മുഖ്യമന്ത്രീ, അങ്ങേയ്ക്കു തോന്നുന്നതെന്തും പറയാനുള്ള സ്ഥലമല്ല നിയമസഭ

ആരെടാ എന്നു ചോദിച്ചാൽ എന്തെടാ എന്നു തിരിച്ചടിക്കാം, പാർടി സെക്രട്ടറിയ്ക്ക്. തീർച്ചയായും മുഖ്യമന്ത്രിയെ "ആരെടാ" എന്നു സംബോധന ചെയ്യുന്നത് തെറ്റു തന്നെയാണ്. എന്നാൽ, ആരെങ്കിലും ആ തെറ്റു ചെയ്താൽ മുണ്ടും മടക്കിക്കുത്തി, "എന്തെടാ" എന്നൊരു മുഖ്യമന്ത്രി തിരിഞ്ഞു നിൽക്കാമോ? ആ സാഹചര്യം കുറേക്കൂടി സമചിത്തതയോടെയല്ലേ കൈകാര്യം ചെയ്യേണ്ടത്?

മുഖ്യമന്ത്രീ, അങ്ങേയ്ക്കു തോന്നുന്നതെന്തും പറയാനുള്ള സ്ഥലമല്ല നിയമസഭ

വാക്കുകൾ ഉപയോഗിക്കുമ്പോൾ പരസ്പരം പുലർത്തേണ്ട മര്യാദയെക്കുറിച്ച് ഇന്നേയ്ക്ക് ഒമ്പതു വർഷം മുമ്പ് കേരളത്തിലൊരു വലിയ ചർച്ച നടന്നു. കൃത്യമായി പറഞ്ഞാൽ 2007 മെയ് 23, 24 തീയതികളിൽ. മുഖാമുഖം നിന്ന് വാക് പോരു നടത്തിയത് ചില്ലറക്കാരായിരുന്നില്ല. ഒരാൾ കേരളത്തിന്റെ മുഖ്യമന്ത്രി. മറ്റേയാൾ മുഖ്യമന്ത്രിയുടെ പാർടിയുടെ സംസ്ഥാന സെക്രട്ടറി. സാക്ഷാൽ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും. ചർച്ച കൊഴുത്തപ്പോൾ പാർടി പിബി ഇടപെട്ടു. ഇരുവരെയും പോളിറ്റ് ബ്യൂറോയിൽ നിന്ന് സസ്പെൻഡു ചെയ്തു.


പറഞ്ഞല്ലോ, മര്യാദയായിരുന്നു വിഷയം. വിഎസിനു മര്യാദ വേണമെന്നു പിണറായി. അതു പിണറായിയ്ക്കും ബാധകമെന്ന് വിഎസ്. എല്ലാവർക്കും ബാധകമെന്ന് പിണറായി. അങ്ങനെ നീണ്ടു, വാദങ്ങൾ.

സസ്പെൻഷൻ നടപടിയെക്കുറിച്ച് അക്കാലത്തെ ചിന്ത ജന്മദിനപതിപ്പിൽ സി പി നാരായണൻ എഴുതിയ ലേഖനവും ബഹുകേമമായിരുന്നു. ‘പാര്‍ട്ടി ശത്രുക്കളെ നിരാശപ്പെടുത്തിയ സംസ്ഥാനക്കമ്മിറ്റി തീരുമാനങ്ങള്‍’ എന്നായിരുന്നു തലക്കെട്ട്. കേരളത്തിലെ സംഭവവികാസങ്ങളെ ആസ്പദമാക്കി വി എസിനെയും പിണറായിയെയും പി ബിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തപ്പോള്‍ മാധ്യമങ്ങള്‍ അമ്പരന്നുപോയി എന്നാണ് നാരായണൻ മാഷ് ലേഖനത്തിൽ വ്യാഖ്യാനിച്ചത്.

അതാണ് വ്യാഖ്യാനത്തിന്റെ ബ്യൂട്ടി. മാന്യതയും പദവിയും മറന്ന് പത്രസമ്മേളനം വിളിച്ച് പരസ്പരം പോർ വിളിച്ചത് സിപിഐഎം നേതാക്കൾ. അവർക്കെതിരെ നടപടിയെടുത്തത് സിപിഎം. പക്ഷേ, അമ്പരന്നത് മാധ്യമങ്ങളും പാർടിയ്ക്കു പുറത്തുള്ളവരുമാണത്രേ. അങ്ങനെ വ്യാഖ്യാനിക്കാനും ആ വ്യാഖ്യാനത്തിൽ അച്ചടിമഷി പുരട്ടാനുമുള്ള ധൈര്യം അപൂർവം പേർക്കേ ഉണ്ടാകൂ.

വ്യാഖ്യാനങ്ങൾ പ്രസിദ്ധീകരിക്കാൻ ഒരിടമുണ്ടെങ്കിൽ നമുക്കെങ്ങനെയും വ്യാഖ്യാനിക്കാം. അതുപോലെ അധികാരവും പദവിയുമുണ്ടെങ്കിൽ എന്തും പറയുകയുമാവാം. ഒക്കെ അച്ചടിക്കാനും സംപ്രേഷണം ചെയ്യാനും വ്യാഖ്യാനിക്കാനും മാധ്യമങ്ങളും അണികളും അനുയായികളും റെഡിയാണ്. ഇത്തരം വ്യാഖ്യാനപ്പലഹാരങ്ങൾ രുചിയോടെ വിഴുങ്ങുന്നവരുണ്ടാകാം. എല്ലാവരും അങ്ങനെയാണോ?

ആരെടാ എന്നു ചോദിച്ചാൽ എന്തെടാ എന്നു തിരിച്ചടിക്കാം, പാർടി സെക്രട്ടറിയ്ക്ക്. തീർച്ചയായും മുഖ്യമന്ത്രിയെ "ആരെടാ" എന്നു സംബോധന ചെയ്യുന്നത് തെറ്റു തന്നെയാണ്. എന്നാൽ, ആരെങ്കിലും ആ തെറ്റു ചെയ്താൽ മുണ്ടും മടക്കിക്കുത്തി, "എന്തെടാ" എന്നൊരു മുഖ്യമന്ത്രി തിരിഞ്ഞു നിൽക്കാമോ? ആ സാഹചര്യം കുറേക്കൂടി സമചിത്തതയോടെയല്ലേ കൈകാര്യം ചെയ്യേണ്ടത്?

ഉദാഹരണത്തിന്, സ്വാശ്രയ കരാറിന്മേൽ മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ അവതരിപ്പിച്ച അടിയന്തര പ്രമേയം. പ്രമേയമവതരിപ്പിച്ചുകൊണ്ട് എന്തൊക്കെയാണ് പ്രസംഗിച്ചതെന്ന് ശിവകുമാറിനും ദൈവം തമ്പുരാനുമേ അറിയൂ. പ്രസംഗത്തിന്റെ നിലവാരം തൊട്ടടുത്തിരിക്കുന്ന വി ഡി സതീശന്റെ മുഖത്തു വായിക്കാം. അതിനപ്പുറം കഴിഞ്ഞ സർക്കാരിലെ സ്വാശ്രയ കരാറുകൾക്ക് ചുക്കാൻ പിടിച്ച ആളാണ് ശിവകുമാർ. ആരോഗ്യഭരണവുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന അപവാദങ്ങൾ വേറെ. ആ അടിയന്തര പ്രമേയം അനുവദിച്ച് ചർച്ച ലൈവായി സംപ്രേഷണം ചെയ്തിരുന്നെങ്കിലോ?

പ്രമേയാവതാരകനെത്തന്നെ പൊതുസമക്ഷം പൊളിച്ചു കാട്ടാൻ സർക്കാരിനു കിട്ടിയ ഏറ്റവും നല്ല അവസരമാക്കാമായിരുന്നു അത്. പഴയ സർക്കാരിന്റ കരാറിലെ ദോഷങ്ങളും ഇപ്പോഴത്തെ കരാറിന്റെ മേന്മകളും നേർക്കുനേർ വാദിച്ചുറപ്പിക്കാമായിരുന്നു. സ്വാശ്രയ കോളജുകളെക്കുറിച്ച് എ കെ ആന്റണിയുടെ പരസ്യപ്രതികരണം മുതലുള്ള കാര്യങ്ങൾ ഭരണപക്ഷത്തിന് ആയുധമാക്കാമായിരുന്നു.

അതിനു പകരം ഏത് അടിയന്തര പ്രമേയത്തിനോടും ഇതപര്യന്തമുള്ള ഏതു സർക്കാരും സ്വീകരിക്കുന്ന സമീപനം ഈ സർക്കാരുമെടുത്തു. അതിലും തെറ്റൊന്നുമില്ല. പക്ഷേ, മറുപടി പറഞ്ഞ ആരോഗ്യമന്ത്രി പ്രതിപക്ഷത്തെ അടച്ചാക്ഷേപിച്ചപ്പോൾ പിഴച്ചു.

സ്വാശ്രയ കോളജുകളിൽ ഫ്രീയായി പഠിച്ച യുഡിഎഫ് നേതാക്കളുടെ മക്കളാരൊക്കെയെന്ന് ടീച്ചർ സഭയിൽ തുറന്നു പറയണമായിരുന്നു. എന്നെക്കൊണ്ട് പറയിപ്പിക്കരുത് എന്ന ഭീഷണിയൊക്കെ വെറും ബ്ലാക്ക് മെയിലിംഗാണ്. അങ്ങോട്ട് അഞ്ചു പറയുമ്പോൾ ഇങ്ങോട്ടു പത്തു പറയുമെന്ന് ടീച്ചർക്കറിയാം. മാത്രമല്ല, പഠിച്ചത് ഫ്രീയായിട്ടാണെന്നതിനും തെളിവൊന്നും ഹാജരാക്കാനാവില്ലല്ലോ. ആ ഭീഷണിയിൽ പ്രതിപക്ഷം ഇരുന്നുപോകും എന്നു മന്ത്രി കരുതിയിരിക്കാം. പക്ഷേ, അങ്ങനെ ഇരിക്കാനല്ലല്ലോ അവരിക്കണ്ട കാലമത്രയും കയിലു കുത്തിയത്.

നിയമസഭ തെരുവല്ല എന്നു പറയുന്നതിന്റെ മറുവശം ഇതാണ്. സഭയിൽ പറയുമ്പോൾ എല്ലാ രേഖകളും കൈയിലുണ്ടാകണം, തെളിവുണ്ടാകണം. രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പറഞ്ഞതു പറഞ്ഞതു തന്നെയായിരിക്കണം. അല്ലാതെ കാടടച്ചുളള ബ്ലാക്ക് മെയിലിംഗിന്റെ വേദിയല്ല നിയമസഭ. അതു തെരുവിലാകാം. മൈക്കിനു മുന്നിൽ യഥേഷ്ടം ആക്ഷേപങ്ങളും ഭീഷണികളും മുഴക്കാം. തെരുവിലെ പാർടി യോഗങ്ങൾ പാർടി സംഘടിപ്പിക്കുന്നതാണ്. പാർടിക്കാർക്കു തോന്നിയതെന്തും അവിടെ പറയാം. മൈക്കിനും കസേരയ്ക്കും പന്തലിനും വാടക കൊടുക്കുന്നത് പാർടിയാണ്.

പക്ഷേ, നിയമസഭയുടെ ചെലവു വഹിക്കുന്നത് പാർടിയല്ല. അവിടെ യോഗം ചേരാൻ ചെലവഴിക്കുന്നത് പൊതുപണമാണ്. എല്ലാ രാഷ്ട്രീയവിശ്വാസമുള്ളവരും ഒരു രാഷ്ട്രീയവുമില്ലാത്തവരും നൽകുന്ന നികുതിപ്പണം. നിയമസഭയിൽ പറയുന്ന കാര്യങ്ങൾക്ക് ജനങ്ങളോട് ഉത്തരവാദിത്തം വേണം. സ്വാശ്രയ മാനേജ്മെന്റുകളുടെ ഔദാര്യം കൈപ്പറ്റി മക്കളെ പഠിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കൾ ആ സഭയിലിരിപ്പുണ്ട് എന്ന് ആരോഗ്യമന്ത്രി സഭയിൽ പറഞ്ഞാൽ അതാരൊക്കെയെന്നറിയാൻ നികുതി കൊടുക്കുകയും വോട്ടു ചെയ്യുകയുമൊക്കെ ചെയ്യുന്നവർക്ക് അവകാശമുണ്ട്. അർദ്ധോക്തിയിൽ ടീച്ചർ വിഴുങ്ങിയാലുടനെ ജനത്തിനു ദഹിക്കണമെന്നില്ല. സിപിഎമ്മിന്റെയോ ജനാധിപത്യ മഹിളാ അസോസിയേഷന്റെയോ പൊതുയോഗത്തിലാണ് ശൈലജ ടീച്ചർ ഇതു പറയുന്നതെങ്കിൽ, ആരും ചോദിക്കാനും വരില്ല.

പാർടി കമ്മിറ്റികൾ നടത്തിക്കൊണ്ടുപോകുന്നതുപോലെ നിയമസഭ നടത്തിക്കൊണ്ടുപോകാനാവില്ല. എതിർഗ്രൂപ്പുകാരെയും എതിരഭിപ്രായം പറയുന്നവരെയും കമ്മിറ്റിയിൽ കൈകാര്യം ചെയ്യുന്ന അടവുകൾ നിയമസഭയിൽ ഏശണമെന്നുമില്ല. ഒട്ടേറെ കൊള്ളരുതായ്മകളുടെ പേരിൽ ജനത്തിന്റെ ശിക്ഷ ഏറ്റു വാങ്ങിയവർ തന്നെയാണ് പ്രതിപക്ഷത്തുള്ളത്. പക്ഷേ, ആ പ്രതിപക്ഷത്തിനും ചവിട്ടിനിൽക്കാനൊരു സ്ഥലം ജനാധിപത്യം അനുവദിച്ചിട്ടുണ്ട്.

സരിതയും സോളാറും ബാബുവും മാണിയുമൊക്കെയായി വശംകെട്ടിരുന്ന പ്രതിപക്ഷത്തിന് ഓർക്കാപ്പുറത്തു കൈയിൽകിട്ടിയ ഉത്തേജന മരുന്നായി പിണറായിയുടെയും ശൈലജ ടീച്ചറുടെയും വാക്കുകൾ. ഇപ്പോൾ ചർച്ച സ്വാശ്രയ കരാറിന്റെ മെരിറ്റിന്മേലല്ല. പിണറായി പറഞ്ഞത് ശരിയോ തെറ്റോ എന്നായി. ഉത്തരം രണ്ടായാലും, വിഷയം പിണറായിയുടെ സംസാരശൈലിയാണ്. ആ ചർച്ചയ്ക്കും തീർപ്പിനും കേരളത്തിനെന്തു കാര്യം?

കരിങ്കൊടി പ്രശ്നത്തിലേയ്ക്കു വരാം. മുഖ്യമന്ത്രിയ്ക്കെതിരെ കരിങ്കൊടി കാണിക്കുന്നത് വാർത്താ പ്രാധാന്യത്തിനു തന്നെയാണ്. ആരു കാണിച്ചാലും. ആരോരുമറിയാതെ കരിങ്കൊടി കാണിച്ചിട്ടെന്തു കാര്യം? സ്വാഭാവികമായും ചാനലുകളെ അറിയിച്ചായിരിക്കും അതു ചെയ്തിട്ടുണ്ടാവുക. പരമാവധി ആളെക്കൂട്ടി മുൻകൂട്ടി പ്രഖ്യാപിച്ച് കരിങ്കൊടി കാണിക്കലൊക്കെ ഡിവൈഎഫ്ഐ ശൈലിയാണ്. കെഎസ് യുക്കാരൊക്കെ ഇങ്ങനെയൊക്കെയും. ഡിവൈഎഫ്ഐയുടേത് ഒരു പ്രസ്ഥാനത്തിന്റെ ധീരതയാണെങ്കിൽ, യൂത്ത് കോൺഗ്രസിലും കെഎസ് യുവിലും സാഹസം വ്യക്തിയുടെ പേരിലാണ് വരവുവെയ്ക്കപ്പെടുന്നത്. പിണറായിയെ കരിങ്കൊടി കാണിച്ച നേതാവ് എന്ന മേൽവിലാസത്തിലാവും കെഎസ് യു ജില്ലാ പ്രസിഡന്റ് റിങ്കുവിന്റെ രാഷ്ട്രീയജീവിതം മുന്നേറുക. അതൊക്കെ ഒരു കോൺഗ്രസ് ശൈലിയാണ്. സ്വാഭാവികമായും ആ ആശയം തോന്നിയവർ, രണ്ടു ചാനലുകളെയും വിളിച്ച് പിണറായിയ്ക്കുനേരെ കൊടി വീശി. ആ സംഘടനയെ അറിയുന്നവർക്ക് അതിലൊന്നും ഒരത്ഭുതവും തോന്നുകയില്ല.

അവരെങ്ങനെയാണ് ചാനലുകൾ വാടകയ്ക്കെടുത്തവരാവുക? ആ വ്യാഖ്യാനത്തിലാണ് പിണറായിക്കു പിഴച്ചത്. യഥാർത്ഥത്തിൽ കാണിച്ചത് കരിങ്കൊടിയല്ല, നീലക്കൊടിയാണ്. അതിൽനിന്നു തന്നെ ഏറെത്തയ്യാറെടുപ്പോടു കൂടി നടത്തിയ പരിപാടിയല്ല അതെന്നു വ്യക്തം.

തനിക്കു തോന്നുന്നതു പറയും, അതിനു തനിക്ക് അവകാശമുണ്ടെന്ന് പിന്നീട് പത്രസമ്മേളനങ്ങളിലും മുഖ്യമന്ത്രി ആവർത്തിക്കുന്നു. പിണറായി വിജയൻ എന്ന വ്യക്തിയ്ക്ക് അതിനുളള അവകാശം സമൂഹം വിലവെയ്ക്കുക തന്നെ വേണം. എന്നാൽ അദ്ദേഹം മുഖ്യമന്ത്രിയും പറയുന്ന സ്ഥലം നിയമസഭയുമാകുമ്പോൾ യുക്തി വേറെയാണ്. തോന്നുന്നത് തോന്നുന്നതുപോലെ പറയാനുള്ള സ്ഥലമല്ല നിയമസഭ. ചാനലുകൾ വാടകയ്ക്കെടുത്തവരാണ് കരിങ്കൊടി കാണിച്ചതെന്ന് പിണറായി പറഞ്ഞാൽ, ഏതു ചാനലെന്നും കൊടുത്ത വാടകയെത്രയെന്നും വിലപേശിയതാരൊക്കെയെന്നും അവിടെ ചോദ്യങ്ങളുയരും. അവയോട്, എല്ലാം എന്റെ തോന്നലായിരുന്നു എന്നു പ്രതികരിക്കുമ്പോൾ, തൊട്ടടുത്ത കസേരയിലിരിക്കുന്ന ഇ പി ജയരാജൻ പോലും ഉള്ളിൽ ചിരിക്കുമെന്ന് പിണറായി വിജയൻ അറിയണം.

അദ്ദേഹവും സഹമന്ത്രിമാരും നിയമസഭയെ തോന്നുന്നതു പറയാനുള്ള വേദിയാക്കിയാൽ, അവയ്ക്കു ചെവി കൊടുക്കാൻ അധികംപേരുണ്ടാവുകയുമില്ല.

Story by
Read More >>