കെ ബാബുവിന് ജേക്കബ് തോമസിന്റെ റെഡ് കാര്‍ഡ്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി മുന്‍ മന്ത്രിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

ഫൗള്‍ കാണിച്ചാല്‍ മഞ്ഞകാര്‍ഡ് കാണിക്കുമെന്നും, ഫലമില്ലെങ്കില്‍ ചുവപ്പ് കാര്‍ഡ് ഉയര്‍ത്തുമെന്നുമായിരുന്നു വിജിലന്‍സ് വകുപ്പിന്റെ ചുമതലയേറ്റ ശേഷം ഡിജിപി ജേക്കബ് തോമസിന്റെ പ്രതികരണം. മുന്‍മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവു കൂടിയായ കെ ബാബുവിന്റെ വീട്ടിലെ വിശദമായ വിജിലന്‍സ് റെയ്ഡിനെ റെഡ് കാര്‍ഡ് ആയി പരിഗണിക്കേണ്ടി വരും.

കെ ബാബുവിന് ജേക്കബ് തോമസിന്റെ റെഡ് കാര്‍ഡ്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി മുന്‍ മന്ത്രിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കൊച്ചി: ഒരു മുന്‍മന്ത്രിയുടെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് സംസ്ഥാനചരിത്രത്തില്‍ ഇതാദ്യമായാണ്. അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തതിന് പിന്നാലെയാണ് മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിന്റേയും മക്കളുടേയും സന്തത സഹചാരികളുടേയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്.  രാവിലെ ഏഴു മണിയോടെ ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു നിന്നു. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീടിനു പുറമെ പാലാരിവട്ടത്തും തൊടുപുഴയിലുമുള്ള പെണ്‍മക്കളുടെ വീടുകളിലും ആറു മണിക്കൂറോളം റെയ്ഡ് നടന്നു. ബാബുവിന്റെ സന്തത സഹചാരികളെന്നും ബിനാമികളെന്നും കരുതുന്ന തൃപ്പൂണിത്തുറ സ്വദേശികളായ മോഹനന്‍, ബാബുറാം എന്നിവരുടെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി.


കഴിഞ്ഞ ദിവസമാണ് ബാബുവിനേയും മറ്റു രണ്ട് പേരെയും പ്രതികളാക്കി അനധികൃത സ്വത്ത് സമ്പാദനത്തിന് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. എക്സൈസ് മന്ത്രിയായിരിക്കെ ബാബു നടത്തിയ ഇടപാടുകളും സ്വത്തുവിവരങ്ങളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. കെ ബാബു മന്ത്രിയായതിനു മുമ്പും ശേഷവും സ്വത്തിലുണ്ടായ വര്‍ദ്ധനയും വിജിലന്‍സ് പരിശോധിച്ചതായാണ് വിവരം. ബാബുവിന്റെ ബന്ധുക്കള്‍ അടുത്തിടെ വാങ്ങിയ വസ്തുക്കളുടെ രേഖകളും, പണത്തിന്റെ ഉറവിടവും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. പത്ത് സംഘങ്ങളായായിരുന്നു വിജിലന്‍സിന്റെ റെയ്ഡ്.

ബാബുറാം, മോഹനന്‍ എന്നിവരുടെ സ്വത്തുവകകളിലും വന്‍ വര്‍ധനയുണ്ടായെന്നാണ് വിജിലന്‍സിന് പ്രാഥമികമായി ലഭിച്ചിരിക്കുന്ന സൂചന. ബാബുവിന്റെ മകളുടെ ഭര്‍തൃപിതാവ് 45 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ വാങ്ങിയിരുന്നെന്നും ബാര്‍കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ കാര്‍ വിറ്റെന്നും കോടതിയില്‍ നല്‍കിയ വിജിലന്‍ലസ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയയുമായും ബേക്കറി ശൃഖലയുമായും ബാബുവിന് ബന്ധമുണ്ടെന്നതിനും വിവരം ലഭിച്ചതായി സൂചനയുണ്ട്. റെയ്ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

തൃപ്പൂണിത്തുറ പ്രതികരണവേദിയുള്‍പ്പെടെയുള്ള സംഘടനകളും വ്യക്തികളും കെ ബാബു സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നും അധികാരദുര്‍വിനിയോഗം നടത്തിയെന്നും ചൂണ്ടിക്കാട്ടി പാരാതികള്‍ നല്‍കിയിരുന്നു. അഞ്ച് കൊല്ലത്തെ ദുര്‍ഭരണം, അഴിമതി, ക്രമം വിട്ട നടപടികള്‍, നിക്ഷിപ്തതാത്പര്യം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ നേതാവ് വിഎം രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരും ബാബുവിനെതിരെ രംഗത്തെത്തിയിരുന്നു. ഈ പരാതികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

ഫൗള്‍ കാണിച്ചാല്‍ മഞ്ഞകാര്‍ഡ് കാണിക്കുമെന്നും ഫലമില്ലെങ്കില്‍ ചുവപ്പ് കാര്‍ഡ് ഉയര്‍ത്തുമെന്നുമായിരുന്നു വിജിലന്‍സ് വകുപ്പിന്റെ ചുമതലയേറ്റ ശേഷം ഡിജിപി ജേക്കബ് തോമസിന്റെ പ്രതികരണം. മുന്‍മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവു കൂടിയായ കെ ബാബുവിന്റെ വീട്ടിലെ വിശദമായ വിജിലന്‍സ് റെയ്ഡിനെ റെഡ് കാര്‍ഡ് ആയി പരിഗണിക്കേണ്ടി വരും.