കണ്ണൂരിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് വിദ്യാർത്ഥിനികൾക്ക് ജീവാപായം

കണ്ണൂർ താഴെചൊവ്വയിലും തളിപ്പറമ്പ് പൊക്കുണ്ടിലുമായിരുന്നു അപകടങ്ങൾ

കണ്ണൂരിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് വിദ്യാർത്ഥിനികൾക്ക് ജീവാപായം

കണ്ണൂർ: കണ്ണൂരിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് വിദ്യാർത്ഥിനികൾ മരണപ്പെട്ടു. കണ്ണൂര്‍ താഴെചൊവ്വയില്‍ പിതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥിനിയാണ് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിടിച്ച് മരിച്ചത്. തളിപ്പറമ്പ് കുറുമാത്തൂര്‍ പൊക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന്റെ ടയര്‍ ഊരിത്തെറിച്ചാണ് മദ്രസ വിദ്യാര്‍ത്ഥിനി മരിച്ചത്.

കണ്ണൂർ എസ്എൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി കാഞ്ഞിരോട് തലമുണ്ടയിലെ പാറക്കണ്ടി ഹൗസില്‍ പി ആതിര (20)യാണ് ബസിടിച്ച് മരിച്ചത്. രാവിലെ ഒമ്പതരയോടെ താഴെ ചൊവ്വ ജംഗ്ഷനിൽ ആയിരുന്നു അപകടം. പിതാവ് ഹരീഷിനൊപ്പം സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകവെ കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ഒമേഗ ബസ്സ് സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ആതിരയുടെ ശരീരത്തിലൂടെ അതേ ബസ് കയറിയിറങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ തല പൂര്‍ണമായും ചതഞ്ഞരഞ്ഞ നിലയിലാണ്. ഇടതുഭാഗത്തേക്ക് തെറിച്ചുവീണതിനാല്‍ പിതാവ് ഹരീഷിന് ഗുരുതരമായ പരിക്കുകൾ ഇല്ല. ഹരീഷിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ബസ്സിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ ബസ്സ് അടിച്ചു തകർത്തു. തുടർന്ന് റോഡിൽ കുത്തിയിരുന്നു. ഇത് ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടാക്കി. ജില്ലാ പോലീസ് മേധാവി എത്തി വിദ്യാർത്ഥികളുമായി ചർച്ച നടത്തി കർശനനടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയതിനെത്തുടർന്നാണ് വിദ്യാർത്ഥികൾ പിരിഞ്ഞുപോയത്.

തളിപ്പറമ്പ് കുറുമാത്തൂര്‍ പൊക്കുണ്ടിലെ അഷ്‌റഫിന്റെ മകള്‍ ഹന്ന ഫാത്തിമ എന്ന എട്ടുവയസുകാരിയാണ് ഇന്ന് രാവിലെ വാനിന്റെ പിന്‍വശത്തെ ടയര്‍ ഊരിത്തെറിച്ച് മരിച്ചത്. പൊക്കുണ്ട് ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ നിന്നും ക്ലാസ് കഴിഞ്ഞു പോവുകയായിരുന്നു ഹന്നയുടെയും കൂടെയുണ്ടായിരുന്ന ഹഫ്‌സീനയുടെയും ദേഹത്തേക്ക് ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹന്നയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഹഫ്‌സീനയുടെ നില ഗുരുതരമായി തുടരുകയാണ്.

Read More >>