നിരോധനത്തെ മറികടക്കുന്ന മദ്യതൃഷ്ണകളുടെ അതിര്‍ത്തികള്‍

ലഹരി തേടിയുള്ള മനുഷ്യന്റെ യാത്ര തുടങ്ങുന്നത് എപ്പോഴാണെന്നുള്ളതിന് കൃത്യമായ കണക്കുകള്‍ ഒന്നും ഇല്ല. ചായയും കാപ്പിയും മദ്യവും കഞ്ചാവും എല്ലാം ലഹരി തന്നെ മനുഷ്യന്. ശാസ്ത്രീയമായ വഴിയിലൂടെയുള്ള മദ്യ വര്‍ജനം മാത്രമാണ് ഒരേ ഒരു വഴി.

നിരോധനത്തെ മറികടക്കുന്ന മദ്യതൃഷ്ണകളുടെ അതിര്‍ത്തികള്‍

പാലക്കാടന്‍ അതിര്‍ത്തിക്കപ്പുറത്ത് തമിഴ്‌നാടാണ്. തൊട്ടടുത്ത പട്ടണം കോയമ്പത്തൂരും. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്റെ നേരെ എതിരില്‍ മുഴുവന്‍ ലോഡ്ജുകളും ഹോട്ടലുകളും ആണ്. നിറയെ ബാര്‍ ഹോട്ടലുകളും ഉണ്ട്. എല്ലാത്തിനും അപ്പുറത്ത് 'ടാസ്മാക്' എന്ന് അറിയപ്പെടുന്ന സര്‍ക്കാര്‍ മദ്യക്കടയും ഉണ്ട്. മദ്യപിക്കാനായി മാത്രം മുറിയെടുക്കുന്നവര്‍ ഉണ്ടെന്നാണ് ഇവിടെ ജോലി ചെയ്യുന്ന കുമാര്‍ പറയുന്നത്. ബാര്‍ നിരോധനത്തെ തുടര്‍ന്ന് ഇരുന്നടിക്കാന്‍ സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് പുറമേ, സ്വന്തം നാട്ടില്‍ മദ്യപിക്കാന്‍ കഴിയാതെ പോകുന്നവര്‍ക്കും ഇവിടം ഒരു ആശ്വാസമാകുന്നു!


ടാസ്മാക് അഥവാ സാധാരണക്കാരന്റെ പഞ്ചനക്ഷത്ര ഹോട്ടല്‍!

തമിഴ്നാട്ടിലെ സര്‍ക്കാര്‍ മദ്യശാലകള്‍, അഥവാ ടാസ്മാക്കുകള്‍ കേരളത്തിലെ ബീവറേജ് ഔട്‌ലറ്റുകളില്‍ നിന്നും വ്യത്യസ്തമാണ്. കേരളത്തില്‍ ക്യൂ നിന്ന് 'സാധനം' വാങ്ങാം. മദ്യപിക്കാനുള്ള ഇടം കണ്ടെത്തുക എന്നത് മദ്യപന്റെ ബാധ്യതയാണ്. എന്നാല്‍ തമിഴ്നാടിന്റെ ടാസ്മാക്കുകളോട് ചേര്‍ന്ന് ഒരു ഷെഡ് ഉണ്ടാവും. ചിലയിടത്തെല്ലാം നല്ല ഹോട്ടലുകള്‍ തന്നെ കാണും. ഇവിടെയിരുന്ന് മദ്യപിക്കാം. അഞ്ച് രൂപ മുതല്‍ 500 രൂപ വരെയുള്ള സൈഡ് ഡിഷുകളും ഗ്ലാസ്സും വെള്ളവും അങ്ങനെ ഒരു മദ്യപന് ആവശ്യമുള്ളതെല്ലാം ഇവിടെ കിട്ടും. ഒലവക്കോടിനടുത്തുള്ള ഒരു കൂട്ടം ചെറുപ്പക്കാരെ എട്ടിമടയിലെ ടാസ്മാക്കിനടുത്ത് വച്ച് കണ്ടു. അവര്‍ 20 പേര്‍ മദ്യപിക്കാനായി എത്തിയതാണ്. പാലക്കാട്ടെ ബാറുകള്‍ പൂട്ടിയതിനു ശേഷമാണ് അവര്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് സഞ്ചാരം തുടങ്ങിയത്. നീണ്ട അവധി ദിനങ്ങള്‍, ഓണം, പുതുവര്‍ഷം അങ്ങനെ അവരുടെ ആഘോഷങ്ങള്‍ക്ക് തമിഴ് മണ്ണ് ഇടമൊരുക്കുന്നു.

tasmac
ഇവിടെ ബാര്‍; അവിടെ കള്ള് ഷാപ്പ്

കള്ള് ഷാപ്പുകള്‍ അവസാനിക്കുന്നത് അതിര്‍ത്തിയോട് ചേര്‍ന്നാണ്. വളയാറിലെ അവസാന കള്ളുഷാപ്പിനപ്പുറം മറ്റൊന്നില്ല. ഓരോ കിലോമീറ്ററിലും ടാസ്മാക് എന്ന് എഴുതിവച്ച വിദേശ മദ്യഷാപ്പുകള്‍ തമിഴ്നാടിനുണ്ട്. പക്ഷെ അവിടെ കള്ളില്ല. തെങ്ങോ പനയോ ചെത്തി കള്ളുണ്ടാക്കുന്നതിന് തമിഴ്നാട്ടില്‍ നിരോധനം ഉണ്ട്.
പാലക്കാട്-തമിഴ്‌നാട് അതിര്‍ത്തിയില്‍ വേലന്താവളം ചെക്‌പോസ്റ്റില്‍ നിന്നും ഒരല്‍പം മാറി സഞ്ചരിച്ചാല്‍ വീരപ്പ ഗൗണ്ടന്നൂര്‍ എന്ന അതിര്‍ത്തി ഗ്രാമത്തില്‍ എത്തും. അവിടെനിന്നും ഒരു ഒറ്റ റോഡുണ്ട്. അതിലൂടെ സഞ്ചരിച്ചാല്‍ കോയമ്പത്തൂര്‍ - പൊള്ളാച്ചി റൂട്ടിലുള്ള 'കിണത്തുകടവില്‍' ആണ് എത്തുക. അതിര്‍ത്തിയില്‍ കിണത്തുക്കടവ് പോലീസിന്റെ ഒരു ചെക് പോസ്റ്റുണ്ട്. ചെക് പോസ്റ്റിന്റെ തൊട്ടടുത്ത് കേരളാ സംസ്ഥാനത്തില്‍ ഒരു കള്ള് ഷാപ്പുകാണാം. അവിടെ കുടിക്കാനെത്തുന്നത് മുഴുവന്‍ അതിര്‍ത്തിയോട് തൊട്ടു കിടക്കുന്ന തമിഴ് ഗ്രാമങ്ങളിലെ ആളുകളാണ്.

liquor

തമിഴ്നാട്ടില്‍ കള്ള് നിരോധിച്ചിട്ട് മൂന്നു പതിറ്റാണ്ട് ആകാന്‍ പോകുന്നു. കൃത്യമായി കണക്കു കൂട്ടി പറയുമ്പോള്‍ 29 വര്‍ഷങ്ങള്‍. അതിന്റെ രാഷ്ട്രീയ കാരണങ്ങളിലേക്ക് പോകുമ്പോള്‍ പറയാന്‍ ഏറെയുണ്ടെങ്കിലും വീരപ്പഗൗണ്ടന്നൂരിലെ ഷാപ്പില്‍ പതിവായി എത്തുന്ന വേലണ്ണന്‍ പറയുന്നത് കള്ള് നിരോധിച്ചത് വിജയ് മല്ല്യയ്ക്ക് വേണ്ടിയാണെന്നാണ്! 'തെന്നങ്കള്ള്, പനങ്കള്ള് - ഇതുക്ക് തടൈ വന്തപ്പോത് താന്‍ മല്യ സമ്പാദിച്ചാന്‍' - വേലണ്ണന്റെ യുക്തിയെ തള്ളിക്കളയാന്‍ കഴിയില്ല. കള്ള് നിരോധനത്തെ മറികടന്ന് കള്ള് കുടിക്കാന്‍ പാലക്കാടന്‍ ഗ്രാമങ്ങളിലേക്ക് ഒഴുകുന്ന തമിഴ് ജനതയെ നോക്കിയാല്‍ അറിയാം മൂന്നു പതിറ്റാണ്ടിന്റെ കള്ള് നിരോധനം എന്തിനു വേണ്ടി ആയിരുന്നു എന്ന്!

നിരോധിക്കേണ്ടത് മദ്യത്തെയോ, മദ്യപനെയോ?

ലഹരി തേടിയുള്ള മനുഷ്യന്റെ യാത്ര തുടങ്ങുന്നത് എപ്പോഴാണെന്നുള്ളതിന് കൃത്യമായ കണക്കുകള്‍ ഒന്നും ഇല്ല. ചായയും കാപ്പിയും മദ്യവും കഞ്ചാവും എല്ലാം ലഹരി തന്നെ മനുഷ്യന്. ശാസ്ത്രീയമായ വഴിയിലൂടെയുള്ള മദ്യ വര്‍ജനം മാത്രമാണ് ഒരേ ഒരു വഴി. നിരോധനങ്ങള്‍ വെറും പ്രഹസനങ്ങള്‍ മാത്രമാണ്. മദ്യത്തെ ഇല്ലാതാക്കുക എന്നത് അസാധ്യമായ കാര്യമാണ്. മദ്യപര്‍ ഇല്ലാത്ത സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് സാധ്യമായ ഒരേ ഒരു വഴി.