അഴിമതിവിവരങ്ങള്‍ പുറത്ത് കൊണ്ടുവരുന്നവരുടെ കൂട്ടായ്മ രൂപീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം

അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്ന വിസില്‍ബ്ലോവേര്‍മാര്‍ക്ക് ഘട്ടംഘട്ടമായി നല്‍കേണ്ട പരിശീലന പദ്ധതിയെക്കുറിച്ചും സര്‍ക്കുലറില്‍ വിശദീകരിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ വിസില്‍ബ്ലോവര്‍മാരുടെ കൂട്ടായ്മ രൂപീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അഴിമതിവിവരങ്ങള്‍ പുറത്ത് കൊണ്ടുവരുന്നവരുടെ കൂട്ടായ്മ രൂപീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം

കൊച്ചി: അഴിമതി വിവരങ്ങള്‍ പുറത്ത് കൊണ്ടുവരുന്നവരെ കണ്ടെത്താനും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍. അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്ന വിസില്‍ബ്ലോവേര്‍മാര്‍ക്ക് ഘട്ടംഘട്ടമായി നല്‍കേണ്ട പരിശീലന പദ്ധതിയെക്കുറിച്ചും സര്‍ക്കുലറില്‍ വിശദീകരിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ വിസില്‍ബ്ലോവര്‍മാരുടെ  കൂട്ടായ്മ രൂപീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.


അഴിമതിക്കാര്‍ക്ക് ഉന്നത തലങ്ങളില്‍ വലിയ സ്വാധീനമുണ്ടെന്നും എന്നാല്‍ അഴിമതി വിവരങ്ങള്‍ പുറത്ത് കൊണ്ടുവരുന്നവര്‍ പല രീതിയിലും പീഡിപ്പിക്കപ്പെടുകയാണെന്നും സര്‍ക്കുലറില്‍ പറയുന്നു. അഴിമതിയെ തുറന്നു കാട്ടുന്നവര്‍ക്ക് സ്ഥലം മാറ്റവും, കേസും വിജിലന്‍സ് അന്വേഷണവും, സസ്‌പെന്‍ഷനുമൊക്കെ പതിവാണ്. ഈ സാഹചര്യത്തിലാണ് അഴിമതി പുറത്ത് കൊണ്ടുവരുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതെന്ന് സര്‍ക്കുലര്‍ വിശദീകരിക്കുന്നു.

വിസില്‍ബ്ലോവേര്‍മാരുടെ കൂട്ടായ്മ രൂപീകരിക്കാന്‍  അഞ്ച് ഘട്ടമായി ചെയ്യേണ്ട പ്രവര്‍ത്തന രീതികളെക്കുറിച്ച് സര്‍ക്കുലറില്‍ വിവരിക്കുന്നുണ്ട്.  സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റ് സംഘടനകളിലുമുള്ള അഴിമതി വിരുദ്ധ പ്രവര്‍ത്തകരെ കണ്ടെത്തുകയാണ് ആദ്യപടി. ഇങ്ങനെ ജില്ലയില്‍ നിന്ന് രണ്ടോ മൂന്നോ പേരെ കണ്ടെത്തി പിന്നീട് ഇവരുടെ എണ്ണം ഇരുപത് ആയി ഉയര്‍ത്തണം. വിസില്‍ബ്ലോവര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും സോഷ്യല്‍മീഡിയ ഗ്രൂപ്പുകളും ആരംഭിക്കണം.

അഴിമതിയെ തുറന്നു കാട്ടുന്നവര്‍ക്ക് അവാര്‍ഡും  പാരിതോഷികങ്ങളും നല്‍കണം. അഴിമതിയെ തുറന്ന് കാണിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കാനും നിര്‍ദേശമുണ്ട്. വിജിലന്‍സിന്റെ അഴിമതി വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ വിവരാവകാശ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ പിന്തുണ നേടാന്‍ ഇത് സഹായിക്കുമെന്നാണ് ജേക്കബ് തോമസിന്റെ കണക്കകൂട്ടല്‍.

Read More >>