ഭിന്നലിംഗക്കാരെ ആണ്‍വേശ്യകള്‍ എന്ന് വിശേഷിപ്പിച്ച് ഫയര്‍ മാഗസിന്‍ : പ്രതിഷേധവുമായി ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി

ഫയര്‍ മാസികയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയാണ് ട്രാന്‍സ്ജെന്‍ഡര്‍ അംഗങ്ങളും പൊതുപ്രവര്‍ത്തകരും അടങ്ങുന്ന സാംസ്ക്കാരിക വേദിയായ 'ഒയാസിസ്‌' തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്

ഭിന്നലിംഗക്കാരെ ആണ്‍വേശ്യകള്‍ എന്ന് വിശേഷിപ്പിച്ച് ഫയര്‍ മാഗസിന്‍ : പ്രതിഷേധവുമായി ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ  ആണ്‍വേശ്യകള്‍ എന്ന് വിശേഷിപ്പിച്ച 'ഫയര്‍' മാഗസിനെതിരെ പ്രതിഷേധം. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഭിന്നലിംഗക്കാരെ ആണ്‍വേശ്യകള്‍ എന്ന് വിശേഷിപ്പിക്കുകയും അനുവാദമില്ലാതെ പല ഭിന്നലിംഗക്കാരുടെയും ചിത്രം ലേഖനത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം.

തിരുവനന്തപുരം കുമാരപുരത്തുള്ള ഫയര്‍ മാസികയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയാണ് ട്രാന്‍സ്ജെന്‍ഡര്‍ അംഗങ്ങളും പൊതുപ്രവര്‍ത്തകരും അടങ്ങുന്ന സാംസ്ക്കാരിക വേദിയായ 'ഒയാസിസ്‌' തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. കുമാരപുരത്തു വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന്, ഒയാസിസ്‌ പ്രസിഡന്റ് ആയ രഞ്ജിനി പിള്ള,എസ്ജിഎംഎഫ്‌കെയുടെ സ്റ്റേറ്റ് പ്രസിഡന്റായ ശ്രീക്കുട്ടി, എസ് എഫ് ഐ നേതാവ് വിമല്‍, സോഷ്യല്‍ ആക്ടിവിസ്റ്റ് സജ്‌ന ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്, ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി അംഗമായ സൂര്യ ഫയര്‍ മാഗസിന്‍ കത്തിക്കുകയും ഓഫീസിന് മുന്‍പില്‍ എല്ലാവരും ഓഫീസിനു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. തിരുവനന്തപുരത്ത് മാത്രമല്ല, കൊച്ചിയിലും പ്രതിഷേധം നടന്നു.


14442792_1156126134451658_1831865357_n

സംഭവത്തില്‍ ഫയറിനെതിരെ നിയമനടപടികള്‍ക്കൊരുങ്ങുകയാണ് ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി അംഗമായ ശീതള്‍ ശ്യാം. സെലിബ്രിറ്റികളെപ്പറ്റി ഗോസിപ്പുകള്‍ വരുന്ന ഒരു മാഗസിന്‍ ആണ് ഫയര്‍ എന്നും ഞങ്ങളെപ്പോലുള്ള സാധാരണക്കാരെ ജീവിക്കാന്‍ അനുവദിക്കൂ എന്നും ശീതള്‍ പറയുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് ശീതള്‍ തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

ഫയര്‍ മാസികയ്‌ക്കെതിരെ ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സൂര്യ അബിയുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസിലും കൊച്ചി പൊലീസിലും പരാതി നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സിഐ ബിനു കുമാറിനാണ് അന്വേഷണ ചുമതല. ഫയര്‍ മാസിക പ്രസിദ്ധീകരിക്കുന്ന കലാകൗമുദിക്കെതിരെയാണ് പരാതി.

സ്ത്രീയെന്ന ഐഡന്റിയിലാണ് ഞാന്‍ ജീവിക്കുന്നത്. സ്ത്രീത്വത്തിന് എതിരെയുളള കടന്നു കയറ്റമാണിത്. എന്റെ സ്വകാര്യതയും വ്യക്തിത്വവും മാനിക്കാന്‍ ആ മാധ്യമ സ്ഥാപനം തയ്യാറാകണമായിരുന്നു. ഇത്തരം വികലമായ പെരുമാറ്റത്തെ തുറന്നു കാട്ടുമെന്നും സൂര്യ അബി നാരാദാ ന്യൂസിനോട് പ്രതികരിച്ചു.