തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജറുസലേമിനെ ഇസ്രായേലിൻ്റെ തലസ്ഥാനമായി അംഗീകരിക്കും; ഡൊണാള്‍ഡ് ട്രംപ്

3000ത്തിലേറെ വര്‍ഷമായി ജൂതന്മാരുടെ അനശ്വര തലസ്ഥാനമായാണ് ജറുസലേം കണക്കാക്കപ്പെടുന്നത്. ട്രംപ് ഭരണകൂടത്തിനു കീഴില്‍ ജറുസലേമിനെ വിഭജിക്കാതെ ഇസ്രായേലി തലസ്ഥാനമായി അംഗീകരിക്കും

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജറുസലേമിനെ ഇസ്രായേലിൻ്റെ തലസ്ഥാനമായി അംഗീകരിക്കും; ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുമെന്ന വാഗ്ദാനവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ട്രംപ് ടവറിലെ വീട്ടില്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

3000ത്തിലേറെ വര്‍ഷമായി ജൂതന്മാരുടെ അനശ്വര തലസ്ഥാനമായാണ് ജറുസലേം കണക്കാക്കപ്പെടുന്നത്. ട്രംപ് ഭരണകൂടത്തിനു കീഴില്‍ ജറുസലേമിനെ വിഭജിക്കാതെ ഇസ്രായേലി തലസ്ഥാനമായി അംഗീകരിക്കും. ട്രംപിന്റെ ക്യാമ്പെയിന്‍ പ്രസ്താവനയില്‍ പറയുന്നു.


1967ലെ അറബ് ഇസ്രായേല്‍ യുദ്ധത്തില്‍ ജറുസലേമിന്റെ കിഴക്കന്‍ ഭാഗം പിടിച്ചെടുക്കുകയും 1980ല്‍ ഇത് കൂട്ടിയോജിപ്പിച്ച് ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യു.എസ് ഉള്‍പ്പെടെയുള്ള മിക്ക യു.എന്‍ അംഗരാജ്യങ്ങളും ഇത് അംഗീകരിക്കാനോ ജറുസലേമിനെ തലസ്ഥാനമായി സമ്മതിക്കാനോ തയ്യാറായിട്ടില്ല.

എന്നാല്‍ ട്രംപിന്റെ ഉറപ്പ് സംബന്ധിച്ച് നെതന്യാഹു ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ട്രംപിന്റെ ഉറപ്പിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഇസ്രയേലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സ്ഥിരതയും സമാധാനവും നേടാനുള്ള അതിന്റെ ശ്രമങ്ങളുമാണ് ചര്‍ച്ചയായതെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ജോര്‍ജ് ബുഷും ഇതേ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ജയിച്ചശേഷം സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇതില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

Read More >>