വെള്ളാപ്പള്ളി പേരുദോഷമുണ്ടാക്കുമോ എന്നു ഭയന്ന് ബിജെപി; പ്രതീക്ഷകളെല്ലാം തെറ്റി വെള്ളാപ്പള്ളിയും തുഷാറും

പ്രധാനമന്ത്രിയേയും അമിത് ഷായേയും കാണുക എന്ന ഉദേശത്തോടെ തിരുവോണത്തിന് രണ്ടു ദിവസം മുമ്പ് വെള്ളാപ്പള്ളിയും ഭാര്യയും ഡല്‍ഹിയിലെത്തിയിരുന്നുവെങ്കിലും കൂടിക്കാഴ്ച തരപ്പെട്ടില്ല. ബിജെപിയുടെ ഈ അവഗണന വെള്ളാപ്പള്ളിയെ ഏറെ അസ്വസ്ഥനാക്കി.

വെള്ളാപ്പള്ളി പേരുദോഷമുണ്ടാക്കുമോ എന്നു ഭയന്ന് ബിജെപി; പ്രതീക്ഷകളെല്ലാം തെറ്റി വെള്ളാപ്പള്ളിയും തുഷാറും

നാരദ ഡൽഹി ഡസ്ക്

ന്യൂഡല്‍ഹി:  മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ വെള്ളപ്പള്ളിയുമായുള്ള ബന്ധത്തിൽ ബിജെപി കരുതലെടുക്കുന്നു.  ഇക്കാര്യം  പ്രധാനമന്ത്രി  നരേന്ദ്ര മോദി തന്നെ പാര്‍ട്ടിക്കു നിർദ്ദേശം നൽകിയതായാണു വിവരം.  തട്ടിപ്പില്‍ വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോർട്ടു കിട്ടിയതോടെ വെളളാപ്പളളിയെ ഏതാണ്ട് തഴഞ്ഞ മട്ടിലാണ് ബിജെപി കേന്ദ്ര നേതൃത്വം.


പ്രധാനമന്ത്രിയേയും അമിത് ഷായേയും കാണുക എന്ന ഉദേശത്തോടെ തിരുവോണത്തിന് രണ്ടു ദിവസം മുമ്പ് വെള്ളാപ്പള്ളിയും ഭാര്യയും ഡല്‍ഹിയിലെത്തിയിരുന്നുവെങ്കിലും കൂടിക്കാഴ്ച തരപ്പെട്ടില്ല. രണ്ടാം നിര നേതാക്കളെ കാണാനായിരുന്നു ബിജെപിയുടെ നിർദ്ദേശം. പക്ഷേ, അവരാരും വെളളാപ്പളളിയെ ചെന്നു കാണാൻ തയ്യാറായില്ല. വേണമെങ്കിൽ തങ്ങളെ വന്നു കണ്ടോളൂ എന്ന മട്ടിലായിരുന്നു അവരും. ഏറെ നിരാശയോടെയാണ് വെള്ളാപ്പള്ളി ഡല്‍ഹിയിൽ നിന്നു മടങ്ങിയത്. ബിജെപിയുടെ ഈ അവഗണന വെള്ളാപ്പള്ളിയെ ഏറെ അസ്വസ്ഥനാക്കിയിട്ടുണ്ട്.

കേന്ദ്രഭരണകക്ഷിക്കൊപ്പം  നിന്നാല്‍ കിട്ടുന്ന പദവികളാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രേരിപ്പിച്ചത്. തെരെഞ്ഞെടുപ്പുകളില്‍ തിരിച്ചടിയേറ്റതിന് പിന്നാലെ മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ കിട്ടാതെ പോയതും ഇപ്പോള്‍ വെള്ളാപ്പള്ളിയെ ചെറുതൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. മൈക്രോഫിനാന്‍സ് തട്ടിപ്പുള്‍പ്പെടെയുള്ള കേസുകള്‍ നിലവിലുള്ളതിനാല്‍ വെള്ളാപ്പള്ളിയെ പരിധിക്കപ്പുറം അടുപ്പിക്കുന്നത് ദോഷമാണെന്ന വിലയിരുത്തലാണ് ബിജെപി കേന്ദ്രനേതൃത്വത്തിനുള്ളത്.

മകനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭയിലെത്തിച്ച് കേന്ദ്രമന്ത്രി പദവി നേടിയെടുക്കാമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ലക്ഷ്യം. ഇതിനോട് തണുപ്പന്‍ നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിച്ചത്. ക്യാബിനറ്റ് പദവിയോടെ ദേശീയ പിന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം വെള്ളാപ്പള്ളി ആഗ്രഹിച്ചെങ്കിലും അക്കാര്യത്തിലും തീരുമാനമുണ്ടായില്ല. ഒടുവില്‍ ഭാര്യ പ്രീതി നടേശനെ ദേശീയ വനിതാകമ്മിഷന്‍ അംഗമാക്കാനുള്ള ശ്രമവും വിഫലമായപ്പോഴാണ് ബിജെപിയുമായുള്ള ബന്ധത്തില്‍ വെള്ളാപ്പള്ളി അസ്വസ്ഥനാകുന്നത്.

മുമ്പ് ആദായനികുതി വകുപ്പും വെള്ളാപ്പള്ളിയെക്കെതിരെ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്താല്‍ നടപടിയൊന്നും ഉണ്ടായില്ല. കോളജ് നടത്തിപ്പും അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വെള്ളാപ്പള്ളിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഒരു വശത്തുണ്ട്.

Read More >>