പൂക്കളം വിടരുന്ന തോവാള

തോവളഗ്രാമം കാറ്റാടി യന്ത്രങ്ങളുടേതു കൂടിയാണ്. ഭീമാകാരമായ കാറ്റാടികള്‍ക്കിടയിലാണ് പൂക്കള്‍ കൃഷിചെയ്തിരിക്കുന്നത്. അതിരാവിലെ പാടത്തിറങ്ങുന്നവര്‍ വെയിലിന് കനം വയ്ക്കുന്നതിനു മുമ്പ് പൂവുമായി തിരിച്ചു കയറും.

പൂക്കളം വിടരുന്ന തോവാള

മലയാളത്തിന്റെ സ്വന്തം ആഘോഷമായ ഓണത്തിന്റെ ഒരുക്കങ്ങള്‍ക്ക് വിയര്‍പ്പൊഴുക്കുന്നവരും ഉറക്കം കളയുന്നവരും യഥാര്‍ത്ഥത്തില്‍ മലയാളികളല്ല. അന്യനാട്ടുകാരാണ്. പ്രത്യേകിച്ചും തമിഴ്‌നാട്ടുകാര്‍. അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളില്‍ പരിമിതമാണെങ്കില്‍ക്കൂടി നാട്ടിന്‍പുറങ്ങളിലെ വീടുകള്‍ക്കു മുന്നിലും സാംസ്‌കാരിക സമിതികള്‍ക്ക് മുന്നിലുമുയരുന്ന പൂക്കളങ്ങളില്‍ മലയാളികളുടെ പങ്ക് തുലോം കുറവാണ്. തോവാളയെന്ന തമിഴ്‌നാട് ഗ്രാമത്തിലെ പൂ ചന്തയില്‍ നിന്നുവരുന്ന പൂക്കള്‍ തീര്‍ക്കുന്ന വര്‍ണ്ണങ്ങളാണ് കേരളീയരുടെ ഓണത്തെ അതിന്റെ തനിമ നഷ്ടപ്പെടാതെ കാക്കുന്നതെന്നുള്ളതാണ് വാസ്തവം.


https://youtu.be/UuiB7bWc860

പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമമാണ് തോവാള. നാഗര്‍കോവില്‍- തിരുനെല്‍വേലി പാതയിലെ ആരുവായ്‌മൊഴി ചുരത്തില്‍ സ്ഥതിചെയ്യുന്ന ഈ പൂഗ്രാമം തമിഴ്‌നാടിന്റേതാണെങ്കിലും ഇന്ന് കേരളത്തിന്റെ അഭിവാജ്യഘടകമായി മാറിയിരിക്കുന്നു. തോവാളയിലെ പൂ ചന്ത അതിപ്രശസ്തമാണ്. തെക്കന്‍കേരളത്തിലെ ആഘോഷങ്ങളില്‍ ഉപയോഗിക്കുന്ന പൂക്കളില്‍ ഏറെക്കുറേ മുഴുവനുമെത്തുന്നത് ഈ പൂഗ്രാമത്തില്‍ നിന്നാണ്. നാഷണല്‍ ഹൈവേയുടെ ഇരുവശത്തുമായി പരന്നുകിടക്കുന്ന പാടങ്ങളില്‍ കൃഷിചെയ്തതും തിരുനെല്‍വേലി, സേലം, ഹോസൂര്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും വരുന്നതുമായ പൂക്കള്‍ പുലര്‍ച്ചേ തോവാളയിലെത്തും.

പുലര്‍ച്ചേ മൂന്ന് മണിമുതലാണ് തോവാളയിലെ പൂചന്ത ഉണരുന്നത്. രാവിലെ 10 മണിവരെ ചന്ത സജീവമായി കാണും. ഇതിനിടയില്‍ വന്നിറങ്ങുന്നതും കയറിപ്പോകുന്നതുമായ നിരവധി പൂ കൂടകള്‍. അതില്‍ ഭൂരിഭാഗവും ഇങ്ങ് കേരളത്തിലേക്കാണ്. മലയാളികളുടെ അത്തം മുതല്‍ ഓണം വരെയുള്ള ദിവസങ്ങള്‍ തോവാളയിലെ പൂക്കളാല്‍ സമൃദ്ധം. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തോവാള ഒരു നാള്‍ ഉണര്‍ന്നില്ലെങ്കില്‍ മലയാളിയുടെ ഓണവും പൊലിയില്ല എന്ന അവസ്ഥയാണിപ്പോള്‍.

_MG_3754

ദിവസവും എട്ട് മുതല്‍ പത്ത് ടണ്‍ പൂക്കള്‍ വരെ തോവാളയില്‍ വില്‍ക്കുമെന്നാണ് കണക്കുകള്‍. ഓണസമയങ്ങളില്‍ അത് ഇരട്ടിയോളമായി മാറും. മുല്ല, പിച്ചി തുടങ്ങിയ പൂവിനങ്ങള്‍ക്കാണ് സാധാരണ സമയങ്ങളില്‍ തോവാളയില്‍ ഡിമാന്റ് കൂടുതല്‍. എന്നാല്‍ ഓണക്കാലത്ത് ഇവയുടെ സ്ഥാനത്ത് ജമന്തിയും വാടാമുല്ലയും റോസയും കയറിപ്പറ്റും. അത്തപ്പൂക്കളങ്ങള്‍ക്ക് ഈ പുക്കളാണ് കൂടുതല്‍ ഉപയോഗിക്കുന്നതെന്നുള്ളതാണ് കാരണം. ജമന്തിപ്പൂവ് തന്നെ രണ്ടിനമുണ്ട്. മഞ്ഞയും ഓറഞ്ചും. മഞ്ഞ ജമന്തി വരുന്നത് കൂടുതലും ഹോസൂരില്‍ നന്നുമാണ്. ഓറഞ്ച് ജമന്തി തോവാളയുടെ സ്വന്തം ഉത്പന്നവും.

ഇന്ന് തമിഴ്‌നാടിന്റെ അഭിവാജ്യ ഘടകമാണെങ്കിലും മുമ്പ് തിരുവിതാംകൂറിന്റെ കണ്ണായ സ്ഥലമായിരുന്നു തോവാള. വരണ്ട കാലവസ്ഥയുടെയും പാണ്ടിക്കാറ്റിന്റെയും നാടിനെ പൂഗ്രാമമാക്കി ഉയര്‍ത്തിയതും തിരുവിതാംകൂര്‍ രാജാക്കന്‍മാരാണ്. തോവാളയിലെ കാലാവസ്ഥ പൂകൃഷിക്ക് അനുയോജ്യമാണെന്ന് മനസ്സിലാക്കിയ രാജാക്കന്‍മാര്‍ കൃഷിക്കുള്ള സൗകര്യങ്ങള്‍ തോവാളയില്‍ ഏര്‍പ്പെടുത്തുകയായിരുന്നു. രാമയ്യന്‍ ദളവയുടെ കാലത്താണ് അതിനുള്ള ശ്രമങ്ങള്‍ നടന്നത്. നാട്ടുകാരും പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത് കൃഷിക്കിറങ്ങിയതോടെ തോവാളയെന്ന ഇന്നത്തെ പൂഗ്രാമം ജനിക്കുകയായിരുന്നു.

_MG_3870

എന്നാല്‍ കീഴ്ജാതിക്കാരായ കര്‍ഷകര്‍ കൃഷിചെയ്ത് വിരിയിച്ചെടുത്ത പൂക്കള്‍ വാങ്ങാന്‍ ആദ്യകാലങ്ങളില്‍ ജനങ്ങള്‍ എത്തിയിരുന്നില്ല. ചാതുര്‍വര്‍ണ്യവും ക്ഷേത്രപ്രവേശനവുമൊക്കെ കീഴ്ജാതിക്കാര്‍ക്ക് നിഷിദ്ധമായിരുന്ന കാലമായിരുന്നു അത്. ആ ഒരു കീഴ്‌വഴക്കം മാറ്റിമറിക്കുവാന്‍ ഒടുവില്‍ രാജാവ് തന്നെ രംഗത്തിറങ്ങി. പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും പത്മനാഭപുരം കൊട്ടാരത്തിലേക്കും ആവശ്യമുള്ള പൂക്കള്‍ തോവാളയില്‍ നിന്നും എത്തിക്കാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കി. ആ ഒരു ഉത്തരവ് തോവള പൂക്കളുടെ അയിത്തം ഇല്ലാതാക്കുകയായിരുന്നു. തുടര്‍ന്ന് രാജഭരണകാലംവരെ തിരുവിതാംകൂറിന്റെ പ്രധാന ആവശ്യങ്ങള്‍ക്കുള്ള പൂക്കള്‍ മുഴുവന്‍ എത്തുന്നത് തോവാളയില്‍ നിന്നുമായിരുന്നു.

അതിര്‍ത്തിക്കിപ്പുറം ഓണമാഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ തോവാളയിലെ പാടങ്ങള്‍ നിറമണിയും. അതിരാവിലെ പൂപാടങ്ങളിലെത്തുന്ന കര്‍ഷകര്‍ പൂക്കളമായി എട്ട് മണിയോടെ ചന്തയിലെത്തും. അതിനും മുന്നേതന്നെ സേലം, ഹോസൂര്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുമുള്ള പൂക്കള്‍ അവിടെ നിറഞ്ഞിട്ടുണ്ടാകും. എന്നിരുന്നാലും തദ്ദേശ പൂവുകള്‍ക്ക് നല്ല ഡിമാന്‍ഡാണിവിടെ. ക്ഷേത്ര ആവശ്യങ്ങള്‍ക്ക് ഈ പൂക്കളാണ് കൂടുതലും ഉപയോഗിക്കുന്നത്.

_MG_3743

പുക്കളുടെ നാട്ടില്‍ പക്ഷേ പൂകൃഷി ചെയ്യുന്നവര്‍ അത്ര സന്തോഷത്തിലല്ല. തങ്ങളുടെ ചെറുതും വലുതുമായ ഭൂമിയില്‍ പൂകൃഷിയിറക്കി വിപണിക്ക് കൈമാറുന്നവര്‍ക്ക് അതിനൊത്ത പ്രതിഫലം കിട്ടുന്നില്ല എന്നുള്ളതുതന്നെ കാരണം. ഒരു കിലോ ജമന്തി പൂവ് തോവള കമ്പോളത്തിലെത്തുന്നവര്‍ക്ക് 15 രൂപയ്ക്ക് വാങ്ങാം. (ഓണ സമയങ്ങളില്‍ അത് 20 രൂപ വരെയാകും.) എന്നാല്‍ കൃഷിക്കാര്‍ക്ക് കിട്ടുന്നതാകട്ടെ അഞ്ച് മുതല്‍ എട്ട് രൂപവരെ മാത്രം. മറ്റു പൂക്കളുടെ കാര്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ''വില റൊമ്പ കമ്മിതാന്‍. ആനാ എന്നാ പണ്‍ട്രത്? ഇതു മട്ടുമല്ലാമേ വേറേ വഴിയേ ഇല്ലൈ''- തങ്ങളുടെ നിസഹയാവസ്ഥ അവര്‍ വ്യക്തമാക്കുന്നതില്‍ നിന്നും യഥാര്‍ത്ഥ ചൂഷകര്‍ ഇടനിലക്കാരാണെന്നുള്ള കാര്യവും വ്യക്തമാണ്.

തോവളഗ്രാമം കാറ്റാടി യന്ത്രങ്ങളുടേതു കൂടിയാണ്. ഭീമാകാരമായ കാറ്റാടികള്‍ക്കിടയിലാണ് പൂക്കള്‍ കൃഷിചെയ്തിരിക്കുന്നത്. അതിരാവിലെ പാടത്തിറങ്ങുന്നവര്‍ വെയിലിന് കനം വയ്ക്കുന്നതിനു മുമ്പ് പൂവുമായി തിരിച്ചു കയറും. പൂക്കളുമായി ചന്തയിലെത്തുന്നവരെ ഇടനിലക്കാര്‍ കാത്തുനില്‍ക്കുന്നുണ്ടാകും. അവര്‍ പറയുന്ന വിലയില്‍ വലിയ മാറ്റമില്ലാതെ തന്നെ കച്ചവടം നടക്കുന്നു. എന്നാല്‍ ഈ പൂക്കള്‍ തോവളയില്‍ നിന്നും ഇങ്ങ് കേരളത്തിലെ തലസ്ഥാന നഗരിയിലെ ചാല മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തുമ്പോഴുള്ള വില കൃഷിചെയ്ത കര്‍ഷകന് ലഭിച്ച വിലയുമായി യാതൊരുബന്ധവും കണില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. വെറും അഞ്ച് രൂപയ്ക്ക് കര്‍ഷകന്‍ വ്യാപാരിക്ക് നല്‍കുന്ന പുവ് കേരളത്തിലുള്ളവര്‍ക്ക് ലഭിക്കുന്നത് 150 രൂപയ്ക്കായിരിക്കും.

തെക്കന്‍ കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന് ഓണത്തിന്റെ ഭാഗമാകുന്നത് തോവാളയിലെ പൂക്കളാണ്. ഉത്രാടനാളില്‍ പിറ്റേന്നത്തെ തിരുവോണപുക്കളത്തിനായി റോഡരികില്‍ കുന്നുകൂടുന്ന പൂക്കളില്‍ സഗുന്ധത്തിനൊപ്പം കര്‍ഷകരുടെ വിയര്‍പ്പും കണ്ണുനീരുമുണ്ട്. 'പാണ്ടിപൂവ്' എന്ന വാക്കിലൂടെ തോവാളപ്പൂക്കളെ മലയാളികള്‍ പരിഹസിക്കുമെങ്കിലും അവയില്ലാതെ ഒമരാണം പോലും പൂര്‍ണ്ണമാകില്ല. പ്രത്യേകിച്ചും ഹരിത വനങ്ങള്‍ കോണ്‍ക്രീറ്റ് വനങ്ങളായി രൂപം മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്.

ഫോട്ടോ: സാബു കോട്ടപ്പുറം


_MG_3704 _MG_3810 _MG_3813 _MG_3818 _MG_3833 _MG_3912