ടൊറന്റോ ചലച്ചിത്ര മേളയില്‍ 'ജാക്കി'ക്കും 'ലാ ലാ ലാന്‍ഡി'നും തിളക്കമാര്‍ന്ന വിജയം

ഭൂട്ടാനില്‍ നിന്നുള്ള 'ഹേമ ഹേമ, സിംഗ് എ സോംഗ് വൈല്‍ ഐ വെയിറ്റ്' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഖ്യെന്റ്റ്സേ നോര്‍ബുവിന് പ്രത്യേക പരാമര്‍ശം

ടൊറന്റോ ചലച്ചിത്ര മേളയില്‍

തിങ്കളാഴ്ച സമാപിച്ച ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിലിയില്‍ നിന്നുള്ള ചിത്രം 'ജാക്കി'ക്കും അമേരിക്കന്‍ ചിത്രം 'ലാ ലാ ലാന്‍ഡി'നും തിളക്കമാര്‍ന്ന വിജയം. മേളയിലെ ഏറ്റവും പ്രധാനപ്പെട്ട പുരസ്ക്കാരമായ 'ദി പ്ലാറ്റ്ഫോം അവാര്‍ഡ് ഫോര്‍ ഡയറക്ഷന്‍' ജാക്കിയുടെ സംവിധായകനായ പാബ്ലോ ലറെയിന് (pablo larraine) ലഭിച്ചു.

മരണമടഞ്ഞ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ജോണ്‍ എഫ് കെന്നഡിയുടെ ഭാര്യയായ ജാക്വിലിന്‍ കെന്നഡിയുടെ ജീവിതമാണ് ജാക്കിയുടെ പ്രമേയം. ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകത്തിന് തൊട്ടുമുന്‍പും  പിന്‍പുമുള്ള ദിവസങ്ങള്‍ക്കാണ് ചിത്രം കൂടുതലായും ഊന്നല്‍ കൊടുത്തിരിക്കുന്നത്. ഓസ്ക്കാര്‍ ജേതാവായ നടി നാറ്റലി പോര്‍ട്ട്മാന്‍ (natalie portman) ആണ് ചിത്രത്തില്‍ ജാക്വിലിന്‍ കെന്നഡിയെ അവതരിപ്പിച്ചിരിക്കുന്നത്. ഈയിടെ ഇറ്റലിയില്‍ നടന്ന വെനീസ് ഫിലിം ഫെസ്റ്റിവലിലും ജാക്കി പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. ഓസ്ക്കാര്‍ ഉള്‍പ്പടെയുള്ള രാജ്യാന്തര പുരസ്ക്കാരവേദികളില്‍ ജാക്കി ശ്രദ്ധിക്കപ്പെടും എന്നുതന്നെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.


അമേരിക്കന്‍ സംവിധായകന്‍ ബ്രയന്‍ ഡി പാല്‍മ, സംവിധായകന്‍ മഹാമത് സാലെ ഹാരൂണ്‍ ,നടി ഷാംഗ് സിയി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. ജാക്കിയുടെ സംവിധായകന് പുരസ്ക്കാരം നല്‍കാനുള്ള തീരുമാനം തങ്ങള്‍ ഐക്യകണ്‌ഠേന കൈക്കൊണ്ടതാണെന്നും ചിത്രത്തിലെ നായിക നാറ്റലി പോര്‍ട്ട്മാന്‍റെ പ്രകടനവും ചിത്രത്തിന്റെ ആഖ്യാനരീതിയും ഒരേപോലെ മികച്ചതാണെന്നും ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ലോറയിനൊപ്പം  ഭൂട്ടാനില്‍ നിന്നുള്ള 'ഹേമ ഹേമ, സിംഗ് എ സോംഗ് വൈല്‍ ഐ വെയിറ്റ്'( hema hema ,sing a song while i wait) എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഖ്യെന്റ്റ്സേ നോര്‍ബു( khyentse norbu)വിന് പ്രത്യേക പരാമര്‍ശവും ജൂറി നല്‍കുകയുണ്ടായി.ഭൂട്ടാന്‍ പോലെ സിനിമകള്‍ക്ക്‌ അത്രത്തോളം പ്രാധാന്യം കൊടുക്കാത്ത ഒരു രാജ്യത്ത് നിന്നും മികച്ച ഒരു കലാസൃഷ്ടി ജനിച്ചത് ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിലെ പല രംഗങ്ങളിലും കാണപ്പെടുന്ന മുഖംമൂടികളുടെ ഉപയോഗവും ശ്രദ്ദേയമാണ്.

മേളയിലെ മറ്റൊരു സുപ്രധാന പുരസ്ക്കാരമായ പീപ്പിള്‍സ് ചോയ്സ് അവാര്‍ഡിന് അര്‍ഹമായത് അമേരിക്കന്‍ ചിത്രം 'ലാ ലാ ലാന്‍ഡ്'' ആണ്. ഒരു ജാസ് സംഗീതജ്ഞനും നടിയും തമ്മിലുള്ള പ്രണയകഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്‌ ഓസ്ക്കാര്‍ നേടിയ  'വിപ്ലാഷ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡാമിയന്‍ ഷസല്‍ (damian chazelle) ആണ്. ചിത്രത്തിലെ നായികാവേഷം അവതരിപ്പിച്ച നടി എമ്മ സ്റ്റോണിന് ചിത്രത്തിലെ പ്രകടനത്തിന് വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്ക്കാരം ലഭിച്ചിരുന്നു. ചിത്രം തീയറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ചലച്ചിത്രമേളകളില്‍ പ്രേക്ഷകരില്‍ നിന്നും ലഭിച്ച പ്രതികരണം ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തിനും സഹായകരമാകും എന്ന് കരുതപ്പെടുന്നു.