വെനസ്വേലന്‍ സര്‍ക്കാരിനെ അട്ടമറിക്കാന്‍ അമേരിക്ക ജനാധിപത്യ വിരുദ്ധമായി ശ്രമിക്കുന്നു: വെനസ്വേലന്‍ അംബാസിഡര്‍; നാരദാ ന്യൂസ് എക്‌സ്‌ക്ലൂസീവ്

വെനസ്വേലയില്‍ നടക്കാനിരിക്കുന്ന NAM (Non Aligned Movement) സമ്മേളനവും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ''അമേരിക്കയുടെ ശിങ്കിടികളുടെ'' ശ്രമങ്ങളും പശ്ചാത്തലമാക്കി, വെനസ്വേലയുടെ രാഷ്ട്രീയാവസ്ഥകളെക്കുറിച്ചും ലാറ്റിന്‍ അമേരിക്കയിലെ രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ചും അദ്ദേഹം നിധീഷ് ജെ വില്ലാട്ടുമായി സംസാരിക്കുന്നു.

വെനസ്വേലന്‍ സര്‍ക്കാരിനെ അട്ടമറിക്കാന്‍ അമേരിക്ക ജനാധിപത്യ വിരുദ്ധമായി ശ്രമിക്കുന്നു: വെനസ്വേലന്‍ അംബാസിഡര്‍; നാരദാ ന്യൂസ് എക്‌സ്‌ക്ലൂസീവ്

അക്കാദമിക് രംഗത്ത് നിന്നും രാഷ്ട്രീയ-പൊതുരംഗത്തേക്ക് വന്നയാളാണ് ഇന്ത്യയിലെ ബൊളീവിയന്‍ റിപ്പബ്ലിക് ഓഫ് വെനസ്വേല അംബാസിഡറായ അഗസ്റ്റോ മോണ്ടേല്‍ (54). സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് വെനസ്വേലയിലെ പബ്ലിക് മാനേജ്‌മെന്റ് പ്രൊഫസര്‍ ആയിരിക്കുമ്പോഴാണ് അദ്ദേഹം ''അമേരിക്കയുടെ സാമ്രാജ്യത്വരാഷ്ട്രീയത്തിന്റെ നിയന്ത്രണത്തില്‍'' നിന്നും ലാറ്റിന്‍ അമേരിക്കയെ മോചിപ്പിക്കാനുള്ള ആശയങ്ങളില്‍ ആകൃഷ്ടനാകുന്നത്. ഹ്യൂഗോ ഷാവേസ് പ്രസിഡന്റായിരിക്കുമ്പോള്‍ അദ്ദേഹം നാഷണല്‍ പാര്‍ലമെന്റിലേയ്ക്ക് ഉപ ആഭ്യന്തരമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. വെനസ്വേലയില്‍ നടക്കാനിരിക്കുന്ന NAM (Non Aligned Movement) സമ്മേളനവും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ''അമേരിക്കയുടെ ശിങ്കിടികളുടെ'' ശ്രമങ്ങളും പശ്ചാത്തലമാക്കി, വെനസ്വേലയുടെ രാഷ്ട്രീയാവസ്ഥകളെക്കുറിച്ചും ലാറ്റിന്‍ അമേരിക്കയിലെ രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ചും അദ്ദേഹം നിധീഷ് ജെ വില്ലാട്ടുമായി സംസാരിക്കുന്നു. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍:


വെനസ്വേലന്‍ സര്‍ക്കാര്‍ 2016 ആഗസ്റ്റ് 30 ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അമേരിക്കയുടെ പ്രേരണ വഴി ചിലര്‍ വെനസ്വേലയില്‍ അട്ടിമറി നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതായി വായിച്ചു. എന്താണ് സംഭവിക്കുന്നത്?

നിങ്ങള്‍ക്ക് കിട്ടിയ വിവരം ശരിയാണ്. വെനസ്വേലയിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ അമേരിക്ക ജനാധിപത്യവിരുദ്ധരുമായും മറ്റ് ആഗോള വലതുപക്ഷ ശക്തികളുമായും ഒത്തുചേര്‍ന്നിട്ടുണ്ട്. വെനസ്വേലയുടെ പരമാധികാരത്തിനെ ആക്രമിക്കുക വഴി, ബരാക് ഒബാമ നേതൃത്വം അന്താരാഷ്ട്രതീവ്രവാദി സംഘടനകളെപ്പോലെ പെരുമാറുന്നെന്ന് ഞാന്‍ പറയും.

തീവ്രവാദിസംഘടന... ഇത്ര കടുത്ത വാക്ക് എന്തിനാണ്? എന്ത് തരത്തിലുള്ള തീവ്രവാദത്തിലാണ് യുഎസ്എ ഉള്‍പ്പെട്ടിട്ടുള്ളത്?


സെപ്റ്റംബര്‍ 13 ന് ആരംഭിക്കാനിരിക്കുന്ന പതിനേഴാമത് NAM സമ്മേളനത്തിന് ആതിഥ്യം നല്‍കുന്നത് വെനസ്വേലയാണ്. ഞങ്ങളുടെ സര്‍ക്കാര്‍ അതിനുള്ള ഒരുക്കങ്ങളുമായി തിരക്കിലാണ്. അംഗരാജ്യങ്ങളില്‍ നിന്നുമുള്ള രാഷ്ട്രത്തലവന്മാര്‍ എല്ലാവരും സമ്മേളനത്തില്‍ പങ്കെടുക്കും. പക്ഷേ, യുഎസ്സും അവരുടെ വലതുപക്ഷ കൂട്ടാളികളും ശ്രമിക്കുന്നത് സമ്മേളനത്തിന് മുമ്പ് സര്‍ക്കാരിനെ അട്ടിമറിയ്ക്കാനാണ്. മാര്‍ച്ച് 4ന് ഒബാമ ഒരു എക്‌സിക്യൂട്ടിവ് ഓര്‍ഡര്‍ പുതുക്കിയത് വെനസ്വേലയെ ''അമേരിക്കന്‍ ഐക്യനാടുകളുടെ സുരക്ഷയ്ക്കും വിദേശനയങ്ങള്‍ക്കും അസ്വാഭാവികവും അസാധാരണവുമായ ഭീഷണി''യാണെന്നാണ്. അടുത്തിടെ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെ വക്താവ് ആയ ജോണ്‍ കിര്‍ബിയുടെ ധിക്കാരപരമായ പ്രസ്താവനകള്‍ ഞങ്ങള്‍ മുഴുവനായും നിഷേധിക്കുകയുണ്ടായി. ഞങ്ങളുടെ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാണിച്ചത് പോലെ, വെനസ്വേലയിലെ ജനാധിപത്യം അട്ടിമറിയ്ക്കുന്നതില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും നേരിട്ട് ഇടപെടുന്നുണ്ട്.

 Montiel-Venezuelan-Ambassedor-interview-1

ശരി. പക്ഷേ, ബരാക് ഒബാമയുടെ ഭരണകൂടം എന്ത് തരത്തിലുള്ള 'തീവ്രവാദപരമായ' പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചെന്നാണ് താങ്കള്‍ പറയുന്നത്?

യുഎസ് ലോകത്തിനോട് പറയാന്‍ ശ്രമിക്കുന്നത് വെനസ്വേല ജനാധിപത്യത്തിനെ ബഹുമാനിക്കുന്നില്ലെന്നാണ്. വെനസ്വേല മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നെന്ന ധാരണ സൃഷ്ടിക്കാനാണ് അവരുടെ ആവശ്യം. ഇറാഖിനെതിരായ യുഎസ് നേതൃത്വത്തിലുള്ള കടന്നുകയറ്റം ഓര്‍ക്കുന്നില്ലേ? ഇറാഖ് ആയുധങ്ങള്‍ ഒളിപ്പിച്ച് വച്ചിരിക്കുന്നെന്ന് യുഎസ് പരസ്യമായി പറഞ്ഞു. ഈ നുണ പരത്തി അവര്‍ ഇറാഖിലെ കടന്നുകയറ്റത്തിനുള്ള അനുമതി 'നിര്‍മ്മിക്കുകയായിരുന്നു'. പിന്നീട്, അവര്‍ ആരോപിക്കുന്നത് പോലെ ആയുധങ്ങളൊന്നും ഇറാഖില്‍ ഇല്ലെന്ന് തെളിഞ്ഞു. പക്ഷേ അപ്പോഴേയ്ക്കും, ആയിരക്കണക്കിന് നിരപരാധികള്‍  കൊല്ലപ്പെട്ടിരുന്നു. ആളുകള്‍ക്കൊപ്പം അവിടത്തെ മനോഹരമായ സംസ്‌കാരത്തേയും യുഎസ് കൊന്നു. യുഎസ്സിന്റെ ഒരു പതിവുതന്ത്രം എന്താണെന്നാല്‍ രാജ്യങ്ങളെ മനുഷ്യാവകാശലംഘകരായി മുദ്ര പതിപ്പിച്ച് ഒരു അട്ടിമറി ഉണ്ടാക്കുകയെന്നാണ്. അമേരിക്കയുടെ സാമ്രാജ്യത്വത്തിന്റെ താളത്തിന് തുള്ളാത്ത എല്ലാ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളേയും അടിച്ചമര്‍ത്താന്‍ അവര്‍ എല്ലാ വഴികളും ഉപയോഗിക്കും. വെനസ്വേലയിലെ എന്‍ജിഒകള്‍ക്ക് ഫണ്ട് ആയി കോടിക്കണക്കിന് ഡോളറാണ് അമേരിക്ക ഒഴുക്കുന്നത്. ഈ എന്‍ജിഒകള്‍ മനുഷ്യാവകാശലംഘനങ്ങളുടെ കള്ളക്കഥകള്‍ ഉണ്ടാക്കും. യഥാര്‍ഥത്തില്‍, ഈ എന്‍ജിഒകളിലെ ചിലര്‍ കുറ്റവാളിസംഘങ്ങള്‍ക്ക് ആയുധങ്ങളും യുദ്ധോപകരണങ്ങളും നല്‍കുന്നതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

താങ്കള്‍ പറയുന്നത് യുഎസ് 2002 ലെ വൃത്തികെട്ട അട്ടിമറി ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നെന്നാണോ?

കണിശമായും അതെ. അവര്‍ അതിനുള്ള അടിത്തറ പണിയുകയാണ്. സിഐഎ ഇതില്‍ ഊര്‍ജ്ജിതമായി പങ്ക് വഹിക്കുന്നുണ്ട്. അവര്‍ക്ക് സ്വയംഭരണാധികാരമുള്ള, സ്വാതന്ത്ര്യമുള്ള ലാറ്റിന്‍ അമേരിക്ക വേണ്ട. എല്ലാ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും അവരുടെ ശിങ്കിടികളെ പ്രതിഷ്ഠിക്കുകയാണവര്‍. വെനസ്വേലെയുക്കുറിച്ച് നുണകള്‍ പരത്താന്‍ അവര്‍ കോര്‍പ്പറേറ്റ് മീഡിയയെ നന്നായി ഉപയോഗിക്കുന്നുണ്ട്. സിഎന്‍എന്‍ പോലെയുള്ള മുന്‍നിര കോര്‍പറേറ്റ് മീഡിയ നീതിയുക്തമല്ലാത്ത ജേര്‍ണലിസത്തില്‍ പുതിയ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുകയാണ്. അവര്‍ റിപ്പോര്‍ട്ടുകളില്‍ മായം ചേര്‍ക്കുകയും കപടമായ മനുഷ്യാവകാശ എന്‍ജിഒകള്‍ അതിന് പരസ്യം നല്‍കുകയും ചെയ്യുന്നു. വെനസ്വേലയിലെ ജനങ്ങള്‍ക്കെതിരായ യുദ്ധത്തില്‍ വിവരങ്ങളാണ് യുഎസ് ആയുധമായി ഉപയോഗിക്കുന്നത്. വെനസ്വേലയിലെ കോര്‍പറേറ്റ് മീഡിയയും ആ യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ട്. വാര്‍ത്തകള്‍ വളച്ചൊടിക്കാന്‍ അവര്‍ യുഎസ് മീഡിയയുമായി മത്സരിക്കുന്നു.

 യുഎസ്സിന് വെനസ്വേലയോട് എന്താണ് അസ്വസ്ഥത?

കാരണം പ്രധാനമായും രാഷ്ട്രീയവും സാമ്പത്തികവുമാണ്. വെനസ്വേലയ്ക്ക് വലിയ എണ്ണശേഖരമുണ്ട്. പ്രസിഡന്റായതിന് ശേഷം ഷാവേസ് എണ്ണയുല്പാദനം ദേശസാല്‍കൃതമാക്കി. വെനസ്വേലയിലെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ തീരുമാനിച്ചത് ഞങ്ങളുടെ എണ്ണസമ്പത്ത് ഉപയോഗിക്കേണ്ടത് വെനസ്വേലയിലേയും മറ്റ് രാജ്യങ്ങളിലേയും പാവപ്പെട്ടവരുടെ കഷ്ടപ്പാടുകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയാണെന്നായിരുന്നു. ഞങ്ങള്‍ കരുതുന്നത് അന്താരാഷ്ട്ര സമാധാനത്തിനായി ആദ്യം വേണ്ടത് അന്താരാഷ്ട്ര ഐക്യം ആണെന്നാണ്. ഈ തത്വം അടിസ്ഥാനമാക്കി, ഇന്ത്യയുള്‍പ്പടെയുള്ള ലോകരാജ്യങ്ങളുമായി ചേര്‍ന്ന് ഞങ്ങള്‍ എണ്ണപര്യവേഷണ പ്രൊജക്റ്റുകള്‍ തുടങ്ങിയിട്ടുണ്ട്. ഞങ്ങള്‍ക്ക് എല്ലാ രാജ്യങ്ങളുമായി അവരെ ഭരിക്കാന്‍ പോകാതെ സഹകരിക്കാനാണ് ഇഷ്ടം. തിരിച്ചും ഞങ്ങള്‍ അത് പ്രതീക്ഷിക്കുന്നു. യുഎസ്സിലെ പാവപ്പെട്ടവര്‍ക്ക് ഞങ്ങള്‍ ഹീറ്റിങ് ഓയില്‍ സൗജന്യമായി കൊടുക്കുന്നുണ്ട്. ഞങ്ങളുടെ ദേശസാല്‍കൃത പ്രൊജക്റ്റ് കണ്ട് ഞങ്ങളുടെ എണ്ണസമ്പത്ത് നിയന്ത്രിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന യുഎസ് കോര്‍പറേറ്റുകള്‍ക്ക് ഭ്രാന്ത് പിടിച്ചു. ഈ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് യുഎസ് ഞങ്ങളുടെ സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നത്.

[caption id="attachment_40395" align="aligncenter" width="640"]മദുരോ വിരുദ്ധ പ്രക്ഷോഭത്തില്‍ നിന്ന് മദുരോ വിരുദ്ധ പ്രക്ഷോഭത്തില്‍ നിന്ന്[/caption]

താങ്കള്‍ പറയുന്നത് ശരിയായിരിക്കാം. പക്ഷേ, നിങ്ങളുടെ സര്‍ക്കാരില്‍ ജനങ്ങള്‍ മുഴുവനായും തൃപ്തരാണെന്ന് കരുതുന്നുണ്ടോ?

എണ്ണവിലയിലെ ഇടിവ് ഞങ്ങളുടെ സാമ്പദ്ഘടനയില്‍ കടുത്ത ആഘാതങ്ങള്‍ വരുത്തിയെന്നത് സത്യം തന്നെ. ഞങ്ങള്‍ സമ്പദ്ഘടന വൈവിധ്യമുള്ളതാക്കാന്‍ സത്യസന്ധമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പക്ഷേ, യുഎസ് തുറന്നുവിട്ട സാമ്പത്തിക യുദ്ധം ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ഞങ്ങളുടെ നാണയത്തിന്റെ വിലയിടിക്കാന്‍ യുഎസ് എല്ലാ വൃത്തികെട്ട കളികളും കളിക്കുന്നുണ്ട്. ഹോള്‍ സെയില്‍/റീട്ടേയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ഉപഭോക്തൃസാധനങ്ങളുടെ വലിയ പൂഴ്ത്തിവയ്പ്പ് നടക്കുന്നുണ്ടെന്ന് യുഎസ് ഉറപ്പാക്കുന്നു. യുഎസും ശിങ്കിടികളും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഈ വ്യാജപ്രതിസന്ധിയെ നേരിടാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്.

പക്ഷേ, പടിഞ്ഞാറന്‍ മീഡിയ പുറത്ത് വിടുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും കൂടുതല്‍ ആളുകള്‍ സര്‍ക്കാരിനെതിരെ തിരിയുന്നതാണല്ലോ?

ഞാന്‍ ആദ്യം പറഞ്ഞത് പോലെ, വെനസ്വേലയില്‍ സംഭവിക്കുന്നതിനെക്കുറിച്ചുള്ള വഴിതെറ്റിച്ച് വിട്ട വിവരങ്ങളാണ് ലോകം ശ്രവിക്കുന്നത്. ഇത് മുഴുവനായും ഏകപക്ഷീയമായ ചിത്രമാണ്. വെനസ്വേലയിലെ പാവപ്പെട്ടവര്‍ സമരം ചെയ്യുന്നില്ല. പ്രക്ഷോഭത്തില്‍ ഏര്‍പ്പെടുന്നവര്‍ വെനസ്വേലയിലെ മേല്‍ത്തട്ടുകാരാണ്. പാവപ്പെട്ടവര്‍ സര്‍ക്കാരിനൊപ്പമാണ്. പക്ഷേ, പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ അത് വിട്ടുകളയുന്നു. മുമ്പ്, പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള ഞങ്ങളുടെ നടപടികളുടെ വിജയം അവര്‍ കണ്ടില്ലെന്ന് നടിച്ചു. 15 വര്‍ഷമല്ല, എട്ട് വര്‍ഷം  കൊണ്ട് യു എന്‍ മുന്നോട്ട് വച്ച മിലേനിയം വികസന ലക്ഷ്യങ്ങള്‍ നേടിയെടുത്തു വെനേസ്വല. ഇത്തരം തിളക്കമുള്ള നേട്ടങ്ങളെല്ലാം മുഴുവനായും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

 അപ്പോള്‍ അട്ടിമറി ശ്രമങ്ങള്‍ മറികടക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പാണോ?

അതെ. കാരണം ജനങ്ങളില്‍ ഭൂരിഭാഗവും ഞങ്ങള്‍ക്കൊപ്പമാണ്.

Read More >>