ബാങ്കുവിളിയെ മോശമായി ചിത്രീകരിച്ച ബാലകൃഷ്ണപിള്ള സ്വതന്ത്രന്‍; മാനദണ്ഡം പറഞ്ഞ തനിക്കെതിരെ കേസ്: വെള്ളാപ്പള്ളി

പിള്ള മുസ്ലീം സമുദായത്തിന്റെ ബാങ്കുവിളിയെ മോശമായി ചിത്രീകരിച്ചു. തുടര്‍ന്ന് പ്രതിഷേധിച്ചപ്പോള്‍ ക്ഷമ പറഞ്ഞു. എന്നാല്‍ താന്‍ മാനദണ്ഡം മാത്രം വേണമെന്ന് പറഞ്ഞപ്പോള്‍ സുധീരന്‍ കത്ത് കൊടുത്ത് കേസാക്കി. പിള്ള വിഷയത്തില്‍ സര്‍ക്കാര്‍ കേസെടുക്കാന്‍ തയ്യാറായതുമില്ല- വെള്ളാപ്പള്ളി പറഞ്ഞു.

ബാങ്കുവിളിയെ മോശമായി ചിത്രീകരിച്ച ബാലകൃഷ്ണപിള്ള സ്വതന്ത്രന്‍; മാനദണ്ഡം പറഞ്ഞ തനിക്കെതിരെ കേസ്: വെള്ളാപ്പള്ളി

സമദ് പുന്നല

വിവാദപ്രസംഗം നടത്തിയ ആര്‍ ബാലകൃഷ്ണപിള്ളയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍. പത്തനാപുരത്തെ എസ്എന്‍ഡിപി യൂണിയന്‍ യോഗത്തിന് ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിള്ളക്കും തനിക്കും രണ്ട് നീതിയാണ് കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.

പിള്ള മുസ്ലീം സമുദായത്തിന്റെ ബാങ്കുവിളിയെ മോശമായി ചിത്രീകരിച്ചു. തുടര്‍ന്ന് പ്രതിഷേധിച്ചപ്പോള്‍ ക്ഷമ പറഞ്ഞു. എന്നാല്‍ താന്‍ മാനദണ്ഡം മാത്രം വേണമെന്ന് പറഞ്ഞപ്പോള്‍ സുധീരന്‍ കത്ത് കൊടുത്ത് കേസാക്കി. പിള്ള വിഷയത്തില്‍ സര്‍ക്കാര്‍ കേസെടുക്കാന്‍ തയ്യാറായതുമില്ല- വെള്ളാപ്പള്ളി പറഞ്ഞു. അഴിമതി കേസില്‍ എസ്എന്‍ഡിപി മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് കെഎം സന്തോഷ് കുമാര്‍ അറസ്റ്റിലായ സംഭവത്തിന് കാരണം ശാഖയില്‍ തന്നെയുള്ള ചില കുടിപ്പകകളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.


രണ്ട് തവണ കേസ് അന്വേഷിച്ചു സന്തോഷ് നിരപരാധിയാണെന്ന് തെളിഞ്ഞ് വിട്ടയച്ചതാണ്. മുന്‍ പ്രസിഡന്റും ചിലയാളുകളുമാണ് ഇപ്പോഴത്തെ കേസിനു പിന്നിലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ സ്‌കൂളും കോളേജും സര്‍ക്കാരിന് വിട്ടു നല്‍കാന്‍ തയ്യാറാണെന്നും അവിടെ പിഎസ്സി നിയമനം നടത്തുന്നതില്‍ സന്തോഷമേയുള്ളുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെറിയൊരു ചതിക്കുഴിയാണ്. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം ഒളിച്ചോട്ടമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സ്ത്രീവിഷയത്തില്‍ തീരുമാനം സുപ്രീകോടതി പറയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ക്ഷേത്രപരിസരത്തെ
ആര്‍എസ്എസിന്റെ ശാഖ നടത്തിപ്പിനെ പറ്റി ചര്‍ച്ച ചെയ്യേണ്ടത് ദേവസ്വം ബോര്‍ഡും രാഷ്ട്രീയക്കാരുമാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിചേര്‍ത്തു.