വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് കെ ബാബു

തനിക്കെതിരെ എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നിയമപരമായി നേരിടുമെന്നും കെ ബാബു മാധ്യമങ്ങളോട് പറഞ്ഞു.

വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് കെ ബാബു

കൊച്ചി: വിജിലന്‍സിന്റെ നേതൃത്വത്തില്‍ തന്റെ വീട്ടില്‍ നടന്ന റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു. ഇപ്പോള്‍ നടക്കുന്നത് അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്. തനിക്ക് അനധികൃത സ്വത്തും ബിനാമി ഇടപാടും ഇല്ലെന്നും ബാബു മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെയാണ് കെ ബാബുവിന്റേയും മക്കളുടേയും സഹായികളുടേയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തതിന് പിന്നാലെയായിരുന്നു വിജിലന്‍സിന്റെ റെയ്ഡ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്.


ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീടിനു പുറമെ പാലാരിവട്ടത്തും തൊടുപുഴയിലുമുള്ള പെണ്‍മക്കളുടെ വീടുകളിലും ബിനാമികളെന്ന് കരുതുന്ന തൃപ്പൂണിത്തുറ സ്വദേശികളായ മോഹനന്‍, ബാബുറാം എന്നിവരുടെ വീട്ടിലുമാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

തനിക്കെതിരെ എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നിയമപരമായി നേരിടുമെന്നും ബാബു മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബാബുവിനേയും മറ്റു രണ്ട് പേരെയും പ്രതികളാക്കി അനധികൃത സ്വത്ത് സമ്പാദനത്തിന് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

നാട്ടില്‍ നടക്കുന്ന കുറ്റങ്ങള്‍ തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും കെ ബാബു മാധ്യമങ്ങളോട് പറഞ്ഞു.

മകളുടെ പേരില്‍ തേനിയില്‍ 120 ഏക്കര്‍ ഭൂമിയുണ്ടെന്നും റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി ബന്ധമണുണ്ടെന്നും എറണാകുളത്ത് ബിസിനസ് ഗ്രൂപ്പുകളുമായി ബിനാമി ഇടപാട് നടത്തുന്നതായും എഫ്ഐആറില്‍ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളെ ബാബു നിഷേധിച്ചു. സംസ്ഥാനത്തിന് പുറത്ത് തനിക്ക് നിക്ഷേപമുണ്ടെന്ന വിജിലന്‍സിന്റെ വാദം തെറ്റാണ്. തേനിയില്‍ തനിക്ക് ഭൂമിയില്ല. തേനിയിലെ സ്ഥലം വാങ്ങിയത് മകളുടെ ഭര്‍ത്താവിന്റെ പിതാവാണണെന്നും ഇത് മകളുടെ വിവാഹത്തിനു മുന്‍പ് തന്നെ വാങ്ങിയതാണെന്നും തനിക്ക് ഇതില്‍ പങ്കില്ലെന്നുമായിരുന്നു കെ ബാബുവിന്റെ വാദം. വീട്ടീല്‍ നിന്നു കണ്ടെത്തിയ പണം വീട്ടു ചെലവകള്‍ക്കായി താന്‍ മാറ്റിവെച്ച ഒന്നര ലക്ഷം രൂപ മാത്രമാണെന്നും കെ ബാബു പറഞ്ഞു. വെളിപ്പെടുത്താത്ത ഒരു സ്വത്തും തന്റെ പേരില്‍ ഇല്ലെന്നം കെ ബാബു പറഞ്ഞു.

Read More >>