വാമനൻ സ്വാതന്ത്ര്യ സമരസേനാനി തന്നെ; മഹാവിഷ്ണുവിനെ ക്വട്ടേഷൻ നേതാവായി ചിത്രീകരിക്കാൻ ശ്രമം; കെ പി ശശികല സംസാരിക്കുന്നു

''മഹാവിഷ്ണുവിനെ ഭൂമി തട്ടിയെടുത്ത ദുഷ്ടനായും ചതിയനായും ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവായും ചിത്രീകരിക്കുന്നതാണ് കേരളത്തില്‍ ഓണം. ഓണാഘോഷം പൂര്‍ണമാകമെങ്കില്‍ കേരളത്തില്‍ ഭഗവാനെ നാലു ചീത്ത വിളിക്കണം. നമ്മുടെ പാഠ പുസ്തകങ്ങളില്‍ വരെ ഇതു വന്നു. ഒരു ആഘോഷത്തില്‍ സ്വന്തം ദൈവത്തെ ചീത്ത പറയുന്ന ഒരു ജനതയും മതവും ലോകത്ത് വേറെയെവിടേയും കാണില്ല''

വാമനൻ സ്വാതന്ത്ര്യ സമരസേനാനി തന്നെ; മഹാവിഷ്ണുവിനെ ക്വട്ടേഷൻ നേതാവായി ചിത്രീകരിക്കാൻ ശ്രമം; കെ പി ശശികല സംസാരിക്കുന്നു

പാലക്കാട്: മഹാബലിയിൽ നിന്നു കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യ സമര സേനാനിയാണു വാമനൻ എന്ന  പരാമര്‍ശത്തില്‍ തന്നെ വിമര്‍ശിക്കുന്നവരെ വെല്ലുവിളിച്ചു ഹിന്ദു ഐക്യവേദി നേതാവ്  കെ പി ശശികല.  വിമർശിക്കുന്നവർ  കേരളവും മഹാബലിയും തമ്മിലുള്ള ബന്ധവും മഹാബലി പ്രജകളെ കാണാന്‍ വരം ചോദിച്ചെന്നു തെളിയിക്കുന്ന ഏതെങ്കിലും പുരാണമോ, പുരാണത്തിലോ പരാമര്‍ശമോ കൊണ്ടു വരാനാണ് ശശികലയുടെ വെല്ലുവിളി. ആരെങ്കിലും തെളിവു കൊണ്ടു വന്നാല്‍ താന്‍ ആരുടെ അടുത്ത് പോയി വേണമെങ്കിലും മാപ്പു പറയാന്‍ തയ്യാറാണെന്നും അവര്‍ നാരദാ ന്യൂസിനോട് പറഞ്ഞു.


നാലഞ്ചു വര്‍ഷമായി ഞാന്‍ പറഞ്ഞു കൊണ്ടിരുന്ന കാര്യം കേസരി വാരികയില്‍ വന്നപ്പോഴാണ് വിവാദമായത്. അതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് കേള്‍ക്കേണ്ടി വരുന്നത്. പഠിച്ചു മനസ്സിലാക്കിയ ശേഷമാണ് ഞാന്‍ പറയുന്നത്. ഈ വിഷയത്തില്‍ വി ടി ബല്‍റാം എംഎല്‍എ നേര്‍ക്കുനേര്‍ സംസാരിച്ചപ്പോഴും താന്‍ തെളിവ് കൊണ്ടു വരാന്‍ പറഞ്ഞു.  എന്റെ അച്ഛനും അമ്മയ്ക്കും പറഞ്ഞുവെന്നല്ലാതെ പുരാണത്തിലെ ഒരു തെളിവും കൊണ്ടു വരാന്‍ ബല്‍റാമിനായില്ല.

മഹാവിഷ്ണുവിനെ ഭൂമി തട്ടിയെടുത്ത ദുഷ്ടനായും ചതിയനായും ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവായും ചിത്രീകരിക്കുന്നതാണ് കേരളത്തില്‍ ഓണം. ഓണാഘോഷം പൂര്‍ണമാകമെങ്കില്‍ കേരളത്തില്‍ ഭഗവാനെ നാലു ചീത്ത വിളിക്കണം. നമ്മുടെ പാഠ പുസ്തകങ്ങളില്‍ വരെ ഇതു വന്നു.  ഒരാഘോഷത്തില്‍ സ്വന്തം ദൈവത്തെ ചീത്ത പറയുന്ന ഒരു ജനതയും മതവും ലോകത്ത് വേറെയെവിടേയും കാണില്ല.  ഭഗവാന്‍ അവതരിച്ച മുഹൂര്‍ത്തമാണ് തിരുവോണ നാള്‍. അതിന്റെ ആദ്യപാദമാണ് അഭിജിത് മുഹൂര്‍ത്തം. ആ ദിവസം വിജയ ദ്വാദശി കൂടിയാണ്. ചിങ്ങമാസത്തിലെ തിരുവോണവും ദ്വാദശിയും ഒത്തു ചേരുന്ന ദിവസമാണ് തിരുവോണമെന്നും  ശശികല  പറഞ്ഞു.

കേരളത്തില്‍ വാമനജയന്തി ഓണാഘോഷമായി മാറിയ ചരിത്രവും കെ ശശികല വിശദീകരിച്ചു.   കേരളത്തിലെ ഓണം എന്നു പറഞ്ഞാല്‍ തൃക്കാക്കരയിലെ അത്തം മുതല്‍ പത്തു ദിവസമാണ്.  അത്തത്തിനാണു തൃക്കാക്കരയില്‍ ഓണം കൊടിയേറുക. അപ്പോള്‍ ആ ആഘോഷമാണ് ഓണമായി കേരളം മുഴുവന്‍ ആഘോഷിക്കുന്നത്.

ഒരു കാലത്തു എല്ലാവരും തൃക്കാക്കരയപ്പനെ വന്നു കാണണമായിരുന്നുവത്രെ. അവിടെ ചെന്ന് ഓണം ആഘോഷിക്കണമെന്നും നിര്‍ബന്ധമുണ്ട്. പിന്നീട് ഏതോ ഒരു രാജാവ് ഈ രീതി വേണ്ടെന്നും എല്ലാവരും അവരവരുടെ വീടുകളില്‍ തൃക്കാക്കരയപ്പനെ വെച്ചു പൂജിച്ച് ഓണം ആഘോഷിച്ചാല്‍ മതിയെന്നും കൽപ്പന പുറപ്പെടുവിച്ചു. അതിനു വേണ്ടി തൃക്കാക്കരയപ്പനെ ഉണ്ടാക്കി വെച്ചാണ് ഓണം ആഘോഷിച്ചിരുന്നത്.

ഓണം എല്ലാവരും ശരിക്കും ആഘോഷിക്കുന്നുണ്ടോ എന്നറിയാന്‍ രാജാവിന്റെ കിങ്കരന്‍മാര്‍ വന്നു നോക്കുമായിരുന്നു. അതാണ് കഥയില്‍ ട്വിസ്റ്റ് ആയി മഹാബലി തമ്പുരാനായി മാറിയത്. മഹാബലിക്ക് തൃക്കാക്കരയില്‍ ഒരു സ്ഥാനം ഉണ്ടായിരുന്നതിനാല്‍ ഓണത്തിന് മാവേലി വരുന്ന കഥയും ഉണ്ടായി.

മഹാബലിക്ക് ഓണവുമായി ഒരു ബന്ധവുമില്ലെന്ന് ഉറപ്പാണോ?

തീര്‍ച്ചയായും. മഹാബലി കേരളം ഭരിച്ചതും വരം ചോദിച്ച് പ്രജകളെ കാണാന്‍ വന്നതൊന്നും ഭാഗവതത്തില്‍ പറയുന്നില്ല. ഭാഗവതത്തില്‍ എന്നല്ല ഒരു പുരാണത്തിലും പറയുന്നില്ല. മഹാബലി ഓണാഘോഷത്തില്‍ വന്നത് ചരിത്രപരമായ കാര്യമാണ്. ഓണാഘോഷം എവിടോയോ ട്വിസ്റ്റ് ചെയ്തു പോയി.

അപ്പോള്‍ ആരായിരുന്നു മഹാബലി ?

മഹാബലിക്കു കേരളവുമായി ബന്ധമില്ലെങ്കിലും ദേവലോകം വരെ തട്ടിയെടുത്ത ചക്രവര്‍ത്തിയായിരുന്നു. ബ്രാഹ്മണരാണു മഹാബലിയുടെ എല്ലാ ഐശ്വര്യത്തിനും കാരണമായത്. ദേവന്‍മാര്‍ വിശ്വജിത്ത് യാഗം വരെ നടത്തിക്കൊടുത്തു. ദേവന്‍മാര്‍ തന്നെ പറയുന്നുണ്ട്, നേരിട്ട് ഏറ്റുമുട്ടിയാല്‍ മഹാബലിയെ തോല്‍പ്പിക്കാനാവില്ലെന്ന്. അതുകൊണ്ടാണ് വാമനന്‍ ബ്രാഹ്മണ ബാലന്റെ വേഷത്തില്‍ മഹാബലിയുടെ അടുത്തു വന്നതും മൂന്നടി മണ്ണ് ചോദിച്ചതും. വാമനന്‍ ബ്രാഹ്മണ ബാലനായി ചെന്നത്  മഹാബലി ബ്രാഹ്മണരുടെ സഹായം സ്വീകരിച്ചിരുന്നതിനാലാണ്. ചവിട്ടി താഴ്ത്തപ്പെട്ട മഹാബലി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നില്ല.

മഹാബലിയുടെ ഭരണകാലം പാട്ടില്‍ പറയുന്ന പോലെ സമത്വ സുന്ദര ഐശ്വര്യപൂര്‍ണമായിരുന്നോ ?


മഹാബലി കേരളം ഭരിച്ചിട്ടില്ലല്ലോ. പിന്നെ ശ്രീരാമന്റെ രാമരാജ്യത്തില്‍ ഇതിനെക്കാള്‍ മനോഹരമായ ഭരണമായിരുന്നു.

ഇന്നലെ വാമനജയന്തി ആശംസിച്ച അമിത്ഷാ ഇന്ന് ഓണം ആശംസിച്ചല്ലോ. അമിത്ഷാ തെറ്റു തിരുത്തിയതാണോ?

അല്ല. വാമനജയന്തിയുടെ പ്രാദേശിക രൂപമാണല്ലോ കേരളത്തില്‍ ഓണം. പ്രാദേശിക ഉത്സവങ്ങള്‍ക്കും ദേശീയ നേതാക്കന്‍മാര്‍ ജനങ്ങളുടെ വികാരം മാനിച്ച് ആശംസകള്‍ നേരാറുണ്ട്. അതു കൊണ്ടാണ് അമിത്ഷാ ഓണാശംസ നേര്‍ന്നത്.

Read More >>