പണം തട്ടിച്ച കേസില്‍ അറസ്റ്റിലായ എസ്എന്‍ഡിപി യൂണിയന്‍ മുന്‍ സെക്രട്ടറിയെ സംരക്ഷിച്ച് വെള്ളാപ്പള്ളിയും തുഷാറും; പരാതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ധാരണ

വെള്ളാപ്പള്ളി നടേശന്റേയും തുഷാറിന്റേയും നൂറു ശതമാനം പിന്തുണ തനിക്കുണ്ടെന്നും, തെറ്റുകാരനല്ലെന്ന് നേതൃത്വത്തിനറിയാമെന്നും സന്തോഷ്‌കുമാര്‍ പറഞ്ഞു. തങ്ങളിലെ കുലംകുത്തികളെ മറ്റാരോ വിലയ്ക്ക് വാങ്ങിയാണ് അപവാദപ്രചരണം നടത്തുന്നതെന്നാണ് സന്തോഷ്‌കുമാറിന്റെ ആരോപണം.

പണം തട്ടിച്ച കേസില്‍ അറസ്റ്റിലായ എസ്എന്‍ഡിപി യൂണിയന്‍ മുന്‍ സെക്രട്ടറിയെ സംരക്ഷിച്ച് വെള്ളാപ്പള്ളിയും തുഷാറും;  പരാതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ധാരണ

കൊച്ചി: എസ്എന്‍ഡിപി യോഗത്തിന്റെ പേരില്‍ പിരിച്ച പണം തട്ടിച്ച മീനച്ചില്‍ യൂണിയന്‍ മുന്‍ സെക്രട്ടറി കെഎം സന്തോഷ്‌കുമാറിന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേയും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടേയും പൂര്‍ണ്ണപിന്തുണ. സന്തോഷ്‌കുമാറിനെതിരെയുള്ളത് കള്ളക്കേസാണെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി നാരദാന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ജാമ്യം നേടിയ സന്തോഷ്‌കുമാര്‍ തൊടുപുഴയില്‍ വെള്ളാപ്പള്ളിയേയും തുഷാറിനെയും പോയി കണ്ടിരുന്നു.


വെള്ളപ്പള്ളി നടേശന്റെ അടുപ്പക്കാരനായ സന്തോഷ്‌കുമാര്‍ നേതൃത്വത്തിന്റെ അറിവോടെയാണ് തട്ടിപ്പ് നടത്തിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. വെള്ളാപ്പള്ളി നടേശന്റേയും തുഷാറിന്റേയും നൂറു ശതമാനം പിന്തുണ തനിക്കുണ്ടെന്നും, തെറ്റുകാരനല്ലെന്ന് നേതൃത്വത്തിനറിയാമെന്നും സന്തോഷ്‌കുമാര്‍ പറഞ്ഞു. തങ്ങളിലെ കുലംകുത്തികളെ മറ്റാരോ വിലയ്ക്ക് വാങ്ങിയാണ് അപവാദപ്രചരണം നടത്തുന്നതെന്നാണ് സന്തോഷ്‌കുമാറിന്റെ ആരോപണം.

അതിനിടെ സന്തോഷ്‌കുമാറിനെതിരെ പരാതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം മീനച്ചില്‍ യൂണിയന്‍ ഓഫീസില്‍ നടന്ന യോഗത്തില്‍ ധാരണയായി. മുന്‍ ഭാരവാഹികളായ  കെഐ ഗോപാലന്‍, പിഎസ് ഷാജി, സനല്‍ തെക്കുംമുറി, ഗോപി മണക്കാട്, പൂഞ്ഞാര്‍ ശാഖാ വൈസ് പ്രസിഡന്റ് ഇട്ടിക്കല്‍ മധു എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനാണ്  പ്രമേയം പാസാക്കിയത്. അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ആരോപണ വിധേയനായ സന്തോഷ്‌കുമാരിനെ മാറ്റേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു.

എസ്എന്‍ഡിപിയുടെ പോഷകസംഘടനകളെ പങ്കെടുപ്പിച്ച് നടത്തിയ കോണ്‍ഫറന്‍സില്‍ 240ഓളം പേരാണ് പങ്കെടുത്തത്. മുവായിരം പേര്‍ പങ്കെടുക്കേണ്ടിടത്ത് 240 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും, നാല് ജില്ലകളില്‍ നിന്നുള്ള ആളുകളാണ് ഇവരെന്നുമാണ് മറുവിഭാഗത്തിന്റെ ആരോപണം. മീനച്ചിലില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനം നിര്‍മ്മിക്കാന്‍ സ്ഥലം വാങ്ങാന്‍ പിരിച്ച പണത്തില്‍ ഒരു കോടിയിലേറെ രൂപ സന്തോഷ്‌കുമാറും ഇടപാടുകാരനും ചേര്‍ന്ന് തട്ടിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം നാരദാന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read More >>