മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യ സമരസേനാനിയാണ് വാമനനെന്ന ശശികലയുടെ പ്രസ്താവന; കുമ്മനം നിലപാട് വ്യക്തമാക്കണമെന്ന് വിഡി സതീശന്‍

സംഘപരിവാര്‍ മുന്നോട്ടു വയ്ക്കുന്ന സവര്‍ണ്ണ രാഷ്ട്രീയം ജനങ്ങളുടെ മനസ്സിലേക്ക് കടത്തി വിടുന്നതിനുള്ള ഗൂഡാലോചനയാണ് ഈ പ്രസ്താവനയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യ സമരസേനാനിയാണ് വാമനനെന്ന ശശികലയുടെ പ്രസ്താവന; കുമ്മനം നിലപാട് വ്യക്തമാക്കണമെന്ന് വിഡി സതീശന്‍

മുതലാളിത്ത വ്യവസ്ഥിതിയുടെ പ്രതീകമായ മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യ സമരസേനാനിയാണ് വാമനനെന്ന ഹിന്ദു ഐക്യ വേദി സംസ്ഥാന പ്രസിഡന്റ് ശശികലയുടെ പ്രസ്താവനയ്‌ക്കെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ രംഗത്ത്. സംഘപരിവാര്‍ മുന്നോട്ടു വയ്ക്കുന്ന സവര്‍ണ്ണ രാഷ്ട്രീയം ജനങ്ങളുടെ മനസ്സിലേക്ക് കടത്തി വിടുന്നതിനുള്ള ഗൂഡാലോചനയാണ് ഈ പ്രസ്താവനയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം സംഘടനയുടെ പ്രസിഡന്റ് പറയുന്നതിനോട് ജനറല്‍ സെക്രട്ടറിയായ കുമ്മനം രാജശേഖരന്‍ യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി.യുടെ രാഷ്ട്രീയത്തെ നേരിട്ട് നിയന്ത്രിക്കുന്ന സംഘടന കൂടെയാണ് ഹിന്ദു ഐക്യ വേദി. ബിജെപിയുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുക്കുന്നതിനായിട്ടാണ് സംസ്ഥാന നേതാക്കന്മാരുടെ എതിര്‍പ്പ് പോലും അവഗണിച്ചു ബിജെപി കേന്ദ്രനേതൃത്വം ഹിന്ദു ഐക്യ വേദിയുടെ നേതാവായ കുമ്മനം രാജശേഖരനെ ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് അവരോധിച്ചത്. മതങ്ങള്‍ക്കും ജാതികള്‍ക്കുമെല്ലാം അപ്പുറത്ത് മലയാളി എന്ന വികാരത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഈ നിലപാടിനോട് 'കുമ്മനം' എന്ന ഹിന്ദു ഐക്യ വേദി ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായവും ബി.ജെ.പി.യുടെ സംസ്ഥാന അദ്ധ്യക്ഷന്‍ 'രാജശേഖരന്റെ' അഭിപ്രായവും ഒന്നാണോ എന്ന് മലയാളിക്ക് അറിയാന്‍ അവകാശമുണ്ടെന്നും വിഡി സതീശന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Read More >>