ദയാവധത്തിനും ക്ലോണിങ്ങിനും യുഎഇയില്‍ നിരോധനം

നിയമം ലംഘിക്കുന്നവര്‍ക്ക് കുറഞ്ഞത് ആറുമാസത്തെ തടവോ ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴയോ രണ്ടും കൂടിയോ ലഭിച്ചേക്കാം.

ദയാവധത്തിനും ക്ലോണിങ്ങിനും യുഎഇയില്‍ നിരോധനം

അബുദാബി: ദയാവധവും മനുഷ്യ ക്ലോണിങ്ങും പൂര്‍ണ്ണമായി നിരോധിച്ചുള്ള നിയമം യുഎഇയില്‍ പാസാക്കി. രോഗിയുടെയോ ബന്ധുക്കളുടെയോ സമ്മതമുണ്ടെങ്കിലും ഒരു കാരണവശാലവും ദയാവധം അനുവദീയമല്ലെന്നാണ് പുതിയ നിയമത്തിലെ ഉള്ളടക്കം. യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍  സായിദ് ആല്‍ നഹ്യാന്‍ പുറപ്പെടുവിച്ച ചികിത്സാ ഉത്തരവാദിത്ത നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

രക്തചംക്രമണം പൂര്‍ണമായി തടസ്സപ്പെടുത്തുന്ന ഹൃദയസ്തംഭനം, ശ്വസന പ്രക്രിയ പൂര്‍മണ്ണമായി നിലക്കുന്ന ശ്വാസകോശ സ്തംഭനം, തമസ്തിഷ്‌കാഘാതം എന്നിവ സംഭവിച്ചാലല്ലാതെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ രോഗിയില്‍ നിന്നും നീക്കം ചെയ്യുന്നതും ഇനിമുതല്‍ വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.


അതേസമയം, രോഗി ജീവിതത്തിലേക്ക് തിരികെ വരാനുള്ള സാധ്യത വിരളമാണെങ്കില്‍, മൂന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം തേടിയ ശേഷം ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്ത് സ്വാഭാവിക മരണത്തിനു രോഗിയെ അനുവദിക്കണമെന്നാണ് ചികിത്സാ ഉത്തരവില്‍ പറയുന്നത്. സമാന സന്ദര്‍ഭത്തില്‍ രോഗിയുടെയോ ബന്ധുക്കളുടെയോ സമ്മതം ആവശ്യമില്ല എന്നതും ഉത്തരവിലെ പ്രത്യേകതയാണ്.

എന്നാല്‍ ചികിത്സ കൊണ്ട് ഫലമില്ലെങ്കിലും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വേണമെന്നു രോഗി വ്യക്തമായി ആവശ്യപ്പെട്ടാല്‍ ഒരു കാരണവശാലും അത് തടഞ്ഞു വെക്കാന്‍ പാടില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് പത്തു വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും.

അമ്മയുടെ ജീവന്‍ അപകടത്തിലാവുന്ന സാഹചര്യത്തിലും മാതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ മറ്റ് വഴികളില്ലാത്ത സാഹചര്യത്തിലും ഗര്‍ഭഛിദ്രം അനുവദിക്കാമെന്നും ചികിത്സാ ഉത്തരവില്‍ ഉണ്ട്. ഭ്രൂണത്തിന് പരിഹരിക്കാനാവാത്ത വൈകല്യമുണ്ടെങ്കിലും ഗര്‍ഭഛിദ്രമാവാം. എന്നാല്‍ ഭ്രൂണത്തിന്റെ അസുഖം ഗൈനക്കോളജിസ്റ്റ്, കുട്ടികളുടെ വിദഗ്ദ ഡോക്ടര്‍, മെഡിക്കല്‍ ഇമേജിങ് വിദഗ്ധന്‍ എന്നിവര്‍ മുഖേനെ രോഗം തെളിയിക്കണം. അതോടൊപ്പം ഗര്‍ഭം 120 ദിവസത്തില്‍ കുറവായിരിക്കുകയും വേണം. ഇതിനു ശേഷം സര്‍ക്കാറിലേക്ക് അപേക്ഷ സമര്‍പ്പിക്കണം.

മനുഷ്യന്റെ ജനിതക പകര്‍പ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ക്ലോണിങ്ങിനും നിരോധനം ഉണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് കുറഞ്ഞത് ആറുമാസത്തെ തടവോ ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴയോ രണ്ടും കൂടിയോ ലഭിച്ചേക്കാം.