വയനാട്ടിലെ ആയുര്‍വേദ യോഗ വില്ല ആദായ നികുതിയിനത്തിലും വന്‍ വെട്ടിപ്പ് നടത്തി; പരിശോധന നടത്തിയ ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥനെ സ്വാധീനിച്ചതായി മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍; ഫോണ്

പരാതിയെത്തുടര്‍ന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ആദായ നികുതി കോഴിക്കോട് റീജ്യണിലെ ഇന്റലിജന്‍സ് വിഭാഗം മേധാവിയായ അബ്ദുല്‍ റസാഖിന് കൈക്കൂലി നല്‍കിയാണ് കേസ് ഒതുക്കിയതെന്ന് യോഗവില്ലയിലെ മുന്‍ജീവനക്കാരന്‍ ബിനീഷ് വെളിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം നാരദന്യൂസിന് ലഭിച്ചു.

വയനാട്ടിലെ ആയുര്‍വേദ യോഗ വില്ല ആദായ നികുതിയിനത്തിലും വന്‍ വെട്ടിപ്പ് നടത്തി; പരിശോധന നടത്തിയ ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥനെ സ്വാധീനിച്ചതായി മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍; ഫോണ്

കോഴിക്കോട്: വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ യോഗ വില്ല ആദായ നികുതിയിനത്തിലും വന്‍ വെട്ടിപ്പ് നടത്തിയതിന് തെളിവ്. പരാതിയെത്തുടര്‍ന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ആദായ നികുതി കോഴിക്കോട് റീജ്യണിലെ ഇന്റലിജന്‍സ് വിഭാഗം മേധാവിയായ അബ്ദുല്‍ റസാഖിന് കൈക്കൂലി നല്‍കിയാണ് കേസ് ഒതുക്കിയതെന്ന് യോഗവില്ലയിലെ മുന്‍ജീവനക്കാരന്‍ ബിനീഷ് വെളിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം നാരദന്യൂസിന് ലഭിച്ചു. അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥാപനത്തില്‍ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയതോടെയാണ് കൈക്കൂലി നല്‍കി ഇയാളെയും യോഗവില്ല ഉടമ അജയകുമാറിന്റെ നേതൃത്വത്തില്‍ സ്വാധീനിച്ചതെന്ന് ബിനീഷ് ആരോപിക്കുന്നു.


നികുതിയിനത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒന്നര കോടി രൂപ പിഴയിട്ടിരുന്നു. എന്നാല്‍ ഇത് അടയ്ക്കാതെ അബ്ദുല്‍ റസാഖിന് ആദ്യഘട്ടത്തില്‍ പതിനായിരം രൂപ കൈക്കൂലിയായി നല്‍കിയത് താനായിരുന്നെന്ന് യോഗവില്ല മുന്‍ ജീവനക്കാരന്‍ പറയുന്നു. പിന്നീട് ഇദ്ദേഹത്തിന് പലതവണ പണം നല്‍കിയിട്ടുണ്ട്. ആയുര്‍വേദ യോഗവില്ല ആശുപത്രിയല്ല, മറിച്ച് റിസോര്‍ട്ടാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതിയിട്ടത്. അബ്ദുല്‍ റസാഖുമായി താന്‍ പലതവണ സംസാരിച്ചിട്ടുണ്ട്. വിദേശികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ലക്ഷ്വറി ആയുര്‍വേദ ആശുപത്രിയില്‍ പ്രതിദിനം ലക്ഷങ്ങളുടെ വരുമാനമുണ്ട്. നൂറിലധികം ജീവനക്കാരുള്ള ഇവിടെ കേവലം പതിനെട്ട് പേര്‍ക്ക് മാത്രമാണ് പിഎഫ് അടയ്ക്കുന്നത്. ഇവിടെ ചികിത്സയ്ക്കെത്തുന്ന വിദേശികള്‍ക്ക് ക്യാമ്പസിലെ ജൈവ പച്ചക്കറികൊണ്ടുള്ള വിഭവം എന്ന പേരില്‍ മൈസൂരില്‍ നിന്ന് കൊണ്ടുവരുന്ന രാസവളം ഉപയോഗിച്ചുള്ള പച്ചക്കറിയാണ് ഉപയോഗിക്കുന്നതെന്നും ജീവനക്കാരന്‍ വ്യക്തമാക്കുന്നു. ഇവിടെയുള്ള പോളിഫാമില്‍ പച്ചക്കറി കാര്യമായില്ല. അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തില്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ വില്ലയിലെ പ്രധാന മുറികളൊന്നും കാണിച്ചിരുന്നില്ല. ഇവിടെ ജോലി ചെയ്യുന്ന കളരി ഗുരുക്കന്‍മാരുള്‍പ്പെടെ വ്യാജന്‍മാരാണ്. വിദഗ്ധ ഡോക്ടര്‍മാര്‍പോലുമില്ലെന്നും അദേഹം പറയുന്നുണ്ട്.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന യോഗവില്ലയ്ക്ക് ലൈസന്‍സ് നല്‍കാന്‍ തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ഭയമായിരുന്നെന്നും നാല്‍പ്പത്തഞ്ച് മിനിറ്റിലധികം വരുന്ന ഫോണ്‍ സന്ദേശത്തിലുണ്ട്. കബനിയുടെ തീരത്ത് കുറുവാദ്വീപിനോട് ചേര്‍ന്ന് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ യോഗാ വില്ലയില്‍ വയനാട് സബ് കളക്ടര്‍ സാംബശിവ റാവുവും കുടുംബവും കര്‍ക്കടക മാസത്തില്‍ സുഖചികിത്സ  നടത്തിയതിന്റെ തെളിവുകള്‍ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു.  റിസോര്‍ട്ടിനുള്ള അനുമതിയുടെ മറവില്‍ ആയുര്‍വേദ ആശുപത്രിയായി പ്രവര്‍ത്തിക്കുന്ന പാല്‍വെളിച്ചത്തെ ആയുര്‍വേദ യോഗവില്ല നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നതായി പ്രാഥമികാന്വേഷണത്തില്‍ ബോധ്യമായെന്നുള്ള തിരുനെല്ലി വില്ലേജ് ഓഫീസറുടെയും മാനന്തവാടി തഹസില്‍ദാറുടെയും റിപ്പോര്‍ട്ട് സബ് കളക്ടര്‍ക്ക് കൈമാറിയിരുന്നു. നടപടിയെടുക്കേണ്ട സബ് കളക്ടറാണ് യോഗ വില്ല അധികൃതരുടെ ആതിഥേയത്വം സ്വീകരിച്ച് കുടുംബസമേതം സുഖ ചികിത്സ നടത്തിയത്. സബ് കളക്ടര്‍ തന്റെ ഔദ്യോഗിക വാഹനത്തില്‍ വില്ലയിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ നാരദന്യൂസ് പുറത്തുവിട്ടിരുന്നു.

ആയുര്‍വേദ യോഗവില്ല മുന്‍ ജീവനക്കാരന്‍ ബിനീഷിന്റെ ഫോണ്‍സന്ദേശത്തിന്  ഇവിടെ ക്ലിക്ക് ചെയ്യുകRead More >>