വാമനജയന്തിയും ഓണാഘോഷവും

പരശുരാമക്ഷേത്രമായ കേരളത്തിലേക്ക് ഭാരതത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആചാര്യൻമാർ കുടിയേറിപ്പാർത്തു തുടങ്ങിയത് ക്രിസ്തുവർഷം അഞ്ചാം നൂറ്റാണ്ടിനടുത്താണെന്നും അവരിൽ നർമദാ തടത്തിൽ നിന്നും വന്നവർ ഇവിടെയും വാമനജയന്തി ആഘോഷിച്ചുതുടങ്ങിയതാവാമെന്നും ചില അഭിജ്ഞർ പറയുന്നു. പിൽക്കാലത്ത് പഞ്ഞമാസമായ കർക്കിടകത്തിന് ശേഷം വരുന്ന വിളവെടുപ്പുത്സവവും വാമനജയന്തിയും ഒന്നു ചേർത്ത് ഓണാഘോഷം തുടങ്ങിയിരിക്കാമെന്നുമാണ് ഇക്കൂട്ടർ അഭിപ്രായപ്പെടുന്നത്. മഹാബലി കേരളം കാണാൻ വരുന്നുവെന്നുള്ള കഥ ജനങ്ങളെയാകർഷിക്കാൻവേണ്ടി പിൽക്കാലത്ത് കൂട്ടിച്ചേർത്തതായിരിക്കാം.

വാമനജയന്തിയും ഓണാഘോഷവും

സന്തോഷ് സി പി

ഇന്ന് ചിങ്ങമാസത്തിലെ, ശുക്ലപക്ഷ ദ്വിതീയ, തിരുവോണ നക്ഷത്രം. വാമനാവതാര ദിനം. ശ്രീമദ് മഹാ ഭാഗവതം അഷ്ടമസ്‌കന്ധത്തിലാണ് വാമാനാവതാരത്തെപ്പറ്റി പ്രദിപാദിക്കുന്നത്.
ബ്രഹ്മാവിന്റെ പുത്രനായ കശ്യപപ്രജാപതിക്ക് ദിതി എന്ന പത്‌നിയിൽ ജനിച്ച കുലം ആണ് രാക്ഷസകുലം. അതിനാൽ രാക്ഷസരെ ദൈത്യർ എന്നും അറിയപ്പെടുന്നു. കശ്യപപ്രജാപതിക്ക് അദിതി എന്ന പത്‌നിയിൽ ദേവന്മാരും ജനിച്ചു. കശ്യപപ്രജാപതിയുടെയും ദിതിയുടെയും പുത്രനായ ഹിരണ്യ കശിപുവിന്റെ പുത്രനായ പ്രഹ്ലാദന്റെ പുത്രനായ വീരോചനന്റെ പുത്രനായിരുന്നു ബലി. പാലാഴി മഥനത്തിനു ശേഷമുണ്ടായ ദേവാസുര യുദ്ധത്തിൽ ബലി മരിക്കുന്നു. ബലിയുടെ സൈന്യത്തിലെ ആളുകൾ ബലിയുടെ ദേഹവുമായി തിരികെ എത്തുന്നു. രാക്ഷസഗുരുവായ ശുക്രാചാര്യർ മൃതസഞ്ജീവനി പ്രയോഗിച്ച് ബലിയെ പുനരുജ്ജീവിപ്പിക്കുന്നു. പുനരുജ്ജീവിക്കപ്പെട്ട ബലി അതീവ ശക്തനായി ദേവലോകം ആക്രമിച്ച് കീഴ്‌പെടുത്തുന്നു. അങ്ങനെ ദേവലോകം ബലിയുടെ അധീനത്തിലായി. ബലി മുത്തശ്ശനായ പ്രഹ്ലാദനെ ദേവലോകത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു. പ്രഹ്ലാദൻ ബലിയെ ഇന്ദ്രൻ ആയി അഭിഷേകം ചെയ്യുന്നു.


എപ്പോഴും ധർമം മാത്രമേ വിജയിക്കുവെന്നും അതിനാൽ ധർമ്മം വിടാതെ ഭരിക്കണമെന്നും ബലിക്ക് ഉപദേശവും നൽകുന്നു. പ്രഹ്ലാദന്റെ ഉപദേശാനുസരണം ബലി മൂന്നു ലോകങ്ങളും ഭരിച്ച് സമ്പൽസമൃദ്ധിയിലേക്ക് എത്തിച്ചു. എന്നാൽ മഹാബലി ക്രമേണ ധർമ്മത്തിൽനിന്ന് വ്യതിചലിച്ചു തുടങ്ങി. സനാതന ധർമ്മം അനുശാസിക്കുന്ന ആചാരങ്ങളിൽ നിന്നും അകന്നു. ജനങ്ങൾ ധർമ്മത്തിൽ നിന്ന് അകന്ന് അഹങ്കാരികളായിമാറി.

ഇതേസമയം, ദേവലോകത്തിൽ നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ട ദേവന്മാർ മാതാവായ അദിതിയോട് സങ്കടം പറയുന്നു. അദിതി തന്റെ ഭർത്താവായ കശ്യപ പ്രജാപതിയുടെ സമക്ഷം ദേവന്മാരുടെ ദുർഗതിയെക്കുറിച്ച് പറയുന്നു. കശ്യപപ്രജാപതിയുടെ ഉപദേശപ്രകാരം അദിതി ദ്വാദശിവൃതം അനുഷ്ടിക്കുന്നു. വൃതത്തിൽ സംതൃപ്തനായ മഹാവിഷ്ണു കശ്യപപ്രജാപതി യുടെയും അദിതി യുടെയും പുത്രനായി വാമനാവതാരമായി ജന്മമെടുക്കുന്നു.

ചിങ്ങമാസത്തിലെ, ശുക്ലപക്ഷ ദ്വിതീയ, തിരുവോണ നക്ഷത്രം. വാമനാവതാര ദിനം, സൂര്യൻ ഉച്ചത്തിൽ നിൽക്കുന്ന അഭിജിത്ത് മുഹൂർത്തത്തിൽ ആണ് വാമനാവതാരം.
നർമദാ നദിയുടെ വടക്കേ തീരത്ത് ഭൃഗുകശ്ചകം എന്ന സ്ഥലത്ത് അശ്വമേധയാഗം നടത്തുകയായിരുന്നു ബലി. യാഗഭൂമിയിലേക്ക് എത്തിയ വാമനൻ തപസ്സിരിക്കുവാൻ വേണ്ടി മൂന്നടി സ്ഥലം ആവശ്യപ്പെടുന്നു. പ്രഹ്ലാദനിൽ നിന്നും വാമാനാവതാരത്തെപ്പറ്റി അറിവുണ്ടായിരുന്ന വിഷ്ണു ഭക്തനായിരുന്ന ബലി പല രാജ്യങ്ങളും നല്കാം എന്ന് പറയുന്നു. എന്നാൽ വാമനൻ തന്റെ ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നു. വാമന വേഷധാരിയായി വന്ന വിഷ്ണുവിന് സർവ്വസ്വവും ദാനം ചെയ്യാനൊരുമ്പെട്ട ശിഷ്യനെ ശുക്രാചാര്യൻ തടഞ്ഞു. ദാനം നല്കാതിരിക്കുന്നതിനുവേണ്ടി ഗുരുനാഥൻ പലപലന്യായങ്ങളും പറഞ്ഞുവെങ്കിലും മഹാബലി അതൊന്നും ചെവിക്കൊണ്ടില്ല.

''ഒരു സാധാരണഗൃഹസ്ഥനെ സംബന്ധിച്ചിടത്തോളം അവിടുന്ന് ഇപ്പോൾ പറഞ്ഞതെല്ലാം സത്യമാണ്, സ്വീകാര്യവുമാണ്. പക്ഷേ മുത്തച്ഛനായ പ്രഹ്ലാദനിൽനിന്ന് സത്യത്തിന്റെ ബാലപാഠങ്ങൾ പഠിച്ച ഞാൻ, തരാമെന്ന് പ്രതിജ്ഞ ചെയ്തിട്ട് ഒരു വഞ്ചകനെപ്പോലെ എങ്ങനെ അത് നിരാകരിക്കും? യജ്ഞേശ്വരനായ ഭഗവാൻ വിഷ്ണുതന്നെയാണ് തന്റെ മുന്നിൽ വേഷപ്രച്ഛന്നനായി വന്നിരിക്കുന്നതെങ്കിൽ ആ ഭഗവാന് ഞാനീ ഭൂമി നൽകുന്നതിലുപരിയായി പുണ്യകരമായിട്ടെന്തുണ്ട്?'' എന്ന ശിഷ്യന്റെ മറുപടി കേട്ടപ്പോൾ തന്റെ ഉപദേശം അംഗീകരിക്കാത്തവനും സത്യസന്ധനും ധീരനുമായ മഹാബലിയെ ശുക്രാചാര്യർ ''നിന്റെ എല്ലാവിധ ഐശ്വര്യങ്ങളുമധികാരവും നഷ്ടപ്പെട്ടുപോകട്ടെ''എന്ന് ശപിച്ചു. ദാനസങ്കല്പം കഴിഞ്ഞതും വാമനൻ മൂന്നുലോകവും നിറഞ്ഞ വിശ്വരൂപത്തെ സ്വീകരിച്ചു. ഒരടികൊണ്ട് അധോലോകങ്ങളും രണ്ടാമത്തെ അടികൊണ്ട് ഊർധ്വലോകങ്ങളും അളന്നെടുത്ത് മൂന്നാമത്തെ അടി എവിടെവെക്കണമെന്ന വാമനമൂർത്തിയുടെ ചോദ്യത്തിന് 'ലോകാനാമേകമീശ്വരം' എന്നഹങ്കരിച്ച മഹാബലിക്ക് മറുപടിയില്ലാതായി. വാഗ്ദാനം പാലിച്ചില്ലെങ്കിൽ നരകവാസമായിരിക്കും ഫലമെന്നും വാമനൻ ബലിയെ ഓർമ്മിപ്പിച്ചു.

''തനിക്ക് നരകത്തെയോ വരുണപാശത്തെയോ തെല്ലും ഭയമില്ല. വാക്ക് പാലിക്കാൻ പറ്റാത്തതാണെന്റെ ഖേദം. അതിനാൽ എന്റെ വാക്ക് വീൺവാക്കാകാതിരിക്കാൻ, പ്രഹ്ലാദന്റെ പേരക്കുട്ടി പ്രതിജ്ഞ ലംഘിച്ചവനാണെന്ന ചീത്തപ്പേര് കേൾപ്പിക്കാതിരിക്കാൻ മഹാപ്രഭോ! ഞാനെന്നെത്തന്നെ നിവേദ്യമായി അങ്ങയ്ക്ക് സമർപ്പിക്കുന്നു. അങ്ങയുടെ തൃപ്പാദമെന്റെ ശിരസ്സിൽ വെച്ച് മൂന്നാമത്തെ അടി അളന്നെടുത്ത് എന്നെ സത്യവ്രതനാക്കേണമേ.'' എന്ന് മഹാബലി വാമനനോഭ്യർത്ഥിച്ചു. ഈ സമയത്ത് ബ്രഹ്മാവും പ്രഹ്ലാദനുമവിടെ സമാഗതരായി. ബ്രഹ്മാവ് മഹാബലിയെ രക്ഷിക്കണമേ, നിഗ്രഹിക്കരുതേ എന്ന് ഭഗവാനോഭ്യർത്ഥിച്ചു. വിശ്വരൂപിയായിരുന്ന വാമനൻ ബ്രഹ്മചാരിക്കുട്ടിയായി മാറി തന്റെ തൃപ്പാദം ബലിയുടെ ശിരസ്സിൽ സ്പർശിച്ച് അനുഗ്രഹിച്ചതുകണ്ട ഭക്തോത്തമനായ പ്രഹ്ലാദനാകട്ടെ ''ഭഗവൻ! ഈ ബലിയുടെ സ്വത്ത് അങ്ങ് പിടിച്ചുപറിച്ചിട്ടില്ല. ഒരു കാലത്ത് ഇന്ദ്രൻ ഐശ്വര്യത്താൽ മദോന്മത്തനായെന്ന് കണ്ടപ്പോൾ ലോകാധിപത്യം ഇന്ദ്രനിൽനിന്നെടുത്ത് താൽക്കാലികമായി ബലിയുടെ കൈവശമേല്പിച്ചു. ഇവനും ഇന്ദ്രനെപ്പോലെ ഐശ്വര്യമദം കൊണ്ട് ദുഷിച്ചുപോകുന്നുവെന്ന് കണ്ടപ്പോൾ അങ്ങത് തിരിച്ചെടുക്കുന്നു.

ഇതൊരനുഗ്രഹമാണ്, നിഗ്രഹമല്ല'' എന്ന് വിനയാന്വിതനായി ഭഗവാനോടുണർത്തിച്ചു. ''ബന്ധഹേതുവായ അജ്ഞാനം നശിച്ച് ശുദ്ധനായ മഹാബലിയ്ക്ക് ബന്ധനമല്ല മുക്തിയാണ് നൽകേണ്ടത്'' എന്ന ബ്രഹ്മാവിന്റെ വാക്ക് കേട്ട് ഭഗവാൻ പറഞ്ഞു. ''ഹേ ബ്രഹ്മൻ! ഞാനൊരു ഭക്തനെയനുഗ്രഹിക്കുവാൻ ആഗ്രഹിച്ചാൽ ആദ്യം അവന്റെ ഐശ്വര്യത്തെയപഹരിക്കും. ഐശ്വര്യമദംകൊണ്ട് ഉന്മത്തനായ മനുഷ്യൻ ലോകത്തെയും എന്നെയും അപമാനിക്കുന്നു ദാനവദൈത്യന്മാരിലഗ്രഗണ്യനായ ഈ മഹാബലി ആർക്കും ജയിക്കാൻ കഴിയാത്ത മായയെപ്പോലുമിന്ന് ജയിച്ചിരിക്കുന്നു. ദൃഢവ്രതനായ മഹാബലി ധനമെല്ലാം നഷ്ടപ്പെട്ടിട്ടും സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിട്ടും ശത്രുക്കളാൽ ബന്ധിക്കപ്പെട്ടിട്ടും ഗുരുശാപമേൽക്കേണ്ടി വന്നിട്ടും പലവിധ ക്ലേശങ്ങളനുഭവിക്കേണ്ടി വന്നിട്ടും സത്യവ്രതനായതുകൊണ്ട് സത്യത്തിൽനിന്ന് വ്യതിചലിച്ചില്ല.

ആയതിനാൽ ദേവന്മാർക്കുപോലും പ്രാപിക്കാനാകാത്ത സുദുർലഭസ്ഥാനമാണ് ഞാനിവന് കൊടുക്കുന്നത്. ). ഇനി വരുന്ന സാവർണിമന്ന്വന്തരത്തിലെ ഇന്ദ്രപദമാണ് ഞാനെന്റെ മഹാബലിയ്ക്ക് നൽകുന്നത്. അതുവരെ, വിശ്വകർമ്മാവ് നിർമ്മിച്ച സ്വർഗവാസികൾപോലും പോകുവാനാഗ്രഹിയ്ക്കുന്ന സുതലത്തിൽ വസിക്കട്ടെ ഇന്ദ്രസേന! അങ്ങയ്ക്ക് മംഗളം ഭവിക്കട്ടെ. അങ്ങ് ബന്ധുമിത്രാദികളോടുകൂടി ദേവന്മാർക്കും പ്രാപ്യമല്ലാത്ത സുതലത്തിലേക്ക് പോവുക. ഇനി ലോകപാലന്മാർക്കുപോലും അങ്ങയെ ആക്രമിക്കുവാൻ സാധ്യമല്ല. അങ്ങയുടെ കല്പനയെ ലംഘിക്കുന്ന അസുരന്മാരെ എന്റെ സുദർശനചക്രം നിഗ്രഹിക്കും. ഞാനങ്ങയെ ഒരാപത്തും വരാതെ രക്ഷിക്കുന്നതാണ്. സുതലത്തിൽ സന്നിഹിതനായ തന്നെ എന്നും അങ്ങയ്ക്ക് കാണുവാൻ കഴിയും. എന്നിപ്രകാരം വാമനമൂർത്തി മഹാബലിയെ അനുഗ്രഹിച്ചു.

വാമനന്റെ ഇപ്രകാരമുള്ള അനുഗ്രഹവചസ്സുകൾ കേട്ട് കൃതാർത്ഥനായ മഹാബലി ഗദ്ഗദകണ്ഠനായി പറഞ്ഞു. ''ഭഗവാനേ! അങ്ങയുടെ കാരുണ്യാതിരേകം അത്യാശ്ചര്യകരം തന്നെ. ഞാനങ്ങയെ നമസ്‌കരിക്കുവാനുദ്ദേശിച്ചപ്പോഴേക്കും തപോദാനാദികളിലൂടെ പോലും ലഭിക്കാത്ത ഫലമെനിയ്ക്കങ്ങ് നൽകിയനുഗ്രഹിച്ചിരിക്കുന്നു''. ഇത്രയും പറഞ്ഞ് മഹാബലി ത്രിമൂർത്തികളെയും വണങ്ങി അത്യന്തം സന്തോഷത്തോടെ അസുരന്മാരോടൊപ്പം സുതലത്തിലേയ്ക്ക് പോകാനൊരുങ്ങി. ) ഇന്ദ്രാനുജനായ വാമനമൂർത്തി (ഉപേന്ദ്രൻ) ഇന്ദ്രന് അർഹതപ്പെട്ട സ്വർഗത്തെ നൽകിയശേഷം മാതാവായ അദിതിയെ നമസ്‌കരിച്ച് തന്റെ അവതാരദൗത്യം നിറവേറ്റിയതായി അറിയിച്ചു. ഭഗവദ്ഭക്തിയിൽ മുങ്ങിയ പ്രഹ്ലാദൻ''ബ്രഹ്മാദിദേവന്മാർക്കുപോലും നൽകാത്ത കാരുണ്യമങ്ങ് ഞങ്ങളിൽ പ്രദർശിപ്പിച്ചല്ലോ. ഇതിന് ഞങ്ങൾക്കർഹതയുണ്ടോ ഭഗവാനേ'' എന്ന് ചോദിച്ചപ്പോൾ ''വത്സാ, പ്രഹ്ലാദ! നിങ്ങളെല്ലാവരും സുതലത്തിലേക്ക് പോയ്ക്കൊൾക. പൗത്രാദികളോടൊപ്പം സുഖമായി കഴിയുക. സുതലദ്വാരത്തിൽ ഗദാപാണിയായ ഞാൻ നിനക്ക് സദാ ദർശനമേകും'' എന്ന് ഭഗവാൻ പ്രഹ്ലാദനെയനുഗ്രഹിച്ച് മഹാബലിയോടൊപ്പം സുതലത്തിലേയ്ക്ക് യാത്രയാക്കി.

മഹാബലിയുടെ യാഗത്തിൽ വന്ന ന്യൂനത പരിഹരിച്ച് യാഗം പൂർത്തിയാക്കാൻ ശുക്രാചാര്യരോട് വാമനമൂർത്തി നിർദ്ദേശിച്ചതനുസരിച്ച് ശുക്രാചാര്യർ യാഗം പൂർത്തിയാക്കി. ബ്രഹ്മാവ് പിന്നീട് ലോകരുടെയും ലോകപാലന്മാരുടെയുമെല്ലാം പിതാവായി വാമനമൂർത്തിയെ നിശ്ചയിച്ചു. ബ്രഹ്മശിവാദികൾ ഭഗവാന്റെ കൃത്യത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് സ്വസ്ഥാനങ്ങളിലേക്ക് പോയി. ഇപ്പോൾ നടന്നുവരുന്ന മന്വന്തരത്തിലവതരിച്ച വാമനമൂർത്തിയുടെ അവതാരകഥയുടെ സാരാംശമിപ്രകാരമാണ് ശ്രീമദ് ഭാഗവതത്തിൽ അഷ്ടമ സ്‌കന്ധത്തിൽ വർണ്ണിച്ചിരിക്കുന്നത്.

ശ്രീമദ് ഭാഗവതത്തിലോ നാരായണീയത്തിലോ മറ്റേതെങ്കിലും പ്രാമാണികഗ്രന്ഥങ്ങളിലോ വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന് പറയുന്നില്ല. മറിച്ച് സത്യസന്ധനും ധർമ്മിഷ്ഠനുമായ മഹാബലിയെ വാമനമൂർത്തി പരീക്ഷിക്കുകയും പരീക്ഷണത്തിൽ വിജയിച്ച ബലിയെ വാമനൻ അനുഗ്രഹിക്കുകയുമാണ് ചെയ്തെന്നാണ് പ്രാമാണികഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നത്. ശബ്ദതാരാവലിയിലും പുരാണനിഘണ്ടുവിലും ചില ഭാഗവതകഥാസംഗ്രഹഗ്രന്ഥങ്ങളിലും പ്രാമാണിക ഗ്രന്ഥങ്ങളുടെ പിന്തുണയില്ലാതെ പറഞ്ഞുവരുന്ന തെറ്റായകഥ എങ്ങനെ വന്നുവെന്നതജ്ഞാതമാണ്.വായ്മൊഴിയായി പറഞ്ഞുപരന്ന ചില നാടോടിക്കഥകളെയാധാരമാക്കി കഥയെ വികൃതവും വികലവുമാക്കിയതാകാം.

കേരളമുൾപ്പെടെയുള്ള പരശുരാമക്ഷേത്രം മഹാബലിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നില്ല. പരശുരാമൻ ഇരുപത്തിയൊന്ന് തവണ ഭാരതം മുഴുവൻ സഞ്ചരിച്ച് ദുഷ്ടക്ഷത്രിയനിഗ്രഹം നടത്തി പിടിച്ചെടുത്ത ദേശമെല്ലാം കശ്യപമഹർഷിയ്ക്കും ബ്രാഹ്മണർക്കുമായി ദാനം ചെയ്തു. ദാനം കൊടുത്ത ഭൂമിയിൽ താമസിക്കുന്നത് ശരിയല്ലാത്തതിനാൽ സമുദ്രത്തോട് ഭൂമിചോദിച്ചുവാങ്ങുവാനുള്ള കശ്യപമഹർഷിയുടെ ഉപദേശപ്രകാരം പരശുരാമന്റെ പ്രാർത്ഥനയുടെ ഫലമായി സമുദ്രം മാറി കരയായി ഉയർന്നുവന്നതാണ് പരശുരാമക്ഷേത്രമായ നമ്മുടെ കേരളം. കന്യാകുമാരിക്കടുത്തുള്ള മഹേന്ദ്രപർവതത്തിൽ തപസ്സനുഷ്ഠിച്ചുവന്ന പരശുരാമൻ അവിടെ നിന്ന് മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണെന്നും പറഞ്ഞുവരുന്നു. പരശുരാമാവതാരം വാമനാവതാരത്തിന് ശേഷമാണ് സംഭവിച്ചതെന്നിരിക്കെ മഹാബലിയുടെ കാലത്ത് നിലവില്ലാതിരുന്ന കേരളത്തിൽ മഹാബലി എങ്ങനെ നാടുവാഴിയായി? തമിഴ്നാട്ടിലുള്ളതുപോലെ കേരളത്തിലും പുതുവർഷപ്പിറപ്പ് മേടം ഒന്നിന് വിഷുദിനത്തിലായിരുന്നുവത്രെ. ചേരമാൻപെരുമാൾ രാജാവ് യുദ്ധത്തിൽ കൊല്ലം നഗരം കീഴ്പ്പെടുത്തിസ്വന്തമാക്കിയതിന്റെ ഓർമ്മയ്ക്കാണ് 1191 വർഷങ്ങൾക്ക് മുൻപ് കൊല്ലവർഷമാരംഭിച്ചതെന്നാണ് ചരിത്രം. ചിങ്ങമാസം പഞ്ഞക്കർക്കിടകം കഴിഞ്ഞുള്ള വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും മാസമാണ്. ചിങ്ങത്തിൽ സൂര്യൻ സ്വക്ഷേത്രബലവാനാകയാൽ സൂര്യനെയടിസ്ഥാനപ്പെടുത്തിയുള്ള ചിങ്ങംതൊട്ടുള്ള കാലനിർണയവും ഉത്തമം തന്നെയെന്ന് തോന്നിയിരിക്കാം. വിളവെടുപ്പുത്സവവും പുതുവർഷപ്പിറപ്പും ഒന്നിച്ചാഘോഷിക്കാമല്ലോ എന്ന കാഴ്ചപ്പാടായിരിക്കണം ഓണമഹോത്സവത്തിന്റെ തുടക്കം. മഹാബലിയുടെ മഹാസാമ്രാജ്യമായിരുന്ന ഭാരതത്തിൽ മറ്റൊരിടത്തുമില്ലാത്ത ഓണം കേരളത്തിൽ മാത്രമെങ്ങനെവന്നു? കേരളത്തിന്റെ ഉത്തരഭാഗത്ത് ഓണം അത്രമാത്രം പ്രധാനവുമല്ല. ശ്രീമദ്ഭാഗവതം പോലെയുള്ള പുരാണഗ്രന്ഥങ്ങളെയനുസന്ധാനം ചെയ്താൽ താഴെപ്പറയുന്ന കാര്യങ്ങൾ വ്യക്തമാകുന്നതാണ്.

* സത്യസന്ധനും ധർമ്മിഷ്ഠനും നീതിമാനുമായിരുന്ന മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല.

* ''ലോകാനാമേകമീശ്വരം'' എന്ന് തന്റെ ഐശ്വര്യത്തിലല്പമഹങ്കരിച്ചുപോയ ബലിയുടെയഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് ചെയ്തത്. തന്റെ ഭക്തനായ മഹാബലിയെ ചിരഞ്ജീവിയാക്കി, ദേവന്മാർപോലും കൊതിക്കുന്ന (സുതലം സ്വർഗ്ഗിഭിഃ പ്രാർത്ഥ്യം) സുതലത്തിന്റെ അധിപതിയാക്കിയുയർത്തി. അടുത്ത മന്വന്തരമായ സാവർണിമന്വന്തരത്തിൽ ഇന്ദ്രസേനനെന്ന മഹാബലിയെ ഇന്ദ്രപദത്തിലേക്ക് ഉയർത്തുവാനും തീരുമാനിച്ചു. (സാവർണേരന്തരസ്യായം ഭവിതേന്ദ്രോ മദാശ്രയഃ)

* മന്വന്തരമെന്നാൽ മനുവിന്റെ കാലഘട്ടമെന്നർത്ഥം. ഒരു മന്വന്തരത്തിൽ ഇന്ദ്രനും മനുവും സപ്തർഷികളും മനുപുത്രന്മാരുമെല്ലാം ലോകരക്ഷയ്ക്കായി നിയോഗിക്കപ്പെടുകയാണ്. ഒരു മന്വന്തരത്തിൽ ദേവേന്ദ്രനായി നിയമിക്കപ്പെട്ടാൽ അടുത്ത മന്വന്തരം വരെ അദ്ദേഹം തന്നെ ഇന്ദ്രപദത്തിൽ തുടരുമെന്നാണ് ഭഗവന്നിയോഗം. അഹങ്കാരം കാരണം മഹാബലി ഈ ഈശ്വരനിയമം ലംഘിച്ചുകൊണ്ടാണ് ദേവലോകത്തെയാക്രമിച്ച് കീഴടക്കിയത്. അതുകൊണ്ടുതന്നെയാണ് മഹാവിഷ്ണു വാമനനായവതരിച്ച് മഹാബലിയിൽ നിന്ന് ദേവലോകം കരസ്ഥമാക്കിയതും ഇന്ദ്രന് തിരിച്ച് നൽകിയതും. ശ്രാവണമാസത്തിലെ തിരുവോണം വാമനാവതാര ദിവസമാണ്. വാമനജയന്തിയാണ്. ഓണത്തപ്പനായിട്ട് വാമനമൂർത്തിയെയാണ് പൂജിക്കുന്നത്. കുടവയറും കപ്പടാമീശയുമായി ഓലക്കുടയും ചൂടിവരുന്ന മഹാബലിയാണ് ഓണത്തപ്പൻ എന്ന് ചിലർക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. മണ്ണുകൊണ്ടും ചാണകംകൊണ്ടും മറ്റും തൃക്കാക്കരയപ്പനെയുണ്ടാക്കി പൂക്കളമിട്ട് അടനിവേദ്യം സമർപ്പിക്കുന്നത് തൃക്കാക്കരയിലെ വാമനമൂർത്തിയ്ക്കാണ്, മഹാബലിയ്ക്കല്ല. ദക്ഷിണകേരളത്തിലെങ്ങും ഈ ആചാരാനുഷ്ഠാനങ്ങൾ ഇപ്പോഴും തുടർന്നുവരുന്നുമുണ്ട്.

* മഹാബലിയുടെ സാമ്രാജ്യമെന്നത് ഉത്തര ഭാരതത്തിലായിരുന്നു. അദ്ദേഹം അശ്വമേധയാഗങ്ങൾ നടത്തിയത് നർമ്മദാനദിയുടെ തീരത്തെ 'ഭൃഗുകച്ഛ' മെന്ന തീർത്ഥഭൂമിയിലാണ്. (അന്ന് നിലവിലില്ലാതിരുന്ന കേരളത്തിലല്ല).

* മഹാബലി സത്യസന്ധനും പരാക്രമിയുമായ ധീരയോദ്ധാവായിരുന്നു. കൊമ്പൻമീശക്കാരനായ കുടവയറനല്ല. മഹാബലിയെ ഇപ്രകാരം വിചിത്രമായി ചിത്രീകരിക്കുന്നതിൽ മനംനൊന്ത തിരുവിതാകൂർ രാജാവായിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ വീരപുരുഷനായ യുവാവായ മഹാബലിയുടെ ഒരു മനോഹരമായ ചിത്രം നാലഞ്ചു വർഷങ്ങൾക്കുമുമ്പ് ചില മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ ചിത്രം ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.

പരശുരാമക്ഷേത്രമായ കേരളത്തിലേക്ക്  ഭാരതത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആചാര്യൻമാർ കുടിയേറിപ്പാർത്തു തുടങ്ങിയത് ക്രിസ്തുവർഷം അഞ്ചാം നൂറ്റാണ്ടിനടുത്താണെന്നും അവരിൽ നർമദാ തടത്തിൽ നിന്നും വന്നവർ ഇവിടെയും വാമനജയന്തി ആഘോഷിച്ചുതുടങ്ങിയതാവാമെന്നും ചില അഭിജ്ഞർ പറയുന്നു. പിൽക്കാലത്ത് പഞ്ഞമാസമായ കർക്കിടകത്തിന് ശേഷം വരുന്ന വിളവെടുപ്പുത്സവവും വാമനജയന്തിയും ഒന്നു ചേർത്ത് ഓണാഘോഷം തുടങ്ങിയിരിക്കാമെന്നുമാണ് ഇക്കൂട്ടർ അഭിപ്രായപ്പെടുന്നത്. മഹാബലി കേരളം കാണാൻ വരുന്നുവെന്നുള്ള കഥ ജനങ്ങളെയാകർഷിക്കാൻവേണ്ടി പിൽക്കാലത്ത് കൂട്ടിച്ചേർത്തതായിരിക്കാം.

പുരാണങ്ങളിൽ വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കുവാനും ആർക്കും അവകാശമുണ്ട്. എന്നാൽ നമ്മുടെ വിലപ്പെട്ട നിധികളായ അവയെ വികലവും വികൃതവുമായി ചിത്രീകരിക്കുന്നത് തികച്ചും അപലപനീയമാണ്. അടുത്ത കാലത്തായി ഹൈന്ദവപുരാണങ്ങളിലെ കഥാപാത്രങ്ങളെയും നമ്മുടെ ആദർശമൂർത്തികളെയുമെല്ലാം വികൃതമായി ചിത്രീകരിക്കുന്ന, പരസ്യമായി പരിഹസിക്കുന്ന പ്രവണത പതിവാക്കിയിരിക്കുന്നു. ഈ ദുഷ്പ്രവണതയെ ശക്തിയായും, യുക്തിയുക്തമായും ചെറുത്ത് തോല്പിക്കേണ്ടത് ആദർശധീരരായ ദേശാഭിമാനികളുടെ കർത്തവ്യമാണ്. നമ്മുടെയിടയിൽ ചില കുത്സിതബുദ്ധികൾ മനഃപൂർവ്വം പടച്ചിറക്കുന്ന മഹാബലിയുടെ പാതാളക്കഥപോലെയുള്ള കെട്ടുകഥകളെ നാം ജനമനസ്സിൽ നിന്നും തൂത്തെറിയുകതന്നെവേണം.