വിസ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള ചില രാജ്യങ്ങള്‍ പരിചയപ്പെടാം..

നമ്മുടെ രാജ്യം തന്നെയാണ് വിസ ലഭിക്കാന്‍ പ്രയാസമുള്ള ലോകരാജ്യങ്ങളില്‍ ഒന്ന്

വിസ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള ചില രാജ്യങ്ങള്‍ പരിചയപ്പെടാം..

സ്വന്തം നാട്ടില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ വിസ നിഷേധിക്കുന്നത് ഒരു സ്ഥിരം സംഭവമായിക്കൊണ്ടിരിക്കുകയാണ്. സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ക്ക് വരെ പല കാരണങ്ങളാല്‍ വിസ നിഷേധിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ വിസ ലഭിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുള്ള ചില രാജ്യങ്ങള്‍ ഏതെന്ന് പരിചയപ്പെടാം.

നമ്മുടെ രാജ്യം തന്നെയാണ് വിസ ലഭിക്കാന്‍ പ്രയാസമുള്ള ലോകരാജ്യങ്ങളില്‍ ഒന്ന്. ഇലക്ട്രോണിക്ക് വിസക്കായുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുന്നത് മറ്റ് രാജ്യക്കാര്‍ക്ക് തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണ്. അപേക്ഷ സമര്‍പ്പിക്കാനുള്ള സൈറ്റ് ലഭിക്കുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പണമടക്കേണ്ട ബാങ്കുകളുടെ ഇ-പേയ്മെന്‍റ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതും വിസ എളുപ്പം ലഭിക്കുന്നതില്‍ നിന്നും മറ്റ് രാജ്യക്കാരെ തടയുന്നു.


വിസ ലഭിക്കാന്‍, ഒരുപക്ഷെ ഏറ്റവും ദുഷ്ക്കരമായ രാജ്യം ഉത്തര കൊറിയയായിരിക്കും. അമേരിക്ക, ഇസ്രായേല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് ഉത്തര കൊറിയയിലേക്ക് പ്രവേശിക്കാന്‍ തന്നെ പറ്റാറില്ല. അഥവാ പ്രവേശിക്കാന്‍ സാധിച്ചാല്‍ തന്നെ കൊറിയന്‍ ഗൈഡുകളുടെ കൂടെ മാത്രമേ എവിടെയും പോകാനോ സന്ദര്‍ശിക്കാനോ സാധിക്കുകയുള്ളൂ. ബ്രിട്ടീഷ് പൗരത്വമുള്ളവര്‍ക്ക് ലണ്ടന്‍ എംബസ്സി വഴി വിസക്ക് അപേക്ഷിക്കാമെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണമായും വിസ നിഷേധിച്ചിരിക്കുന്നു.

വിസ ലഭിക്കാന്‍ ദുഷ്ക്കരമായ മറ്റൊരു രാജ്യം ചൈനയാണ്. 30 ദിവസത്തിന് താഴെ മാത്രമേ വിസയുടെ കാലാവധി ആവശ്യമുള്ളു എങ്കില്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ല. 30 ദിവസത്തിന് മുകളില്‍ ആണെങ്കില്‍ നിരവധി രേഖകള്‍ അപേക്ഷയുടെ കൂടെ' സമര്‍പ്പിക്കേണ്ടതായി വരും. ഇത് വിസ ലഭിക്കാന്‍ ഏറെ കാലതാമസത്തിന് ഇടവരുത്തുന്നു.

റഷ്യയിലേക്ക് വിസ ലഭിക്കണമെങ്കില്‍ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരാള്‍ സന്ദര്‍ശിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളുടെയും പേരും വിശദവിവരങ്ങളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടാതെ,വിരലടയാളം, മുഖത്തിന്റെ രേഖാചിത്രം തുടങ്ങിയവയും  നല്‍കണം. വിദേശ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ട്രാവല്‍ ഏജന്‍സി മുഖേന മാത്രമേ വിസക്ക് അപേക്ഷിക്കാന്‍ പാടുള്ളൂ.

ഇറാനിലേക്ക് വിസ ലഭിക്കണമെങ്കില്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെഹ്റാനിലെ ട്രാവല്‍ ഏജന്‍സി മുഖേനയാണ് അപേക്ഷിക്കേണ്ടത്. വളരെ കാലതാമസമെടുക്കുന്ന പ്രക്രിയയാണ് ഇറാനിലേക്കുള്ള വിസ ലഭിക്കല്‍. ബ്രിട്ടീഷ്, അമേരിക്കന്‍ പൌരന്മാര്‍ക്ക് ഇറാനില്‍ എത്തിക്കഴിഞാല്‍ ഉടന്‍ തന്നെ വിരലടയാളം സമര്‍പ്പിക്കേണ്ടിവരും.

സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ ലഭിക്കുക അതീവ ദുഷ്ക്കരമാണ്. പ്രത്യേകിച്ചും ഹജ്ജ് സമയത്ത് ജിദ്ദ, മദ്ദീന തുടങ്ങിയ സ്ഥലങ്ങളിലേക്ക് മുസ്ലിങ്ങള്‍ അല്ലാത്തവര്‍ക്ക് യാത്ര ചെയ്യുക വളരെ ബുദ്ധിമുട്ടായിരിക്കും. കൂടാതെ മുന്‍പ് ഇസ്രായേല്‍ സന്ദര്‍ശിച്ചിട്ടുള്ളവരാണെങ്കില്‍ സൌദിയിലേക്ക് വിസ നിഷേധിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്.

Read More >>