കേരളത്തിന് ഒരു മുഖ്യമന്ത്രി ഉണ്ടായത് പിണറായി വന്നപ്പോഴാണെന്ന് വെള്ളാപ്പള്ളി; നമ്പൂതിരി മുതല്‍ നായാടിയെ വരെ ഒന്നിപ്പിച്ചിട്ട് മറുകണ്ടം ചാടി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി

എന്‍ഡിഎ ഘടക കക്ഷിയെന്ന നിലയില്‍ ബിഡിജെഎസിന് കേന്ദ്ര ബോര്‍ഡുകളില്‍ നല്‍കുമെന്ന് പറഞ്ഞിരുന്ന സ്ഥാനങ്ങള്‍ ലഭിക്കുന്നതിനുള്ള കാലതാമസം ബിഡിജെഎസിനെ പൊതുജനങ്ങള്‍ക്കിടയില്‍ കഴുതയായി ചിത്രീകരിക്കുന്നതിന് കാരണമായെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

കേരളത്തിന് ഒരു മുഖ്യമന്ത്രി ഉണ്ടായത് പിണറായി വന്നപ്പോഴാണെന്ന് വെള്ളാപ്പള്ളി; നമ്പൂതിരി മുതല്‍ നായാടിയെ വരെ ഒന്നിപ്പിച്ചിട്ട് മറുകണ്ടം ചാടി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സമീപനത്തില്‍ അതൃപ്തിയുമായി ബിഡിജെഎസ് അണികള്‍ അതൃപ്തരാണെന്ന വാദവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം കോഴിക്കോട്ട് നടക്കുന്നതിനിടയിലാണ് പ്രസ്താവനയുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്. പിണറായി വിജയന്‍ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയാണെന്നും ഇപ്പോഴാണ് കേരളത്തിന് മുഖ്യമന്ത്രി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും രാഷ്ട്രീയ സന്ദര്‍ശനമല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തുവെങ്കിലും എസ്എന്‍ഡിപിയോഗം ബിജെപിയില്‍ നിന്നും അകലുന്നതിന്റെ സൂചനയാണിതെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.


എന്‍ഡിഎ ഘടക കക്ഷിയെന്ന നിലയില്‍ ബിഡിജെഎസിന് കേന്ദ്ര ബോര്‍ഡുകളില്‍ നല്‍കുമെന്ന് പറഞ്ഞിരുന്ന സ്ഥാനങ്ങള്‍ ലഭിക്കുന്നതിനുള്ള കാലതാമസം ബിഡിജെഎസിനെ പൊതുജനങ്ങള്‍ക്കിടയില്‍ കഴുതയായി ചിത്രീകരിക്കുന്നതിന് കാരണമായെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുമായി അഭിപ്രായ വ്യത്യാസമോ തര്‍ക്കമോയില്ലെന്നാണ് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പള്ളി വ്യക്തമാക്കുന്നത്. കണിച്ചു കുളങ്ങരയില്‍ നടന്ന ബിഡിജെഎസ് സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് തുഷാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ആരംഭിക്കാനിരിക്കെ ബിഡിജെഎസ് തിടുക്കപ്പെട്ട് സംസ്ഥാന സമിതി യോഗം ചേര്‍ന്നത് ബിജെപിയുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണെന്നാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.

ബിഡിജെഎസ് സംസ്ഥാന സമിതി യോഗത്തിനുശേഷം വെള്ളാപ്പള്ളിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് തുഷാര്‍ പറഞ്ഞത്. പാര്‍ട്ടിക്ക് ലഭിച്ച വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നതില്‍ സ്വാഭാവികമായ കാലതാമസം മാത്രമാണുണ്ടാവുന്നതെന്നാണ് തുഷാറിന്റെ വാദം. ബിജെപിയുമായി നല്ല ബന്ധമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേരിടാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ ബിഡിജെഎസ് നേതൃത്വത്തിനു നല്‍കിയ ഉറപ്പനുസരിച്ചുള്ള പ്രഖ്യാപനം ഇന്നോ നാളെയോ കോഴിക്കോട്ടു നടത്തണമെന്നും ബിജെപി സംസ്ഥാന നേതൃത്വം അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായുള്ള അകല്‍ച്ച എസ്എന്‍ഡിപി യോഗം വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ അത് യോഗം പ്രവര്‍ത്തകരുടെ വികാരമായിരിക്കും. കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങുന്നില്ലെന്ന് ഒരു വിഭാരം പ്രവര്‍ത്തകര്‍ക്ക് അഭിപ്രായമുണ്ട്- തുഷാര്‍ പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ മൂന്നാം വര്‍ഷത്തിലേക്കു കടന്നെങ്കിലും കേരളത്തിലെ ബിജെപി നേതൃത്വത്തിനു കാര്യമായ പ്രയോജനമൊന്നും കിട്ടിയിട്ടില്ല. ലോക്സഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ട റിച്ചാര്‍ഡ് ഹേയും രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ട സുരേഷ് ഗോപിയും എംപിമാരായ ശേഷമാണു പാര്‍ട്ടിയില്‍ ചേര്‍ന്നത്. കേരളത്തില്‍ ബിജെപിക്കുവേണ്ടി ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന നേതാക്കളോടാണു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത അവഗണയാണുള്ളത്.

ബിഡിജെഎസിനു നല്‍കിയതിനേക്കാള്‍ മുന്‍പു കേന്ദ്ര നേതൃത്വം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണു കേരളത്തിലെ ബിജെപി നേതാക്കളും. കേന്ദ്രവുമായി ബന്ധപ്പെട്ട വിവിധ ബോര്‍ഡുകളില്‍ സ്ഥാനം കാത്തിരിക്കുന്നവരാണ് കേരളത്തിലെ ബിജെപി നേതാക്കളില്‍ അധികവും. എന്നാല്‍ കേന്ദ്രം ഇതി പരിഗണിക്കാത്തതില്‍ ബിജെപി നേതാക്കള്‍ക്ക് ചെറുതല്ലാത്ത അമര്‍ഷമുണ്ട്. അതുകൊണ്ടു തന്നെ ബിഡിജെഎസിനേക്കാള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അവഗണനയ്ക്ക് ഇരയാകുന്നബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കൂടി അമര്‍ഷമാണു വെള്ളാപ്പള്ളി പ്രകടിപ്പിച്ചതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

കേരളത്തിലെ എന്‍ഡിഎ സഖ്യത്തെ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളാ കോണ്‍ഗ്രസ് (എം) അടക്കമുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടക്കുന്ന വേളയിലാണ് ബിഡിജെഎസ് ഇടയുന്നതെന്നത് ബിജെപിക്ക് ക്ഷീണമുണ്ടാക്കാനിടയുണ്ട്. എന്നാല്‍ ബിഡിജെഎസിന്റേത് രാഷ്ട്രീയ പക്വതയില്ലായ്മയാണെന്നാണ് ബിജെപി നേതാക്കള്‍ക്ക് പരക്കെയുള്ള അഭിപ്രായം.

ഒരേ വിഷയത്തില്‍ ബിഡിജെഎസിലെ നേതാക്കളുടെ വിരുദ്ധാഭിപ്രായം പാര്‍ട്ടിയിലെതന്നെ അസ്വാരസ്യങ്ങളാണ് വെളിവാക്കുന്നത്. ബിഡിജെഎസില്‍നിന്നും ഒരാളെ സ്ഥാനമാനങ്ങള്‍ക്കായി പരിഗണിക്കുമ്പോള്‍ ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കാവും മുന്‍ഗണന. നേരത്തെ രാജ്യസഭാംഗത്വവും ബോര്‍ഡ് അദ്ധ്യക്ഷ സ്ഥാനങ്ങളുള്‍പ്പെടെ പതിനഞ്ചിലേറെയിടങ്ങളില്‍ പാര്‍ട്ടിക്ക് പ്രാധിനിത്യം നല്‍കണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടിരുന്നു.

മൈക്രോ ഫിനാന്‍സ് കേസിന്റെ പേരില്‍ ബിഡിജെഎസ് ഇടതുപക്ഷവുമായി മൃദു സമീപനമാണ് പുലര്‍ത്തുന്നത്. എസ്എന്‍ഡിപി യോഗം ചതയദിനാഘോഷത്തിന് ബിജെപി നേതാക്കളെ ക്ഷണിച്ചിരുന്നില്ല. പകരം സിപിഐഎം നേതാക്കളെയാണ് ക്ഷണിച്ചത്. ഇതും യോഗത്തിന്റെ സിപിഐഎം പ്രീണനത്തിന്റെ ഭാഗമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.