സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോയുടെ ഓണാശംസകളിലും വാമനനാണ് താരം

കേരള സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പ്പപറേഷന്റെ ആറ്റിങ്ങല്‍ ഓഫീസിനു മുന്നിലാണ് ആശംസകള്‍ പ്രത്യക്ഷപ്പെട്ടത്. ഓണത്തോടനുബന്ധിച്ച് വാമന ജയന്തി ആശംസകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉപയോഗിച്ച അതേ ചിത്രമാണ് സപ്ലൈകോ ആശംസകള്‍ക്കും ഉപയോഗിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോയുടെ ഓണാശംസകളിലും വാമനനാണ് താരം

സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈകോ) ഓണാശംസകളില്‍ വാമനനും ॐ (ഓം) ചിഹ്നവും. ഓണം ആഘോഷങ്ങള്‍ വാമനജയന്തിയുടെ ഭാഗമാണെന്ന സംഘപരിവാര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ വിവാദമായിരിക്കേയാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ വാമനനെ ഉയര്‍ത്തിക്കാട്ടി ഓണാശംസകള്‍ പ്രത്യക്ഷപ്പെട്ടത്. സപ്ലൈകോയുടെ ഈ 'വാമന ഓണാഘോഷ ആശംസക'ളും വിവാദമായിരിക്കുകയാണ്.

Supply Co 2കേരള സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പ്പപറേഷന്റെ ആറ്റിങ്ങല്‍ ഓഫീസിനു മുന്നിലാണ് ആശംസകള്‍ പ്രത്യക്ഷപ്പെട്ടത്. ഓണത്തോടനുബന്ധിച്ച് വാമന ജയന്തി ആശംസകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉപയോഗിച്ച അതേ ചിത്രമാണ് സപ്ലൈകോ ആശംസകള്‍ക്കും ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കൂട്ടത്തില്‍ ॐ (ഓം) ചിഹ്നവുമുണ്ട്. ഓണാഘോഷത്തെ ഹൈന്ദവ വത്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളുടെ ഭാഗമാണ് പ്രസ്തുത നീക്കമെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്.


ഇതിനെതിരെ സിപിഐ(എം) രംഗത്തെത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരിലുള്ള ഈ നീക്കത്തെ ഗൗരവത്തോടെ കാണേണ്ടതാണെന്നും കാലങ്ങളായി സര്‍വ്വ മതസ്തരും ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഓണം പോലുള്ള ആഘോഷങ്ങളെ തങ്ങളുടേതു മാത്രമാക്കി ചുരുക്കാൻ ശ്രമിക്കുന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഇത്തരം നീക്കങ്ങളെന്നും സിപിഐ(എം) ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി ആര്‍ രാമു പറഞ്ഞു. മഹാബലിയെ തള്ളി വാമനനെ ഏറ്റെടുത്ത് ഓണം ഒരു മതാഘോഷമാക്കി മാറ്റാന്‍ ശ്രമിക്കുന്നതിനു പിന്നിലെ ശക്തികളെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ജാതിമത വര്‍ണ്ണ വര്‍ഗ്ഗ ഭേദമന്യേ ഓണം ആഘോഷിക്കുന്നവരാണ് മലയാളികളെന്നും അവരുടെ ആഘോഷങ്ങളില്‍ വിഷം കലക്കാന്‍ ശ്രമിക്കരുതെന്നും ആറ്റിങ്ങല്‍ നഗരസഭാ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പ്രിന്‍സ്‌രാജ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനത്തിന്റെ പേരില്‍ ഇത്തരമൊരു നീക്കം നടന്നത് വളരെ ഗൗരവമുള്ള കാര്യമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More >>