വള്ളുവനാടന്‍ ഓണം

പൂരാടം മുതല്‍ ചതയം വരെ നീളുന്നതായിരുന്നു മുന്‍പൊക്കെ വള്ളുവനാട്ടിലെ ഓണാഘോഷങ്ങള്‍. തിരുവോണത്തിന് മാത്രമായി പ്രത്യേക പ്രാധാന്യം ഉള്ളതായി കണ്ടിട്ടില്ല. രാവിലെ പഴം നുറുക്ക് വേവിച്ചതും പപ്പടവും, ഉച്ചയ്ക്ക് സദ്യയും ഈ ദിവസങ്ങളിലെല്ലാം ഉണ്ടാവും. ഓണത്തിനാവശ്യമായ നേന്ത്രക്കായ നേരത്തേതന്നെ കൃഷിചെയ്തിട്ടുണ്ടാവും. വേനല്‍കൃഷിയില്‍ നിന്ന്‍ സംഭരിച്ച വെള്ളരിക്കയും കുമ്പളങ്ങയും ഓണസദ്യയ്ക്കായി മരംകൊണ്ടുള്ള മേല്തട്ടിന്റെ വളയങ്ങളില്‍ തൂങ്ങിക്കിടക്കുന്നുണ്ടാവും.

വള്ളുവനാടന്‍ ഓണം

സംഗീത ചേനംപുല്ലി

മഹാവിഷ്ണുവിനാല്‍ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തപ്പെട്ട മഹാബലി ചക്രവര്‍ത്തി പ്രജകളെ സന്ദര്‍ശിക്കാനെത്തുന്ന ദിവസമെന്നും മാനുഷരെല്ലാം ഒന്നുപോലെ ആമോദത്തോടെ ജീവിച്ച സുവര്‍ണ്ണകാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ എന്നുമൊക്കെ ഐതിഹ്യത്തിന്റെയും ദാര്‍ശനികതയുടേയും അധികമാനങ്ങള്‍ നല്‍കാന്‍ ശ്രമിച്ചാലും ആത്യന്തികമായി മലയാളിയുടെ കാര്‍ഷികോത്സവമാണ് ഓണം. കര്‍ക്കിടകത്തിന്‍റെ പഞ്ഞപ്പെയ്ത്തൊഴിഞ്ഞ് പൊന്‍വെയില്‍ വീണ് തുടങ്ങും കാലം, മഴകുടിച്ചു തെളിഞ്ഞ ചെടികള്‍ മദിച്ചുപൂവിടുന്ന കാലം, എല്ലാറ്റിലുമുപരി പുതുനെല്ലുനിറഞ്ഞ പത്തായങ്ങള്‍ ഇനിഇത്തിരി ആഘോഷമാകാം എന്ന്‍ വര്‍ഷം മുഴുവുന്‍ കൃഷിപ്പണിയില്‍ മുഴുകിവലഞ്ഞവരോട് പറയുന്ന കാലം. നെല്‍കൃഷിയെ അടിസ്ഥാനമാക്കിയായിരുന്നു വള്ളുവനാടിന്റെ ഗ്രാമീണജീവിതം അടുത്തകാലം വരെയും സ്പന്ദിച്ചത്. അത് കൊണ്ട് തന്നെ കൃഷിയുമായി ബന്ധപ്പെട്ടതെല്ലാം തന്നെ ആചാരമായും ആഘോഷമായും കൊണ്ടാടപ്പെട്ടു. വിത്തിടല്‍ ആഘോഷമായി വിഷു, വിളഞ്ഞ ആദ്യത്തെ നെല്‍ക്കതിര്‍ വീട്ടിലെത്തിക്കുന്ന നിറ, പുതുനെല്ലുകൊണ്ട് മധുരമൊരുക്കി ആഘോഷിക്കുന്ന പുത്തരി, എല്ലാ ആഘോഷങ്ങള്‍ക്കും മുകളില്‍ ഒരു മാസത്തോളം നീളുന്ന ആഘോഷമായി ഓണവും.



നിറയും പുത്തരിയും ഓണത്തിന് മുന്നൊരുക്കങ്ങങ്ങളായ ആഘോഷങ്ങളായി കണക്കാക്കാം. വിളഞ്ഞ നെല്‍ക്കതിര്‍ ആഘോഷപൂര്‍വ്വം ഇല്ലം നിറ വല്ലം നിറ പത്തായം നിറ എന്ന്‍ ചൊല്ലി വീട്ടിലെത്തിച്ച് നിലവിളക്കിനുമുന്നിലെ നാക്കിലയില്‍ അര്‍പ്പിക്കുന്നു. അതിനുശേഷം അരിമാവില്‍ പാത്രത്തിന്‍റെ വായ്‌വട്ടവും കൈപ്പത്തിയും മുക്കി വാതിലുകളിലും പത്തായത്തിലും പതിപ്പിക്കുന്നു. നെല്‍ക്കതിര്‍ ചാണകം കൊണ്ട് പതിച്ചുവെയ്ക്കുകയും ചെയ്യുന്നു. അത്തം മുതല്‍ മുറ്റത്ത് പൂവിടാന്‍ തുടങ്ങുന്നു. പൂവിടുക എന്നല്ലാതെ പൂക്കളം എന്ന്‍ വള്ളുവനാട്ടില്‍ പൊതുവേ പറയാറില്ല. തൊടിയിലും പാടത്തും വിരിയുന്ന, തുമ്പ, വേലികളില്‍ പടരുന്ന റോസ് നിറമുള്ള ഓണപ്പൂവ്, കാശിത്തുമ്പ, അരിപ്പൂവ്, മഞ്ഞ നിറമുള്ള താളിപ്പൂവ്, മത്തന്‍പൂവ്, മഞ്ഞ വെള്ള മന്ദാരങ്ങള്‍, നന്ദ്യാര്‍വട്ടം, നിത്യകല്യാണി, ചെമ്പരത്തി തുടങ്ങിയവയാണ് പൂവിടാന്‍ ഉപയോഗിക്കുന്നത്. ഓണക്കാലമെത്തുമ്പോള്‍ നിറയെ പൂവിടുന്ന കൃഷ്ണകിരീടമാണ് പൂക്കളത്തിലെ മറ്റൊരു താരം. അത്തം മുതല്‍ പൂരാടം വരെയേ പൂവിടാറുള്ളൂ. അതിനുശേഷം ചാണകം തേച്ച്, അരിമാവണിഞ്ഞ് മാതേര്‍ എന്ന് പ്രാദേശികമായും തൃക്കാക്കരയപ്പന്‍ എന്ന്‍ പൊതുവേയും അറിയപ്പെടുന്ന മണ്‍മൂര്‍ത്തികളെ പ്രതിഷ്ഠിക്കുന്നു. ഇതിനും ഉണ്ട് കണക്ക്. പൂരാടത്തിന് മൂന്ന്‍ ഉത്രാടത്തിന് അഞ്ച് തിരുവോണത്തിന് എഴ് എന്നിങ്ങനെയാണ് മാതേര്‍ വെയ്ക്കുന്നത്. തിരുവോണം ദിവസം രണ്ട്  പീഠങ്ങളോട് കൂടിയ വലിയ മാതേരായ മഹാബലിയെ പ്രതിഷ്ടിക്കുന്നു. കുട്ടിപ്പട്ടര്‍ എന്ന പേരില്‍ വാമനനും ഒപ്പമുണ്ടാവും.ഇവിടെയും വള്ളുവനാട്ടുകാര്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുക്കുന്നുണ്ട്. മഹാബലിയുടെ ഭാര്യയായ മുത്തശ്ശിയെയും അവരുടെ വീട്ടുപകരണങ്ങളായ അമ്മി, ആട്ടുകല്ല്, ഉരല്‍ തുടങ്ങിയവയുടെ ചെറിയ രൂപങ്ങളും മണ്ണുകൊണ്ട്  ഉണ്ടാക്കി വെയ്ക്കുന്നു. മുത്തശ്ശിയുടെ വേലക്കാരനായ ചുമട്ടുകാരനും ഉണ്ടാവും ഒപ്പം. മൂലം ദിവസം നല്ലചുവന്ന കളിമണ്ണ് തിരഞ്ഞുപിടിച്ച് പാകത്തിന് വെള്ളവും ചേര്‍ത്ത് കുഴച്ചാണ് ഇവയെല്ലാം നിര്‍മ്മിക്കുന്നത്. തിരുവോണം ദിവസം പൂജിച്ച് മഹാബലിക്ക് അട നിവേദിക്കുന്നു. പിന്നീട് നല്ല ദിവസം നോക്കി മാതേരെടുക്കും വരെ പൂജ തുടരും. തിരുവോണത്തിന്റെ പതിനാറാം നാളുള്ള മകം വരെയോ കന്നിമാസത്തില്‍ വീണ്ടും ആയില്യം ആവര്‍ത്തിക്കുന്നുവെങ്കില്‍ അന്ന് വരെയോ പൂവിടല്‍ തുടരും. മകത്തിനു മകത്തടിയന്‍ എന്ന രൂപഭംഗിയില്ലാത്ത ഒറ്റ തടിയന്‍ മാതേരും വെയ്ക്കാറുണ്ട്. സവര്‍ണ്ണ ആചാരങ്ങളാണ് ഓണത്തിന് ഏറെയുമെങ്കിലും ക്ഷേത്രാചാരങ്ങളുമായി ഓണം ബന്ധപ്പെട്ട് കണ്ടിട്ടില്ല.


പൂരാടം മുതല്‍ ചതയം വരെ നീളുന്നതായിരുന്നു മുന്‍പൊക്കെ വള്ളുവനാട്ടിലെ ഓണാഘോഷങ്ങള്‍. തിരുവോണത്തിന് മാത്രമായി പ്രത്യേക പ്രാധാന്യം ഉള്ളതായി കണ്ടിട്ടില്ല. രാവിലെ പഴം നുറുക്ക് വേവിച്ചതും പപ്പടവും, ഉച്ചയ്ക്ക് സദ്യയും ഈ ദിവസങ്ങളിലെല്ലാം ഉണ്ടാവും. ഓണത്തിനാവശ്യമായ നേന്ത്രക്കായ നേരത്തേതന്നെ കൃഷിചെയ്തിട്ടുണ്ടാവും. വേനല്‍കൃഷിയില്‍ നിന്ന്‍ സംഭരിച്ച  വെള്ളരിക്കയും കുമ്പളങ്ങയും ഓണസദ്യയ്ക്കായി മരംകൊണ്ടുള്ള മേല്തട്ടിന്റെ വളയങ്ങളില്‍ തൂങ്ങിക്കിടക്കുന്നുണ്ടാവും. ചേന, പയര്‍ തുടങ്ങി മറ്റ് പച്ചക്കറികള്‍ ഉള്ളതെല്ലാം അയല്‍ക്കാര്‍ തമ്മില്‍ കൈമാറുകയും ചെയ്തിരുന്നു. പുളിയിഞ്ചിയും കുറുക്കുകാളനും, വലിയനാരങ്ങാക്കറിയും നേരത്തെ തന്നെ തയ്യാറാക്കിയിരിക്കും. കൂടാതെ കായവറുത്തതും ശര്‍ക്കരയുപ്പേരിയും വീട്ടില്‍ തന്നെ തയ്യാറാക്കും. ഓണത്തിനു സാധാരണ പപ്പടം കൂടാതെ വട്ടമേറിയ വലിയപപ്പടവും പപ്പടമുണ്ടാക്കുന്ന ചെട്ടിമാര്‍ എത്തിക്കുന്നതായിരുന്നു പണ്ടത്തെ പതിവ്.


കൃഷിപ്പണികളും മറ്റ് ചുമതലകളും ഇല്ലാത്തതിനാല്‍ നാട്ടിലെല്ലാവരും ആഘോഷത്തിന്‍റെ മാനസികാവസ്ഥയിലാവും. കൈകൊട്ടിക്കളി, തലമപ്പന്ത്, ആട്ടക്കളം, തുമ്പിതുള്ളല്‍, തായംകളി ഒക്കെയായിരുന്നത്രേ പണ്ടത്തെ ഓണക്കളികള്‍. തായമൊഴികെ മറ്റൊന്നും എന്‍റെ കുട്ടിക്കാലത്ത് പോലും കണ്ടിട്ടില്ല. ഓണത്തിന് ഊഞ്ഞാലിടാറില്ല. എന്നാല്‍ തിരുവാതിരയ്ക്ക് ഊഞ്ഞാല്‍ ഒഴിച്ചുകൂടാനാവാത്തതാണ് താനും. ഓണപ്പാട്ടുകളുമായി പാണന്മാരും വീടുകളിലെത്താറുണ്ട്.


കൃഷിയുടെ കുത്തക സവര്‍ണ്ണര്‍ക്കായിരുന്നത് കൊണ്ട് സവര്‍ണ്ണഗൃഹങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു മറ്റുള്ളവരുടെ ആഘോഷങ്ങള്‍. പണിയെടുക്കുന്നവര്‍ക്കെല്ലാം കൊയ്ത്ത് കഴിഞ്ഞ് കൂലിയായി കിട്ടാനുള്ള നെല്ല് കണക്ക് തീര്‍ത്തുകൊടുക്കുന്നു. ആ വര്‍ഷത്തേക്കാവശ്യമായ പണിയായുധങ്ങളും മറ്റ് സാധനങ്ങളും സംഭരിക്കുന്നതും ഓണക്കാലത്താണ്. പാണന്മാര്‍ തൊപ്പിക്കുടയും മാതേരിനെ മഴകൊള്ളാതെ സംരക്ഷിക്കാന്‍ കാലുള്ള ഓലക്കുടയും എത്തിക്കുന്നു. പറയസമുദായക്കാര്‍ വട്ടി, ചട്ടിമുറം, കുണ്ടന്‍മുറം തുടങ്ങിയവയും ഓണക്കാഴ്ചയായി കൊണ്ടുവരും. ഇതിനെല്ലാം പ്രതിഫലം നെല്ലും ഓണപ്പുടവയും ആണുതാനും. കൂടാതെ ആശാരി, പണിക്കര്‍ തുടങ്ങി കൃഷിയാവശ്യത്തിനു ഉപകരണങ്ങള്‍ എത്തിക്കേണ്ടവര്‍ക്കെല്ലാം ഓണത്തിന് നെല്ലിനും പുടവയ്ക്കും അവകാശമുണ്ടായിരുന്നു. അടുത്തവിളയ്ക്ക് തുടക്കം കുറിയ്ക്കാന്‍ കന്നുപൂട്ടാനും വിത്ത് വിതയ്ക്കാനും ദിവസം കുറിച്ച ഓല പണിക്കര്‍ എത്തിക്കുന്നതും ഓണത്തിനാണ്. ജാതിമതഭേദമന്യേ എല്ലാവര്ക്കും സദ്യയും നല്‍കിയിരുന്നു. എങ്കിലും സവര്‍ണ്ണരുടെ വീട്ടുമുറ്റത്ത് സദ്യക്കായി കാത്തുനില്‍ക്കുന്ന സാമൂഹ്യാവസ്ഥയെ ഗൃഹാതുരത്വത്തിന്‍റെ പേരില്‍ ആദര്‍ശവത്കരിക്കാനാവില്ല. രോഗങ്ങള്‍ കൊണ്ട് പണിയെടുക്കാന്‍ കഴിയാത്തവര്‍ക്കും, ഇത്തിരി വരവ് കൊണ്ട് ഒത്തിരി വയര്‍ നിറയ്ക്കേണ്ടവര്‍ക്കും ഓണക്കാലം ആഹ്ലാദത്തെക്കാള്‍ ആകുലതകള്‍ തന്നെയായിരുന്നു സമ്മാനിച്ചത്.


നാട്ടില്‍ എല്ലാവരും ആഘോഷങ്ങളുടെ ഭാഗമായിരുന്നു എങ്കിലും ആത്യന്തികമായി ഓണം സവര്‍ണ്ണആഘോഷം തന്നെയായിരുന്നു. സവര്‍ണ്ണതറവാടുകളുടെ അരികുപറ്റിയാണ് മറ്റുള്ളവരെല്ലാം ഓണമാഘോഷിച്ചത്.കൃഷിപ്പണിയുടെ പ്രതാപം മങ്ങുകയും മറ്റ് തൊഴിലുകള്‍ സാധാരണമാകുകയും ചെയ്തതോടെയാണ് എല്ലാവരും സ്വന്തംവീട്ടില്‍ ഓണം ആഘോഷിക്കുന്ന അവസ്ഥയുണ്ടായത്. ഇപ്പോഴാകട്ടെ പൊതുവിടങ്ങളിലെ ആഘോഷങ്ങളിലേക്ക് ഓണംചുരുങ്ങുന്ന അവസ്ഥയാണുള്ളത്. പൂവുമുതല്‍ തൃക്കാക്കരയപ്പന്‍ വരെ വിപണിയില്‍ ലഭ്യമാകുന്ന, ഗൃഹോപകരണങ്ങളുടെയും സ്വര്‍ണ്ണത്തിന്റെയും കച്ചവടം പൊടിപൊടിക്കുന്ന വിപണിയുടെ ആഘോഷമായി ഓണം തരം താണത് കൃഷിയുമായുള്ള അതിന്‍റെ ബന്ധം അറ്റുപോയതോടെയാണ്. നാലോഅഞ്ചോ ദിവസങ്ങളില്‍ സമൃദ്ധമായ ഭക്ഷണവും ആഘോഷവും എന്നതില്‍ നിന്ന് ഭൂരിഭാഗം പേര്‍ക്കും വർഷം മുഴുവന്‍ വറുതിയില്ലാതെ ജീവിക്കാവുന്ന അവസ്ഥയില്‍ എത്തിയതില്‍ നമ്മുടെ നാട്ടിലെ നവോത്ഥാനപ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണ്‌. ഓണത്തിന്‍റെ ഗൃഹാതുരതകളില്‍ മുഴുകുക എന്നതിനേക്കാള്‍ എല്ലാവര്ക്കും എന്നും ഓണമാകുന്ന സാമൂഹികാവസ്ഥ ഉണ്ടാവുക എന്നത് തന്നെയാണ് പ്രധാനവും.