില്ലിയിൽ സുധീരനെയും കേരളത്തിൽ ഉമ്മൻചാണ്ടിയെയും പിന്തുണയ്ക്കുന്ന രമേശിന്റെ ഇരട്ടമുഖത്തോട് ഹൈക്കമാൻഡിനു പണ്ടേ പ്രതിപത്തിയില്ല.

അതേസമയം ഉമ്മൻചാണ്ടിയ്ക്കു വഴങ്ങാനും ഹൈക്കമാൻഡ് തയ്യാറല്ല. ഏറെ പേരുദോഷം കേൾപ്പിച്ച് ദയനീയ പരാജയം ഏറ്റുവാങ്ങിയ മുഖ്യമന്ത്രി എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ മുന്നിൽ അദ്ദേഹത്തിന്റെ പ്രതിഛായ. എകെ ആൻറണിയും ഉമ്മൻചാണ്ടിയ്ക്കൊപ്പമല്ല. ഇവർക്കു ബദലായി വിഎം സുധീരനെ ശക്തമായി പിന്തുണച്ചെങ്കിലും പ്രവർത്തനശൈലി അദ്ദേഹത്തിനും വിനയായി. അതിശക്തമായ ഇരുഗ്രൂപ്പുകളെയും ഒന്നിച്ചു കൊണ്ടുപോകാനോ, അവർക്കു ബദലായി പുതിയൊരു നേതൃനിരയെ വാർത്തെടുക്കാനോ സുധീരനു കഴിഞ്ഞിട്ടുമില്ല. അതുകൊണ്ട്, എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടു പോകാൻ കഴിയുന്ന വ്യക്തിയെ സംഘടനയുടെ തലപ്പത്ത് നിയോഗിക്കുക എന്ന പ്രായോഗികബുദ്ധിയാണ് ഹൈക്കമാൻഡ് കൈക്കൊണ്ടത്.

തൃക്കാക്കരയിൽ ബെന്നി ബെഹനാനെ ഒഴിവാക്കിയേ തീരൂവെന്ന സുധീരന്റെ വാശി വിജയിച്ചപ്പോൾ പകരമെത്തിയത് പിടി തോമസ് ആയിരുന്നു. കടുത്ത എ ഗ്രൂപ്പുകാരനും കെ കരുണാകരന്റെ ശക്തനായ വിമർശകനുമായിരുന്ന പിടി തോമസിന് ഉമ്മൻചാണ്ടിയെ അത്ര പഥ്യവുമല്ല. കഴിഞ്ഞ പാർലമെന്റു തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപി ആയിരുന്നിട്ടുപോലും പിടി തോമസിന് സീറ്റു നൽകാത്തതിലുളള ചൊരുക്ക് അദ്ദേഹത്തിന് ഉമ്മൻചാണ്ടിയോടുണ്ട്. എന്നാൽ എകെ ആൻറണിയുടെ ശക്തനായ വക്താവാണ് പിടി തോമസ്.

താഴേത്തട്ടു മുതൽ സമഗ്രമായ അഴിച്ചു പണിയും പാർടിയിൽ നിന്ന് അകന്നു പോയവരെ തിരിച്ചു കൊണ്ടുവരാനുളള കർമ്മ പരിപാടിയുമാണ് പുതിയ പ്രസിഡന്റിനു മുന്നിലുളള അടിയന്തരമായ സംഘടനാ ചുമതലകൾ. മുതിർന്ന നേതാക്കളുടെ അഭിപ്രായത്തിന് അർഹമായ പരിഗണന നൽകുമ്പോൾത്തന്നെ പാർടിയുടെ എല്ലാ തലത്തിലും ഗ്രൂപ്പു ലേബലില്ലാത്ത യോഗ്യരായ ആളുകളെ കൊണ്ടുവരിക എന്ന ചുമതലയും പിടി തോമസിനുണ്ട്. ക്രിസ്ത്യൻ സമുദായക്കാരനാണെങ്കിലും നിരീശ്വരവാദിയും മിശ്രവിവാഹിതനും ആന്റണിയുടെ അനുയായിയുമെന്ന നിലയിൽ ഒരു പുരോഗമന മതേതരവാദിയുടെ പ്രതിഛായ പൊതുസമൂഹത്തിൽ സൃഷ്ടിക്കാൻ പിടി തോമസിനു കഴിയും. കഴിഞ്ഞ പാർലമെന്റു തിരഞ്ഞെടുപ്പുകാലത്ത് ഇടുക്കി ബിഷപ്പിനെതിരെ സ്വീകരിച്ച നിലപാടും പി ടി തോമസിന് മറ്റു കോൺഗ്രസ് നേതാക്കൾക്കില്ലാത്ത പരിവേഷം നൽകിയിരുന്നു.