മകള്‍ക്ക് വിവാഹ സമ്മാനമായി കെ ബാബു നല്‍കിയ ബെന്‍സ് കാറിന്റെ പണമടച്ചവരില്‍ ഒരു അബ്കാരിയും; ഇതുവരെ കണ്ടെടുത്തത് 300 പവനോളം സ്വര്‍ണ്ണം

ബാബുവിന്റെ ഇളയമകള്‍ ഐശ്വര്യയുടെ തമ്മനം യൂണിയന്‍ ബാങ്കിലെ ലോക്കറില്‍നിന്നും കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ 120 പവന്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. ഐശ്വര്യയുടെ പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ള ലോക്കറില്‍നിന്ന് കഴിഞ്ഞദിവസം 117 പവന്‍ സ്വര്‍ണം കണ്ടെടുത്തിരുന്നു.

മകള്‍ക്ക് വിവാഹ സമ്മാനമായി കെ ബാബു നല്‍കിയ ബെന്‍സ് കാറിന്റെ പണമടച്ചവരില്‍ ഒരു അബ്കാരിയും; ഇതുവരെ കണ്ടെടുത്തത് 300 പവനോളം സ്വര്‍ണ്ണം

മുന്‍മന്ത്രി കെ ബാബു മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ ബെന്‍സ് കാറിന്റെ വായ്പ കഴിച്ചുളള തുക അടച്ചു തീര്‍ത്തത് ഒരു അബ്കാരിയാണെന്ന് സൂചന. ദേശാഭിമാനിയാണ് ഇതുസംബന്ധിച്ചുള്ള വിവരം പുറത്തു വിട്ടിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിടുന്ന ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നാണ് സൂചനകള്‍.

2012ല്‍ മകള്‍ ആതിരയുടെ വിവാഹത്തിന് 45 ലക്ഷം രൂപയുടെ കെഎല്‍ 38ഡി-6005 നമ്പര്‍ രജിസ്ട്രേഷനിലുള്ള ബെന്‍സ് കാര്‍ മകളുടെ ഭര്‍ത്താവിന്റെ അച്ഛന്റെ പേരിലാണ് ബാബു വാങ്ങിക്കൊടുത്തത്. ഈ കാര്‍ ബാര്‍കോഴ ആരോപണം വന്നശേഷം മറിച്ചുവില്‍ക്കുകയായിരുന്നു. പരിശോധനയില്‍ കാറിന്റെ വായ്പകഴിച്ചുള്ള ആറുലക്ഷം രൂപ മറ്റൊരു അക്കൗണ്ടില്‍നിന്നാണ് അടച്ചതെന്ന് വിജിലന്‍സ് കണ്ടെത്തി. ഇത് ബാറുടമകളും ബാബുവും തമ്മിലുള്ള ബന്ധത്തിന്റെ ഉറച്ച തെളിവെന്നാണ് വിജിലന്‍സ് കരുതുന്നത്.


ബാബു വാങ്ങിയ കാറുകളുടെ വായ്പ കഴിച്ചുള്ള തുകയും വായ്പയുടെ തിരിച്ചടവുകളും വിജിലന്‍സ് പരിശോധിക്കുകയാണ്. വിവാഹത്തോട് അനുബന്ധിച്ച് ആതിരയുടെ പേരില്‍ ഏഴുലക്ഷത്തോളം രൂപ വിലയുള്ള നിസാന്‍ മൈക്ര എക്സ് പി പ്രീമിയം ബിഎസ് 4 കാറും ബാബു വാങ്ങിനല്‍കിയിരുന്നു. ഇളയ മകള്‍ ഐശ്വര്യയുടെ പേരില്‍ കെഎല്‍ 39ഒ-6996 ഐ ടെന്‍ കാറും ബാബുവിന്റെ പേരില്‍ ഒമ്പതുലക്ഷം രൂപയുടെ ടൊയോട്ട ഇന്നോവ കാറും ഉണ്ടായിരുന്നു.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബാബുവിന്റ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിൻ്റെ ഇതുവരെയുള്ള അന്വേഷണം പരിശോധിച്ചു. ഇതിനായി അന്വേഷണത്തിന് നേതൃത്വംനല്‍കുന്ന വിജിലന്‍സ് എസ്പി ശശിധരനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. തുടരന്വേഷണം സംബന്ധിച്ച നിര്‍ദേശവും ഡയറക്ടര്‍ നല്‍കിക്കഴിഞ്ഞുവെന്ന് സൂചനനയുണ്ട്.

ബാബുവിന്റെ ഇളയമകള്‍ ഐശ്വര്യയുടെ തമ്മനം യൂണിയന്‍ ബാങ്കിലെ ലോക്കറില്‍നിന്നും കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ 120 പവന്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. ഐശ്വര്യയുടെ പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ള ലോക്കറില്‍നിന്ന് കഴിഞ്ഞദിവസം 117 പവന്‍ സ്വര്‍ണം കണ്ടെടുത്തിരുന്നു. മൂത്തമകള്‍ ആതിരയുടെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെയും സിന്‍ഡിക്കറ്റ് ബാങ്കിന്റെയും തൊടുപുഴയിലെ ശാഖകളില്‍നിന്ന് 39 പവന്‍ സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ ഇതുവരെ 70 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 300 പവനോളം സ്വര്‍ണമാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്നലെ തൃപ്പൂണിത്തുറയിലെ ബാങ്കില്‍ ബാബുവിന്റെ പേരിലുള്ള ലോക്കറും വടക്കേകോട്ട എസ്ബിഐയില്‍ ബാബുവിന്റെ ഭാര്യയുടെ പേരിലുള്ള ലോക്കറും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍നിന്ന് നേരത്തെ 25 പവനോളം സ്വര്‍ണം വിജിലന്‍സ് കണ്ടെത്തിയിരുന്നു.

Read More >>